Image

മാധവന്‍ നായര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് കേന്ദ്രത്തില്‍ ഉന്നതസ്ഥാനം വഹിക്കുന്നതിനാലെന്ന് മുഖ്യമന്ത്രി

Published on 25 January, 2012
മാധവന്‍ നായര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് കേന്ദ്രത്തില്‍ ഉന്നതസ്ഥാനം വഹിക്കുന്നതിനാലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജി. മാധവന്‍ നായര്‍ക്കും മറ്റ് ശാസ്ത്രജ്ഞര്‍ക്കും വിലക്കേര്‍പ്പെടുത്തിയത് കേന്ദ്രത്തില്‍ ഉന്നതസ്ഥാനം വഹിക്കുന്നതിനാലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്രത്തില്‍ ഉത്തരവാദിത്വമുള്ള സ്ഥാനങ്ങള്‍ വഹിക്കുന്ന ഇവരെ സംസ്ഥാനത്തെ മറ്റ് ഉത്തരവാദിത്വങ്ങള്‍ ഏല്‍പിക്കരുതെന്നാണ് ഉത്തരവെന്നാണ് താന്‍ മനസിലാക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തില്‍ അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന്റെ മഹത്വം കൊണ്ടാണ് നടപടിയെന്നും ഇതിനെ പോസിറ്റീവായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയെങ്കിലും താന്‍ മനസിലാക്കുന്നത് അങ്ങനെയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വിലക്ക് വന്ന ശാസ്ത്രജ്ഞര്‍ക്ക് എന്തെങ്കിലും അയോഗ്യതയുണ്‌ടെങ്കില്‍ അവര്‍ കേന്ദ്രത്തില്‍ ഉന്നതപദവിയിലിരിക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ജി. മാധവന്‍ നായരുടെ സാന്നിധ്യവും സേവനവും സംസ്ഥാനം പല മേഖലയിലും വിനിയോഗിക്കുന്നുണ്‌ടെന്നും തുടര്‍ന്നും ഇത് നല്‍കാന്‍ അദ്ദേഹവും തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഔദ്യോഗികമായ പദവികള്‍ ഏറ്റെടുക്കുന്നതിന് മാത്രമാണ് വിലക്കെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക