Image

ഓമനിക്കാന്‍ ഓര്‍മ്മകള്‍ മാത്രം (കവിത: സി.ജി.പണിക്കര്‍ കുണ്ടറ)

Published on 11 April, 2016
ഓമനിക്കാന്‍ ഓര്‍മ്മകള്‍ മാത്രം (കവിത: സി.ജി.പണിക്കര്‍ കുണ്ടറ)
സ്വപ്ന പുഷ്പങ്ങളെ താരാട്ടുപാടിയ
പൂന്തെന്നലായ് ഞാനൊഴുകിയപ്പോള്‍
സ്വര്‍ഗ്ഗം തുറന്നൊരു മാലാഖ വന്നു
പുളകങ്ങള്‍ കോര്‍ത്തൊരു പൂമാല തന്നു
(സ്വപ്നപുഷ്പ....)

എന്നന്തരാത്മാവിന്‍ വേദനയില്‍ നീ
എന്നുമുണരുന്നു സംഗീതമായ്
പൊട്ടിച്ചിരിക്കുവാന്‍ ഞാന്‍ ശ്രമിച്ചീടിലും
മൊട്ടിട്ടു വളരുന്നു നൊമ്പരങ്ങള്‍
(സ്വപ്നപുഷ്പ....)

സാഗരം പാടി തിരകളായ് അതില്‍
ഓര്‍മ്മകള്‍ ഒഴുകി ഓളങ്ങളായ്
കരളിലെ ഒളിവഞ്ചി കനല്‍ക്കട്ടയായ് അതില്‍
കരള്‍നൊന്തു പാടുന്ന കവിയായി ഞാന്‍
(സ്വപ്നപുഷ്പ....)

എന്തിന് നീ എന്നെ കണ്ടുമുട്ടി
എന്തിനോ ദാഹിച്ച ഹൃദയവുമായ്
എന്തിനെന്നാത്മാവില്‍ തീചൊരിഞ്ഞു നീ
എല്ലാം മറക്കുവാന്‍ അനുവദിക്കൂ....
(സ്വപ്നപുഷ്പ....)
Join WhatsApp News
വിദ്യാധരൻ 2016-04-12 09:46:57
അഞ്ചേരിക്കൊരു മറുപടി 

ഒരു മോശമല്ലാത്ത ഗാനം എന്ന വായനക്കാരന്റെ തീർപ്പിനോട് ഞാനും യോജിക്കുന്നു.  ഒ. എൻ.വി കുറുപ്പും വയലാറുംമൊക്കെ കവികളായിരുന്നു എങ്കിലും അവരുടെ നല്ല ഗാനങ്ങളെ കവിതകൾ എന്ന് ആരും വിളിച്ചിരുന്നില്ല. ഒരു ഗാനം എഴുതിയതിനു ശേഷം  അവരും ഒരിക്കലും അവകാശപ്പെട്ടിരുന്നില്ല ഒരു നല്ല കവിത എഴുതിയെന്നു.  ഗാനത്തിൽ കവിത കണ്ടെത്തുന്നത് വായനക്കാരാണ്.   ഇവിടെ 
"കരളിലെ ഒളിവഞ്ചി കനൽക്കട്ടയായി അതിൽ 
കരൾനൊന്തു പാടുന്ന കവിയായി ഞാൻ " എന്നതിന് പകരം   'പാടും കാമുകനായി' എന്നായിരുന്നു എങ്കിൽ അത് ഉചിതമായിരുന്നെനെ.  എന്നാൽ ഈ ഗാന രചയിതാവിന്റെ 'കവിയെക്കുറിച്ചുള്ള ' സങ്കലപ്പത്തോട് യോചിക്കാൻ കഴിയാത്തതുകൊണ്ടായിരിക്കും വായനക്കാരൻ അതിനെ ഗാനം എന്ന് വിളിച്ചത്.  പ്രണയം പൂത്തുലയുന്നതും അതുപോലെ കൊഴിയുന്നതും ഒടുവിൽ ദുഖമായി, മാറാലയായി മനസിന്റെ കോണിൽ അവിടെവിടെയായി തൂങ്ങി നില്ക്കുന്നതും ഗാന രചയിതാവ് നാന്നായി ഗാനത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നു .

ഇത്രയും പറഞ്ഞ സ്ഥിതിക്ക് കവിത എന്താണ് എന്നതിനെ കുറിച്ച് ഞാൻ മനസിലാക്കിയിരിക്കുന്നത് പറഞ്ഞില്ലെങ്കിൽ മോശമല്ലേ എന്നത് കൊണ്ട് രണ്ടു വാക്ക് പറയട്ടെ.  ഒരു കവി അതിനെ നിർവചിച്ചതിങ്ങനെയാണ്;  "പ്രഭാതം പൊട്ടിവിടരുന്ന പ്രക്രിയയിൽ കുടുങ്ങിയ ഒരു സങ്കല്പം " എന്നാണു.  
ഈ നിർവചനത്തോട് ചേർത്ത് വച്ച് ചോല്ലാവുന്ന ഒരു കവിതയാണ് കുമാരനാശാന്റെ  'ഈശ്വരൻ '

"ഓമൽ പ്രഭാത രുചിയെങ്ങും ഉയർന്ന നീല
വ്യോമസ്ഥലം സ്വയം എരിഞ്ഞെഴും അർക്ക ബിംബം 
ശ്രീമദ്ധാരത്രിയെ പണി ചെയ്യത കയ്യിൻ 
കേമത്തം ഒർത്തിവനു നീർ കവിയുന്നു കണ്ണിൽ "  

കവിയുടെ ഈശ്വരനെക്കുറിച്ചുള്ള സങ്കല്പം  "പ്രഭാതം പൊട്ടിവിടരുന്ന പ്രക്രിയയിൽ കുടുങ്ങിയപ്പോൾ'  ഒരു മനോഹര കവിത ജനിച്ചിരിക്കുന്നു.  പക്ഷെ ഇതിനെ ദയവു ചെയ്യുത് "സ്വപ്നത്തിലെ പൂച്ച" -യോടും (നമ്പിമടം) "അപ്രസക്തയാന്ത്രികദിനം" (പ്രൊഫസ്സ്ർ. കുഞ്ഞാപ്പു ) (പ്രാഭാതം കവിതക്കുള്ളതാണെന്ന വരിയോഴിച്ചു)  കവിതതകഥാകവിതയോടും ഉപമിക്കരുതെ എന്ന് അപ്കേഷിക്കുന്നു.  ഇവർ എഴുതുന്നത് എന്തായാലും വായനക്കാരോട് ആശയ വിനിമയം നടത്തുന്നില്ല. അതികൊണ്ടാണ് വായനക്കാരുമായി ഇവർ നിരന്തരം സംഘർഷത്തിൽ ആകുന്നതു.  അതല്ലെങ്കിൽ ഫ്രോയിഡിന്റെ  ലിബിഡോയെ അടിച്ചമർത്തുന്ന തിയറിയാണ് കവിതയുടെ പിന്നിലെ ആശയം എന്നും. അല്ലെങ്കിൽ പ്രൊഫ്‌.കുഞ്ഞാപ്പു തന്റെ കവിത മറ്റുള്ളവരെകൊണ്ട് തര്‍ജ്ജമ ചെയ്പ്പിച്ചും ഒക്കെ വായനക്കാരെ മനസിലാക്കി കൊടുക്കേണ്ടുന്ന ഗതികേടിൽ എത്തി ചേരുന്നത്.  കവിത ആയാലും കഥയായാലും അത് വായനക്കാരോട് സംവ്ടിക്കുന്നില്ല എങ്കിൽ എന്ത് പ്രയോചനം ?  പിന്നെ നിങ്ങൾ ഒരുട്ടി തരുന്നത് അതേപടി വിഴുങ്ങാൻ വായനക്കാർ നിങ്ങളുടെ ഒക്കത്തിരിക്കുന്ന കുഞ്ഞുങ്ങൾ ഒന്നും അല്ലല്ലോ? 
 
അഞ്ചേരി 2016-04-11 19:22:55
വളരെ  നാളുകള്ക്ക്  ശേഷം .  മനോഹരമായ  ഒരു  കവിത .. !!!!. കേരള  തനിമയുള്ള , മലയാളീ മണമുള്ള  കവിത ...  എവിടെ   വിദ്യാദരൻ,,,  എവിടെ   വായനകാരൻ ???.
vayanakaran 2016-04-12 05:57:46
വളരെ നാളുകള്ക്ക് ശേഷം താങ്കൾ വായിച്ചത്
കഷ്ടമായി , മുമ്പേ വായിക്കേണ്ടതായിരുന്നു. എത്രയോ നല്ല കവിതകൾ വന്നു പോയി. ഇത് ഗാനമെന്ന നിലക്ക് മോശമില്ല, 
ബാലചന്ദ്രൻ .വി 2020-11-14 07:30:47
ഇത് മുൻപ് ഇവിടെ കമന്റു ചെയ്തിട്ടുള്ള ശ്രി വിദ്യാധരനോടുള്ള ഒരു അഭ്യര്ഥനയാണ്. താങ്കൾ പരാമർശിച്ചിട്ടുള്ള മഹാകവി കുമാരനാശാന്റെ 'ഈശ്വരൻ' എന്ന കവിതയുടെ പൂർണരൂപം അയച്ചുതരാമോ? എന്റെ കുട്ടിക്കാലത്ത് ( 1960 കളിൽ ) ചൊല്ലിയിരുന്ന സന്ധ്യാനാമങ്ങളിൽ ഒന്നായിരുന്നുവത്. മറന്നുപോയി! നന്ദി!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക