Image

മരണത്തിനപ്പുറം (ചെറുകഥ: തമ്പി ആന്റണി)

Published on 09 October, 2015
മരണത്തിനപ്പുറം (ചെറുകഥ: തമ്പി ആന്റണി)
സുരേഷ് പണിക്കരുടെ മരണം വിധിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞത് ദൈവം ഒന്നുമല്ല. ഡോക്ടര്‍ ചതുര്‍വേദിയാണ് അതും ഭാര്യ അനിതാ പണിക്കരോടു തന്നെയാ പറഞ്ഞത്.

അനിത അത് പ്രതീഷിച്ചതാണെങ്കിലും ഇത്ര പെട്ടോന്നോന്നും സംഭവിക്കുമെന്ന് കരുതിയില്ല. മരണം അങ്ങനെയാണല്ലോ നമ്മള്‍ പ്രതീഷിക്കാത്തപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇടിച്ചങ്ങു കയറും. അതും ലോകത്തിലെ എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള അമേരിക്കയിലെ സ്‌റാന്‍ഫോര്‍ഡ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കുബോള്‍.

പല ദേശക്കാരും ഒന്നു രണ്ടു മലയാളി പെണ്‍ ഡോക്ടര്‍ന്മാരുമൊക്കെയുണ്ടായിട്ടും യു. പിക്കാരന്‍ ഡോക്ടര്‍ ചതുര്‍വേദിവെദിയേ തന്നെ എന്തിനാണ് അതു പറയാനുള്ള ദൗത്യം ഏല്‍പ്പിച്ചത്. ഒരുപക്ഷെ ഞങ്ങളുടെ കുടുബ സുഹൃത്താണ് എന്നറിഞ്ഞു കൊണ്ടായിരിക്കും. ചില ദിവസം രാവിലെ റൗണ്ട്‌സ് എടുക്കുന്നത് അയാളാണ് എന്നത് അപ്പോഴാണ് അനിത ഓര്‍ത്തത്.

അയാളുടെ രാജസ്ഥാന്‍കാരി ഭാര്യ സബത്ത് മാത്രം മുടങ്ങാതെ കാണാന്‍ വന്നിരുന്നു. സുന്ദരിയായ അവളെ കാണുന്നതും സംസാരിക്കുന്നതുമൊക്കെ പണിക്കര്‍ക്ക് ഇഷ്ടമാണെന്ന് അനിതക്ക് നല്ലതുപോലെ അറിയാം. ഇനിയിപ്പം പണിക്കരുടെ ഒരിഷ്ടത്തിനും താന്‍ എതിര്‍ നില്‍ക്കുന്നില്ല. ചതുര്‍വേദി പറഞ്ഞതുപോലെ ഇഷ്ടമുള്ളതൊക്കെ ചെയ്യട്ടെ ആസ്വദിക്കട്ടെ. എന്നാലും സബത്തിനെ ഇഷ്ടമാണെന്ന കാര്യം മാത്രം അയാളോട് പറയാന്‍ പറ്റില്ലല്ലോ.

ഡോക്ടറില്‍നിന്ന് മരണ വാറണ്ട് കേട്ടപ്പോള്‍ എന്തു ചെയ്യന്നമെന്നറിയാതെ അല്‍പ്പനേരം സ്ഥംഭിച്ചിരുന്നുപോയി. എന്തു ചെയാം മരണത്തെ ഭയമില്ലാത്തവരോട് എന്തുപറഞ്ഞിട്ടും ഒരു കാര്യവുമില്ല . ലങ്ങ് ക്യാന്‍സര്‍ ആണ് എന്നറിഞ്ഞിട്ടും ഒന്നിനും ഒരു കുറവുമില്ലായിരുന്നു . ഒരിക്കല്‍ അതുപറഞ്ഞ് അനിത കുറെ വഴക്കുണ്ടാക്കിയിരുന്നു. അപ്പോഴാണ് പൊട്ടിച്ചിരിച്ചുകൊണ്ട് പണിക്കരു പറഞ്ഞത് .

'എടീ മണ്ടി ഇതു തേര്‍ഡ് സ്റ്റെജാ വലിക്കാതിരുന്നിട്ടും കുടിക്കാതിരുന്നിട്ടും ഒന്നും ഒരു കാര്യവുമില്ല . ഇനിയിപ്പം മരിക്കുന്നതുവരെ നമുക്കൊന്ന് അടിച്ചു പൊളിക്കാം ' എന്നിട്ട് ഏതോ ഒരു കവിത ചൊല്ലി

' എന്തിരുന്നാലും എനിക്കാസ്വദിക്കണം മുന്തിരിച്ചാറുപൊലുള്ളോരു ജീവിതം '

അതും കഴിഞ്ഞ് ചങ്ങമ്പുഴയുടെ ജീവചരിത്രം മുഴുവന്‍ വിളമ്പി.

'അത് മഹാകവിയല്ലേ മരിച്ചാല്‍ പത്തുപേരറിയും . പണിക്കരു പോയാല്‍ കുറെ പരിചയക്കാര്‍ മാത്രം കള്ളകണ്ണീര്‍ പൊഴിക്കും'

' എടീ മരിച്ചുകഴിഞ്ഞിട്ട് പത്തുപേരല്ല പത്തുകോടി പേരറിഞ്ഞിട്ട് എന്തുകാര്യം . പാവം ചങ്ങമ്പുഴപോലും ഞാനും നീയും ഈ പറയുന്നതു വല്ലോം അറിയുന്നുണ്ടോ. ഹാ..ഹാ.. '

അപ്പോള്‍ ചിരി ഒരട്ടഹാസമായി . ഈ വേദാന്തങ്ങള്‍ ഒക്കെ കേട്ട് അനിത മടുത്തു കഴിഞ്ഞിരുന്നു. മരണത്തെ എത്ര നിസാരമായിട്ടാണ് അയാള്‍ നേരിടുന്നത് . കോളേജില്‍ വെച്ച് ഇഗ്ലീഷ് ക്ലാസ് എടുത്ത ഇമ്മാനുവേല്‍സാര്‍ പഠിപ്പിച്ച പ്രശസ്ഥ ഇഗ്ലീഷ് കവി ജോണ്‍ ഡോണിന്റെ 
" Death be not proud, though some have called thee Mighty and dreadful,... "എന്ന കവിതയാണ് അപ്പോള്‍ ഓര്‍മ്മയില്‍ വന്നത് . അതു വായിച്ചിട്ട് സാറിന്റെ ആ വലിയ ശരീരം ഇളക്കിയുള്ള ഒരു ചിരിയുണ്ട്. ഇരിക്കുന്ന സ്റ്റേജ് വരെ കുലുങ്ങുമായിരുന്നു .അപ്പോള്‍ ക്ലാസ്സില്‍ ചിരിയുടെ ആരവമാണ്. അതയാളുടെ ഭൂമികുലുക്കം കണ്ടിട്ടാണന്ന് അയാള്‍ക്കുപോലും അറിയില്ലായിരുന്നു.. അപ്പോള്‍ പിന്‍ബെഞ്ചിലേക്കു നോക്കി എല്ലാവരോടുംകൂടി പുഞ്ചിരിച്ചുകൊണ്ടു പറയും

'എന്താ ഒരു രസം അല്ലേ. ങ്ങാ .. ഇങ്ങനെ ചിരിച്ചുകൊണ്ടു മരിക്കണം . എന്നാലെ നമുക്ക് മരണത്തെ തോല്‍പ്പിക്കാന്‍ പറ്റൂ '

അന്നൊന്നും മരണത്തെപറ്റി ചിന്തിക്കേണ്ടേ പ്രായമല്ലല്ലോ. ഇതിപ്പം പുഷ്പ്പം പോലെ മരണത്തെ നേരിടാല്‍ തയാറായി കഴിഞ്ഞ ഒരാളോട് എന്താണ് പറയുന്നത്. തുടക്കം ഒരുവര്‍ഷം മുന്‍പായിരുന്നു . അതുകഴിഞ്ഞ് ചെയ്യാവുന്ന ചികിത്സയൊക്കെ ചെയിതുകഴിഞ്ഞു. ചതുര്‍വേദി പറഞ്ഞ മരണ വാറണ്ട് പണിക്കര്‍ക്ക് ഒരിക്കലും ഒരു ബ്രേക്കിങ്ങ് ന്യുസ് ഒന്നും ആയിരിക്കില്ല. അത് അനിതക്കു നല്ലതുപോലെ അറിയാം. എന്നാലും ഒന്നു പറയാതിക്കാന്‍ പറ്റില്ലല്ലോ. അത് ഒരു ഉത്തമ ഭാര്യ എന്ന നിലയില്‍ തന്റെ ഉത്തരവദിത്ത്വമാണ്. സബത്തിനോട് ഉടനെ ഹോസ്പിറ്റലിലേക്കു വരാന്‍ പറഞ്ഞാലോ. തനിക്ക് ഒറ്റക്ക് ഇതൊന്നും താങ്ങാന്‍ പറ്റുന്നില്ല. എത്രയൊക്കെ ഇഷ്ടക്കേടുണ്ടന്നു പറഞ്ഞാലും പണിക്കരില്ലാത്ത ഒരു ജീവിതത്തെപറ്റി ചിന്തിക്കാന്‍പോലും പറ്റുന്നില്ല. കഴിഞ്ഞ ആഴ്ച്ച ഹോസ്പിറ്റലിലേക്കു വന്നവഴി സിഗരെട്ട് മേടിക്കണമെന്നു പറഞ്ഞു.. ഒരു ഷോപ്പിംഗ് സെന്റെറില്‍ പോയി. പാര്‍ക്കിംഗ് ലോട്ടില്‍ കാറുപാര്‍ക്കു ചെയിത് . സുപ്പര്‍മാര്‍ക്കെറ്റിലെക്കു കയറുന്നതിനു മുന്‍പ് വെറുതെ ചോദിച്ചതാണ് .

' അത്യാവശ്യമായി വേറെ എന്തെങ്കിലും വേണോ പണിക്കരേട്ടാ '

അപ്പോഴാണ് വീണ്ടും ആ ഞെട്ടിക്കുന്ന ഉത്തരം കേട്ടത് .അതും ഒന്നു പുഞ്ചിരിച്ചുകൊണ്ട് .

' ഇനിയിപ്പം ഒരത്ത്യാവശ്യമേയുള്ളൂ . നല്ല ഒരു ഉശിരന്‍ ശവപ്പെട്ടി '

അനിതക്ക് സങ്കടവും ദേഷ്യവും സഹിക്കാവുന്നതിനപ്പുറമായിരുന്നു. എന്നിട്ടും ഒന്നും പറയാതെതന്നെ വേഗം കടയിലേക്കു കയറി. സിഗരെട്ടും പണിക്കരേട്ടന് പ്രിയപ്പെട്ട ജാക്ക് ദാനിയേല്‍ വിസ്‌കിയും മാത്രം മേടിച്ചു. പ്രിയതമനുമായി ഇനിയുള്ള സമയം എന്തിനാസ്വദിക്കാതിരിക്കണം. ഡോക്ക്ട്ടര്‍ ചതുര്‍വേദിക്ക് നൈറ്റ് ഷിഫ്റ്റാണ് . അതുകൊണ്ട് മിസ്സസ് ചതിര്‍വേദി പതിവുപോലെ കൂട്ടിനു വരും. നരം വെളുത്താലേ പോകൂ. അവള്‍ക്കും പണിക്കരേട്ടനെ ജീവനാണ് .ചതുര്‍വേദിക്കു കുട്ടികളുണ്ടാവില്ല എന്ന് വിവാഹത്തിനു ശേഷമാണ് അവളറിഞ്ഞത് എന്നപ്പോഴാണ് ഓര്‍ത്തത് .അല്ലെങ്കിലും പ്രേമത്തിന് കണ്ണും കാതുമില്ല മനസുമാത്രമേയുള്ളൂ. തന്റെ കാര്യത്തിലും അതുതന്നെയല്ലേ സംഭവിച്ചത് .അഞ്ചു വര്‍ഷമായി ഒരു കുഞ്ഞിക്കാലു കാണാത്തതില്‍ പണിക്കരേട്ടന്‍ ഒരിക്കലും പരിഭാവിച്ചിട്ടില്ല . തന്റെ മനസ് വേദനിപ്പിച്ചിട്ടില്ല .ചതിര്‍വേദി പാവം സമ്പത്തിനെ അറിഞ്ഞുകൊണ്ട് ചാതിക്കുകയല്ലായിരുന്നോ . അതുകൊണ്ട് അനിതക്കും അവളോട് സഹതാപം മാത്രമേയുള്ളൂ. എന്നിട്ടും ഇപ്പോള്‍ അവള്‍ക്ക് ഒരു കുഞ്ഞു ജനിക്കാന്‍ പോകുന്നു. ആ കിട്ടിക്ക് ആരുടെ മുഖച്ഛായ ആയിരിക്കും . ഇഷ്ടമുള്ളവരുടെ മുഖച്ഛായ കിട്ടികള്‍ക്ക് വരാന്‍ സാധ്യതയുള്ളതായി എവിടെയോ വായിച്ചതോര്‍ത്തു . വെറുതെ ഒരാകാംഷ കാര്‍മേഖംപോലെ പോലെ മനസ്സില്‍ പടര്‍ന്നുകയറി. പണിക്കരേട്ടന്‍ എന്തിനാണ് മരിക്കുന്നതിനു മുന്‍പ് എന്നോടും സംബത്തിനോടും എന്തോ കാര്യമായി സംസാരിക്കാനുണ്ട് എന്നു പറഞ്ഞത്. ഒരിക്കലും സംബത്തിന്റെ പെരുമാറ്റത്തില്‍ സംശയിച്ച് ഒന്നും പറഞ്ഞിട്ടില്ല . ചിലപ്പോള്‍ അതൊക്കെ തന്റെ വെറും തോന്നലുകലാവാം . കുട്ടികളുണ്ടാകാത്തവര്‍ക്ക് കുട്ടി കളുണ്ടാകുന്നതൊക്കെ മെഡിക്കല്‍ സൈന്‍സിന്റെ അത്ഭുതങ്ങള്‍ ആവാമെല്ലോ. അങ്ങനെ സമാധാനിക്കാനാണ് അപ്പോള്‍ തോന്നിയത്. അല്ലെങ്കിലും ഇനിയിപ്പം അതൊക്കെ വെറും പാഴ്ചിന്തകലല്ലേ . മരണത്തിനപ്പുറം ഒരു വികാരങ്ങള്‍ക്കും ഒരു സ്ഥാനവുമില്ലല്ലോ . അനിതക്ക് മുന്നോട്ടുള്ള വഴി കൂരിരുട്ടില്‍ ഒറ്റെക്ക് ഏതോ ദിശാസന്ധിയില്‍ എത്തിനില്‍ക്കുന്നതുപോലെ തോന്നി. ഹൃദയത്തിന്റെ ഏതോ ഉള്ളറകളില്‍ വല്ലാതെ ഭാരം കൂടുന്നതുപോലെ . ആകെ ഒരല്‍പ്പം ആശ്വാസം നല്‍കുന്നത് ഇമ്മാനുവേല്‍ സാറിന്റെ 
Death be not proud" എന്ന കവിത ചൊല്ലുമ്പോഴുള്ള ആ ഘനഗെഭീരമായ ശബ്ദമാണ് . അവസാനം ആ കവിതയുടെ പേര് ഒന്നുകൂടി ഊന്നിപറയും . അതും ചിരിച്ചുകൊണ്ട് പച്ച മലയാളത്തില്‍ മൃതുലമായി .

' മരണമേ നീ അഹങ്കരിക്കാതെ'

അല്ലെങ്കില്‍തന്നെ താനിപ്പം മരണത്തിന്റെ കാവല്‍ക്കാരിയല്ലേ . മരണത്തിനപ്പുറം എന്തിരിക്കുന്നു.
മരണത്തിനപ്പുറം (ചെറുകഥ: തമ്പി ആന്റണി)
Join WhatsApp News
പാസ്റ്റർ മത്തായി 2015-10-14 13:25:29
പാപത്തിന്റെ ശമ്പളം, മരണം അത്രേ.  എന്തെല്ലാം ഉണ്ടെന്നു പറഞ്ഞാലും നീ ഒക്കെ മരിക്കും. ഇന്ന് നീ മരിച്ചാൽ നിന്റെ നാളെയെക്കുറിച്ചു നിനക്ക് ഉറപ്പുണ്ടോ. ഇതാണ് രക്ഷാ സമയം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക