Image

`കീന്‍' പ്രസിഡന്റായി ഫിലിപ്പോസ്‌ ഫിലിപ്പിനെ തെരഞ്ഞെടുത്തു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 16 January, 2012
`കീന്‍' പ്രസിഡന്റായി ഫിലിപ്പോസ്‌ ഫിലിപ്പിനെ തെരഞ്ഞെടുത്തു
ന്യൂയോര്‍ക്ക്‌: അമേരിക്കയുടെ വടക്കു കിഴക്കന്‍ പ്രദേശങ്ങളിലുള്ള എഞ്ചിനീയറിംഗ്‌ ബിരുദധാരികളുടെ സംഘടനയായ `കേരളാ എഞ്ചിനീയറിംഗ്‌ ഗ്രാഡ്വേറ്റ്‌സ്‌ അസോസ്സിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്ക'യുടെ (KEAN) 2012ലെ പ്രസിഡന്റായി ഫിലിപ്പോസ്‌ ഫിലിപ്പിനെ തെരഞ്ഞെടുത്തു.

കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ്‌ കോളേജില്‍ നിന്ന്‌ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും, ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിന്‍ പോളിടെക്‌നിക്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ മാസ്റ്റേഴ്‌സ്‌ ബിരുദവും കരസ്ഥമാക്കിയിട്ടുള്ള ഫിലിപ്പ്‌ ഇപ്പോള്‍ ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ പബ്ലിക്‌ സര്‍വ്വീസില്‍ Utility Analyist ആയി സേവനമനുഷ്ടിക്കുന്നു. നോര്‍ത്ത്‌ അമേരിക്കയിലെ സഭാ, സാമുദായിക, സാംസ്‌ക്കാരിക രംഗങ്ങളിലും വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ന്യൂയോര്‍ക്ക്‌ ക്വീന്‍സിലുള്ള ടേസ്റ്റ്‌ ഓഫ്‌ ഇന്ത്യാ റസ്റ്റോറന്റില്‍ വച്ചാണ്‌ വാര്‍ഷിക പൊതുയോഗവും 2012 ലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നത്‌. ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാന്‍ കെ.ജെ. ഗ്രിഗറിയുടെ നേതൃത്വത്തില്‍, ബാബു കുരിയാക്കോസ്‌, ജയ്‌സന്‍ അലക്‌സ്‌ എന്നിവരടങ്ങിയ മൂന്നംഗ പാനല്‍ ആണ്‌ തെരഞ്ഞെടുപ്പ്‌ നടത്തിയത്‌.

ഫിലിപ്പോസ്‌ ഫിലിപ്പ്‌ (പ്രസിഡന്റ്‌), ചെറിയാന്‍ പൂപ്പള്ളില്‍ (വൈസ്‌ പ്രസിഡന്റ്‌), കോശി പ്രകാശ്‌ (സെക്രട്ടറി), റോയ്‌ തരകന്‍ (ജോയിന്റ്‌ സെക്രട്ടറി), ജോര്‍ജ്ജ്‌ ജോണ്‍ (ജോയിന്റ്‌ ട്രഷറര്‍) എന്നിവരേയും എക്‌സി.കമ്മിറ്റിയിലേക്ക്‌ ബിബിന്‍ നൈനാന്‍ (പ്രൊഫഷണല്‍ അഫയേഴ്‌സ്‌), ഷാജി കുരിയാക്കോസ്‌ (സ്റ്റുഡന്റ്‌ ഔട്ട്‌റീച്ച്‌), രാഹുല്‍ സി. നായര്‍ (ന്യൂസ്‌ ലറ്റര്‍), എല്‍ദോ പോള്‍ (കള്‍ച്ച്വറല്‍ അഫയേഴ്‌സ്‌), ബെന്നി കുരിയന്‍ (സ്‌കോളര്‍ഷിപ്പ്‌), ശെല്‍വിന്‍ ഹെന്റ്രി (ജനറല്‍ അഫയേഴ്‌സ്‌), ലിസി ഫിലിപ്പ്‌ (പബ്ലിക്‌ റിലേഷന്‍സ്‌), പ്രീതാ നമ്പ്യാര്‍ (എക്‌സ്‌. ഒഫീഷ്യോ), ഗീവര്‍ഗീസ്‌ വര്‍ഗീസ്‌ (ഓഡിറ്റര്‍) എന്നിവരേയും തെരഞ്ഞെടുത്തു. തുടര്‍ന്നു നടന്ന ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ യോഗത്തില്‍ ദാനിയേല്‍ മോഹനെ 2012-ലെ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാനായി തെരഞ്ഞെടുക്കുകയും ചെയ്‌തു. കൂടാതെ, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീയിലേക്ക്‌ ഒഴിവു വന്ന സ്ഥാനങ്ങളിലേക്ക്‌ ജേക്കബ്ബ്‌ തോമസ്‌, എബ്രഹാം ജോര്‍ജ്ജ്‌, ചെറിയാന്‍ എന്നിവരേയും ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു.

പ്രസിഡന്റ്‌ പ്രീതാ നമ്പ്യാരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കീനിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി. കീനിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയകരമാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാ അംഗങ്ങളേയും പ്രസിഡന്റ്‌ തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ പ്രത്യേകം അഭിനന്ദിച്ചു. തുടര്‍ന്ന്‌ ജോയിന്റ്‌ സെക്രട്ടറി കോശി പ്രകാശ്‌ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ എല്‍ദോ പോള്‍ വാര്‍ഷിക കണക്കും അവതരിപ്പിക്കുകയും ജനറല്‍ ബോഡി അതു പാസ്സാക്കുകയും ചെയ്‌തു. ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാന്‍ കെ.ജെ. ഗ്രിഗറി കീനിന്റെ നേട്ടങ്ങളില്‍ സംതൃപ്‌തി പ്രകടിപ്പിച്ചു.

കേരളത്തിലെ വിവിധ എഞ്ചിനീയറിംഗ്‌ കോളേജുകളില്‍ ഇരുപതോളം കുട്ടികള്‍ കീനിന്റെ സ്‌കോളര്‍ഷിപ്പോടുകൂടി ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നു. ഈ കുട്ടികളുടെ കോളേജ്‌ വിദ്യാഭ്യാസത്തിനുള്ള മുഴുവന്‍ ചിലവുകളും (4 വര്‍ഷത്തേക്കുള്ള ചിലവ്‌) കീന്‍ വഹിക്കുന്നു.

അമേരിക്കയില്‍ പഠിക്കുന്ന കീനിന്റെ അംഗങ്ങളുടെ മക്കള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌, എഞ്ചിനീയറിംഗ്‌ ഡിഗ്രിക്ക്‌ പഠിക്കുന്ന മലയാളി കുട്ടികള്‍ക്ക്‌ പഠനസഹായം കൂടാതെ പാഠ്യേതര ഉപദേശങ്ങള്‍, ജോലി കണ്ടെത്തല്‍, പ്രൊഫഷണല്‍ സെമിനാറുകള്‍ തുടങ്ങിയവയും കീനിന്റെ പ്രവര്‍ത്തനമേഖലയില്‍ ഉള്‍പ്പെടുന്നു. 501 സി (3) സ്റ്റാറ്റസ്‌ ഉള്ള ഈ സംഘടനയ്‌ക്ക്‌ നല്‌കുന്ന സംഭാവനകള്‍ക്ക്‌ നികുതി ഒഴിവാക്കിയിട്ടുണ്ട്‌.

അമേരിക്കയിലും ഇന്ത്യയിലും, വിശിഷ്യാ കേരളത്തിലും, എഞ്ചിനീയറിംഗ്‌ രംഗത്തെ ഒരു ചാലക ശക്തിയായി കീന്‍ നിലകൊള്ളുന്നു. സാങ്കേതിക വൈദഗ്‌ദ്ധ്യമോ ഉപദേശമോ ആവശ്യമുള്ള പദ്ധതികള്‍ക്ക്‌ കീനിന്റെ അറുനൂറില്‍പരം വരുന്ന എഞ്ചിനീയര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള അവസരം ഉണ്ടാക്കുന്നതാണെന്ന്‌ നിയുക്ത പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌ പ്രസ്‌താവിച്ചു.

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തി കൂടുതല്‍ മേഖലകളിലേക്ക്‌ വ്യാപിപ്പിക്കുവാനും ഒരു ലോകോത്തര പ്രൊഫഷണല്‍ സംഘടനയായി ഉയര്‍ത്തുവാനും തന്റെ കഴിവുകള്‍ വിനിയോഗിക്കുമെന്ന്‌ നിയുക്ത പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌ തന്റെ ആമുഖ പ്രസംഗത്തില്‍ ഉറപ്പു നല്‍കി. ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാന്‍ ദാനിയേല്‍ മോഹന്‍ സംഘടനയുടെ വിജയത്തിന്‌ എല്ലാ പിന്തുണയും ഉറപ്പു നല്‍കി. നിയുക്ത വൈസ്‌ പ്രസിഡന്റ്‌ ചെറിയാന്‍ പൂപ്പള്ളിയുടെ നന്ദി പ്രകടനവും തുടര്‍ന്നു നടന്ന വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടും കൂടി യോഗം അവസാനിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫിലിപ്പോസ്‌ ഫിലിപ്പ്‌ 845 642 2060, കോശി പ്രകാശ്‌ 914 450 0884, തോമസ്‌ ജോര്‍ജ്ജ്‌ 631 462 1648, ലിസി ഫിലിപ്പ്‌ 845 642 6206.
`കീന്‍' പ്രസിഡന്റായി ഫിലിപ്പോസ്‌ ഫിലിപ്പിനെ തെരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക