Image

ക്‌നാനായ നൈറ്റ്‌ 2012 വിപുലമായി നടത്തപ്പെട്ടു

ജോയിച്ചന്‍ പുതുക്കുളം Published on 23 January, 2012
ക്‌നാനായ നൈറ്റ്‌ 2012 വിപുലമായി നടത്തപ്പെട്ടു
ഷിക്കാഗോ: സെന്റ്‌ മേരീസ്‌ ക്‌നാനായ യാക്കോബായ ഇടവകയുടെ 2012-ലെ ക്‌നാനായ നൈറ്റ്‌ പരിപാടികള്‍ വിപുലമായി ജനുവരി 14-ന്‌ വാക്കീഗണ്‍ സെന്റ്‌ മേരീസ്‌ ക്‌നാനായ ഇടവകയില്‍ വെച്ച്‌ നടത്തപ്പെട്ടു.വികാരി റവ ഫാ. തോമസ്‌ മേപ്പുറത്തിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ 2012-ലെ ക്‌നാനായ നൈറ്റിന്‌ തുടക്കംകുറിച്ചു. ജിഷ ചെറിയമുഴിയില്‍ നടത്തിയ പ്രാര്‍ത്ഥനാ ഗാനത്തോടെ തുടങ്ങിയ സമ്മേളനത്തില്‍ ഫാ. തോമസ്‌ മേപ്പുറത്ത്‌ 2012 ക്‌നാനായ നൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു. ഇടവക സെക്രട്ടറി ബാലു മാലത്തുശേരില്‍ സ്വാഗതം പറഞ്ഞു. റവ. ഡീക്കന്‍ ജെയ്‌ക്ക്‌ പട്ടരുമഠത്തില്‍, വനിതാ സമാജം സെക്രട്ടറി ആനി പള്ളത്തറ, യൂത്ത്‌ ട്രസ്റ്റി ഹര്‍ഷാ മാലത്തുശേരില്‍, പ്രിയങ്ക താമരപ്പള്ളില്‍, ഇടവക പി.ആര്‍.ഒ ലെജി പട്ടരുമഠത്തില്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ഇടവക ട്രസ്റ്റി ഡോ. ബാബു പള്ളത്തറ കൃതജ്ഞത പറഞ്ഞു.

എ.ഡി. 345-ല്‍ കേരളത്തില്‍ എത്തി, പമ്പ, മണിമല, മീനച്ചില്‍ എന്നീ നദികളുടെ കരയില്‍ കുടിയേറി പാരമ്പര്യത്തനിമ നിലനിര്‍ത്തുന്ന ക്‌നാനായ ആചാരങ്ങള്‍ ഇന്നും കര്‍ശനമായി പരിപാലിക്കപ്പെടുന്നതില്‍ ഫാ. തോമസ്‌ മേപ്പുറത്ത്‌ സന്തുഷ്‌ടി പ്രകടിപ്പിച്ചു.ക്‌നാനായ സമുദായത്തില്‍ നിലനില്‍ക്കുന്ന എന്‍ഡോഗമി അഥവാ യഹൂദ പാരമ്പര്യം മുതലുള്ള ഗോത്ര വിവാഹം നിലനിര്‍ത്തേണ്ട ആവശ്യകതയെപ്പറ്റി റവ. ഡീക്കന്‍ ജെയ്‌ക്ക്‌ പട്ടരുമഠത്തില്‍ യുവജനങ്ങളെ ചിന്തിപ്പിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്‌തു. ജനിതക മാറ്റങ്ങള്‍ക്ക്‌ തയാറാകാത്ത മറ്റ്‌ പല പുരാതന സമൂഹങ്ങളും കാലമുന്നേറ്റത്തിന്റെ കുത്തൊഴുക്കില്‍ തൂത്ത്‌ മായ്‌ച്ച്‌ കളയപ്പെട്ടപ്പോഴും കര്‍ശനമായ വിവാഹ നിയമക്രമങ്ങള്‍ പിതാക്കന്മാരുടെ കാലം മുതല്‍ പാലിക്കപ്പെട്ടുപോകുന്നതുകൊണ്ട്‌ ഒരു ജനിതക വൈകല്യങ്ങളേയും ബാധിക്കാതെ ജനിതക ആര്‍ജ്ജവത്വം നേടുവാന്‍ ക്‌നാനായ സമൂഹത്തിന്‌ സാധിച്ചതായി ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയ പല ഗവേഷണങ്ങളുടേയും പഠനത്തില്‍ തെളിയിക്കപ്പെട്ടതായി ലെജി പട്ടരുമഠത്തില്‍ വിശദീകരിച്ചു. ദൈവ വിശ്വാസത്തില്‍ അടിയറ പ്രാപിച്ചുകൊണ്ട്‌ പുതിയ തലമുറയെ മുന്നോട്ടുനയിക്കണമെന്ന്‌ ആനി പള്ളത്തറ ആഹ്വാനം ചെയ്‌തു.

തുടര്‍ന്ന്‌ വൈവിധ്യങ്ങളായ കലാപരിപാടികള്‍ അരങ്ങേറി. കലാപരിപാടികളുടെ എം.സിമാരായി സോളമന്‍ മാലത്തുശേരില്‍, ലിയ നെടുങ്ങാട്ടേത്ത്‌ എന്നിവര്‍ പ്രവര്‍ത്തിച്ചു. കലാപരിപാടികളുടെ കോര്‍ഡിനേറ്റേഴ്‌സായി നിമ്മി താമരപ്പള്ളില്‍, ഷൈനി പട്ടരുമഠത്തില്‍, ഷീനാ മംഗലത്ത്‌ എന്നിവര്‍ നേതൃത്വം നല്‍കി. ക്‌നാനായ നൈറ്റിന്റെ ഭാഗമായി എല്ലാവര്‍ഷവും തുടര്‍ച്ചയായി നടത്തപ്പെടുന്ന ചാരിറ്റി ഫണ്ട്‌ റൈസിംഗിന്‌ രാജു മാലിക്കറുകയില്‍ നേതൃത്വം നല്‍കി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്കുള്ള രണ്ടായിരം ഡോളറിന്റെ ഈവര്‍ഷത്തെ സഹായം ചിങ്ങവനം പുത്തന്‍പള്ളി, റാന്നി കൊല്ലമുള എന്നീ ഇടവകകള്‍ക്ക്‌ ക്‌നാനായ നൈറ്റിലൂടെ സ്വരൂപിക്കാന്‍ കഴിഞ്ഞു. പി.ആര്‍.ഒ ലെജി പട്ടരുമഠത്തില്‍ അറിയിച്ചതാണിത്‌.
ക്‌നാനായ നൈറ്റ്‌ 2012 വിപുലമായി നടത്തപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക