Image

പ്രതിമ പോലൊരു സ്ത്രീ രൂപം (കവിത)ജോര്‍ജ് നടവയല്‍

ജോര്‍ജ് നടവയല്‍ Published on 20 January, 2016
പ്രതിമ പോലൊരു സ്ത്രീ രൂപം (കവിത)ജോര്‍ജ് നടവയല്‍
മരവിപ്പാണെങ്ങും;
വിറങ്ങലിച്ച ചില്ലകളില്‍
കനം കെട്ടിയ മഞ്ഞുപളുങ്കുകള്‍;
വീശിയടിക്കും കാറ്റില്‍
അസ്ഥി തുളയ്ക്കും സൂചി മുനകള്‍;

വിധവയുടെ വെള്ളപുതച്ചതെങ്കിലും
ഉഴുതുമറിച്ച പാടം പോലെ 
ചെളിയങ്ങിങ്ങണിഞ്ഞ് 
നീണ്ട പാതകള്‍ നിരുന്മേഷം.

ഏഴു കടലുകള്‍ക്കിപ്പുറമുള്ള
കാനാന്‍ ദേശമിത്. 

പാലൊഴുക്കാന്‍, 
തേനൊഴുക്കാന്‍ ,
വേര്‍പ്പണി ഞ്ഞും 
രക്തം ചിന്തിയും
മരിച്ചിട്ടും മരവിയ്ക്കാതെ 
ദേശത്തിന്റെ ചരിത്രത്തെ താങ്ങി 
മണ്ണടികളില്‍ ശയിയ്ക്കും  
തലമുറകള്‍ രാപകല്‍ പാര്‍ക്കും 
കല്ലറത്തോപ്പുകള്‍..

ഇന്‍ക്ലമെന്റ് കാലവസ്ഥാ പ്രവചനത്തിരക്കില്‍
ഷോപ്പുകളില്‍ നിന്നും 
കോരിയടുക്കിയ പലവ്യഞ്ജനങ്ങളുമായി
പരക്കം പാഞ്ഞു പോകുവോരുടെ തത്രപ്പാടുകള്‍…. 

പാതയില്‍ ചക്രപ്പാടുകളായി 
വരഞ്ഞു പതിഞ്ഞുരുകി 
മേലേ വാനത്തേക്ക് പാറിപ്പറക്കാന്‍ 
കാത്തു കിടക്കും പ്രയാണ ദുരിതങ്ങള്‍.

വളവിലൊരു നടപ്പാതവിളുമ്പില്‍ 
പ്രതിമ പോലൊരു സ്ത്രീ രൂപം; 
നിശ്ച്ചലം; ഭഗ്ന കാമി
ശുഷ്‌ക ഗാത്രി; നഷ്ട ധാത്രി
അല്പവസ്ത്രി; ഭഗ്ന നേത്രി,

വളവിലൊരു നടപ്പാതവിളുമ്പില്‍ 
പ്രതിമ പോലൊരു സ്ത്രീ രൂപം; 
വിറങ്ങലിച്ച പകലന്തിയിലും 
വിറയ്ക്കാന്‍ മറന്നോള്‍, 
വിതുമ്പാന്‍ കൊതിച്ചോള്‍. 
അനന്തമാം പാതയറ്റത്തോളം
കണ്‍കളയച്ച് നേര്‍ത്ത ശ്വാസഗതിയുമായി.. 
ആരാവാമിവള്‍? 
ഏതേലും ഷെല്‍റ്ററില്‍ 
വേട്ടമൃഗമായി കഷണിക്കപ്പെട്ടവള്‍; 
സീതായനമായി 
ഭൂമി വാതില്‍ പിളര്‍ന്നിറങ്ങിപ്പോന്നവള്‍?
ഏഴു കടലുകള്‍ക്കിപ്പുറമുള്ള
കാനാന്‍ ദേശമിത്!!. 

ഓരോ ഭോക്താവും 
വീടണയാന്‍ കാറുകള്‍ ചൂടാക്കി 
വളവുകള്‍ തിരിഞ്ഞു;
മരവിപ്പാണെങ്ങും;
വളവിലൊരു നടപ്പാതവിളുമ്പില്‍ 
പ്രതിമ പോലൊരു സ്ത്രീ രൂപം; 
നേര്‍ത്ത ശ്വാസഗതിയുമായി.. 

എങ്കിലും; 
ഓസ്‌കര്‍ അവാര്‍ഡു നിശയുടെ വിജയഭേരികള്‍,
ഗേ ലെസ്ബിയന്‍ കല്യാണാഘോഷങ്ങള്‍,
കാരുണ്യപ്രവര്‍ത്തകരുടെ വചനമാരികള്‍, 
വിവിധ ചാനലുകളില്‍ നിറം തൂകി മിന്നി;
ശിശിരം;ഇതെത്ര ധൂസരം….!!

വളവിലൊരു നടപ്പാതവിളുമ്പില്‍ 
പ്രതിമ പോലൊരു സ്ത്രീ രൂപം; 
നേര്‍ത്ത ശ്വാസഗതിയുമായി.. 
ശിശിരം;ഇതെത്ര ധൂസരം….!!





പ്രതിമ പോലൊരു സ്ത്രീ രൂപം (കവിത)ജോര്‍ജ് നടവയല്‍
പ്രതിമ പോലൊരു സ്ത്രീ രൂപം (കവിത)ജോര്‍ജ് നടവയല്‍
Join WhatsApp News
വിദ്യാധരൻ 2016-01-20 14:40:36
ലോകത്തിൻ നാനാ ഭാഗത്തും നാം 
കാണുന്നു 'ഗണിക' പ്രതിമകളെ 
അവരുടെ ജീവിത കഥയറിയാൻ 
ആർക്കാണ് താത്പര്യം ഇന്നിവിടെ ?
ആരും പിറക്കുന്നില്ല വേശ്യയായി 
ആരും പ്രതിമയായി മാറുന്നില്ല 
കാമാതുരരാം കാശ്മല്ന്മാർ 
കൊത്തിവലിച്ച മൃതശരീരം 
വഴിയോരെ പ്രതിമയായി വന്നതാവാം? 
അവളുടെ ദേഹത്തെ പാടുകളിൽ 
നാട്ടിലെ വരേണ്യ മൃഗങ്ങളുടെ 
നഖക്ഷതദംഷ്ട്ര പാടുകാണാം 
അവളുടെ അടിവസ്ത്രം ഒന്ന് നോക്കിയാൽ 
ഇവിടുത്തെ രസ്ഷ്ട്രീയ നേതൃത്വത്തിൽ 
ഡി എൻ എ  തീർച്ചയായും കണ്ടെടുക്കാം 
ചരിത്രം അതികം മറിച്ചിടാതെ 
പോകുക നിങ്ങളാ സൂര്യനെല്ലീൽ 
അവിടുത്തെ  ജനതേടെ മനസിനുള്ളിൽ 
കുടികൊള്ളുന്നുണ്ടൊരു കൽപ്രതിമ 
പണവും പ്രതാപവും കൈക്കരുത്തും 
കൊണ്ടൊരു കശ്മലൻ തച്ചുടച്ച 
പൊടിമണ്ണാൽ തീർത്തൊരു  കൽപ്രതിമ
ഉതിരുന്നാ പ്രതിമയിൻ മിഴിയിൽ നിന്നും 
അണപൊട്ടി കണ്ണീർ ചാലോരെണ്ണം 
അതിൽ കാണാം ദില്ലിയിൽ പാത്തിരിക്കും 
കാമകഴുകന്റെ പ്രതിഫലനം നാം .

(നല്ലൊരു കവിതയ്ക്ക് അഭിനന്ദനം ) 
 
George Nadavayal 2016-01-20 16:20:14
നല്ല വാക്കുകള്ക്ക്    നന്ദി വിദ്യാധര നാമധാരി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക