Image

മണിയുടേത് സ്വാഭാവിക മരണമാകാന്‍ സാധ്യതയെന്ന് ഫോറന്‍സിക് വിദഗ്ധ ഡോ. ഷേര്‍ളി

Published on 22 March, 2016
മണിയുടേത് സ്വാഭാവിക മരണമാകാന്‍ സാധ്യതയെന്ന് ഫോറന്‍സിക് വിദഗ്ധ ഡോ. ഷേര്‍ളി
തൃശൂര്‍: കലാഭവന്‍ മണിയുടേത് സ്വാഭാവിക മരണമാകാന്‍ സാധ്യതയെന്ന് ഫോറന്‍സിക് വിദഗ്ധയും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായ ഡോ. ഷേര്‍ളി വാസു. മണിയുടെ മരണത്തിലേക്കു നയിച്ച കാരണങ്ങള്‍ ഗുരുതര കരള്‍ രോഗത്തിന്റേതാണെന്നാണ് ഷേര്‍ളി വാസുവിന്റെ നിഗമനം. വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന പോലീസ് നിഗമനം ശരിയല്ലെന്നു കരുതുന്നു. മണിയുടെ ശരീരത്തില്‍ ക്ലോര്‍ പൈറിഫോസ് എന്ന കീടനാശിനിയുടെ അംശം കണ്ടെത്തിയതില്‍ അസ്വാഭാവികതയില്ലെന്നും അവര്‍ പറയുന്നു. 

ഡോ. ഷേര്‍ളി മുന്നോട്ടുവെക്കുന്ന വാദങ്ങള്‍:

*മണിയ്ക്ക് ഗുരുതര കരള്‍ രോഗമുണ്ടെന്നു പരിശോധനകളില്‍ വ്യക്തമായതാണ്. മദ്യപാനം നിര്‍ത്താന്‍ നിര്‍ദേശിച്ചതുമാണ്. ഇങ്ങനെയുള്ള ഒരാള്‍ അമിതമായി മദ്യപിച്ചാല്‍ അത് ആന്തരികാവയങ്ങളിലെ രക്തചംക്രമണ ശൃംഖലയ്ക്ക് തകരാര്‍ സംഭവിക്കാം. അന്നനാളത്തിനു ചുവട്ടിലെ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവമുണ്ടാകാനും രക്തം ചര്‍ദിക്കാനും ഇടയാകും. ഈ ലക്ഷണങ്ങള്‍ മണി കാട്ടിയിരുന്നു. പിന്നീട് രക്തസമ്മര്‍ദ്ദം താഴ്ന്ന് ഹൃദയാഘാതം സംഭവിച്ചാണ് മണി മരിയ്ക്കുന്നത്. മിക്കവാറും കരള്‍ രോഗികളുടെയും അന്ത്യം ഇങ്ങനെ തന്നെയാകും.

*വായിലൂടെ വിഷം ഉള്ളില്‍ ചെന്നിരുന്നെങ്കില്‍ മണിയുടെ വായിലും അന്നനാളത്തിലും ആമാശയത്തിലും ഇവയുടെ അംശം കണ്ടെത്തുമായിരുന്നു.

*മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതാണ് മരണം സംബന്ധിച്ച് സംശയങ്ങള്‍ വര്‍ധിക്കാന്‍ കാരണം. കെമിക്കല്‍ ലാബിലെ സങ്കീര്‍ണ പരിശോധനയില്‍ മാത്രമാണ് കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്. നേരത്തെ ചികിത്സിച്ച ഡോക്ടറോ, വിദഗ്ധ ചികിത്സ ലഭ്യമാക്കിയ സ്വാകാര്യ ആശുപത്രിയിലെ പരിശോധനകളിലോ കീടനാശിനി ശരീരത്തില്‍ കടന്നതായി മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. പോസ്റ്റുമോര്‍ട്ടത്തിലും കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. അതുകൊണ്ടുതന്നെ അത് മരണകാരണമായിരിക്കാന്‍ സാധ്യതയില്ല.

*മരണകാരണമായ അളവില്‍ കീടനാശിനി ശരീരത്തില്‍ എത്തിയിരുന്നെങ്കില്‍ കൃഷ്ണമണി ചുരുങ്ങിയും സ്രവങ്ങള്‍ വമിച്ചും പേശികള്‍ വലിഞ്ഞുമുറുകിയും ലക്ഷണങ്ങള്‍ പ്രത്യക്ഷമാകും. ഗന്ധവും വമിക്കും. എന്നാല്‍ മണിക്ക് ഇതൊന്നും ഉണ്ടായിട്ടില്ല.

*മണിക്ക് ഗുരുതര കരള്‍ രോഗമുള്ളതിനാല്‍ പച്ചക്കറികളിലൂടെയും മറ്റ് ഭക്ഷ്യോല്പന്നങ്ങളിലൂടെയും ശരീരത്തിലെത്തിയ കീടനാശിനി പുറന്തള്ളപ്പെടാതെ അടിഞ്ഞു കൂടാന്‍ സാധ്യതയുണ്ട്. ഒരു മാസം വരെ ഇവ അടിഞ്ഞുകിടക്കാം.

അതേസമയം മണിയുടെ മരണത്തില്‍ അസ്വാഭാവികതകള്‍ ഇല്ലെന്ന് അമൃത ആശുപത്രിയിലെ ഡോക്റ്റര്‍മാര്‍. കരള്‍ രോഗവും, ആന്തരിക രക്ത സ്രാവവും, കിഡ്‌നി തകരാറുമാണ് മരണത്തിനു കാരണമെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി അമൃത ഹോസ്പിറ്റലിലെ ഡോക്റ്റര്‍മാര്‍ വ്യക്തമാക്കി. കീടനാശിനി ഉള്ളിലെത്തിയതിന്റെ ലക്ഷണം മണിയില്‍ കണ്ടിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അബോധാവസ്ഥയിലായ ദിവസവും മണി പതിവ് മരുന്നുകള്‍ കഴിച്ചിരുന്നെന്നും അവര്‍ വ്യക്തമാക്കി. കലാഭവന്‍ മണിയെ അവശ നിലയില്‍ കണ്ടെത്തിയതിനുശേഷം മരണം വരെ പരിശോധിച്ചിരുന്ന അമൃതയിലെ ഡോക്റ്റര്‍മാരുടേതാണ് മൊഴി. 

കീടനാശിനിയുടെ അംശം ശരീരത്തില്‍ ഉണ്ടായിരുന്നെന്നാണ് ഇപ്പോള്‍ നല്‍കിയ പൂര്‍ണ പോസ്റ്റ്‌മോര്‍ട്ട  റിപ്പോര്‍ട്ടിലുളളത്. മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം ശരീരത്തില്‍ ഉണ്ടായിരുന്നെന്നും ഡോക്റ്റര്‍മാര്‍ മൊഴി നല്‍കിയിട്ടുണ്ട്. അമൃത ആശുപത്രിയിലെ ഡോക്റ്റര്‍മാരില്‍ നിന്നും, ലാബ് ജീവനക്കാരില്‍ നിന്നും പൊലീസ് മൊഴി എടുത്തിരുന്നു. മണിയുമായി അടുപ്പമുള്ള ഇരുന്നൂറോളം പേരെ ചോദ്യം ചെയ്‌തെങ്കിലും ആത്മഹത്യയോ കൊലപാതകമോ ആകാനുള്ള സാധ്യത നിരാകരിക്കുന്നതാണ് ഇവരുടെ മൊഴികള്‍. ഗുരുതര കരള്‍രോഗമാണ് മരണകാരണമെന്നാണ് ഫോറന്‍സിക് വിദഗ്ധരുടെയും നിഗമനം. പച്ചക്കറിയില്‍ നിന്നോ സാലഡുകളില്‍ നിന്നോ ആവാം കീടനാശിനി ശരീരത്തിലെത്തിയതെന്നും ഇവര്‍ പറയുന്നു.  

ഇതുവരെയുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മണിയുടേത് സ്വാഭാവിക മരണമാകാമെന്ന നിഗമനത്തിലാണ് പോലീസും. എന്നാല്‍ കേന്ദ്രലാബില്‍ നിന്നുള്ള പരിശോധന റിപ്പോര്‍ട്ടു വരുന്നതുവരെ കാത്തിരിക്കാമെന്ന നിലപാടിലാണ് അന്വേഷണ സംഘം. മണിയുടെ രക്തത്തിന്റെയും ആന്തരികാവയവങ്ങളുടെയും സാമ്പിളുകളാണ് ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടിയിലേക്ക് പരിശോധനക്കായി അയച്ചത്. കീടനാശിനി മരണകാരണമായിട്ടുണ്ടോ, അതിന്റെ അളവ് എത്രത്തോളമുണ്ടായിരുന്നു എന്നു പരിശോധിക്കാനാണ് കേന്ദ്ര ലാബിന്റെ സഹായം നേടിയത്. 

Join WhatsApp News
vayanakaran 2016-03-23 03:35:59
കേരളത്തിലെ ഏത് മനുഷ്യൻ മരിച്ചാലും
അവന്റെ വയറ്റിൽ കീടനാശിനി കാണുമെന്ന്
യാതൊരു സംശയവുമില്ല. അത്രയധികം
വിഷമല്ലേ ഭക്ഷണ സാധനങ്ങആളിലൂടെ
ഓരോരുത്തരും വലിച്ച് കയറ്റുന്നത്. ഇതേ കുറിച്ച്
ജനം ബോധവാനമാരകണം. അല്ലെങ്കിൽ ഒരു
ദിവസം ബോധം പോകും.
ബൈജു 2016-03-23 06:39:21
വിഷം കഴിച്ചു കഴിച്ചു ബോധം പോയി വായനക്കാരാ. ഇപ്പോൾ ഒരു ചിന്തയെ ഉള്ളു നല്ല സ്വയമ്പൻ വിഷം എവിടെ കിട്ടുമെന്ന്. . യു അണ്ടർസ്ടാണ്ട് മൈ പോയിന്റ്‌.  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക