Image

ഇനിയും (കവിത-സീനോ ജോണ്‍ നെറ്റോ)

Published on 15 April, 2016
ഇനിയും (കവിത-സീനോ ജോണ്‍ നെറ്റോ)
അക്ഷരമുറ്റത്തൊരിത്തിരിനേരമിരിക്കാ
നിറ്റു, കൊതിയാകുന്നുവെനി, ക്കിന്നലയുടെ
പടി കടന്നെത്തുമൊരു ചെറു കാറ്റായി
ഈ ഇടവഴിയിലൂടെയലയാന്‍
കൊതിയാകുന്നുവെനിക്കിനിയും.

പൂക്കളെ തഴുകുവാന്‍, തലോടുവാന്‍,
താരാട്ടു പാടുമൊരമ്മതന്‍ നെഞ്ചിലെ
സ്‌നേഹത്തിന്‍ ചൂടിലമരുവാന്‍,
ബാല്യമാം കിളുന്നിലയെ നോവിക്കാതെ,
നീര്‍ത്തുള്ളിയാല്‍ നനയ്ക്കുവാന്‍
കൊതിയാകുന്നുവെനിക്കിനിയും.

ചെമ്മണ്ണു പാതയിലൂടെയിനിയും,
ചെരുപ്പില്ലാ പാദമൊന്നമര്‍ത്തുവാന്‍
ചെളിയില്‍ പുളകം വിടര്‍ത്തും,
ഭൂമിതന്‍ സ്പര്‍ശനമേറ്റു നടക്കാന്‍
കൊതിയാകുന്നുവെനിക്കിനിയും.

കളിവാക്കു കൊണ്ടന്നവള്‍ കോറിയിട്ട,
കരള്‍ നോവിന്‍ കവിതയൊന്നു കേള്‍ക്കാന്‍
കൊതിയോടെ വന്നീ പുഴക്കരയിലെ,
കണ്ണീരില്‍ വീണുടഞ്ഞു പോയ,
ജരാനരയുടെ സങ്കടങ്ങള്‍,
വെറുതെ ഓര്‍ത്തിരിക്കുവാന്‍,
കൊതിയാകുന്നുവെനിക്കിനിയും.

കയറ്റിറക്കങ്ങള്‍ താണ്ടുമൊരു,
കാളവണ്ടിയില്‍ ജീവിതഭാരവും
കയറ്റിവച്ചിനിയും കവലകള്‍ താണ്ടാന്‍,
കരിമഷിയാലെഴുതിയ കണ്‍കളില്‍,
കണ്ണീരു വറ്റിയുണങ്ങിയ സ്വപ്നത്തിന്‍,
കനലുരുകുന്നതു കണ്ടു പകയ്ക്കാന്‍,
കൊഴിഞ്ഞു പോയ ഇന്നലെയുടെ,
ഗ്രീഷ്മത്തില്‍ ഉരുകുന്നൊരു ഹൃദയം കാണാന്‍,
കഴിയാതെ ഞാന്‍ തളര്‍ന്നിരിക്കുന്നിവിടെയീ,
കടവില്‍, പൊട്ടിയ വളച്ചില്ലുകള്‍,
കൊണ്ടു മുറിഞ്ഞു പോയൊരു വെയിലായി!

കാലവേഗങ്ങളുടെ ഗതികളില്‍,
ഗതികിട്ടാതലയുന്നൊരു പട്ടമായി!
കടല്‍ത്തിരകള്‍ കവര്‌ന്നെടുത്തൊരു,
കരയിലില്ലാ, കടമണ്ണിലെ തരികളില്‍,
വീണ്ടും ഭഗ്ന കവിതകളെഴുതുന്നു ഞാന്‍.

നീ നടന്നുപോയ വഴികള്‍ തിരഞ്ഞ്,
പിന്തുടര്‍ന്നു വരാതിരിക്കുവാന്‍,
മാഞ്ഞു പോയ നിന്റെ കാല്‍പ്പാടുകള്‍,
ഭൂമിക്കു സ്വന്തമെന്നു ചൊല്ലി,
തിരിച്ചുപോകട്ടെ, യിനിയും,
തിരികെ വരാത്ത കാലമേ,
മറക്കാതിരിക്കട്ടെ നിന്നെയിനിയും.
മങ്ങിക്കത്തുമീ മണ്‍ചെരാതിലെ,
ചെറുനാളത്തെ ഒരു ശ്വാസവേഗമായി,
നീ വന്നിനി അണയ്ക്കുവോളം.!. 
Join WhatsApp News
Mohan Parakovil 2016-04-15 08:10:53
മിസ്റ്റർ നെറ്റോ നിങ്ങൾ അമേരിക്കൻ മലയാളിയാണെങ്കിൽ അവിടെ കവിത  മരിച്ചിട്ടില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു .
ഇനിയും എഴുതുക . അഭിനന്ദന ങ്ങൾ !!

സീനോ ജോണ്‍ നെറ്റോ 2016-04-16 01:36:38
പ്രിയ മോഹന്‍ പറക്കോവില്‍

കവിത വായനയ്ക്കും, അഭിപ്രായത്തിനും നന്ദി. ഞാന്‍ ഒരു അമേരിക്കന്‍ മലയാളി അല്ല എങ്കിലും ഇരുപത്തി എട്ടു വര്‍ഷമായി ഇന്ത്യക്ക് പുറത്താണ്. പ്രവാസി......... നാട് വിട്ടു ജീവിക്കുന്നവര്‍ എല്ലാം ഒരു പോലെ പ്രവാസികള്‍ തന്നെയല്ലേ... അതില്‍ ഒരാള്‍ ഞാനും... മാഷേ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക