Image

മുല്ലപെരിയാര്‍: പി.ജെ ജോസഫ് ഉറങ്ങാറുണ്ടോ?

അനില്‍ പെണ്ണുക്കര Published on 06 December, 2015
മുല്ലപെരിയാര്‍: പി.ജെ ജോസഫ് ഉറങ്ങാറുണ്ടോ?
മുല്ലപ്പെരിയാരില്‍ ജലനിരപ്പ് 141.6 അടിയായി ഉയരുന്നു. കേരളവും ആശങ്കയില്‍. വൃഷ്ടിപ്രദേശത്ത് കനത്ത മഴതുടരുന്നു. 

തമിഴ്‌നാട്ടില്‍ കനത്ത മഴ ലഭിച്ചതോടെ മുല്ലപ്പെരിയാറില്‍നിന്ന് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് ഗണ്യമായി കുറച്ചിരുന്നു. ഇത് അണക്കെട്ടിലെ ജലനിരപ്പ് ഉയരാന്‍ കാരണമായി. തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടും നിറഞ്ഞിരിക്കുകയാണ്.മുല്ലപ്പെരിയാറിന്റെ അവസ്ഥയോര്‍ക്കുമ്പോള്‍ ഉറങ്ങുവാന്‍ കഴിയുന്നില്ലെന്ന് കഴിഞ്ഞവര്‍ഷം മന്ത്രി പി.ജെ ജോസഫ് പറഞ്ഞിരുന്നു. 

അന്ന് ജലനിരപ്പ് 141 അടിയോളം ഉയര്‍ന്നിട്ടുണ്ടായിരുന്നില്ല. ഈ വര്‍ഷമാവട്ടെ ജലനിരപ്പ് 141 അടിയിലേറെ ഉയര്‍ന്നിട്ടും ജോസഫിനും മറ്റു മന്ത്രിമാര്‍ക്കും സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്നത് എന്തുകൊണ്ടാണാവോ? ഒരു ജനതയുടെ ജീവനും സ്വത്തിനും സുരക്ഷയില്ലാത്ത അവസ്ഥ സംജാതമാവുക എന്നത് പരിഷ്‌കൃതമായ സര്‍ക്കാരിന് ഭൂഷണമല്ല. 

വെള്ളം 141.2 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതിയുടെ ഏകപക്ഷീയ നടപടി ചോദ്യംചെയ്തുകൊണ്ട് കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിന്നു. ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താമെന്ന സുപ്രീം കോടതി വിധിയെതുടര്‍ന്ന് മുല്ലപ്പെരിയാറിലെ 13 ഷട്ടറുകളും തമിഴ്‌നാട് താഴ്ത്തുകയായിരുന്നു. തന്നെയുമല്ല, മുല്ലപ്പെരിയാറില്‍നിന്നും തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും അവര്‍ കുറച്ചു. 

ഇത് ആസൂത്രിതവുമായിരുന്നു.
ഇതുമൂലമാണ് ഇപ്പോഴത്തെ ജലപ്രതിസന്ധി ഉടലെടുത്തത്. കേരളത്തിന്റെ ആവശ്യങ്ങളും അപേക്ഷകളും മേല്‍നോട്ട സമിതി നിരന്തരമായി അവഗണിക്കുകയാണ്. തമിഴ്‌നാട്ടുകാരായ മേല്‍നോട്ട സമിതി അധ്യക്ഷനില്‍നിന്നും ഇതില്‍ കുടുതല്‍ പ്രതീക്ഷിക്കാനും വയ്യ. അതേപോലെ കോടതിവിധികള്‍ തമിഴ്‌നാടിന് അനുകൂലമായി വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

1895ലാണ് സുര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച് ഈ ഡാം പണിതത്. അത്യാധുനിക രീതിയില്‍ നിര്‍മിക്കപ്പെടുന്ന ഡാമുകള്‍ക്കുപോലും വിദഗ്ധര്‍ 50 വര്‍ഷത്തെ ആയുസ് മാത്രമേ ഉറപ്പുനല്‍കുന്നുള്ളൂ. ലോകത്ത് ഒരിടത്തും 100 വര്‍ഷം പ്രായമായ ഡാമുകള്‍ ഇപ്പോഴില്ല. മുല്ലപ്പെരിയാറിനേക്കാളും പ്രായംകുറഞ്ഞ ഓസ്‌ട്രേലിയയിലെ പ്രസിദ്ധമായ വിക്ടോറിയ ഡാമുപോലും ജനങ്ങളുടെ സുരക്ഷയെ ഓര്‍ത്ത് അവിടത്തെ സര്‍ക്കാര്‍ പൊളിച്ചുമാറ്റി. എന്നിട്ടാണ് 100 വര്‍ഷത്തിലധികം പ്രായമുള്ള മുല്ലപ്പെരിയാര്‍ ഡാം കല്‍പാന്തകാലത്തോളം നിലനില്‍ക്കണമെന്ന് തമിഴ്‌നാട് വാശിപിടിക്കുന്നത്.

നമ്മുടെ സ്ഥലത്തെ ജലം കനിവോടെ തമിഴ്‌നാടിന് നല്‍കിയത് ഇപ്പോള്‍ നമുക്കുതന്നെ ശാപമായിരിക്കുന്നു.
1970ല്‍ തന്നെ അണക്കെട്ട് ദുര്‍ബലമാണെന്ന് വിദഗ്ധര്‍ വിധിയെഴുതി യതാണ്. എന്നാല്‍ 1979 മുതല്‍ ഇതുസംബന്ധിച്ചുണ്ടായ കോടതിവിധികളൊക്കെയും തമിഴ്‌നാടിന് അനുകൂലമായാണ് വന്നത്. നമ്മുടെ ഉദ്യോഗസ്ഥരുടെ ഉദാസീനതയും വക്കീലന്മാരുടെ കാര്യക്ഷമതയില്ലായ്മയും മാറിമാറി വന്ന സര്‍ക്കാരുകളുടെ നിസംഗതയുമൊക്കെക്കൂടി മുല്ലപ്പെരിയാറിനെ ഇന്നത്തെ പരുവത്തി ലാക്കി. മുല്ലപ്പെരിയാര്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ഉദ്യോഗസ്ഥരാഷ്ട്രീയ നേതാക്കക്കള്‍ക്ക് തമിഴ്‌നാട് വര്‍ഷാവര്‍ഷം തരക്കേടില്ലാത്ത കൈമടക്ക് കൊടുത്തുവരുന്നുവെന്ന വാര്‍ത്തപോലും വന്നിരുന്നു.

ഇപ്പോഴത്തെ ഗുരുതരമായ പ്രതിസന്ധി ഉടലെടുത്തത് വൃഷ്ടിപ്രദേശത്തെയും പദ്ധതിപ്രദേശത്തെയും മഴകാരണം മാത്രമല്ല. തമിഴ്‌നാടിന്റെ പ്രവര്‍ത്തനംകൂടി ഇതിന് പിന്നിലുണ്ട്. തമിഴ്‌നാട് മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വളരെ കുറച്ചത് ബോധപൂര്‍വം തന്നെയായിരുന്നു. 1000 ക്യൂസക്‌സ് വെള്ളം തമിഴ്‌നാട് കൊണ്ടുപോയിരുന്നുവെങ്കില്‍ ഇപ്പോഴത്തെ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. 

 അവര്‍ അങ്ങനെ കൊണ്ടുപോകാത്തത് ജലനിരപ്പ് 142 അടി വരെയാക്കി ഉയര്‍ത്താമെന്ന കോടതിവിധിയുടെ പിന്‍ബലത്താലാണ്. മാത്രവുമല്ല. 2006ല്‍ വന്ന സുപ്രീം കോടതി വിധിയും പ്രാവര്‍ത്തികമാക്കാന്‍ ഇതുവഴി അവര്‍ ഉദ്ദേശിക്കുന്നു. 152 അടിവരെ ജലനിരപ്പ് ഉയര്‍ത്താമെന്നായിരുന്നു തമിഴ്‌നാടിന് അനുകൂലമായി അന്നുണ്ടായ കോടതിവിധി.

മുല്ലപ്പെരിയാറിന്റെ ഇപ്പോഴത്തെ അവസ്ഥയെ സംബന്ധിച്ച് മന്ത്രി പി.ജെ ഒര്‌ക്കേണ്ട ഒരു കാര്യമുണ്ട് ദുരന്തമുണ്ടായാല്‍ ഇടുക്കി മാത്രമല്ല മുങ്ങുക. 75,000 പേര്‍ക്കെങ്കിലും ജീവഹാനി സംഭവിച്ചേക്കാം. എറണാകുളം,കോട്ടയം ,ആലപ്പുഴാ ജില്ലകളൊക്കെ വെള്ളത്തിനടിയിലാകും. 
മുല്ലപെരിയാര്‍: പി.ജെ ജോസഫ് ഉറങ്ങാറുണ്ടോ?
Join WhatsApp News
മല്ലൻ 2015-12-06 13:20:45
മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ കൂടുതലായി ചാകുന്നത് എത് മത വിഭാഗമായിരിക്കും എന്നു നോക്കി വേണം പ്രതികരിക്കാന്‍. അല്ലെങ്കില്‍ പിന്നെ അതു പ്രീണനമാകും. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക