Image

സല്‍മാന്‍ റുഷ്ദി ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി

Published on 20 January, 2012
സല്‍മാന്‍ റുഷ്ദി ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി
ന്യൂഡല്‍ഹി: മതവിലക്ക് നേരിടുന്ന പ്രമുഖ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനായി വരുമെന്നറിയിച്ച അദ്ദേഹം സുരക്ഷാപ്രശ്‌നം മുന്‍നിര്‍ത്തിയാണ് യാത്ര റദ്ദാക്കിയത്. സല്‍മാന്‍ റുഷ്ദിയെത്തുന്നത് വലിയ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്‍മാറാന്‍ റുഷ്ദി തീരുമാനിച്ചത്.

രാജ്യാന്തര പ്രശസ്തരായ എഴുത്തുകാരും കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരും പങ്കെടുക്കുന്ന ചടങ്ങുകളാണ് മേളയിലുള്ളത്. ഈ സാഹചര്യത്തില്‍ റുഷ്ദി പങ്കെടുക്കാനെത്തുന്നത് മതമൗലികവാദികളുടെ എതിര്‍പ്പിനും സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും കാരണമാകും എന്ന കേന്ദ്ര രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.

റുഷ്ദിയെ ഇന്ത്യയിലെത്തിയാല്‍ വധിക്കുമെന്നും ഭീഷണിയുണ്ടായിരുന്നു. ഇത് രാജസ്ഥാന്‍, മഹാരാഷ്ട്ര പോലീസ് മേധാവികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കുകയും ചെയ്തിരുന്നു. മാത്രമല്ല മേളയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് കഴിഞ്ഞദിവസം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജയ്പൂര്‍ സാഹിത്യോത്സവ സംഘാടകസമിതിയാണ് റുഷ്ദിയുടെ സന്ദര്‍ശനം റദ്ദാക്കിയതായി മാധ്യമങ്ങളെ അറിയിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക