Image

മോഡിയുടെ ആശീര്‍വ്വാദത്തോടെ യമുനയില്‍ ഭൂമികയ്യേറ്റമോ? (ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 14 March, 2016
മോഡിയുടെ ആശീര്‍വ്വാദത്തോടെ യമുനയില്‍ ഭൂമികയ്യേറ്റമോ? (ഡല്‍ഹികത്ത് : പി.വി.തോമസ്)
അത് വെറും ഒരു താല്‍ക്കാലിക നിര്‍മ്മാണമാണെന്ന് ചിന്തിക്കുവാന്‍ എന്താണ് നിങ്ങളെ പ്രേരിപ്പിക്കുന്നത്? സങ്കല്‍പിക്കുക, ആ ചടങ്ങിന് ശേഷം അവര്‍ ആ നിര്‍മ്മാണ വ്യൂഹം അവിടെ നിന്നും പൊളിച്ച് മാറ്റിയില്ലെങ്കില്‍? ഞങ്ങള്‍ ഇവിടെ നിങ്ങളുടെ ഗുമസ്തന്മാരുടെ ഒഴിവ് കഴിവ് ഗുണനിരൂപണം ചെയ്യുവാനല്ല ഇരിക്കുന്നത്.' ദേശീയ ഹരിതട്രിബ്യൂണലിന്റെ ബഞ്ച് പരിസ്ഥിതി, വന മന്ത്രാലയത്തിനോട് ചോദിച്ച ചോദ്യം ആണ് ഇത്. കേസ്, ശ്രീ ശ്രീരവിശങ്കറിന്റെ ജീവനകലയുടെ യമുനാധിനിവേശം. അതാണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ സന്ദേഹം-മാര്‍ച്ച് 9, 2016.
ഈ പരിപാടി പരിസ്ഥിതിപരമായ ഒരു അത്യാപത്ത് ആണ്- ദല്‍ഹി ഹൈക്കോര്‍ട്ട്- മാര്‍ച്ച് 9, 2016.
'ഇത് ഒരു സാംസ്‌ക്കാരിക കുംഭമേളയാണ്-' പ്രധാനമന്ത്രി നരേന്ദ്രമോഡി- മാര്‍ച്ച് 11, 2016.
ഇതില്‍ നമ്മള്‍ ആരെ വിശ്വസിക്കും? ഹരിതട്രിബ്യൂണലിനെയോ? ഡല്‍ഹി ഹൈക്കോടതിയെയോ?  നരേന്ദ്രമോഡിയെയോ? പരിശോധിക്കാം.

ശ്രീശ്രീരവിശങ്കറിന്റെ 'ജീവനകല' (ആര്‍ട്ട് ഓഫ് ലിവിംങ്ങ്) എന്ന സംഘടന ഡല്‍ഹിയില്‍ യമുനാനദിക്കരയില്‍ മാര്‍ച്ച് 11, 12, 13 തീയ്യതികളില്‍ സംഘടിപ്പിച്ച ലോക സാംസ്‌ക്കാരിക ഉത്സവം ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിരിക്കുകയാണ്. പരിസ്ഥിതി പ്രശ്‌നം സംബന്ധിച്ചുള്ള വിവാദത്തെയും ദേശീയ ഹരിതട്രിബ്യൂണലിന്റെയും ഡല്‍ഹി ഹൈക്കോടതിയുടെയും പൊതുജന-മാധ്യമ വിമര്‍ശനത്തിന്റെയും പശ്ചാത്തലത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മുന്‍ തീരുമാനം തിരുത്തി ഉത്സവത്തിന്റെ ഉദ്ഘാടനചടങ്ങില്‍ നിന്നും വിട്ടുനിന്നു. ഇതെ തുടര്‍ന്ന് സിംബാവെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയും ഉത്സവം ബഹിഷ്‌ക്കരിച്ചു. പക്ഷേ, പ്രധാനമന്ത്രി, നരേന്ദ്രമോഡി ചടങ്ങില്‍ പങ്കെടുത്തു. അത് ഉദ്ഘാടനം ചെയ്തുകൊണ്ട് രവിശങ്കറിനെ വാനോളം പുകഴ്ത്തി. അങ്ങനെ പരിസ്ഥിതിവാദികളും ഹരിതട്രിബ്യൂണലും, ഡല്‍ഹി ഹൈക്കോടതിയും ഭയന്ന രവിശങ്കറിന്റെ യമുനാ കയ്യേറ്റത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി. ബാബാരാംദിവിനെപോലെ തന്നെ രവിശങ്കറും മോഡിയുടെ ചങ്ങാത്ത ആള്‍ദൈവ പരമ്പരയുടെ അഭിഭാജ്യഘടകം ആണ്. ഇവര്‍ ആത്മീയ കച്ചവടവും കച്ചവടം ആത്മീയതയും ആക്കുന്ന വിരുതന്മാര്‍ ആണ്. ചങ്ങാത്ത മുതലാളിത്വവും ചാങ്ങാത്ത ആള്‍ ദൈവങ്ങളും ആണല്ലോ മോഡിയുടെ രണ്ട് തുരുപ്പ് ചീട്ടുകള്‍! എന്തുകൊണ്ടാണ് രാംദേവ് നിയമത്തെക്കാള്‍ വലിയ ആള്‍ദൈവം ആയത്? എന്താണ് അദ്ദേഹം യമുനയില്‍ ചെയ്യുന്നത്?

ആഗോള സാംസ്‌ക്കാരിക ഉത്സവം നല്ലതുതന്നെ. നല്ല ഒരു ആശയം ആണ്. പക്ഷേ, അത് രാജ്യത്തെ നിയമത്തെയും നിയമനിര്‍വ്വഹണസ്ഥാപനങ്ങളെയും മറികടന്നിട്ട് ധിക്കാരപൂര്‍വ്വം ചെയ്യേണ്ട ഒന്നാണോ? മോഡി പറഞ്ഞതുപോലെ ഇത് വലിയ ഒരു സാംസ്‌ക്കാരിക കുംഭമേള തന്നെയാണ്, മതത്തിന്റെ ഛായ അതിന് നല്‍കിയാല്‍. 155 രാജ്യങ്ങള്‍ ആണ് ഈ മഹാകുംഭമേളയില്‍ പങ്കെടുത്തത്. ക്രിസ്ത്യന്‍ രാജ്യങ്ങളും മുസ്ലീംരാജ്യങ്ങളും ഇതിലുള്‍പ്പെടുന്നു. വെളുത്തവരും കറുത്തവരും തവിട്ടുനിറക്കാരും ഇതിലുള്‍പ്പെടുന്നു. യൂറോപ്പും അമേരിക്കകളും ആഫ്രിക്കയും അറേബ്യയും ഏഷ്യയും യമുനയുടെ കരയില്‍ സമ്മേളിച്ചു. മുപ്പത്തി ആറായിരത്തോളം കലാകാരന്മാരും കലാകാരികളും വിവിധയിനം കലാരൂപങ്ങള്‍ കാഴ്ചവച്ചു. 35 ലക്ഷത്തോളം സന്ദര്‍ശകര്‍ ഈ ഉത്സവത്തില്‍ പങ്കെടുത്തുവെന്നാണ് കണക്ക്. ഗിന്നസ് ബുക്ക് ഓഫ് റെക്കോഡിന്റെ ശ്രദ്ധക്ക്. ഈ മാമാങ്കത്തിനായി യമുനയുടെ കരയില്‍(ഫ്‌ളഡ് പ്ലെയിന്‍) ആയിരത്തിലേറെ ഏക്കര്‍ സ്ഥലം ആണ് ഇടിച്ച് നിരത്തിയത്. പച്ചക്കറി തോട്ടങ്ങലും അവിടത്തെ സസ്യലതാദികളും പിഴുതെറിഞ്ഞു. ഏഴ് ഏക്കര്‍ സ്ഥലത്താണ് പ്രധാനവേദി ഉയര്‍ന്നത്. ഇതും ഗിന്നസ് ബുക്ക് ഓഫ് റെക്കോഡിന്റെ ശ്രദ്ധക്ക്. ഈ പ്രധാനവേദിക്ക് 1200 അടി നീളവും 200 അടി വീതിയും 40 അടി ഉയരവും ആണ് ഉള്ളത്. ആയിരക്കണക്കിന് വിശിഷ്ടാതിഥികളെ ഇതിന് ഉള്‍ക്കൊള്ളാം. നൂറുകണക്കിന് ടെന്റുകള്‍ യമുനയില്‍ ഉയര്‍ന്നു. 1200 ബയോടോയിലറ്റുകളും യമുനയില്‍ പണിതു. 35 ലക്ഷം സന്ദര്‍ശകര്‍ക്ക് ഇത് പര്യാപ്തമാണോ എന്നത് മറ്റൊരു ചോദ്യം. താല്‍ക്കാലിക വഴികള്‍ വെട്ടി. പാലങ്ങള്‍ പണിതു(പൊന്റണ്‍ ബ്രിഡ്ജ്). ഇതിനായിട്ടും മറ്റും ഇന്‍ഡ്യന്‍ ആര്‍മിയെ ഉപയോഗിച്ചു. പതിനായിരക്കണക്കിന് ഡല്‍ഹി പോലീസ് സേനാംഗങ്ങളെയാണ് യമുനയില്‍ ക്രമസമാധാനപാലത്തിനായി വിന്യസിച്ചത്. 'ജീവനകല' യുടെ കണക്ക് പ്രകാരം 26 കോടിരൂപയാണ് ഇതിന് പണമായി അത് ചിലവഴിച്ചത്. ഇതില്‍ രണ്ടരകോടിരൂപ മോഡി സര്‍ക്കാര്‍ നല്‍കി. പട്ടാളത്തെ ബാരക്കില്‍ നിന്നും ഇതിനായി വിളിച്ചിറക്കി ഉപയോഗിച്ചത് മറ്റൊരു വിവാദത്തിന് തിരി കൊളുത്തി.

എന്താണ് ആയിരം ഏക്കര്‍ യമുനാ ഫഌഡ് പ്ലെയിന്‍ ഇടിച്ച് നിരത്തി സസ്യജാലം പിഴുതെറിഞ്ഞതിന്റെ പരിസ്ഥിതാഘാതം? അത് ഒരിക്കലും വീണ്ടെടുക്കാനാവാത്ത പരിസ്ഥിതിനാശം ആണ് യമുനക്കും ദല്‍ഹിക്കും വരുത്തി വച്ചിരിക്കുന്നതെന്നാണ് പരിസ്ഥിതിവാദികളും ദേശീയഹരിതട്രിബ്യൂണലും വെളിപ്പെടുത്തുന്നത്. ഒരു നദിയുടെ തീരം(ഫ്‌ളഡ് പ്ലെയിന്‍) ആ നദിക്ക് ആ നദിപോലെ തന്നെ പ്രധാനപ്പെട്ടതാണ്. ആ കരയുടെ നശീകരണം ആ നദിയുടെ നാശത്തില്‍ കലാശിക്കും. യമുന ഡല്‍ഹിയില്‍ മരിച്ചു കഴിഞ്ഞ ഒരു നദിയാണ്. സീറോ ജീവിതം ആണ് അതിലുള്ളത്. മാലിന്യം പ്രധാനകാരണം. ഇത് പോലുള്ള കയ്യേറ്റങ്ങള്‍ മറ്റു കാരണങ്ങളും. ജീവനകലയുടെ ആള്‍ദൈവം രവിശങ്കര്‍ ഇത് മറന്നുപോയി. അദ്ദേഹം യമുനയുള്‍പ്പെടെയുള്ള ഇന്‍ഡ്യയിലെ നദികളുടെ ശുദ്ധീകരണത്തിന്റെയും പുനരുജ്ജീവിപ്പിക്കല്‍ പ്രക്രിയയുടെയും അംബാസിഡര്‍ ആണെന്ന് ഓര്‍മ്മിക്കണം. ആയിരം ഏക്കര്‍ യമുനാതടം ഇടിച്ചു നിരത്തി സസ്യരഹിതമാക്കുക വഴി ഭൂഗര്‍ഭജല പുനരുല്പാദന പ്രക്രിയയെ ആണ് നശിപ്പിച്ചിരിക്കുന്നത്.
യമുനയുടെ തടം കയ്യേറി പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ മറികടന്ന് പണിതിരിക്കുന്ന രണ്ട് വമ്പന്‍ സൗധങ്ങള്‍ ഉണ്ട്. ഒന്ന് അക്ഷരധാം മന്ദിരം. ഇത് ഇന്ന് ഡല്‍ഹിയിലെ ഒരു പ്രധാന വിനോദസഞ്ചാര ആകര്‍ഷണം ആണ്. ലാല്‍ കിഷന്‍ അദ്വാനി ഉപപ്രധാനമന്ത്രിയായിരുന്ന കാലത്തെ സംഭാവനയാണിത്. അയോദ്ധ്യയിലെ രാമമന്ദിരത്തിന്റെ വക്താ രഥയാത്രകളുടെ പിതാവുമായ അദ്ദേഹം പരിസ്ഥിതി വാദികളുടെ പ്രതിഷേധത്തെ തൃണവല്‍ ഗണിച്ചുകൊണ്ടാണ് അക്ഷരധാം മന്ദിരത്തിന്റെ സൃഷ്ടി നടത്തിയത്. രണ്ടാമത്തെ കയ്യേറ്റം നടത്തിയത് കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജ് കെട്ടുവാനായിരുന്നു. നൂറുകണക്കിന് ഏക്കര്‍ ഗംഗാതടം ആണ് അന്ന് മന്‍മോഹന്‍ സിംങ്ങ് സര്‍ക്കാര്‍ കയ്യേറിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കണം കായികതാരങ്ങല്‍ക്കായി പാര്‍പ്പിടസൗകര്യം ഉണ്ടാക്കണം. ഇതൊക്കെ ശരി തന്നെ. പക്ഷേ, പുണ്യനദിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിളിച്ചാരാധിക്കുന്ന യമുനയുടെ കഥ കഴിച്ചിട്ട് വേണമോ ഇതൊക്കെ? ഡല്‍ഹി സംസ്ഥാന ഗവണ്‍മെന്റിന് ഇവിടത്തെ ഭൂമിയില്‍ അവകാശം ഇല്ലാത്തതുകൊണ്ട് ക്രമസമാധാനനില സംരക്ഷണത്തിലും പോലീസിലും എന്നത്. പോലെ, യമുനയെയും യമുനയുടെ പരമപ്രധാനമായ നദീതടത്തെയും സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം കേന്ദ്രഗവണ്‍മെന്റില്‍ നിക്ഷിപ്തമാണ്. അതാണ് അത് രവിശങ്കറിനും അദ്ദേഹത്തിന്റെ 'ജീവനകല'യ്ക്കും വേണ്ടി വ്യക്തി-മത-രാഷ്ട്രീയ പരിഗണനയുടെ പേരില്‍ കാറ്റില്‍ പറത്തിയത്.

രവിശങ്കറിന് ആദ്യം മുതലെ മോഡിയുടെ സര്‍വ്വത്ര പിന്തുണ ഉണ്ടായിരുന്നു. രവിശങ്കര്‍ സംഘപരിവാറിന്റെ ആസ്ഥാന ആള്‍ ദൈവങ്ങളില്‍ പ്രമുഖന്‍ ആണ്. പക്ഷേ, 'ജീവനകല' ഇത് നിഷേധിക്കുന്നു. ജീവനകലയുടെ പ്രതിരോധപ്രകാരം രവിശങ്കറും അദ്ദേഹത്തിന്റെ സംഘടനയും തികച്ചും നിഷ്പക്ഷമാണ്. യാതൊരുവിധ രാഷ്ട്രീയ കൂട്ടുകെട്ടും ഇല്ല. പക്ഷേ, 2008-ല്‍ അദ്ദേഹം വിശ്വഹിന്ദുപരിക്ഷത്തിന്റെയും മറ്റ് സംഘപരിവാര്‍ സംഘടനകളുടെയും നേതാക്കന്മാര്‍ക്കൊപ്പം വേദി പങ്കിട്ടത് വിവാദവിഷയം ആയിരുന്നു. അദ്ദേഹത്തോടൊപ്പം അന്ന് വേദി പങ്കിട്ട മറ്റ് ആള്‍ ദൈവങ്ങള്‍ ബാബാ രാംദേവ്, ആശാറാം ബാപ്പു(ഇപ്പോള്‍ ബലാല്‍സംഗകേസുകളില്‍ പ്രതിയായി ജയിലില്‍) മൊറാരി ബാപ്പു വിശേശ്വര തീര്‍ത്ഥ സ്വാമിജി എന്നിവര്‍ ആയിരുന്നു. ആള്‍ദൈവങ്ങളുടെ ഈ സമ്മേളനം 2009-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് അനുകൂലമായ ഒരു മുന്നേറ്റത്തിന് തുടക്കമിടുവാനാണെന്ന് വിശ്വഹിന്ദുപരിക്ഷത്ത് പ്രഖ്യാപിക്കുകയുണ്ടായെങ്കിലും രവിശങ്കറും അദ്ദേഹത്തിന്റെ ശക്തമായ പബ്ലിക്ക് റിലേഷന്‍സ് വിഭാഗവും തങ്ങല്‍ക്ക് യാതൊരുവിധ രാഷ്ട്രീയലക്ഷ്യങ്ങളും ഇല്ലെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയുണ്ടായി. നല്ല ആശയങ്ങളുമായി വരുന്ന രാഷ്ട്രീയപാര്‍ട്ടി ഏതാണെങ്കിലും അതിനെ പിന്തുണക്കുമെന്നും പരസ്യമായി പറഞ്ഞു. പക്ഷേ, 2014-ല്‍ വീണ്ടും രവിശങ്കറിന്റെ പൂച്ച് വെളിയില്‍ വന്നു. വിശ്വഹിന്ദുപരിക്ഷത്ത് അദ്ദേഹത്തിന്റെ മാതൃസംസ്ഥാനമായ കര്‍ണ്ണാടകയില്‍ തുങ്കൂര്‍ എന്ന സ്ഥലത്ത് സംഘടിപ്പിച്ച 5600 ഹിന്ദു മതാദ്ധ്യക്ഷന്മാരുടെ ഒരു സന്ത് സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കുക മാത്രം അല്ല അതിന്റെ സംഘാടകരില്‍ ഒരു പ്രധാനിയും ആയിരുന്നു. ഈ സമ്മേളനം ഗോഹത്യക്കെതിരെയും മതപരിവര്‍ത്തനത്തിനെതിരെയും പ്രമേയങ്ങള്‍ പാസാക്കുകയുണ്ടായി. പക്ഷേ, അപ്പോഴും രവിശങ്കര്‍ അദ്ദേഹത്തിന്റെ നിഷ്പക്ഷ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുവാന്‍ മറന്നില്ല.

ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് രവിശങ്കറിന്റെ യമുനാ കയ്യേറ്റവും ഭാവിപരിപാടികളും ഇവിടെ വിഷയം ആകുന്നത്. രവിശങ്കര്‍ ആദ്യം മുതലേ ഹരിത ട്രിബ്യൂണലുമായി ഏറ്റുമുട്ടലില്‍ ആയിരുന്നു. മാര്‍ച്ച് ഒമ്പതിന് ഹരിതട്രിബ്യൂണല്‍ രവിശങ്കറിന്റെ ലോക സാംസ്‌ക്കാരികസമ്മേളനം യമുനയുടെ പരിസ്ഥിതി വ്യവസ്ഥയുടെ മേലുള്ള ഒരു കയ്യേറ്റമായി പ്രഖ്യാപിച്ചു. നിബന്ധനകളോടെ അതുമായി മുമ്പോട്ടു പോകുവാന്‍ അനുമതി നല്‍കി. അതായത് സമ്മേളനം തുടങ്ങുന്നതിനു മുമ്പ് അഞ്ചു കോടിരൂപ പിഴയടക്കണം. മാത്രവുമല്ല സമ്മേളനം കഴിഞ്ഞാല്‍ യമുനയുടെ തടം പൂര്‍വ്വസ്ഥിതിയിലാക്കണം. അതിനുള്ള സര്‍വ്വചിലവും വഹിക്കണം. പക്ഷേ, രവിശങ്കര്‍ തുറന്നടിച്ചു അദ്ദേഹം ജയിലില്‍ പോയാലും പിഴയടക്കുകയില്ല. അദ്ദേഹം പിഴയടച്ചുമില്ല. സമ്മേളനം യഥാസമയം ആരംഭിയ്ക്കുകയും ചെയ്തു. പ്രധാനമന്ത്രി അത് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഇവിടെ പ്രധാനമന്ത്രി ഒരു വ്യക്തിയും അദ്ദേഹത്തിന്റെ സംഘടനയും(ജീവനകല) ഗവണ്‍മെന്റിന്റെ ഒരു പ്രധാനപ്പെട്ട സ്ഥാപനത്തിന്റെ(ദേശീയ ഹരിതട്രിബ്യൂണല്‍) അധീശാധികാരത്തെ തകിടം മറിക്കുന്നതിന് കൂട്ടു നില്‍ക്കുകയാണ് ചെയ്തത്. രവിശങ്കര്‍ ജയിച്ചു. ഹരിതട്രിബ്യൂണലും പരിസ്ഥിതി പ്രവര്‍ത്തകരും തോറ്റു. ഹരിത ട്രിബ്യൂണല്‍ അവസാനം താഴെ വന്നത് വളരെ പരിതാപകരമായ ഒരു രീതിയില്‍ ആയിരുന്നു. അത് രവിശങ്കറിന് അദ്ദേഹം സമ്മേളനവുമായി മുമ്പോട്ടു പോകുവാന്‍ അനുമതി നല്‍കി. ഇവിടെ ആര്‍ക്ക് ട്രിബ്യൂണലിന്റെ അനുമതി വേണമെന്നത് മറ്റൊരു ചോദ്യം? ട്രിബ്യൂണല്‍ കെഞ്ചി പറഞ്ഞു ഇരുപത്തി അഞ്ച് ലക്ഷം രൂപ തല്‍ക്കാലം പിഴയൊടുക്കുക. ഞങ്ങളും ഒന്ന് മുഖം രക്ഷിക്കട്ടെ. ബാക്കി ഗഡുക്കളായി അടക്കുക. ഇതും അടച്ചോ അല്ലെങ്കില്‍ സമ്മതിച്ചോ എന്നറിയില്ല.

ഇതുകൊണ്ടൊക്കെ തന്നെയാണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചോദ്യം മനസില്‍ ഉയര്‍ന്ന് വരുന്നത്. ഇത് ഒരു താല്‍ക്കാലിക നിര്‍മ്മാണം ആണെന്ന് ചിന്തിക്കുവാന്‍ എന്താണ് നിങ്ങളെ പ്രേരിപ്പിച്ചത്? അത് പൊളിച്ച് മാറ്റിയില്ലെങ്കില്‍?

ട്രിബ്യൂണലിന്റെ സംശയം അടിസ്ഥാനപരം ആണ്. രാഷ്ട്രീയ സ്വാധീനമുള്ള ആള്‍ ദൈവങ്ങല്‍ക്ക് എന്തും ആകാവുന്ന കാലം ആണ് ഇത്. യമുനയും പരിസ്ഥിതിയും ഒന്നും അവര്‍ക്ക് ഒന്നിനും വിലങ്ങു തടിയല്ല.

മോഡിയുടെ ആശീര്‍വ്വാദത്തോടെ യമുനയില്‍ ഭൂമികയ്യേറ്റമോ? (ഡല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
benoy chethicot 2016-03-15 19:10:00
I stopped reading this biased article after reading a couple of paragraphs. Mr. Thomas, I would like to hear your opinion about the Maramon Convention every year on the banks of Pampa river, participated by 16,0000 people. Do you think the Maramon Convention has no effect on the environment? Every where, when hundreds of thousands of people gather, there will be some environmental implications. Your harsh criticism of the "Art of Living" exposes your political affiliation. Be reasonable Mr. Thomas. As a reporter and a writer you should be unbiased.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക