Image

വില്‍പത്രം അമേരിക്കന്‍ ജീവിതത്തിന്റെ അവിഭാജ്യ ഘടകം, പ്രത്യേകിച്ച് ടെക്‌സസില്‍ ( ജി. പുത്തന്‍കുരിശ്)

Published on 01 May, 2016
വില്‍പത്രം അമേരിക്കന്‍ ജീവിതത്തിന്റെ അവിഭാജ്യ ഘടകം, പ്രത്യേകിച്ച് ടെക്‌സസില്‍ ( ജി. പുത്തന്‍കുരിശ്)
അമേരിക്കയെ ഒറ്റവാക്കില്‍ നിര്‍വചിക്കുകയാണെങ്കില്‍ അതിനെ സ്വാതന്ത്ര്യം എന്ന് വിളിക്കാമെന്ന് അമേരിക്കയുടെ മുപ്പത്തി നാലാമത് പ്രസഡണ്ടായ ഡ്വയിറ്റ ഡി. ഐസന്‍ഹോവര്‍ ഒരിക്കല്‍ പറയുകയുണ്ടായി.. അദ്ദേഹത്തിന്റെ ആ വാക്കുകള്‍ അമേരിക്കയുടെ അനുപമായ അവസ്ഥയെ എടുത്തുകാട്ടുന്നു. അമേരിക്കക്കാര്‍ക്ക് സ്വാതന്ത്ര്യം എന്നു പറയുന്നത് രുചികരമായ ഒരു ഭക്ഷണം പോലെയാണ്. അവരവര്‍ ഉണ്ടാക്കിയ പണം അവര്‍ക്ക് ഇഷ്ടമുള്ള വസ്തുക്കള്‍ വേണ്ടി ചിലവഴിച്ച് സ്വതന്ത്രമായ ഒരു ജീവിതം നയിക്കണം എന്ന് താത്പര്യമുള്ളവരാണ് മിക്ക അമേരിക്കക്കാരും. 

നമ്മള്‍ക്കുള്ള ഈ സ്വാതന്ത്ര്യത്തില്‍ ഗവണ്‍മെന്റ് കൈകടത്തുമ്പോള്‍ എന്തു വിലകൊടുത്തും നാം ചെറുക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും അമേരിക്കയിലെ പകുതിയില്‍ കുറവ് ജനങ്ങള്‍ക്കെ വസ്തുവകകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ളതിനെക്കുറിച്ചുള്ള പ്രമാണങ്ങള്‍ ഉള്ളു. അതിന്റെ ഫലമായി തന്റെ മരണശേഷം വസ്തുവകകള്‍ എന്തു ചെയ്യേണം എന്നുള്ള സ്വാതന്ത്ര്യം അവര്‍ ഉപേക്ഷിച്ചു കളയുന്നു. നിങ്ങളുടെ മരണശേഷം നിങ്ങളുടെ വസ്തുവകകള്‍ ആര്‍ക്ക് എങ്ങനെ വിതരണം ചെയ്യണം എന്നുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്ന വില്‍പത്രം അഥവാ ഒസ്യത്ത് എഴുതുവാനുള്ള സ്വാതന്ത്ര്യം ഗവണ്‍മെന്റ് തരുന്നുണ്ട്. അഥവാ നിങ്ങള്‍ വില്‍പത്രം ഇല്ലാതെ മരിച്ചാല്‍ നിങ്ങളുടെ ഇംഗിതങ്ങളോ താത്പര്യങ്ങളോ കണക്കിലെടുക്കാതെ, നിയമപരമായ ചില പ്രമാണ സൂത്രങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമെ അത് വിതരണം ചെയ്യുകയുള്ളു.

നിങ്ങള്‍ വിവാഹ കഴിക്കാതെയും ഒരു വില്‍പത്രം ഇല്ലാതയും ടെക്‌സസില്‍ മരിച്ചാല്‍, ടെക്‌സസിലെ പ്രൊബേറ്റ് കോര്‍ട്ട് താഴെ പറയുന്ന രീതിയിലായിരിക്കും നിങ്ങളുടെ സ്വത്തിനെ വിതരണം ചെയ്യുന്നത്.

1. നിങ്ങളുടെ മാതാപിതാക്കള്‍ രണ്ടുപേരും ജീവിച്ചിരുപ്പുണ്ടെങ്കില്‍, അല്ലെങ്കില്‍ ഒരാളെ ജീവിച്ചിരുപ്പുള്ളെങ്കില്‍ ,മറ്റ് സഹോദരി സഹോദരങ്ങള്‍ ഇല്ലെങ്കില്‍ നിങ്ങളുടെ എല്ലാ സ്വത്തുക്കളും പണവും ജീവിച്ചിരിക്കുന്ന നിങ്ങളുടെ മാതാപിതാക്കള്‍ക്ക് കിട്ടും.
2. നിങ്ങള്‍ക്ക് കൂടപ്പിറപ്പുകളും പിന്‍തുടര്‍ച്ചക്കാരുമുണ്ടെങ്കില്‍ (മരുമകള്‍, മരുമകന്‍) നിങ്ങളുടെ ജീവിച്ചിരിക്കുന്ന മാതാപിതാക്കള്‍ക്ക് നിങ്ങളുടെ സ്വത്തുവകകളുടെ പകുതി മാത്രമെ ലഭിക്കുകയുള്ളു. ബാക്കിയുള്ളത് നിങ്ങളുടെ കൂടപ്പിറപ്പുകള്‍ക്കും പിന്‍തുടര്‍ച്ചക്കാര്‍ക്കും വിഭജിച്ചു നല്‍കും.
3. നിങ്ങള്‍ക്ക് ജീവനോടെയിരിക്കുന്ന മാതാപിതാക്കള്‍ ഇല്ലെങ്കില്‍ നിങ്ങളുടെ സ്വത്തുവകകള്‍ നിങ്ങളുടെ കൂടപ്പിറപ്പുകള്‍ക്കൊ അവരുടെ പിന്‍തുടര്‍ച്ചക്കാര്‍ക്കോ ആയിട്ട് വിഭജിച്ചു നല്‍കും.
4. നിങ്ങള്‍ക്ക് ജീവിച്ചിരിക്കുന്ന മാതാപിതാക്കളോ കൂടപ്പിറപ്പുകളോ, പിന്‍തുടര്‍ച്ചക്കാരോ ഇല്ലെങ്കില്‍ നിങ്ങളുടെ സ്വത്തുവകകള്‍ രണ്ടായി വിഭജിച്ച് ഒരു പകുതി മാതാവിന്റെ ബന്ധത്തിലുള്ള കുടുംബക്കാര്‍ക്കും മറ്റൊരു പകുതി പിതാവിന്റെ ബന്ധത്തിലുള്ള കുടുംബങ്ങള്‍ക്കോ കൈമാറും.
5. ഏതെങ്കിലും ഒരാളുടെ മുഴുവന്‍ കുടുംബങ്ങളും മരിച്ചുപോയാല്‍ മുഴുവന്‍ വസ്തുവകകളും ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങള്‍ക്കും കൈമാറും.
6. ചില അപൂര്‍വ്വ സാഹചര്യത്തില്‍ ആരോരും ഇല്ലാതെ അവിവാഹിതനായ ഒരാള്‍ മരിച്ചാല്‍ ആ വ്യക്തിയുടെ സ്വത്തുവകകള്‍ ടെക്‌സസ് ഗവണ്‍മെന്റിന് കൈമാറും.
7. ഒരു പക്ഷെ നിങ്ങളുടെ ഒരു സുഹൃത്തിന് നിങ്ങളുടെ സ്വത്തുവകകള്‍ കൈമാറണമെന്നു തീരുമാനിച്ചാല്‍ ഒരു വില്‍പത്രം അഥവാ ഒസ്യത്തില്ലാതെ അത് സാദ്ധ്യമല്ല.

വില്‍പത്രം അഥവാ ഒസ്യത്ത് എഴുതാതെ മരിക്കുന്ന വ്യക്തിയുടെ സ്വത്തുവകകള്‍ വിതരണ െചെയ്യുന്ന രീതി വേറെയാണ്. നിങ്ങള്‍ ഏകനും കുട്ടികള്‍ ഉള്ളവനുമാണെങ്കില്‍ നിങ്ങളുടെ സ്വത്തുവകകള്‍ നിങ്ങളുടെ അനന്തരവകാശികള്‍ക്ക് കൈമാറും. നിങ്ങളുടെ അനന്തരാവകാശികള്‍ തുല്യപ്രാധാന്യമുള്ളവരെങ്കില്‍ (ഉദാഹരണമായി മക്കളോ, പേരക്കുട്ടികളോ) സ്വത്തുവകകള്‍ തുല്യമായി വീതിച്ച് നല്‍കും. നേരെ മറിച്ച് അനന്തരാവകാശികള്‍ തുല്യപ്രാധാന്യമില്ലാത്തവരെങ്കില്‍ (ഉദാഹരണമായി നിങ്ങളുടെ കുട്ടികള്‍ നിങ്ങള്‍ക്ക് മുന്‍പ് മരിക്കുകയും അവരുടെ കുട്ടികളോ പേരക്കുട്ടികളോ ജീവിച്ചിരിപ്പുണ്ടെങ്കില്‍) പുതിയ തലമുറക്ക് പഴയ തലമുറ ജീവിച്ചിരുന്നെങ്കില്‍ കിട്ടാമായിരുന്ന സ്വത്തിന്റെ ഭാഗം മാത്രമെ കിട്ടുകയുള്ളു.

വില്‍പത്രം എഴുതാതെ വിവാഹിതരായിരിക്കുമ്പോള്‍ മരിക്കുന്ന വ്യക്തികളുടെ സ്വത്തുവകകള്‍ പങ്കു വയ്ക്കുന്ന രീതിയും വ്യത്യസ്ഥമാണ്. പലരുടേയും ധാരണ ഒരു വില്‍പത്രം ഏഴുതാതെ മരിച്ചാല്‍ ആ വ്യക്തിയുടെ സ്വത്തുവകകള്‍ ജീവിച്ചിരിക്കുന്ന പങ്കാളിക്ക് പാരമ്പര്യപരമായി ലഭിക്കുമെന്നാണ്. എന്നാല്‍ ടെക്‌സസില്‍ ഈ വസ്തുവകകളുടെ വിഭജനം അത് പൊതു സ്വത്ത് ആണോയെന്ന് ഉറപ്പ് വരുത്തിയതിനുശേഷമാണ്. വിവാഹിതരായിരിക്കുമ്പോള്‍ സമ്പാദിച്ചെതെല്ലാം പൊതു സ്വത്തായിട്ടാണ് കണക്കാക്കുന്നത്. ടെക്‌സസിലെ നിയമം അനുസരിച്ച്, നിങ്ങള്‍ വിവാഹിതനും നിങ്ങളുടെ ജീവിത പങ്കാളികളും കുട്ടികളും ജീവിച്ചിരിപ്പുണ്ടെങ്കില്‍

1. നിങ്ങളുടെ കുട്ടികള്‍ ജീവിച്ചിരിക്കുന്ന നിങ്ങളുടെ ജീവിത പങ്കാളിയില്‍ ഉണ്ടായതെങ്കില്‍ നിങ്ങളുടെ ജീവിത പങ്കാളിയായിരിക്കും നിങ്ങളുടെ സ്വത്തു വകകളുടെ അനന്തരാവകാശി.
2. അങ്ങനെയല്ലായെങ്കില്‍ പകുതി ഓഹരി ജീവിച്ചിരിക്കുന്ന കുട്ടികള്‍ക്കും മറ്റു പകുതി ജീവിത പങ്കാളിക്കും ലഭിക്കും. നിങ്ങള്‍ക്ക് കുട്ടികള്‍ ഒന്നുംതന്നെ ഇല്ലായെങ്കില്‍ പൊതുസ്വത്ത് മുഴുവന്‍ നിങ്ങളുടെ ഭാര്യയ്ക്ക് ലഭിക്കും.

പൊതുവായിട്ടല്ലാത്ത നിങ്ങള്‍ സമ്പാദിച്ച സ്വത്തുക്കളുടെ വിഭജനരീതി വ്യത്യസ്ഥമാണ്. നിങ്ങള്‍ക്ക് ജീവിച്ചിരിക്കുന്ന ജീവിത പങ്കാളിയും കുട്ടിയും ഉണ്ടെങ്കില്‍ നിങ്ങളുടെ ജീവിച്ചിരിക്കുന്ന ജീവിതപങ്കാളിക്ക് നിങ്ങള്‍ സ്വന്തമായി (വിവാഹത്തിന് മുന്‍പ്) നേടിയ വസ്തുക്കളുടെ മൂന്നിലൊന്നവകാശമേയുള്ളു. മറ്റ് മൂന്നില്‍ ഒന്നില്‍ നിങ്ങളുടെ ജീവിത പങ്കാളി ജീവിച്ചിരിക്കുന്നതു വരെയുള്ള അവകാശമെയുള്ളു. ബാക്കുയുള്ളത് അപ്പോള്‍ തന്നെ മരിച്ച വ്യക്തികളുടെ കുട്ടികള്‍ക്ക് ലഭിക്കും.

നിങ്ങള്‍ വിവാഹിതരും കുട്ടികളോ അനന്തരാവകാശികള്‍ ഇല്ലാത്തവരെങ്കില്‍ ജീവിച്ചിരിക്കുന്ന ജീവിത പങ്കാളിക്ക് സ്വത്തുവകകള്‍ മുഴുവനും കൈമാറും. പക്ഷെ നിങ്ങള്‍ക്ക് ജീവിച്ചിരിക്കുന്ന മാതാപിതാക്കളോ കൂടപ്പിറപ്പുകളോ ഉണ്ടെങ്കില്‍ ജീവിച്ചിരിക്കുന്ന ജീവിത പങ്കാളിക്ക് ആകെയുള്ള സ്വയംസമ്പാദിച്ച വസ്തുവകകളുടെ പകുതി മാത്രമെ ലഭിക്കു. ബാക്കിയുള്ളവ ജീവിച്ചിരിക്കുന്ന മാതാപിതാക്കള്‍ക്കും കൂടപ്പിറപ്പുകള്‍ക്കും വിഭജിക്കപ്പെടും.

എങ്ങനെ നിങ്ങളുടെ സ്വത്തുവകകള്‍ നിങ്ങളുടെ മരണശേഷം വിഭജിക്കപ്പെടണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്. അതിനിയി ഒരു വില്‍പത്രം അല്ലെങ്കില്‍ ഒര് ഒസ്യത്ത് ഉണ്ടാക്കി വയ്‌ക്കേണ്ടത് അവശ്യം അത്യാവശ്യമാണ്. ലീഗല്‍സൂം.കോം എന്ന ലിങ്കിലൂടെ നിങ്ങള്‍ക്ക് വില്‍ധപത്രം വളരെ ചുരുങ്ങിയ ചിലവില്‍ തയാറാക്കാവുന്നതാണ്.

ജി. പുത്തന്‍കുരി­ശ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക