Image

മുംബൈ ഹീറോസിനെതിരെ സ്‌ട്രൈക്കേഴ്‌സിന് പത്ത് വിക്കറ്റ് ജയം

Published on 22 January, 2012
മുംബൈ ഹീറോസിനെതിരെ സ്‌ട്രൈക്കേഴ്‌സിന് പത്ത് വിക്കറ്റ് ജയം
കൊച്ചി: ഹൈദരാബാദില്‍ തലനാരിഴ വ്യത്യാസത്തില്‍ വിജയം കൈവിട്ട മോഹന്‍ലാലിന് കൂട്ടര്‍ക്കും കൊച്ചിയില്‍ സ്വപ്‌നതുല്ല്യമായ വിജയം. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ സ്വന്തം തട്ടകത്തില്‍ മുംബൈ ഹീറോസിനെ പത്ത് വിക്കറ്റിനാണ് കേരള സ്‌ട്രൈക്കേഴ്‌സ് തകര്‍ത്തത്. ലീഗിലെ കേരളത്തിന്റെ ആദ്യ വിജയമാണിത്. രാജീവ് പിള്ളയുടെ (75 നോട്ടൗട്ട്) സ്വപ്തുല്ല്യമായ ബാറ്റിങ്ങും ബിനീഷ് കോടിയേരിയുടെ (നാലു വിക്കറ്റ്) മികവുറ്റ ബൗളിങ്ങുമാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. ആദ്യ മത്സരത്തില്‍ ചെന്നൈ റൈനോസിനോടാണ് കേരളം തോറ്റത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈയെ മികവുറ്റ ബൗളിങ് കൊണ്ടാണ് കേരളം ആദ്യം കടിഞ്ഞാണിട്ടു നിര്‍ത്തിയത്. ഇരുപത് ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സാണ് മുംബൈയ്ക്ക് നേടാനായത്. നാലു വിക്കറ്റെടുത്ത ബിനീഷ് കോടിയേരിയുടെയും രണ്ടു വിക്കറ്റെടുത്ത ഉണ്ണി മുകുന്ദന്റെയും സൈജു കുറുപ്പിന്റെയും ബൗളിങ്ങാണ് കേരളത്തിന് തുണയായത്. വരുണ്‍ ബദോല (25), ഷബീര്‍ (25) എന്നിവരാണ് മുംബൈയുടെ ടോപ്‌സ്‌കോറര്‍മാര്‍. ഓപ്പണര്‍ ദല്‍ഗ 16 ഉം റിതേഷ് 15 ഉം റണ്‍സെടുത്തു. ഒരുവേള മികച്ച സ്‌കോറിലേയ്ക്ക് മുന്നേറുമെന്ന് കരുതിയ മുംബൈയെ മാറിമാറിവന്ന കേരള ബൗളര്‍മാര്‍ ശരിക്കും വരിഞ്ഞുകെട്ടുകയായിരുന്നു. അവസാന ഓവറില്‍ മാത്രം ബിനീഷ് മൂന്ന് വിക്കറ്റെടുത്തു. പതിനെട്ടാം ഓവര്‍ മോഹന്‍ലാലാണ് എറിഞ്ഞത്. ഒരു ക്യാച്ച് നഷ്ടപ്പെട്ട ഈ ഓവറില്‍ പതിനൊന്ന് റണ്‍സ് വിട്ടുകൊടുക്കേണ്ടിയും വന്നു. ഇതുള്‍പ്പടെ മൊത്തം മൂന്ന് ക്യാച്ചുകള്‍ സ്‌ട്രൈക്കേഴ്‌സ് നഷ്ടമാക്കിയെങ്കിലും അവസാന ഓവറില്‍ മണിക്കുട്ടന്‍ എടുത്ത ക്യാച്ച് ശരിക്കും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതായിരുന്നു.

129 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന്റെ ഓപ്പണര്‍മാര്‍ ശരിക്കും നന്നായി സൂത്രണം ചെയ്താണ് ഓരോ പന്തും കളിച്ചത്, ഓരോ റണ്ണും നേടിയത്. ശരിക്കും അന്താരാഷ്ട്ര താരങ്ങളുടെ പ്രകടനത്തെ അനുസ്മരിപ്പിക്കുംവിധമായിരുന്നു രാജീവ് പിള്ളയുടെ ബാറ്റിങ് പ്രകടനം. അത്ര കൃത്യവും സാങ്കേതികത്തികവുമുറ്റതായിരുന്നു ഓരോ ഷോട്ടും. ഒരുവേളയിലും കേരളത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ മുംബൈ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. 38 എക്‌സ്ട്രാസ് വിട്ടുകൊടുത്ത മുംബൈ ഫീല്‍ഡിങ്ങിലും മോശപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്.
129 റണ്‍സായിരുന്നു കേരളാ സ്‌ട്രൈക്കേഴ്‌സിനു മുമ്പിലുണ്ടായിരുന്ന വിജയലക്ഷ്യം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക