Image

തമിഴ് വംശജരെ കാണാന്‍ കൃഷ്ണ ജാഫ്‌നയിലേക്ക്‌

Published on 18 January, 2012
തമിഴ് വംശജരെ കാണാന്‍ കൃഷ്ണ ജാഫ്‌നയിലേക്ക്‌
കൊളംബോ: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ തമിഴ് വംശജരെ കാണാന്‍ ജാഫ്‌നയിലേക്ക് യാത്രതിരിച്ചു.

ഹെലികോപ്ടറില്‍ അദ്ദേഹം ആദ്യമെത്തുന്നത് കിളിനോച്ചിയിലാണ്. അവിടത്തെ ജനറല്‍ ആസ്പത്രിക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ അദ്ദേഹം വിതരണം ചെയ്യും. ഇന്ത്യയുടെ സഹായത്തോടെ പുനസ്ഥാപിച്ച സ്‌കൂളുകള്‍ക്കുള്ള ധനസഹായവും അദ്ദേഹം കൈമാറും. അതിനുശേഷം ജാഫ്‌നയിലെത്തുന്ന അദ്ദേഹം ദുരിതമനുഭവിക്കുന്ന തമിഴ് വംശജരെ നേരിട്ടുകണ്ട് സംസാരിക്കും. തുടര്‍ന്ന് വിവിധ ധനസഹായ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.

ഭരണഘടനയുടെ 13-ാം ഭേദഗതി അനുശാസിക്കുന്നപ്രകാരം ശ്രീലങ്കയിലെ തമിഴ്ഭൂരിപക്ഷ പ്രവിശ്യകള്‍ക്ക് കൂടുതല്‍ വിപുലമായ അധികാരങ്ങള്‍ നല്‍കുമെന്ന് പ്രസിഡന്‍റ് മഹിന്ദ രാജപക്‌സെ ഇന്ത്യയ്ക്ക് കഴിഞ്ഞദിവസം ഉറപ്പു നല്‍കിയിട്ടുണ്ട്. എസ്.എം. കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയിലാണ് രാജപക്‌സെയുടെ വാഗ്ദാനം. പ്രവിശ്യാ കൗണ്‍സിലുകള്‍ക്ക്, പ്രത്യേകിച്ച് ശ്രീലങ്കയിലെ തമിഴ് ന്യൂനപക്ഷം കഴിയുന്ന വടക്കും കിഴക്കും മേഖലകളിലെ കൗണ്‍സിലുകള്‍ക്ക് അധികാരം വികേന്ദ്രീകരിച്ചുനല്‍കുന്നതു സംബന്ധിച്ചുള്ളതാണ് 1987-ലെ ഇന്ത്യ-ലങ്ക ഉടമ്പടിപ്രകാരം വരുത്തിയ 13-ാം ഭേദഗതി.

ശ്രീലങ്കന്‍ തമിഴരുടെ രാഷ്ട്രീയമുന്നണിയായ തമിഴ് ദേശീയ സഖ്യ (ടി.എന്‍.എ.) വുമായി നടത്തുന്ന സംഭാഷണ പ്രക്രിയയോട് സര്‍ക്കാര്‍ കാര്യക്ഷമവും ഫലപ്രദവുമായ സമീപനം കാട്ടുമെന്ന് കൃഷ്ണ പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ വിഷയവും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതുസംബന്ധിച്ച കാര്യങ്ങളും യുദ്ധത്തില്‍ ചിതറപ്പെട്ടുപോയ തമിഴരുടെ പുനരധിവാസം സംബന്ധിച്ച കാര്യങ്ങളും ചൊവ്വാഴ്ച രാവിലെ നടന്ന ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ വിഷയമായി. ഉഭയകക്ഷി വ്യാപാരത്തിന്റെ തോത് 500 കോടി ഡോളറാക്കി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതടക്കം അഞ്ചു കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.

മൂന്ന് പതിറ്റാണ്ട് നീണ്ട ആഭ്യന്തരയുദ്ധം അവസാനിച്ചപ്പോള്‍ വീട് നഷ്ടപ്പെട്ട് ചിതറിപ്പോയ തമിഴര്‍ക്ക് 49,000 വീട് പണിതുനല്‍കാനുള്ള 26 കോടി ഡോളറിന്റെ ധാരണാപത്രത്തില്‍ കൃഷ്ണയും ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ജി.എല്‍. പെയ്‌റിസും ഒപ്പുവെച്ചിരുന്നു. ഇതിന്റെ പരീക്ഷണഘട്ടമെന്ന നിലയില്‍ നിര്‍മിച്ച 100 വീടുകളുടെ താക്കോല്‍ ദാനം കിളിനൊച്ചിയില്‍ കൃഷ്ണ നിര്‍വഹിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക