Image

പാരഡി രാജാവ് വി.ഡി രാജപ്പന്‍ അന്തരിച്ചു

Published on 24 March, 2016
പാരഡി രാജാവ്  വി.ഡി രാജപ്പന്‍ അന്തരിച്ചു
കോട്ടയം: കോട്ടയം: പ്രമുഖ ഹാസ്യകലാകാരനും കാഥികനും സിനിമ താരവുമായ വി.ഡി. രാജപ്പന്‍ (70) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളുമായിരുന്നു അടുത്തുണ്ടായിരുന്നത്. വിവരമറിഞ്ഞ് കോട്ടയത്തെ ആശുപത്രിയില്‍ നിരവധി ആരാധകര്‍ എത്തിയിട്ടുണ്ട്. 

അടുത്തിടെ രാജപ്പനെ കുറിച്ച് പല വ്യാജ വാര്‍ത്തകളും പ്രചരിച്ചിരുന്നു. വീട്ടുകാരും സിനിമ സംഘടനകളും കൈയ്യൊഴിഞ്ഞ വി.ഡി രാജപ്പന്‍ ദുരിത ജീവിതം നയിക്കുകയാണെന്നായിരുന്നു അത്. ഹാസ്യ കഥാപ്രസംഗങ്ങളിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മലയാള കഥാപ്രസംഗ ചരിത്രത്തില്‍ അദ്ദേഹം ഹാസ്യത്തിലൂടെ സൃഷ്ടിച്ചത് ഒരു പുതുവഴിയായിരുന്നു. ഒരുകാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ കഥാപ്രസംഗ കാസറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റഴിയ്ക്കപ്പെട്ടിരുന്നത്. വി.ഡി രാജപ്പന്റെ പാരഡി ഗാനങ്ങള്‍ക്കായി കേരളം കാത്തിരുന്ന കാലമായിരുന്നു അത്.

ഹാസ്യകഥാപ്രസംഗത്തിലൂടെയാണ് ഇദ്ദേഹം ജനശ്രദ്ധ നേടിയത്. പാരഡി ഗാനങ്ങളിലൂടെ കഥാപ്രസംഗം എന്ന കലയെ മറ്റൊരു തലത്തിലെത്തിച്ച കലാകാരനായിരുന്നു വി.ഡി. രാജപ്പന്‍. മൃഗങ്ങള്‍, വാഹനങ്ങള്‍ എന്നിവയുടെ ജീവിതചിത്രീകരണം ഹാസ്യാത്മകമായി പറയുന്ന രീതിയിലൂടെ കഥാപ്രസംഗ രംഗത്ത് പുതിയ പാത പിന്തുടര്‍ന്നയാളാണ്  ഇദ്ദേഹം. നായ, പോത്ത്, എരുമ, തവള, കോഴി, പാമ്പ് തുടങ്ങിയവരായിരുന്നു ഇദ്ദേഹത്തിന്റെ മിക്ക കഥകളിലെയും കഥാപാത്രങ്ങള്‍. ഇവരുടെ പ്രണയവും പ്രതികാരവും നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ച് ശ്രോതാക്കളെ ആകര്‍ഷിക്കാന്‍ രാജപ്പന് കഴിഞ്ഞു.

മലയാള സിനിമാഗാനങ്ങളുടെ പാരഡികള്‍ അടങ്ങിയ കഥാപ്രസംഗങ്ങള്‍ ഇദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കി. പ്രിയേ നിന്റെ കുര, കുമാരി എരുമ, മാക് മാക്, ചികയുന്ന സുന്ദരി, എന്നെന്നും കുരങ്ങേട്ടന്റെ തുടങ്ങിയ കഥാപ്രസംഗങ്ങള്‍ കേരളത്തിലും ഗള്‍ഫ് നാടുകളിലുമായി ആയിരക്കണക്കിന് വേദികളില്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ കാസറ്റുകളും അക്കാലത്ത് വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടിരുന്നു.

കക്ക, കുയിലിനെത്തേടി, എങ്ങനെ നീ മറക്കും, ആട്ടക്കലാശം, മാന്‍ ഓഫ് ദ മാച്ച്, കുസൃതിക്കാറ്റ് തുടങ്ങി ഏകദേശം നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് ആയിരുന്നു ആദ്യ ചിത്രം. ഹാസ്യനടനായാണ് ഏറെയും വേഷമിട്ടത്. ആലിബാബയും ആറരക്കള്ളന്മാരും എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്. അവസാനകാലത്ത് ആരോഗ്യപരമായും സാമ്പത്തികമായും ഇദ്ദേഹം ഏറെ ബുദ്ധിമുട്ടിയിരുന്നു.

പാരഡി രാജാവ്  വി.ഡി രാജപ്പന്‍ അന്തരിച്ചു
Join WhatsApp News
Ponmelil Abraham 2016-03-24 07:02:51
Adaranjalikal.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക