Image

കുറെ തോക്കുകളും അല്പം ശിഥിലമായ സാമൂഹ്യചിന്തയും(ലേഖനം-ഭാഗം - 2)പോള്‍.ഡി.പനയ്ക്കല്‍

പോള്‍.ഡി.പനയ്ക്കല്‍ Published on 18 February, 2016
കുറെ തോക്കുകളും അല്പം ശിഥിലമായ സാമൂഹ്യചിന്തയും(ലേഖനം-ഭാഗം - 2)പോള്‍.ഡി.പനയ്ക്കല്‍
തോക്കുടമസ്ഥതയും കാരണങ്ങളും
ഭൂരിപക്ഷം തോക്കുടമകളും അവകാശപ്പെടുന്നത് തോക്കുളുടെ സാന്നിധ്യം അവരില്‍ സുരക്ഷിതത്വബോധം നല്‍കുന്നുവെന്നാണ്. വേട്ടയ്ക്കും ടാര്‍ഗെറ്റ് ഷൂട്ടിംഗിനുമായാണ് തങ്ങള്‍ തോക്ക് കൈവശം വയ്ക്കുന്നതെന്ന് കുറേപ്പേര്‍ പറയുന്നു. 

തോക്കുണ്ടെന്ന ധൈര്യമുണ്ടെങ്കിലും പെട്ടെന്ന് അക്രമികളോ കവര്‍ച്ചക്കാരോ വീട്ടില്‍ അതിക്രമിച്ചു കയറിയാല്‍ കയ്യിലെടുക്കത്തക്കവിധം തോക്ക് വശം വയ്ക്കുന്നവര്‍ കുറവായിരിക്കും. തോക്ക് തലയണയ്ക്കു താഴെ വയ്ക്കുന്നവരും കുറവ്. വീടുകളും സ്ഥാപനങ്ങളും ആക്രമിക്കുന്നവര്‍ ആളുകളുടെ സാന്നിധ്യം ഇല്ലാത്ത സമയങ്ങളിലാണ് അവരുടെ കൃത്യസമയങ്ങളിലാണ് അവരുടെ കൃത്യങ്ങള്‍ക്കു മുതിരുക. അതുകൊണ്ട് വീട്ടില്‍ സുരക്ഷിതത്വം നല്‍കുമെന്ന വാദത്തിന് അധികം കഴമ്പില്ല. 

മറിച്ച്, തോക്കുകള്‍ വീട്ടിലുള്ളത് കൊലപാതകത്തിനും ആല്‍മഹത്യയ്ക്കുള്ള അപായസാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ അപഗ്രഥനം സൂചിപ്പിക്കുന്നത്. വീടുകളില്‍ കൊലചെയ്യപ്പെട്ടവരില്‍ എഴുപത്തിയാറു ശതമാനം പേര്‍ ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ മറ്റു കുടുംബാംഗങ്ങളുടെ വെടികൊണ്ടാണ് മരിച്ചത്. കൊല്ലപ്പെട്ടവരില്‍ നാലു ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമേ പരിചയമില്ലാത്തവരുടെയും അന്യരുടെയും ബലിയാടുകള്‍ ആയത്. മയക്കുമരുന്നുകളുടെയും മദ്യത്തിന്റെയും സ്വാധീനത്തില്‍ വെടിയുണ്ടകള്‍ക്കിരയായവരുടെ കണക്ക് ലഭ്യമല്ല.

തോക്കു കൈവശം വയ്ക്കുന്നതും വീടുകളില്‍ സൂക്ഷിക്കുന്നതും അപകടകരവും ഭീതിത്വവുമാണെന്ന് പഠനങ്ങള്‍ മാത്രമല്ല പ്യൂ റിസെര്‍ച്ച് സെന്റര്‍ പോലുള്ള സംഘടനകളുടെ സര്‍വ്വേകളും ചൂണ്ടിക്കാണിക്കുന്നു.

തോക്കും നിയമങ്ങളും 

ലോകത്തിലെ മിക്കവാറും വികസിത രാജ്യങ്ങളില്‍ കര്‍ശനമായ വ്യവസ്ഥകളും നിയമങ്ങളും വഴി തോക്ക് വാങ്ങുന്നതിനും കൈവശം വയ്ക്കുന്നതിനും ശക്തമായ നിയന്ത്രണങ്ങളുളളപ്പോള്‍ അമേരിക്കയില്‍ ഭരണഘടനയിലൂടെ നിയമമാക്കിയതാണ്. ഗണ്‍ കണ്‍ട്രോള്‍ എന്ന പ്രയോഗം തന്നെ നമ്മെ സെക്കന്റ് അമെന്റ്‌മെന്റ് എന്ന വിഷയത്തിലേക്കാകും നയിക്കുക. എന്താണീ സെക്കന്റ് അമെന്റ്‌മെന്റ്? 'ഒരു സ്വതന്ത്ര രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് നന്നായി ക്രമപ്പെടുത്തിയിട്ടുള്ള പൗരസേന അത്യാവശ്യമായതിനാല്‍, ആയുധം സുക്ഷിക്കുന്നതിനും വഹിക്കുന്നതിനുമുള്ള ജനങ്ങളുടെ അവകാശത്തെ ലംഘിക്കുവാന്‍ പാടില്ല' എന്ന് 1791 ല്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ വാചകം ആണ് വളരെയധികം ചര്‍ച്ചകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും കോടതികേസുകള്‍ക്കും വിധേയമായ രണ്ടാം ഭരണഘടനാ ഭേദഗതി. 

വെറും പതിനാലു സംസ്ഥാനങ്ങളുണ്ടായിരുന്ന 1791 ലെ അമേരിക്കയ്ക്ക് ഒരു ഭരണഘടനാ ഭേദഗതി വരുത്തുന്നതിന് കോണ്‍ഗ്രസിന്റെ മുന്നില്‍ രണ്ടുഭാഗം പിന്തുണയും പത്തു സംസ്ഥാനങ്ങളുടെ അംഗീകാരവും മതിയായിരുന്നു. ജനങ്ങളെ പൗരസേന സംഘടിപ്പിക്കുന്നതിനു സജ്ജമാക്കുക; നിയമനിര്‍മ്മാണത്തില്‍ പങ്കാളികള്‍ ആക്കുക; സ്വേഛാധിപത്യ സര്‍ക്കാരിനെ പ്രതിരോധിക്കു'പുറം രാജ്യങ്ങളില്‍ നിന്നുണ്ടാകാവുന്ന ആക്രമണത്തെ ചെറുക്കുക; അടിമകളുടെയും മറ്റു ജനവിഭാഗങ്ങളുടെയും ക്ഷോഭങ്ങളെ അടിച്ചമര്‍ത്തുക; സ്വയം സംരക്ഷണത്തിനുള്ള സ്വാഭാവികാവകാശത്തെ സുഗമമാക്കുക എന്നിവയായിരുന്നു രണ്ടാം ഭേദഗതിക്കു പിന്നിലെ പ്രേരകങ്ങള്‍. അമേരിക്കയുടെ നാല്‍പത്തിനാലു സംസ്ഥാനങ്ങളില്‍ തോക്കുടമാവകാശം അവയുടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവകാശങ്ങളെ സംരക്ഷിക്കുന്ന നിയമങ്ങളെ തൊടുന്നതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കില്ലായെന്ന് പതിനാലാം ഭരണഘടനാ ഭേദഗതിയും നിഷ്‌ക്കര്‍ക്കുന്നു. 

ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ മേല്‍പറഞ്ഞ നിയമങ്ങളെ മാറ്റാനാകൂ. കോണ്‍ഗ്രസിനെ ഇരുസഭകളുടെയും മുന്നീല്‍ രണ്ടു ഭൂരിപക്ഷവും രാജ്യത്തെ മുപ്പത്തിയെട്ടു സംസ്ഥാനങ്ങളുടെ നിയമനിര്‍മ്മാണ സഭകളുടെ അംഗീകാരവും ഉണ്ടെങ്കില്‍ മാത്രമേ ഭരണഘടനയ്ക്ക് ഭേദഗതി വരുത്താനാകൂ. ഒരു ചെറിയ ബില്‍ അംഗീകരിക്കാനുള്ള ഐക്യം പോലും ഇല്ലാത്ത കോണ്‍ഗ്രസ് തോക്കു സംബന്ധമായ ഒരു നിയമനിര്‍ദ്ദേശത്തെ മുന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പിന്തുണയ്ക്കുക അസാങ്കല്‍പികം.

ഗണ്‍ കണ്‍ട്രോള്‍

ഗണ്‍ കണ്‍ട്രോള്‍ ഇന്ന് ക്ലീഷേ ആണ്. തോക്കു നിര്‍മ്മാണം, അതിന്റെ വില്‍പന, കൈമാറ്റം, ഉടമസ്ഥത, ഉപയോഗം എന്നിവയെ ബാധിക്കുന്ന നിയമങ്ങളും പോളിസികളും കൂടുതല്‍ കര്‍ശനമാക്കണമെന്ന് അതിന്റെ അനുഭാവികള്‍ വാദിക്കുന്നു. തോക്കു സംബന്ധമായ പഠനങ്ങളെല്ലാം നിയമങ്ങളുടെയും തോക്കുസംസ്‌ക്കാരത്തിന്റെയും ഭവിഷ്യത്തുകളെയും മാരകാവസ്ഥയെയും തെളിയിക്കുന്നു. അമേരിക്കയില്‍ വാഹനാപകടങ്ങളില്‍ മരിച്ചവരേക്കാള്‍ കൂടുതല്‍ ആളുകള്‍ തോക്കിനിരകള്‍ ആയിട്ടുണ്ട്. എളുപ്പത്തില്‍ തോക്കെടുക്കാനുള്ള സ്ഥലങ്ങളില്‍ ആത്മഹത്യാനിരക്ക് കൂടുതലാണ്. കൗമാരപ്രായക്കാരും യുവതീയുവാക്കളുടെയും ആത്മഹത്യാ നിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളില്‍ തോക്ക് കൈയ്യില്‍ കിട്ടുന്നതിനുള്ള വഴികള്‍ എളുപ്പവുമാണ്.

സമൂഹത്തിന്റെ എല്ലാ തുറകളിലും തോക്ക്-ഔദാരികതയുടെ ഭവിഷ്യത്തുകള്‍ നിലനില്‍ക്കുമ്പോളും സമൂഹം മാറ്റത്തെ ആഗ്രഹിക്കുന്നുണ്ടെങ്കിലും നിയന്ത്രണത്തിനുള്ള എല്ലാ ശ്രമങ്ങളും അടിച്ചമര്‍ത്തപ്പെടുകയാണ് ചെയ്യുന്നത്. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഗണ്‍ കണ്‍ട്രോള്‍ എന്ന വാക്ക് ഒരു സ്ഥാനാര്‍ത്ഥിയും ഉയര്‍ത്തിയിട്ടില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളിലെ മുന്‍ പാര്‍ച്ചി സ്ഥാനാര്‍ത്ഥികളിലെ മുന്‍ നിലക്കാരന്‍ ഡൊണാള്‍ഡ് ട്രമ്പ് തോക്ക് നിയന്ത്രണത്തിന് എതിരാണെന്ന് നേരത്തേ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. എല്ലാവരുടെയും കയ്യില്‍ തോക്കുണ്ടായിരുന്നെങ്കില്‍ കൂട്ടക്കൊലകള്‍ പലതും ഒഴിവാക്കാനാകുമെന്നാണ് ട്രമ്പിന്റെ വാദം. 

നാഷണല്‍ റൈഫിള്‍സ് അസോസിയേഷന്‍ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ഗണ്‍ റൈറ്റ്‌സ് എന്നീ രണ്ടു പ്രധാന സംഘടനകളുടെ പണത്തിന്റെ സ്വാധീനം തോക്ക് നിയന്ത്രണ ശ്രമങ്ങളെയും നിയമ നീക്കങ്ങളെയും നിര്‍വ്വീര്യമാക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും സംഭാവന ചെയ്യുന്ന ദശലക്ഷക്കണക്കനു ഡോളറിന്റെ പരിണാമം തോക്കു നിയന്ത്രണ പ്രവര്‍ത്തനക്കാരെ നിശ്ശബ്ദരാക്കുന്നു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കന്‍മാരില്‍ പലരും തോക്കുവാദികളുടെ ഗുണഭോക്താക്കള്‍ ആയതുകൊണ്ട് തോക്കിനെതിരെ ഉണ്ടാകുന്ന നിയമനീക്കങ്ങള്‍ മുളയ്ക്കുന്നതിനുമുമ്പേ കരിച്ചുകളയുന്നു. 2013-2014 വര്‍ഷങ്ങളില്‍ മാത്രം ഗണ്‍ വാദികള്‍ മുപ്പതു ദശലക്ഷം ഡോളര്‍ തല്‍പരകക്ഷികളുടെ തെരഞ്ഞെടുപ്പു മത്സരപ്രവര്‍ത്തനങ്ങള്‍ക്കും ലോബിയിംഗിനുമായി ചെലവാക്കിയിട്ടുണ്ടത്രേ. അതേ സമയ കാലഘട്ടത്തില്‍ ഗണ്‍ നിയന്ത്രണ പ്രവര്‍ത്തക സംഘടനകള്‍ക്കു ചെലവാക്കുവാനായത് വെറും നാലര ദശലക്ഷം ഡോളര്‍ മാത്രം.

പണത്തിന്റെ സ്വാധീനത്തില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ മാധ്യമങ്ങളിലൂടെ അന്യഭാവികളുടെ കൗശലവ്യാഖ്യാനങ്ങളിലൂടെ ജനസമൂഹത്തില്‍ വിജയപൂര്‍വ്വം വില്‍ക്കുവാന്‍ ഗണ്‍ അവകാശവാദികള്‍ക്കു കഴിയുന്നുവെന്നാണ് അത്ഭൂതവും അമര്‍ഷവുമുണ്ടാക്കുന്നത്. എങ്കിലും തോക്കു സുരക്ഷിതത്വം അമേരിക്കയില്‍ ഭൂരിപക്ഷം പേരും അംഗീകരിക്കുന്നുണ്ട്. 

മനോരോഗികളുടെയും കുറ്റകൃത്യക്കാരുടെയും തോക്കെത്താതിരിക്കുകയാണ് പൊതുസുരക്ഷയ്ക്ക് അത്യാവശ്യമായ ഒരു നടപടി. ബ്യൂറോ ഓഫ് ആല്‍ക്കഹോള്‍, ടുബേക്കോ, ഫയര്‍ ആംഡ് ആന്റ് എക്‌സ്‌പ്ലോസീവ്‌സ്(അഠഎ) തോക്കു വാങ്ങുന്നവരുടെ പശ്ചാത്തല പരിശോധന നിര്‍ബ്ബന്ധമാക്കുന്നതിനുള്ള ശാസനത്തിന് അന്ത്യരൂപം കൊടുക്കുകയാണെന്ന് വൈറ്റ് ഹൗസിന്റെ ജാനുവരി പ്രെസ് റിലീസില്‍ പറയുന്നു. ഇരുന്നൂറ് അഠഎ ഉദ്യോഗസ്ഥന്‍മരെയും പരിശോധകന്‍മാരെയും പുതുതായി നിയമിച്ച് നിലവിലുള്ള നിയമങ്ങള്‍ നടപ്പിലാക്കി ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കുകയെന്നതാണ് പ്രസിഡന്റ് ഒബാമയുടെ ശ്രമങ്ങളിലൊന്ന്. മാനസിക രോഗികള്‍ക്കുള്ള ചികില്‍സ കുറേക്കൂടി മെച്ചപ്പെടുത്തി പശ്ചാത്തല പരിശോധനകര്‍ക്ക് വിവരം നല്‍കുക, സാങ്കേതിക വിദ്യ ഉപോയോഗിച്ചു തോക്കുകളുടെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുക എന്നിവയും ഒബാമയുടെ നടപടികളില്‍പെടുന്നു.
റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും ഒബാമയുടം നീക്കങ്ങളെ വിമര്‍ശിക്കുകയും അവയെ ഇല്ലാതാക്കുമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

സാമൂഹിക പ്രശ്‌നങ്ങളും മലയാളി അമേരിക്കക്കാരും 

ഈ രാജ്യത്തെ തോക്കുസംബന്ധമായ വിവരങ്ങള്‍ മലയാളി-അമേരിക്കന്‍ വായനക്കാര്‍ക്കു അപരിചിതമോ വാര്‍ത്തയോ ആണെന്ന് ഈ എഴുത്തുകാരന്‍ കരുതുന്നില്ല. അങ്ങുമിങ്ങും ചിതറിക്കിടക്കുന്ന വിവരങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ മലയാളി-അമേരിക്കക്കാര്‍ ഇതേക്കുറിച്ചെന്തു ചിന്തിക്കുന്നുവെന്ന് പറയാറായിട്ടില്ല.

ഏറ്റവും മനുഷ്യഹത്യ നടത്താവുന്ന ആയുധം കൈവശം വെയ്ക്കുകയെന്നത് മതസ്വാതന്ത്ര്യം പോലെ, അഭിപ്രായ സ്വാതന്ത്ര്യം പോലെ തൊടാനാകാത്ത പൗരാവകാശം നിലനില്‍ക്കുന്ന രാജ്യമാണ് നാം ദത്തെടുത്ത ഈ രാജ്യം. ആകെ ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രം അംഗസംഖ്യാണ് ഇന്ത്യന്‍ അമേരിക്കന്‍ സമൂഹഘടകമെങ്കിലും അമേരിക്കയിലെ എല്ലാ മേഖലകളിലും അസൂയാവഹമായ ഉന്നതസ്ഥാനത്തെത്തുവാന്‍ ഇന്ത്യക്കാര്‍ക്ക് കഴിഞ്ഞുവെന്നത് ഏതൊരു ഇന്ത്യക്കാരനാണ് /ഇന്ത്യക്കാരിയാണ് അഭിമാനിക്കാതിരിക്കാനാകുക!

വിദ്യാഭ്യാസത്തിലും ആളോഹരി വരുമാനത്തിലും സാമൂഹിക അച്ചടക്കത്തിലും മറ്റെല്ലാ ന്യൂനപക്ഷങ്ങളെക്കാളും മുഖ്യധാരാ സമൂഹത്തെക്കാളും മുന്നിലാണ് ഇന്ത്യന്‍ അമേരിക്കക്കാര്‍. മൈക്രോസോഫ്റ്റും ഗൂഗിളും ലൂയിസിയാനയും സൗത്ത് കരോലിനയും മുന്നോട്ടു നയിക്കുന്നത് ഇന്ത്യന്‍ മുഖങ്ങള്‍. മാധ്യമങ്ങളിലും സിനിമകളിലും ന്യായ-നിയമപാലനരംഗങ്ങളിലും ഇന്ത്യാക്കാര്‍ കയറിക്കൊണ്ടിരിക്കുന്നത് സന്തോഷത്തോടെ, അഭിമാനത്തോടെ നമ്മള്‍ കാണുന്നു.

പക്ഷെ, മുഖ്യധാരാ വിഷയങ്ങളില്‍ ഒരു സ്വരമുയര്‍ത്തുവാന്‍ ഇനിയും ഇന്ത്യന്‍ -അമേരിക്കക്കാര്‍ ശ്രമം തുടങ്ങേണ്ടിയിരിക്കുന്നു. തോക്കു നിയന്ത്രണം പോലുള്ള ഗൗരവതരമായ വിഷയങ്ങളില്‍ സ്വന്തം നിലപാട് രൂപീകരിക്കുവാന്‍ ഇന്ത്യന്‍-അമേരിക്കന്‍ സാമൂഹ്യസംഘടനകളുടെ നേതൃത്വം തുടക്കശ്രമങ്ങള്‍ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്നത്തെ തലമുറയും വരും തലമുറകളും ജീവിക്കുകയും അനുഭവിക്കേണ്ടി വരികയും ചെയ്യുന്ന ചുറ്റുപാടുകളുടെ മാറ്റങ്ങളുടെ സൃഷ്ടിയില്‍ നമുക്ക് എങ്ങനെ പങ്കെടുക്കുവാന്‍ കഴിയുമെന്ന് ചിന്തിക്കേണ്ട സമയം ആസന്നമായിരിക്കുന്നു. 

സമൂഹസ്ഥിതിക്ക് അനുപാതമല്ലാത്ത രീതിയില്‍ ഉന്നതസ്ഥാനങ്ങളില്‍ ഇന്ത്യക്കാര്‍ക്കെത്താനായി എന്നതു തന്നെ സാമൂഹികായ്ക്യത്തിന് പ്രചോദനം നല്‍കുന്ന അടിസ്ഥാന ആരാധനാ സമ്പ്രദായ കൂട്ടായ്മകളുടെയും കൊച്ചുകൊച്ചുസാമൂഹിക സംഘടനകളുടെയും മേല്‍ക്കോയ്മകളില്‍ തുണ്ടം തുണ്ടമായിക്കിടക്കുന്ന മലയാളി-അമേരിക്കന്‍ സമുദായത്തിന്റെ ഐക്യം. കൂട്ടായ്മ നേതൃത്വം വിഷയമായെടുക്കേണ്ടത് കാലത്തിന്റെയും സമൂഹത്തിന്റെയും ആവശ്യമാണ്. റുമേനിയന്-ഫ്രെഞ്ച് മനഃശാസ്ത്രജ്ഞനായ മൊസ്‌കോവിചി ന്യൂനപക്ഷ സ്വാധീനത്തെക്കുറിച്ചു പറയുന്നത് സ്വാധീനിക്കുവാന്‍ കഴിയുന്ന ഒരു ന്യൂനപക്ഷത്തിന് പല ന്യൂനപക്ഷങ്ങളേക്കാള്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ കഴിയുമെന്നാണ്. അമേരിക്കയില്‍ വനിതകള്‍ക്കുള്ള വോട്ടവകാശത്തിനുള്ള തീവ്രയാത്ര ചെറിയൊരു കൂട്ടം സ്ത്രീകളുടെ നേതൃത്വത്തിലാണ് തുടങ്ങിയതെന്നോര്‍ക്കുക.

ഇന്ത്യയിലെ ദേശീയ പാര്‍ട്ടികളുടെ ഓവര്‍സീസ് ഘടകമുണ്ടാക്കുന്നതിനും അതിന്റെ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള നേതാക്ക•ാരുടെ പ്രീതി പിടിച്ചെടുക്കുവാനും വിലകുറഞ്ഞ കീര്‍ത്തി നേടുവാനും ആര്‍ജ്ജവം കാണിക്കുന്ന സാമുദായിക നേതൃത്വം തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിന്റെ മിടിപ്പുകള്‍ കേള്‍ക്കണം. ;ചുവരെഴുത്തുകള്‍ വായിക്കണം.

മലയാളി അമേരിക്കന്‍ എഴുത്തുകാരിലും ധിഷണാശാലികളായ അനവധി പേരുണ്ട്. കേരളത്തിലെ കാര്യങ്ങള്‍ എഴുതുന്നതില്‍ പലരും വ്യഗ്രത കാണിക്കുന്നത് ഭാഷാസ്‌നേഹം കൊണ്ടാണെന്ന വിശദീകരണമാമ് പൊതുവെ കാരണമായി പറയുന്നത്. തോക്കുപോലുള്ള സാമൂഹിക സംബന്ധിയായ വിഷയങ്ങളില്‍ തൂലിക ചലിപ്പിക്കുന്നത് ശക്തമായ ആയുധപ്രയോഗം പോലെയാണ്. 

സമ്പൂര്‍ണ്ണമായ രാജവാഴ്ചയ്ക്കും സമൂഹത്തിന്റെ വിവേകത്തേക്കാള്‍ വികാരത്തിനു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രതികരണങ്ങള്‍ക്കും എതിരെ ഭാഷ ഉപയോഗിച്ച മോണ്ടെസ് ക്യൂവും നാടകങ്ങളും കവിതകളും വഴി സമ്പ്രദായങ്ങള്‍ക്കെതിരെ സ്വരമുയര്‍ത്തിയ വോള്‍ട്ടെയറും ഫ്രെഞ്ച് വിപ്ലവത്തിനു നല്‍കിയ പ്രബോധനം ചരിത്രത്തില്‍ മായുകയില്ല.

തോക്കിന്റെ നിയന്ത്രണം വ്യക്തികളുടെയും കുടുംബങ്ങളുടെയും കുട്ടികളുടെയും സമൂഹത്തിന്റെയും സുരക്ഷിതത്വത്തിന് ആവശ്യമാണ്. അതുപോലുള്ള വിഷയങ്ങള്‍ക്കുനേരെ സ്വരമുയര്‍ത്താന്‍ മതങ്ങളുടെയും സംഘടനകളുടെയും ചട്ടക്കൂടുകള്‍ക്കു വെളിയിലിറങ്ങാന്‍ നേതാക്കന്‍മാരും ഭാഷയുപയോഗിക്കാന്‍ എഴുത്തുകാരും തയ്യാറാകട്ടെ.

ഈ ലേഖനം ഇവിടെ അവസാനിക്കുന്നു........

Paul.D.Panakyal
7831 266 St.
Floral Park, Ny 11004
7184813547


കുറെ തോക്കുകളും അല്പം ശിഥിലമായ സാമൂഹ്യചിന്തയും(ലേഖനം-ഭാഗം - 2)പോള്‍.ഡി.പനയ്ക്കല്‍
കുറെ തോക്കുകളും അല്പം ശിഥിലമായ സാമൂഹ്യചിന്തയും(ലേഖനം-ഭാഗം - 2)പോള്‍.ഡി.പനയ്ക്കല്‍
Join WhatsApp News
sudhan 2016-02-18 12:19:57
excellent article..  keep writing
   tks sudhan

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക