Image

എന്റെ വിവാഹ വാര്‍ഷികം (ജോസ് ചെരിപുറം, ന്യൂയോര്‍ക്ക്)

Published on 17 January, 2016
എന്റെ വിവാഹ വാര്‍ഷികം (ജോസ് ചെരിപുറം, ന്യൂയോര്‍ക്ക്)
കുത്തിക്കുറിക്കാതിരിക്കുന്നതെങ്ങനെ
ഇന്നാ മനോഹരസുദിനമല്ലേ?
രണ്ടും നാല്‍പ്പതും വര്‍ഷങ്ങള്‍ക്കപ്പുറം
ഈ സുപ്രഭാതം കനിഞ്ഞ കനവുകള്‍
സാക്ഷാത്കരിക്കുകയായിരുന്നൊ
അവക്കൊപ്പം നടക്കുകയായിരുന്നോ?
ജീവിതയാത്രയില്‍ സ്വന്തമായെത്തുന്നു
പെണ്‍കുട്ടി, ദൈവം കനിഞ്ഞ്‌നല്‍കുന്നവള്‍
താലിയും മാലയും ചാര്‍ത്തിയവളെ ഞാന്‍
കൂട്ടിനായ് കൂട്ടിയധന്യമുഹുര്‍ത്തവും
പാലായിലെ കൊച്ച് ഗ്രാമത്തിലന്നൊരു
ഉത്സവം പോലെ നടന്ന കല്യാണവും
ഓര്‍മ്മകള്‍ വാര്‍ഷിക സുദിനത്തിലങ്ങനെ
തൂമണം തൂവിപറക്കുന്നു ചുറ്റിലും
ഒട്ടുമേ തമ്മിലറിയാത്തോര്‍ ഞങ്ങള്‍ക്ക്
ജീവിതം നല്‍കിയ കൗതുക ഭാവങ്ങള്‍
കവിയാണു വരനെന്നറിയുന്നനേരത്ത്
നവ വധു അക്കാര്യം ഒന്ന് ശങ്കിച്ചതും
നേരത്തെ ഒന്നു ഞാന്‍ കെട്ടിയതാണെന്ന്
ഒരു കളിവാക്ക് ഞാന്‍ അന്നുപറഞ്ഞതും
നീയെന്നെതെറ്റിദ്ധരിക്കല്ലേ ഓമനേ
ആ കെട്ട് കവിതയുമായി കഴിഞ്ഞതാ
"കവിതയോ' ആരാണവളെന്ന് വീണ്ടുമെന്‍
നവ വധു അമ്പരന്ന് ആകെ കുഴഞ്ഞതും
ഓരോ നിമിഷവും ഓര്‍ക്കാനൊരായിരം
മധുരം കിനിയുമനുഭവ പാഠങ്ങള്‍
അന്യോന്യമിപ്പോള്‍ വളരെ അടുത്തുപോയ്
കാലപ്പഴക്കം കൊണ്ടല്ലെന്ന് നിശ്ചയം
പങ്ക്‌വച്ചുള്ളിലെ സ്‌നേഹം പരസ്പരം
ദാമ്പത്യബന്ധം വളര്‍ന്നുസുദ്രുഢമായ്.

ജോസ് ചെരിപുറം

516 285 8066 josecheripuram@gmail.com
എന്റെ വിവാഹ വാര്‍ഷികം (ജോസ് ചെരിപുറം, ന്യൂയോര്‍ക്ക്)
Join WhatsApp News
വിദ്യാധരൻ 2016-01-17 08:32:59
ഏകുന്നു കവേ ആശംസ ആയിരം 
ഏകട്ടെ ജീവിതം സർവ്വ സൗഭാഗ്യവും 
ഇത്രനാൾ നിങ്ങൾ ഒറ്റ സ്ത്രീയോടൊത്തു 
മിത്രത്തേപ്പോൽ കഴിഞ്ഞതത്‌ഭുതം!
സരസമായി നിങ്ങൾ പറഞ്ഞിരിക്കുന്നു ചില 
രസകരമായ കല്യാണാനുഭവങ്ങൾ 
എന്നാൽ ഞങ്ങൾക്കറിയേണ്ട കാര്യങ്ങൾ 
ഒന്നുമേ ഇല്ലതിൽ എന്താ മറന്നതോ?
മറക്കുക ക്ഷമിക്കുക മുന്നോട്ടു പോകുക 
അറിവുള്ള ദമ്പതികൾ അങ്ങനെയാണല്ലോ? 
എന്തായാലും അതിൻ രഹസ്യമെന്തെന്നറിയാൻ  
ഹന്ത! തത്പര്യംഞങ്ങൾക്കുമുണ്ട് കവേ 
കേട്ടിട്ടുണ്ട് ഒട്ടേറെ കവികളെക്കുറിച്ച് 
കോട്ടം ഇല്ലാതെ കാര്യം പറയാരോത്തെന്നു 
കോട്ടങ്ങൾ ഇല്ലാത്തെ ദാമ്പത്യം ഉണ്ടോ ഭുവിൽ 
വീട്ടിലല്പം കലഹം ഇല്ലേൽ എന്നാ രസം?
അത്  കഴിഞ്ഞുള്ള സ്നേഹ വും പ്രേമവും
മധുവിതു കാലത്തെപ്പോൽ  തേൻ കിനിയുന്നവ
കല്യാണം കഴിഞ്ഞ നാൾ ഞാനും എൻ ഭാര്യയും 
തുല്യമായെടുത്തൊരു തീർപ്പ്‌ 
ഉണ്ടായാലൊരു പ്രശ്നം ഞങ്ങൾ തമ്മിൽ 
മണ്ടിടും ഞാൻ ഉടനെ പുറത്തേക്ക് 
അന്ന് തൊട്ടു ഇന്നേവരെ കവി 
ഖിന്നനായി മണ്ടുന്നു  പുറത്തു ഞാൻ 
ഏകുന്നു കവേ ആശംസ ആയിരം 
ഏകട്ടെ ജീവിതം സർവ്വ സൗഭാഗ്യവും 
A C George 2016-01-17 11:16:56
Happy Anniversary-Congratulations,Sweet memories
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക