Image

എന്റെ കൊച്ചുകേരളം എങ്ങോട്ട്‌..... ഒരു തിരിഞ്ഞുനോട്ടം (ലത കറുകപ്പള്ളില്‍)

Published on 16 November, 2015
എന്റെ കൊച്ചുകേരളം എങ്ങോട്ട്‌..... ഒരു തിരിഞ്ഞുനോട്ടം (ലത കറുകപ്പള്ളില്‍)
കേരളപ്പിറവി ആഘോഷിക്കുന്ന നവംബറില്‍ ഒരു എത്തി നോട്ടം
 
`കേരളം, കേരളം, കേളികൊട്ടുയരും കേരളം കേളീകദംബം പൂക്കും കേരളം കേരകേളിസദനമാം എന്‍ കേരളം..' കേരളം എന്ന പേര്‌ അന്വര്‍ത്ഥമാക്കുംവിധം ഒരു കാലത്ത്‌ കേര വൃക്ഷങ്ങള്‍ കൊണ്ട്‌ നിറഞ്ഞിരുന്ന എന്റെ കേരളത്തില്‍ ഇന്നു തെങ്ങുകള്‍ നാമമാത്രം. നോക്കെത്താ ദൂരത്തോളം പരന്നു കിടന്നിരുന്ന നെല്‍വയലുകളും ഫലവൃക്ഷാദികളും കായ്‌കനികളും നിറഞ്ഞ പറമ്പുകളും വളര്‍ത്തുമൃഗങ്ങളും പക്ഷികളും മേഞ്ഞുനടന്നിരുന്ന പുല്‍മേടുകളും അപ്രത്യക്ഷമായിക്കഴിഞ്ഞു. 

കളകളാരവം പൊഴിച്ച്‌ കരകവിഞ്ഞൊഴുകിയിരുന്ന നദികള്‍ ചപ്പും കണ്ടല്‍ക്കാടുകളും പായലുംകൊണ്ടു നിറഞ്ഞിരിക്കുന്നു. മണല്‍ മാഫിയയും ഭൂമാഫിയയും കായലും കരയും ഒരുപോലെ വിഴുങ്ങിയപ്പോള്‍ ശിവരാത്രി മഹോത്സവം കൊണ്ടാടിയിരുന്ന എന്റെ നാട്ടിലെ ആലുവാപ്പുഴ പോലുള്ള നദികള്‍ തിരയും തീരവുമില്ലാതെ വറ്റി വരണ്ടു. തെളിനീരിന്‌ പകരം ഇന്ന്‌ ഫാക്‌ടറി മാലിന്യങ്ങളും നഗരത്തിലെ അവശിഷ്‌ടങ്ങളും കലര്‍ന്ന മലിന്യവും   ഒഴുകുന്നു.

ഓണക്കാലത്ത്‌ എന്റെയൊക്കെ ചെറുപ്പത്തില്‍ സ്‌കൂള്‍ വിട്ടു വന്നാല്‍ കൂട്ടുകൂടി തൊടിതോറും നടന്ന്‌ ചെത്തി, മന്ദാരം, തുളസി, പിച്ചകം തുടങ്ങി പലതരം പൂക്കള്‍ ശേഖരിച്ച്‌ രാവിലെ പൂക്കളമൊരുക്കിയിരുന്ന കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരു നഷ്‌ടവസന്തമായി മനസ്സിനെ മഥിക്കുന്നു. 

തൂശനിലയില്‍ വിളമ്പിയിരുന്ന ഓണസദ്യയും മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ കൊമ്പില്‍ കെട്ടിയ ഊഞ്ഞാലും ഓണക്കോടിയുമുടുത്ത്‌ അതിലിരുന്നാടിയിരുന്ന കുട്ടികളും ഇന്നെവിടെ? കൂട്ടുകുടുംബത്തില്‍നിന്ന്‌ അന്നു കുടുംബങ്ങളിലേക്കും അവിടെനിന്ന്‌ ഉദ്യോഗാര്‍ത്ഥം നഗരത്തിലെ ഫ്‌ളാറ്റുകളിലേക്കും മലയാളികള്‍ ചേക്കേറി. 

ജോലിത്തിരക്കുമൂലം ഓണസദ്യ കുടുംബസമേതം ഹോട്ടലുകളിലേക്കോ അല്ലെങ്കില്‍ പാഴ്‌സലായി
ഫ്‌ളാറ്റിലെ തീന്‍മേശയിലേക്കോ പറിച്ച്‌ നടപ്പെട്ടിരിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍  നിലച്ചുപോയ മാമാങ്കം മുതല്‍ കളരിപ്പയറ്റ്‌, വാള്‍പ്പയറ്റ്‌ തുടങ്ങിയ ആയോധനകലകളും, തെയ്യും, കഥകളി ഓട്ടന്‍തുള്ളല്‍ തുടങ്ങിയ ക്ഷേത്രകലകളും , ഭരതനാട്യം, മോഹിനിയാട്ടം പോലുള്ള നൃത്തരൂപങ്ങളും കേരളത്തില്‍ മാത്രം തനതായ കലകളായിരുന്നു.

അവയെല്ലാം അന്യംനിന്ന്‌ തുടങ്ങിയിരിക്കുന്നു. നാട്ടിലേക്കാള്‍ മറുനാട്ടിലേക്ക്‌ ഇവ ചേക്കേറിയിരിക്കുന്നു. ഇവിടെ മലയാളികള്‍ എല്ലാ അര്‍ത്ഥത്തിലും ഓണം കേരളത്തനിമയോടെ ആഘോഷിക്കുന്നു. സ്‌കൂളുകളില്‍ ആഴ്‌ചയിലൊരിക്കല്‍ നമ്മുടെ കുട്ടികള്‍ മലയാളം പഠിക്കുന്നു. 

കഴിഞ്ഞവര്‍ഷം മലയാളഭാഷയ്‌ക്ക്‌ ശ്രേഷ്‌ഠഭാഷാപദവി ലഭിച്ചതില്‍ നമുക്ക്‌ ഏറെ അഭിമാനിക്കാം.

ദൈവത്തിന്റെ സ്വന്തം നാട്‌ എന്ന്‌ മാലോകര്‍ വാഴ്‌ത്തിപ്പാടിയിരുന്ന കേരളത്തിലെ ജനങ്ങളുടെ സദാചാര ബോധത്തിന്‌ മങ്ങലേറ്റിരിക്കുന്നു. എന്റെ നാടിന്റെ വിശുദ്ധിയും സദാചാര ബോധവും നഷ്‌ടപ്പെട്ടിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ സൂര്യനെല്ലിയില്‍ നിന്നും ആരംഭിച്ച പീഢന പരമ്പര ഒരു കൊടുങ്കാറ്റായി നാട്ടിലുടനീളം ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നു.

സാമൂഹ്യവിരുദ്ധരും കാപാലികന്മാരും അനുദിനം കശക്കിയെറിയുന്ന പെണ്‍കിടാങ്ങളുടെ ആത്മരോദനംകൊണ്ട്‌ നാടിന്റെ മുഖം വികൃതമായിരിക്കുന്നു. പിറന്നു വീണ പെണ്‍കുഞ്ഞ്‌ മുതല്‍ വയോവൃദ്ധകള്‍വരെ പീഢനത്തിന്‌ ഇരയാകുന്നു. ഈ അടുത്ത കാലത്താണ്‌ 84 വയസ്സായ ഒരമ്മയെ പീഢിപ്പിച്ച്‌ മരണത്തിലേക്കെത്തിച്ചത്‌. ഈ അമ്മയുടെ സ്‌മരണകള്‍ക്ക്‌ മുന്നില്‍ എന്റെ ബാഷ്‌പാജ്ഞലികള്‍ അര്‍പ്പിക്കട്ടെ. 

സ്വന്തം പിതാവിന്റെയും സഹോദരന്റെയും പീഢനത്തിന്‌ ഇരയാകുന്ന പെണ്‍കുട്ടികളുടെ എണ്ണം ദിനംപ്രതി കൂടിവരുന്നു. അമ്മ പെങ്ങന്മാരെയും മക്കളെയുംതിരിച്ചറിയുവാനാകാത്തവിധം കേരളജനത അധ:പതിച്ചുവോ? നമ്മള്‍ എങ്ങോട്ട്‌ പോകുന്നു? എവിടെ ഇതിനൊരന്ത്യം? കാമുകനു വേണ്ടി ഭര്‍ത്താവിനെയും നൊന്തു പ്രസവിച്ച കുഞ്ഞിനെയും
വകവരുത്തുന്ന ഭാര്യമാരും കാമുകിക്കുവേണ്ടി താലികെട്ടിയ ഭാര്യയെയും സ്വന്തം ചോരയില്‍ പിറഞ്ഞ കുഞ്ഞിനെയും ഉപേക്ഷിക്കുന്ന ഭര്‍ത്താക്കന്മാരും സ്വന്തം സുഖസൗകര്യങ്ങള്‍ക്കും പണത്തിനുംവേണ്ടി പിഞ്ചുബാലികമാരെ വില്‌ക്കുന്ന മാതാപിതാക്കളും മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്നു. സാക്ഷരകേരളത്തില്‍ വിദ്യാഭ്യാസത്തിന്റെ കൂടുതലാണോ ഈ വഴിവിട്ട ബന്ധങ്ങള്‍ക്ക്‌ അടിത്തറയിടുന്നത്‌?.

എവിടെപ്പോയി നമ്മുടെ പൂര്‍വ്വികരുടെ സംസ്‌കാര സമ്പന്നത? ഭര്‍ത്താവിനെ കാണപ്പെട്ട ദൈവമായി കരുതിയിരുന്ന ഭാര്യമാരുടെ യുഗം കഴിഞ്ഞ്‌ ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക്‌ വീട്ടില്‍ തുല്യപ്രാധാന്യമുള്ള യുവതലമുറയുടെ കാലഘട്ടത്തിലാണ്‌ നാമിപ്പോള്‍ ജീവിക്കുന്നത്‌. നമ്മുടെ നാട്ടിലെ പച്ചപ്പിനെ സൂചിപ്പിക്കും വിധം ഹരിതകേരളം എന്നറിയപ്പെട്ടിരുന്ന മലയാളക്കര കുറച്ച്‌ നാളുകളായി സോളാര്‍ കേസിലെ കൂട്ടുപ്രതിയായ സരിതയുടെ പേരിലാണ്‌ പ്രസിദ്ധം. സോളാര്‍ കേസിനെ ചുറ്റിപ്പറ്റിയുടെ അഴിമതി ആരോപണങ്ങളുടെ പേരില്‍ ഭരണപക്ഷവും പ്രതിപക്ഷവും കൊമ്പുകോര്‍ത്തപ്പോള്‍ കേരളം ഇന്നുവരെ കാണാത്ത സമര മുഖങ്ങള്‍ക്ക്‌ തലസ്ഥാനനഗരി സാക്ഷിയായി. കന്യാകുമാരി മുതല്‍ കാസര്‍കോട്‌ വരെ നിന്നെത്തിയ അണികള്‍ സെക്രട്ടറിയേറ്റിന്‌ മുന്നില്‍ നിന്നും ഇരുന്നും കിടന്നും റോഡ്‌ ഉപരോധിച്ചപ്പോള്‍ പൊതുജനം നോക്കുകുത്തികളായി.

എന്തായാലും അനിശ്ചിതകാലത്തേക്ക്‌ പ്രഖ്യാപിച്ചിരുന്ന സമരം രണ്ടു ദിവസം കൊണ്ടു അവസാനിച്ചത്‌ തിരുവനന്തപുരം നഗരസഭയ്‌ക്ക്‌ ഉപകാരമായി. അല്ലെങ്കില്‍ വെയിസ്റ്റ്‌ വാരി ജീവനക്കാര്‍ വലഞ്ഞേനെ. ഒടുവില്‍ സരിത ജയില്‍ മോചിതയായപ്പോള്‍ അവരുടെ വായ്‌മൊഴികള്‍ രേഖപ്പെടുത്തുന്നതിനായി മാധ്യമപ്പട അവര്‍ പോകുന്നിടത്തെല്ലാം അവര്‍ക്ക്‌ ചുറ്റും പ്രദക്ഷിണം വയ്‌ക്കുന്നു. കേരള രാഷ്‌ട്രീയത്തില്‍ പലര്‍ക്കും ഉറക്കം നഷ്‌ടപ്പെടുത്തികൊണ്ട്‌ സരിത വിപ്ലവം നാട്ടിലുടനീളം കൊടുമ്പിരികൊള്ളുന്നു. 

`നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്‌.' അതില്‍ നാരായണക്കിളി കൂടുപോലുള്ളോരു നാലുകാലോലപ്പുരയുണ്ട്‌.'
കുറച്ച്‌ ദിവസം അമേരിക്കയിലെ കൊടുംതണുപ്പില്‍ നിന്നും രക്ഷപെടുവാനും ജോലിസ്ഥലത്തെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ്‌ അവധിക്കാലം സ്വസ്ഥമായി സൈ്വര്യമായി ചിലവഴിക്കാമെന്നുമോര്‍ത്ത്‌ എന്റെ നാഴിമണ്ണിലെത്തിയാല്‍ ബന്ത്‌, ഹര്‍ത്താല്‍, പവര്‍ക്കട്ട്‌ തുടങ്ങി ജനജീവിതം ദുസ്സഹമാക്കുന്ന സമരപരിപാടികളാണ്‌ നമ്മെ എതിരേല്‍ക്കുന്നത്‌.

 നിസ്സാര കാര്യങ്ങളുടെ പേരില്‍ ആഴ്‌ചയിലൊരിക്കലെങ്കിലും ഹര്‍ത്താലും ബന്തും നടത്തിയില്ലെങ്കില്‍ ഇടതിനും വലതിനും ഉറക്കമില്ല. അതുകൊണ്ട്‌ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന കഷ്‌ടപ്പാടുകള്‍ ആര്‍ക്കും പ്രശ്‌നമല്ല. കൈവെട്ട്‌, കാല്‍വെട്ട്‌, കല്ലേറ്‌ തുടങ്ങിയ അക്രമപ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്ന ഗുണ്ടാസംഘങ്ങളും നാട്ടില്‍ വിലസുന്നു. അവരെ പേടിച്ച്‌ നാട്ടില്‍ സാധാരണക്കാര്‍ക്ക്‌ ജീവിക്കാനാവില്ല.

എന്തെങ്കിലും അത്യാവശ്യത്തിനായി കൊച്ചിയില്‍ നിന്നും കോട്ടയം വരെ എത്തണമെങ്കില്‍ ഗതാഗതക്കുരുക്കില്‍പെട്ട്‌ ദിവസത്തിന്റെ പകുതിയും പോയിക്കിട്ടും. മെട്രോ വന്നാലെങ്കിലും ഇതിനൊരു പരിഹാരമുണ്ടാകുമോ എന്ന്‌ കണ്ടറിയണം. മഴക്കാലമായാല്‍ റോഡ്‌ കുന്നും കുഴിയും നിറഞ്ഞ്‌ തോടായി മാറും. അത്ര ഉറപ്പിലാണ്‌ റോഡ്‌ പണി. ബസ്സുകളുടെ മത്സര ഓട്ടവും റോഡപകടങ്ങളും ഒരു നിത്യസംഭവമായി മാറിയിരിക്കുന്നു. ഇങ്ങനൊക്കെയാണ്‌ എന്റെ കൊച്ച്‌ കേരളത്തില്‍ ചെന്നാലുള്ള സ്ഥിതി 

എന്നിരിക്കിലും, `ഒരുവട്ടം കൂടിയെന്നോര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം തിരുമുറ്റത്തൊരുകോണില്‍ നില്‍ക്കുന്നൊരാനെല്ലി മരം ഒന്നുലുത്തുവാന്‍ മോഹം.., മരമൊന്നുലുത്തുവാന്‍ മോഹം
 അടരുന്ന കായ്‌മണികള്‍ പൊഴിയുമ്പോള്‍ ചെന്നെടുത്ത്‌ അതിലൊന്നു തിന്നുവാന്‍ മോഹം
സുഖമെഴും കയ്‌പ്പും പുളിപ്പും മധുരവും നുകരുവാന്‍ എപ്പോഴും മോഹം 
തൊടിയിലെ കിണര്‍വെള്ളം കോരിക്കുടിച്ചെന്തു മധുരം എന്നോതുവാന്‍ മോഹം 
ഒരു വട്ടം കൂടിയാപ്പുഴയുടെ തീരത്ത്‌ വെറുതെ ഇരിക്കുവാന്‍ മോഹം 
വെറുതെ ഇരുന്നൊരു കുയിലിന്റെ പാട്ടുകേട്ട്‌ എതിര്‍ പാട്ടുപാടുവാന്‍ മോഹം 
എതിര്‍പാട്ടു പാടുവാന്‍ മോഹം 
അതുകേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്റെ ശ്രുതി പിന്‍തുടരുവാന്‍ മോഹം 
ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട്‌ അരുതെ എന്നോതുവാന്‍ മോഹം 
വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം 
വെറുതെ മോഹിക്കുവാന്‍ മോഹം 
ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഈ പാട്ടിലെ വരികള്‍പോലെ ഒരു വട്ടം കൂടി നാട്ടില്‍ പോയി കുറച്ചധികം നാള്‍ ചിലവഴിച്ച്‌ എന്റെ ഈ മോഹങ്ങള്‍ സഫലീകരിക്കുവാന്‍ കഴിഞ്ഞെങ്കില്‍...
എന്റെ കൊച്ചുകേരളം എങ്ങോട്ട്‌..... ഒരു തിരിഞ്ഞുനോട്ടം (ലത കറുകപ്പള്ളില്‍)
Join WhatsApp News
Mohan Parakovil 2015-11-16 10:42:37
സമ്പന്നരായ അമേരിക്കൻ മലയാളികൾ ഇങ്ങനെ വിലപിക്കുന്നത് കൊണ്ട് എന്ത് പ്രയോജനം. എല്ലാ
മലയാളികളും ഒത്തൊരുമിച്ച് എന്തെങ്കിലും ഒരു
നല്ല കാര്യം കേരളത്തിൽ ചെയ്യുക . എഴുത്തുകൾ
കൊണ്ട് ഒരു കാര്യവും ഉണ്ടെന്ന് തോന്നുന്നില്ല അല്ലെങ്കിൽ തന്നെ
 അമേരിക്കൻ മലയാളികൾ
മുഴുവൻ എഴുത്തുകാരാണ് .
വിദ്യാധരൻ 2015-11-16 12:28:32
ഇന്നത്തെ കേരളത്തിന്റെ നിഷ്കപടമായ ഒരു ചിത്രം നിങ്ങളുടെ ലേഖനത്തിലൂടെ വരച്ചു കാട്ടിയതിന് നന്ദി.  ഇത് കേരളത്തിന്റെ മാത്രം അവസ്ഥയല്ല ലോകത്തിന്റെ അവസ്ഥയാണ്. പക്ഷേ ലോകം മുഴുവൻ നമ്മൾക്ക് അടിച്ചു വൃത്തിയാക്കാൻ പറ്റില്ലല്ലോ? അതുകൊണ്ട് ഗാന്ധിജി പറഞ്ഞതുപോലെ സ്വന്തം മുറ്റത്തു തുടങ്ങാം.  ഒരിക്കൽ  വൃത്തിയായി കിടന്നിരുന്ന എന്റെ വീടിന്റെ തിരുമുറ്റം ഇന്ന് ചപ്പു ചവറുകളാൽ മലിമസമാണ്. തിരുക്ക്പിടിച്ച എന്റെ ജീവിതത്തിൽ എന്റ മുറ്റം അടിച്ചു വൃത്തിയാക്കാനോ ചപ്പു ചവറുകളെ വേണ്ട വിധത്തിൽ നീക്കം ചെയ്യാനോ എനിക്ക് സമയം ഇല്ല. കാരണം ഞാൻ വളരെ തിരക്കിലാണ്. ഞാൻ ഒരു സാഹിത്യകാരനാണ് . ഇത്തവണത്തെ ദേശീയ സമ്മേളനത്തിന്റെ തലതൊട്ടപ്പൻ ഞാനാണ്. അതുകൊണ്ട് രാവിലെ തന്നെ ചപ്പു ചവറുകൾ ഒരു പ്ലാസ്റ്റിക്ക് കൂടിലാക്കി കൂടെകൊണ്ടുപോകും. വിജനവും ആൾതാമസവും ഇല്ലാത്ത സ്ഥലത്ത് വരുമ്പോൾ ഞാൻ എടുത്ത് എറിയും (അതിന്റെ നാറ്റം എനിക്ക് തന്നെ സഹിക്കാൻ വയ്യ) . ഇന്നത്തെ എന്റെ പ്രഭാഷണ വിഷയം 'നാറ്റരഹിതമായ കേരളമാണ്'. പ്രഭാഷണ വിഷയത്തോട് കൂറ് കാണിക്കണം എന്ന് എനിക്ക് വലിയ ആശയുണ്ട് പക്ഷേ ഈ തിരക്കിനിടയിൽ 'കൂരുല്ലവനായിരിക്കാൻ കഴിയില്ലല്ലോ?" ഞാൻ പറയുന്നതിന്റെ പൊരുൾ അമേരിക്കയിലെ തിരക്കുള്ള സാഹിത്യകാരന്മാർക്കു മനസ്സിലാകും. നിങ്ങളെപ്പോലെയുള്ള ന്യുന;പക്ഷത്തിന് അത് മനസിലാകില്ല . എങ്കിലും ഞാൻ എന്റെ പ്രഭാഷണം ആരംഭിക്കാൻ പോകുന്നത് വൃത്തിയുള്ള കേരളം എന്ന ഒരു കവിത ആലപിച്ചു കൊണ്ടാണ്

വൃത്തിയുള്ള കേരളം അതാണെന്റെ 
ശുദ്ധിയുള്ള ഹൃദയത്തിൻ മോഹം 
നാറ്റമുള്ള ചവറുകൾ 
പ്ലാസ്റ്റിക്ക് കൂട്ടിലാക്കി ചാണ്ടുംമ്പോഴും 
ദാരുണമായി വിലപിക്കുന്നെൻ ഹൃത്തടം 
കേരളത്തെയോർത്തെപ്പഴും 
ഓർക്കുന്നു ഞാനെനെൻ സോദരിമാരെ
വാർദ്ധക്ക്യത്താൽ വളഞ്ഞ വൃദ്ധകളെ 
പിഞ്ചുകുഞ്ഞുങ്ങളെ നിങ്ങളെ ഓർത്ത്‌ 
നെഞ്ചു പൊട്ടുന്നു പിച്ചിചീന്തുവത് കാണുമ്പോൾ 
ഞാൻ ഒരു സാഹിത്യകാരനാണ് 
മാന്യനാണ് എനിക്കെന്റെ പേര് കാക്കണം 
ആളല്ല ഞാൻ ഇത്തരം 
ആളികത്തും നാറ്റകേസിന്റെ പിന്നാലെ 
പോയി പേര് ചീത്തയാക്കാൻ ക്ഷമിച്ചാലും 

നാരദർ 2015-11-17 08:33:02
നിങ്ങൾ  സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സാഹിത്യകാരനല്ല വിദ്യാധരാ. നിങ്ങളുടെ വാക്കും പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധവും ഇല്ല 
വിദ്യാധരൻ 2015-11-17 11:05:58
അമേരിക്കയിലുള്ള സാഹിത്യകാരന്മാരുടെ സ്വാഭാവം എന്നേയും ബാധിക്കുന്നുണ്ടോ എന്ന് എനിക്കും സംശയം തുടങ്ങിയുട്ടുണ്ട് നാരദരെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക