Image

ജിജോ ആന്റണിയുടെ പുതിയ ചിത്രത്തില്‍ പൃഥ്വിരാജ്

Published on 18 September, 2015
ജിജോ ആന്റണിയുടെ പുതിയ  ചിത്രത്തില്‍ പൃഥ്വിരാജ്
സംവിധായകനായ ജിജോ ആന്റണിയുടെ പുതിയ  ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു. 'ഡാര്‍വിന്റെ പരിണാമം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു കോമിക്കല്‍ എന്റര്‍ടെയിനറായിരിക്കും. ആഗസ്റ്റ് സിനിമയാണ് ചിത്രം നിര്‍മിക്കുന്നത്. കൊന്തയും പൂണൂലുമാണ് ജിജോയുടെ മുന്‍പ് റിലീസ് ചെയ്ത ചിത്രം.

ഡാര്‍വിന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തിന്റെ വേഷമാണ് പൃഥ്വി അവതരിപ്പിക്കുന്നതെന്നാണ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം. അക്രമം നിറഞ്ഞ ജീവിതം നയിക്കുന്ന ഒരു വ്യക്തിയെ ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നേറുന്നത്. ഒരു യുവാവിന്റെ വരവോടെ അയാള്‍ക്ക് ജീവിതത്തോടുള്ള സമീപനത്തില്‍ മാറ്റം വരുന്നു. ഡാര്‍വിന്‍ സിദ്ധാന്തവുമായി ചിത്രത്തിന് ബന്ധമൊന്നുമില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വ്യത്യസ്തമായൊരു കഥ പറയല്‍ ശൈലിയായിരിക്കും ഈ ചിത്രത്തിനുണ്ടാവുക. മറ്റ് അഭിനേതാക്കളേയോ അണിയറ പ്രവര്‍ത്തകരേയോ തീരുമാനിച്ചിട്ടില്ല. പ്രോജക്ടിനെപ്പറ്റിയുള്ള കൂടുതല്‍ വിവിരങ്ങള്‍ വൈകാതെ പുറത്ത് വിടും. പാവാട എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് പൃഥ്വി ഇപ്പോള്‍. ഈ ചിത്രത്തിന് ശേഷം ഒക്ടോബര്‍ ഒന്നിന് 'ഡാര്‍വിന്റെ പരിണാമം'ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

റോഷന്‍ ആന്‍ഡ്രൂസിന്റെ നാളെ രാവിലെ എന്ന ചിത്രത്തിലും പൃഥ്വിയാണ് നായകന്‍. സച്ചി സംവിധാനം ചെയ്യുന്ന അനാര്‍ക്കലി എന്ന ചിത്രത്തില്‍ സീഡൈവറിന്റെ വേഷമാണ് താരത്തിന്. എന്ന് നിന്റെ മൊയ്തീന്‍ എന്ന പൃഥ്വി ചിത്രം നാളെ റിലീസിനൊരുങ്ങുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക