Image

'എന്ന് നിന്റെ മൊയ്തീന്‍': പെയ്തു തീരാത്തൊരു മഴ പോലെ

ആശ എസ് പണിക്കര്‍ Published on 25 September, 2015
     'എന്ന് നിന്റെ മൊയ്തീന്‍':    പെയ്തു തീരാത്തൊരു  മഴ പോലെ
പ്രണയം നേടുമ്പോഴല്ല, മറിച്ച് പ്രണയികള്‍ക്ക് തങ്ങളുടെ പ്രണയം നഷ്ടപ്പെടുമ്പോഴാണ് അത് പലപ്പോഴും അനശ്വരതയിലേക്ക് നയിക്കപ്പെടുന്നത്. ചരിത്രത്തിലും ക്‌ളാസിക്കുകളിലും  പല കഥകളുടെയും കഥാപാത്രങ്ങളുടേയും രൂപത്തില്‍ നാമത് കണ്ടിരിക്കുന്നു. എന്നാല്‍ ഒരു യഥാര്‍ത്ഥ പ്രണയകഥയുടെ സത്യസന്ധമായ പുനരാവിഷ്‌കാരം, അതും ആ പ്രണയകഥയിലെ നായിക ഇന്നും ജീവിച്ചിരിക്കുന്ന സാഹചര്യത്തില്‍ ചലച്ചിത്രമായി രൂപാന്തരപ്പെട്ട ആ നഷ്ടപ്രണയം പ്രേക്ഷകന് നല്‍കുന്നത് മറക്കാന്‍ കഴിയാത്ത ഒരു കാഴ്ചയുടെ അനുഭവവും നീറ്റലുമാണ്. 'എന്ന് നിന്റെ മൊയതീന്‍' എന്ന ചിത്രം ഒരിക്കലും നേടാന്‍ കഴിയാതെ പോകുന്ന പ്രണയം കണ്ണീര്‍മഴ പോലെ പ്രേക്ഷകന്റെ നെഞ്ചിലും സദാ പെയ്യുന്നു. ചിത്രം കണ്ടിറങ്ങിയാലും ആ മഴ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.   

അറുപതുകളില്‍ മലബാറില്‍ കോളിളക്കം സൃഷ്ടിച്ച മൊയ്തീന്‍-കാഞ്ചനമാല പ്രണയത്തിലെ നായിക ഇന്നും ജീവിച്ചിരുപ്പുണ്ട്. യഥാര്‍ത്ഥ സംഭവമോ എന്ന് അവിശ്വസനീയതോടെ മാത്രം കണ്ടിരിക്കാന്‍ കഴിയുന്ന ഒരു പ്രണയഭാഷ്യത്തിന്റെ ചലച്ചിത്രാവിഷ്‌കാരമായി 'എന്ന് നിന്റെ മൊയ്തീന്‍' അഭ്രപാളികളില്‍ കണ്ടപ്പോള്‍ അത്ഭുതമായിരുന്നു. എങ്ങനെ ഇതു പോലെ പ്രണയിക്കാന്‍ കഴിഞ്ഞു എന്ന അത്ഭുതം. പരസ്പരം കാണാതെ 25 വര്‍ഷത്തോളം പ്രണയിക്കുക, പൃദയാഭിലാഷങ്ങള്‍ പങ്കുവയ്ക്കാന്‍ വേണ്ടി എഴുതപ്പെട്ട കത്തുകളൊക്കെയും പിടിക്കപ്പെട്ടപ്പോള്‍ തങ്ങള്‍ക്കു മാത്രം മനസിലാകുന്ന ഒരു പ്രത്യേക ലിപി തന്നെ സൃഷ്ടിച്ചെടുത്ത മൊയ്തീന്‍, സത്യത്തില്‍ പുതുതലമുറയിലെ ഏവരേയും അമ്പരപ്പിക്കും. 

 കോഴിക്കോട് മുക്കത്ത് സുല്‍ത്താന്‍ എന്നറിയപ്പെട്ടിരുന്ന വി.പി ഉണ്ണിമൊയ്തീന്‍ ഹാജിയെന്ന പ്രതാപിയുടെ മകനാണ് മൊയ്തീന്‍. അക്കാലത്ത് മുക്കത്തെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലൊക്കെ നിറഞ്ഞു നിന്ന മുക്കത്തെ ഹിന്ദു പ്രമാണിയായിരുന്ന മുക്കത്തെ കൊറ്റങ്ങള്‍ അച്യുതന്റെ മകള്‍ കാഞ്ചമാലയാണ് ഈ കഥയിലെ നായിക. സോഷ്യലിസം സ്വപനം കാണുന്ന യുവാവായ മൊയ്തീന്‍ അന്നത്തെ മുക്കത്ത് രാഷ്ട്രീയ സാമൂഹ്യ സ്‌പോര്‍ട്ട്‌സ് രംഗങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിയാണ്.  ഇന്ദിരാഗാന്ധിയുടെും ആര്‍. ശങ്കറിന്റെയും കാലഘട്ടമാണതെന്ന് മൊയ്തീന്റെ വാക്കുകളില്‍ നമുക്ക് മനസിലാകുന്നു. 

കണ്ടിരിക്കുമ്പോള്‍ അതിതീവ്രമെന്ന് ഓരോ നിമിഷവും നാം അനുഭവിക്കുന്ന പ്രണയകഥയിലെ ഒരു പാതി ഇന്നും ജീവനുള്ള ഉടലുമായി നമ്മുടെയൊക്കെ കണ്‍വെട്ടത്തോ അല്ലെങ്കില്‍ അല്‍പം ദൂരെ മാറിയോ  ജീവിച്ചിച്ചിരിപ്പുണ്ട് എന്നതോര്‍ക്കുമ്പോള്‍  ചോരയോട്ടം നിലച്ചു പോവുന്നത് പ്രേക്ഷകരുടെ നെഞ്ചിലാണ്.  പ്രണയനഷ്ടത്തിന്റെ വേദന പത്തു നിമിഷം പോലും താങ്ങാന്‍ കഴിവില്ലാത്ത ന്യൂജെനറേഷന്റെ കാലത്ത്് പത്തു നാല്‍പ്പതു കൊല്ലം ഒരു പ്രണയത്തിന്റെ ശരശയ്യയില്‍ മുറിവേറ്റു കിടക്കുന്ന ഒരുവള്‍ ഇന്നും നമ്മോടൊപ്പം ജീവിച്ചിരിപ്പുണ്ടെന്ന തിരിച്ചറിവ് ഈ ചലച്ചിത്രത്തെയും അതിലെ പ്രണയത്തിന്റെയും വേദനകളുടെയും നഷ്ടങ്ങളുടെ തുടര്‍ച്ചയേയും ഇമ ചിമ്മാതെ കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. 

' ജലം കൊണ്ട് മുറിവേറ്റവള്‍' എന്ന പേരില്‍ കാഞ്ചനമാലയെ കുറിച്ച് ഡോക്യുമെന്‌ററി എടുത്ത സംവിധായകന്‍ ആര്‍.എസ് വിമല്‍ തന്നെയാണ് എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയും സംവിധാനം ചെയ്തിട്ടുള്ളത്.  മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയത്തിന്റെ അനശ്വരതയും ആഴവും അദ്ദേഹത്തെ അത്രമേല്‍ പിടിച്ചുലച്ചിട്ടുണ്ടാവണം. അതുകൊണ്ടു തന്നെയായിരിക്കാം സിനിമയെന്ന മാധ്യമത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ട് ഈ പ്രണയകഥ പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കാന്‍ അദ്ദേഹം ശ്രമിച്ചത്. ചിത്രത്തിന്റെ മുന്നോട്ടുള്ള സഞ്ചാരത്തില്‍ പലപ്പോഴും പ്രേക്ഷകന്റെ കണ്ണു നനയുന്നതും നെഞ്ചിടറുന്നതും ആ പ്രണയാനുഭവത്തെ അത്രകണ്ട് തീക്ഷണതയോടെ പ്രേക്ഷകഹൃദയങ്ങളിലേക്ക് എത്തിക്കാന്‍ സംവിധായകനു കഴിഞ്ഞു എന്നതു കൊണ്ടാണ്. 


കേരളത്തിന്റെ മണ്ണില്‍ അനശ്വര പ്രണയത്തിന്റെ കാവ്യരൂപം  എഴുതി ചേര്‍ത്ത് മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയസുരഭില ജീവിതവും അവര്‍ അനുഭവിച്ച ജാതി മത വേര്‍തിരിവുകളുടെ വേദനയ്ക്കും ദൈന്യതയ്ക്കും വെള്ളിത്തിരയില്‍ ജീവന്‍ നല്‍കിയ പൃഥ്വിരാജിനും പാര്‍വതിക്കും അഭിമാനിക്കാം. തങ്ങളുടെ കരിയറിലെ തന്നെ ഏറ്റവു മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചതിന്. ഒപ്പം ഇരുവഴിഞ്ഞിപ്പുഴയുടെ ആഴങ്ങളില്‍ മരണം കവര്‍ന്നെടുത്ത മൊയ്തീനെയും മരിക്കാത്ത പ്രണയത്തിന്റെ ജീവിക്കുന്ന സാക്ഷ്യമായ കാഞ്ചനമാലയെയും അതേ തീവ്രതയോടെ വെള്ളിത്തിരയില്‍ പകര്‍ത്തിയതിന്. കഥ നടക്കുന്ന കാലഘട്ടത്തോട് നൂറു ശതമാനം നീതി പുലര്‍ത്തിയാണ് ഇരുവരും തങ്ങളുടെ കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കിയത്. അടക്കിപ്പിടിക്കേണ്ടി വരുന്ന പ്രണയത്തിന്റെ , ഒളിപ്പിച്ചു വയ്‌ക്കേണ്ടി വരുന്ന പ്രണയത്തിന്റെ , മതത്തിന്റെ വേലിക്കെട്ടുകള്‍ക്കുള്ളില്‍ തളയ്‌ക്കെപ്പെടുന്ന പ്രണയത്തിന്റെ സമ്മര്‍ദ്ദവും അത് പ്രകടമാക്കുന്നതിലെ മിതത്വവും  അതിലെ ഭംഗിയും പരമാവധി പ്രേക്ഷകനെ അനുഭവിക്കാന്‍ പൃഥിയ്ക്കും പാര്‍വതിക്കും കഴിഞ്ഞിട്ടുണ്ട്. 

ഈ പ്രണയകഥയെ അതിന്റെ യഥാര്‍ത്ഥ തീവ്രതയോടെ അനുഭവിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ച കഥാപാത്രങ്ങള്‍ വേറെയുമുണ്ട് ചിത്രത്തില്‍. മറ്റൊരാളുടെ കനിവില്‍ ജീവിതമെന്ന തിരിച്ചറിവ് മരണത്തിനു തുല്യമാണെന്ന് വിശ്വസിക്കുന്ന ഉണ്ണി മൊയ്തീന്‍ ഹാജിയെന്ന കഥാപാത്രപത്തെ അവിസ്മരണീയമാക്കിയ സായ്കുമാര്‍ , ഉള്ളിലും കണ്ണിലും  എരിയുന്ന കനലുകള്‍ പേറുന്ന ഉമ്മയായി ലെന, ഏവര്‍ക്കും മാതൃകയാകുന്ന സൗഹൃദം കാത്തുസൂക്ഷിക്കുമ്പോഴും മതത്തിന്റെ വേലിക്കെട്ടുകള്‍ മകളുടെ പ്രണയത്തിനു വേണ്ടി അടര്‍ത്തി മാറ്റാന്‍ കഴിയാത്ത മാധവന്‍ എന്ന അച്ഛനായി ശശി കുമാര്‍, യൗവനത്തില്‍ പ്രസരിപ്പിന്റെ ആള്‍രൂപവും ജീവിതത്തിന്റെ മധ്യാഹ്നത്തില്‍ തനിക്കു വീണ്ടും നഷ്ടപ്പെടുന്ന പ്രണയത്തില്‍ നിസഹായതയനാവുകയും ചെയ്യുന്ന അപ്പുവായി ടൊവീനോ,  ആത്മാര്‍ത്ഥമായ സൗഹൃദങ്ങള്‍ക്കപ്പുറം ജാതിയുടെയും മതത്തിന്റെയും പേരില്‍ ഏറെ സ്‌നേഹിക്കുന്ന സഹോദരിയുടെ പ്രണയം തച്ചുടയ്ക്കാന്‍ ശ്രമിക്കുന്ന സേതുവായി ബാല, മൊയ്തീന്റെ സന്തത സഹചാരിയും കവിയും സഖാവുമായി സുധീര്‍ കരമന എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കിയിട്ടുണ്ട്. ഇവരെല്ലാം തന്നെ ഈ ചിത്രത്തിന്റെ പ്രണയാനുഭവങ്ങള്‍ക്ക് തീവ്രത വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയൊരു പങ്ക് വഹിച്ചിരിക്കുന്നു.

     'എന്ന് നിന്റെ മൊയ്തീന്‍':    പെയ്തു തീരാത്തൊരു  മഴ പോലെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക