Image

സുകുമാര്‍ അഴീക്കോട്‌: മലയാളവേദി അനുശോചിച്ചു

Published on 24 January, 2012
സുകുമാര്‍ അഴീക്കോട്‌: മലയാളവേദി അനുശോചിച്ചു
ഡാലസ്‌: പ്രഭാഷണകലയിലെ മഹാപ്രതിഭ, എഴുത്തുകാരന്‍, പ്രഗത്‌ഭനായ അദ്ധ്യാപകന്‍, സാമുഹ്യവിമര്‍ശകന്‍, ശ്രേഷ്‌ഠനായ പണ്‌ഢിതന്‍ തുടങ്ങിയ നിലകളില്‍ ആറു പതിറ്റാണ്ടിലനികം കേരളത്തിന്റെ സാംസ്‌ക്കാരിക നഭസില്‍ നിറഞ്ഞു നിന്ന ഡോ സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ മലയാളവേദി അനുശോചനം രേഖപ്പെടുത്തി. കാലത്തിനു വിസ്‌മരിക്കുവാന്‍ കഴിയാത്ത വിസ്‌മയവിജ്‌ഞാനഗാഥയായിരുന്നു ഡോ.സുകുമാര്‍ അഴിക്കോടെന്ന്‌ മലയാളവേദി പ്രസിഡന്റ്‌ ബിനോയി സെബാസ്റ്റ്യന്‍ അനുശോചനയോഗത്തില്‍ പറഞ്ഞു. രാഷ്‌ട്രീയവും സാംസ്‌ക്കാരീകവും സാമുദായികവുമായ അന്തഛിദ്രങ്ങള്‍ ഏറി വരുന്ന വര്‍ത്തമാനകാലത്തും ഭാവിയിലും ഗാന്ധിയന്‍ സുക്തങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചു കൊണ്ടു കരുത്തോടെ പൊതു സമുഹത്തിനായി വിമര്‍ശനങ്ങളുയര്‍ത്തുവാന്‍ അഴിക്കോട്‌ എന്ന മഹാവ്യക്തിത്വമില്ല എന്നത്‌ സാംസ്‌ക്കാരിക കേരളത്തിന്റെ ഏറ്റവും വലിയ നഷ്ടമായിരിക്കുമെന്ന്‌ അദേഹം പറഞ്ഞു.

ഡോ.സുകുമാര്‍ അഴിക്കോട്‌ സാംസ്‌ക്കാരിക കേരളത്തിന്റെ പൊതുനാവായിരുന്നുവെന്ന്‌ ഡാലസ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ഫിലിപ്പ്‌ ചാമത്തില്‍ അഭിപ്രായപ്പെട്ടു. തന്നോടടൊപ്പം ജീവിക്കുന്ന സഹമനുഷ്യരുടെ ജീവിതഭാരങ്ങളുടെ ആശ്വാസത്തിനുവേണ്ടി കപടന്യായങ്ങളോടു തന്റെ അഗ്‌നി നിറഞ്ഞ വാക്കുകള്‍കൊണ്ടു പ്രതികരിച്ച അഴിക്കോട്‌ ചിരസ്‌മരണീയനായിരിക്കുമെന്നും അദേഹം പറഞ്ഞു. ആന്‍ഡ്രൂസ്‌ അഞ്ചേരി, രവികുമാര്‍ എടത്വ, ഡക്‌സ്റ്റര്‍ ഫെരെര, നൈനാന്‍ കുര്യന്‍, അഗസ്റ്റിന്‍ ജോസഫ്‌, ജോര്‍ജ്‌ മാത്യു മേലേത്ത്‌ തുടങ്ങിയവരും ചടങ്ങില്‍ സംസാരിച്ചു.
സുകുമാര്‍ അഴീക്കോട്‌: മലയാളവേദി അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക