Image

ഹിലരി പൊതുരംഗത്തോട് വിടപറയുന്നു; സൈന്യത്തില്‍ നിന്ന് ഒരുലക്ഷം പേരെ യുഎസ് പറഞ്ഞുവിടുന്നു; പോലീസ് പരിശീലന ക്യാമ്പില്‍ ഇസ്ലാം വിരുദ്ധ ചിത്രം

Published on 27 January, 2012
ഹിലരി  പൊതുരംഗത്തോട് വിടപറയുന്നു; സൈന്യത്തില്‍ നിന്ന് ഒരുലക്ഷം പേരെ യുഎസ് പറഞ്ഞുവിടുന്നു;  പോലീസ് പരിശീലന ക്യാമ്പില്‍ ഇസ്ലാം വിരുദ്ധ ചിത്രം
വാഷിംഗ്ടണ്‍: യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റന്‍ പൊതുജീവിതത്തില്‍ നിന്നു വിരമിക്കാനൊരുങ്ങുന്നു. ഹിലരി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഡമോക്രാറ്റിക് പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഒബാമ ഭരണകൂടത്തില്‍ താനുണ്ടാവില്ലെന്ന് ഹിലരി വ്യക്തമാക്കി. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നിന്നു വിരമിക്കാന്‍ താന്‍ തയാറാണെന്ന് അവര്‍ വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥരോടു പറഞ്ഞു. രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള തീരുമാനം ഞാനിപ്പോള്‍ ആസ്വദിക്കുകയാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സാധ്യത സംബന്ധിച്ച ചര്‍ച്ചകളൊന്നും താന്‍ ശ്രദ്ധിക്കാറില്ലെന്നും ഹിലരി വെളിപ്പെടുത്തി.

സൈന്യത്തില്‍ നിന്ന് ഒരുലക്ഷം പേരെ യുഎസ് പറഞ്ഞുവിടുന്നു

വാഷിംഗ്ടണ്‍: ചെലവുചുരുക്കലിന്റെ ഭാഗമായി സൈന്യത്തില്‍ നിന്നും 1,00,000 പേരെ ഒഴിവാക്കുമെന്ന് യു.എസ് ഡിഫന്‍സ് സെക്രട്ടറി ലിയോണ്‍ പെനേറ്റ അറിയിച്ചു. ഭൂമിയിലെ ശത്രുക്കളെ തുരത്താന്‍ പ്രത്യേകസേനകളെ തയ്യാറാക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ പെന്റഗണിന്റെ ബജറ്റില്‍ 48,700 കോടി ഡോളര്‍ കുറവുവരുത്തുമെന്നതാണ് സൈനിക ബലം കുറയ്ക്കാന്‍ കാരണം. അഞ്ചുവര്‍ഷത്തിനുള്ളില്‍ സൈനികബലം 5,70,000 ല്‍ നിന്നും 4,90,000 ആയി കുറയ്ക്കും.

റഡാറുകളെ കബളിപ്പിച്ച് ആക്രമണം നടത്തുന്ന എഫ് 35 യുദ്ധവിമാനങ്ങള്‍ യു.എസ് സൈന്യം തുടര്‍ന്നും ഉപയോഗിക്കുമെങ്കിലും പുതുതായി ഇവ വാങ്ങുന്നത് കുറയ്ക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

പോലീസ് പരിശീലന ക്യാമ്പില്‍ ഇസ്ലാം വിരുദ്ധ ചിത്രം: പ്രതിഷേധം പുകയുന്നു

ന്യൂയോര്‍ക്ക്: പോലീസുകാര്‍ക്കുള്ള പരീശീലന ക്യാമ്പില്‍ മുസ്‌ലീങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുന്ന ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ മുസ്‌ലീം സ്ഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തില്‍ ന്യൂയോര്‍ക്ക് പോലീസ് കമ്മീഷണര്‍ റെയ്മണ്ട് കെല്ലിയും ഡെപ്യൂട്ടി കമ്മീഷണര്‍ പോള്‍ ബ്രൗണെയും അടിയന്തരമായി രാജിവെയ്ക്കണമെന്ന് അമേരിക്കന്‍ ആന്റി അറബ് ഡിസ്ക്രിമിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പോലീസ് പരിശീലന ക്യമ്പില്‍ പ്രദര്‍ശിപ്പിച്ച 72 മിനുട്ട് ദൈര്‍ഘ്യമുള്ള ഹൃസ്വചിത്രത്തില്‍ മുസ്‌ലീങ്ങള്‍ ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ടവരുടെ തലയില്‍ വെടിവെയ്ക്കുന്നതും വൈറ്റ് ഹൗസിനു മുകളില്‍ മുസ്‌ലീം പതാക പറത്തുന്നതുമായ രംഗങ്ങളുണ്ട്.

മുസ്‌ലീം സമുദായത്തെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും ഹൃസ്വചിത്രത്തില്‍ പറയുന്നു. സംഭവത്തെ അപലപിച്ച ന്യൂയോര്‍ക്ക് മേയര്‍ മൈക്കല്‍ ബ്ലൂംബെര്‍ഗ് കെല്ലി രജീവെയ്ക്കണമെന്ന് ആവശ്യപ്പെട്ടില്ല. എന്നാല്‍ മുസ്‌ലീം സമുദായത്തിന്റെ വിശ്വാസം തിരിച്ചുപിടിക്കാന്‍ കെല്ലി ഏറെ പരിശ്രമിക്കേണ്ടിവരുമെന്നും ബ്ലൂംബെര്‍ഗ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ സമുദായങ്ങള്‍ തമ്മില്‍ വിശ്വാസം നിലനിര്‍ത്താന്‍ സഹായിക്കില്ലെന്നും ബ്ലാംബെര്‍ഗ് പറഞ്ഞു. സംഭവത്തില്‍ കെല്ലി മാപ്പു പറഞ്ഞിട്ടുണ്‌ടെങ്കിലും സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുകയാണ്.

2020-ാടെ
ഇന്ത്യയില്‍ നിന്നുള്ള യുഎസ് വീസ അപേക്ഷകര്‍ 21 ലക്ഷമാവും

ന്യൂഡല്‍ഹി: 2020 ആവുമ്പോഴേക്കും ഇന്ത്യയില്‍ നിന്നുള്ള യുഎസ് വീസാ അപേക്ഷകരുടെ എണ്ണം 21 ലക്ഷം(14%) ആകുമെന്ന് യുഎസ്. അതിവേഗം വളരുന്ന രാജ്യങ്ങളായ ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി ഒബാമ സര്‍ക്കാര്‍ യുഎസ് വീസാ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിക്കൊണ്ട് കഴിഞ്ഞ ആഴ്ച ഉത്തരവിറക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ യുഎസ് എംബസിയുടെ പ്രതികരണം.

2020 ആവുമ്പോഴേക്കും ഇന്ത്യയില്‍ നിന്നുള്ള വീസാ അപേക്ഷകരുടെ എണ്ണം 21 ലക്ഷം ആകുമെന്നാണ്് കരുതുന്നതെന്ന് ഇന്ത്യയിലെ യുഎസ് എംബസി കോണ്‍സലര്‍ ജെയിംസ് ഡബ്ലിയു ഹെര്‍മന്‍ പറഞ്ഞു. വിനോദസഞ്ചാ വീസകളിലായിരിക്കും ഏറ്റവും കൂടുതല്‍ വര്‍ധന ഉണ്ടാകുക. വീസാ നടപടിക്രമങ്ങള്‍ വോഗത്തിലാക്കാനായി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യയില്‍ രണ്ടു പുതിയ കോണ്‍സുലേറ്റുകള്‍ സ്ഥാപിക്കുകയും എംബസി ജീവനക്കാരുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ധന വരുത്തുകയും ചെയ്തുവെന്നും ഹെര്‍മന്‍ വ്യക്തമാക്കി. യുഎസിലെ തൊഴില്‍ വീസ അപേക്ഷകരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്. വിദ്യാര്‍ഥി വീസകളില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനമാണുള്ളത്. 2011ല്‍ മാത്രം വിദഗ്ധ തൊഴിലാളികള്‍ക്കുള്ള 68,000 എച്ച്1 ബി വീസളും 70,000 മറ്റു വീസകളുമാണ് ഇന്ത്യയിലെ യുഎസ്് എംബസി ഇഷ്യു ചെയ്തതെന്നും ഹെര്‍മന്‍ പറഞ്ഞു.

സ്വയം സെന്‍സറിംഗുമായി ട്വിറ്റര്‍

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റായ ട്വിറ്റര്‍ ചില രാജ്യങ്ങളില്‍ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സ്വന്തം നിലയ്ക്ക് സെന്‍സറിംഗ് ഏര്‍പ്പെടുത്തുന്നു. ഒരു രാജ്യത്ത് നിയമപരമായി വിലക്കുള്ള സംഗതിയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ആ രാജ്യത്ത് ട്വിറ്ററില്‍ പ്രത്യക്ഷപ്പെടില്ല. എന്നാല്‍, അത് മറ്റ് രാജ്യങ്ങളില്‍ കാണാനാകും. ഇത്തരത്തില്‍ സ്വയം സെന്‍സറിംഗ് ഏര്‍പ്പെടുത്താനുള്ള സങ്കേതം തങ്ങളുടെ പക്കലുണെ്ടന്ന് ട്വിറ്റര്‍ അതിന്റെ ഔദ്യോഗിക ബ്ലോഗില്‍ വ്യക്തമാക്കി.

ഏതെങ്കിലും ഉള്ളടക്ക ഘടകം നീക്കം ചെയ്യാന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍, അത് ട്വിറ്ററില്‍ മുഴുവനായും നീക്കം ചെയ്യുന്നതായിരുന്നു ഇതുവരെയുള്ള രീതി. അതിന് ഇപ്പോള്‍ മാറ്റം വരികയാണെന്ന് ട്വിറ്റര്‍ പറയുന്നു. ഉദാഹരണത്തിന്, "നാസി' ഉള്ളടക്ക'ത്തിന് ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ വിലക്കുണ്ട്. അത്തരം ഉള്ളടക്കം ആരെങ്കിലും ട്വിറ്ററില്‍ പോസ്റ്റു ചെയ്താല്‍, ഇനി മുതല്‍ അത് ഫ്രാന്‍സിലും ജര്‍മനിയിലും ട്വിറ്റര്‍ നോക്കുന്നവര്‍ക്ക് കാണാന്‍ കഴിയില്ല. എന്നാല്‍, മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്ക് അത് കാണാം.

ആശയപ്രകടന സ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണമായി ഇത് വ്യാഖ്യാനിക്കപ്പെടാമെങ്കിലും, ഇത്തരം ചില്ലറ നിയന്ത്രണങ്ങളില്ലാതെ ചില രാജ്യങ്ങളില്‍ ട്വിറ്ററിന് പ്രവര്‍ത്തിക്കാനാവില്ലെന്ന് ബ്ലോഗ് വ്യക്തമാക്കി. ഒരു ട്വീറ്റ് തടയുകയാണെങ്കില്‍, അക്കാര്യം യൂസര്‍മാരെ അറിയിക്കാനുള്ള സംവിധാനവും ട്വിറ്റര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 11ലെ കണക്കു പ്രകാരം ആഗോളതലത്തില്‍ 10 കോടി യൂസര്‍മാര്‍ ട്വിറ്ററിനുണ്­ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക