Image

പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്നു

Published on 22 September, 2015
പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്നു

താരസഹോദരന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്നു. കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ടിയാന്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് മുരളി ഗോപിയാണ്. പൃഥ്വിയും ഇന്ദ്രനും ഒന്നിച്ച് അഭിനയിക്കുന്ന പന്ത്രണ്ടമാത്തെ ചിത്രം കൂടിയാണിത്.

ഇന്ത്യയിലെ പല ഭാഗങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്തുന്നത്. കുംഭമേളയുടെ ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാനായി സംവിധായകനും കാമറാമാനും വി.എഫ്.എക്‌സ് ടീമും ഒരാഴ്ചത്തേയ്ക്ക് നാസിക്കില്‍ എത്തിയിരുന്നു. ത്രിംബകലേശ്വര്‍, രാംകുണ്ഡ് എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് നടന്നത്. ജനത്തിരക്കിന്റെ ഇടയില്‍ വളരെ പണിപ്പെട്ടാണ് മികച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് സംവിധായകന്‍ പറഞ്ഞു.മുംബയ്, പൂനെ, ബദ്രിനാഥ്,മണാലി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകള്‍. നിരവധി ലൊക്കേഷനുകള്‍ ഉള്ളതിനാല്‍ കാലവസ്ഥ അനുസരിച്ച് മൂന്നോ നാലോ ഷെഡ്യൂളുകളായാകും ഷൂട്ടിംഗ് പൂര്‍ത്തിയാക്കുക. അഭിനേതാക്കളെ ഉള്‍പ്പെടുത്തിയുള്ള ഷൂട്ടിംഗ് ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും,

പൃഥ്വിരാജിനേയും ഇന്ദ്രജിത്തിനേയും കൂടാതെ മുരളിഗോപിയും പ്രാധാന്യമുള്ളൊരു വേഷം ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. 2016 പകുതിയോടെ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ ഒരുക്കുന്ന ചിത്രം ഒരു കൊമേര്‍ഷ്യല്‍ എന്റര്‍ടെയിനര്‍ ആയിരിക്കും.

ഇതാദ്യമായാണ് മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ പൃഥ്വി നായകനാകുന്നത്.മുരളി ഗോപി തിരക്കഥയൊരുക്കിയ ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ ചിത്രങ്ങളില്‍ ഇന്ദ്രജിത്ത് അഭിനയിച്ചിട്ടുണ്ട്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വട്ട് ജയന്‍ എന്ന കഥാപാത്രത്തെ ജനങ്ങള്‍ ഏറ്റെടുത്തത് പോലെ ഈ ചിത്രത്തിലെ പട്ടാഭിരാമന്‍ എന്ന തന്റെ കഥാപാത്രവും എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് ഇന്ദ്രജിത്ത് പറഞ്ഞു.

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ഡബിള്‍ ബാരല്‍ എന്ന ചിത്രമാണ് പൃഥ്വിയും ഇന്ദ്രജിത്തും അഭിനയിച്ചതില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം. ഇരുവരേയും കേന്ദ്ര കഥാപാത്രങ്ങളാക്കി നാദിര്‍ഷാ സംവിധാനം ചെയ്യുന്ന അമര്‍ അക്ബര്‍ ആന്റണി വൈകാതെ റിലീസിനൊരുങ്ങുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക