Image

ശോഭനയുടെ `കൃഷ്‌ണ' വര്‍ണ്ണ ബഹുലമായ ഒരു നൃത്ത വിസ്‌മയം

മര്‍ത്ത്യന്‍ (വിനോദ്‌ നാരായണ്‍) Published on 17 September, 2015
ശോഭനയുടെ `കൃഷ്‌ണ' വര്‍ണ്ണ ബഹുലമായ ഒരു നൃത്ത വിസ്‌മയം
ശോഭന കോളേജ്‌ കാലം മുതല്‍ക്കേ ഏറ്റവും ഇഷ്ടപ്പെട്ട നടിയായിരുന്നു. അവര്‍ അഭിനയിച്ച പല സിനിമകളും ഒന്നില്‍ കൂടുതല്‍ തവണ തീയറ്ററില്‍ പോയി കാണാന്‍ മാത്രമുള്ള ഭ്രമം എന്ന്‌ പറയാം. അഭിനയം ശോഭന എന്ന കലാകാരിയുടെ ഒരു വശം മാത്രമാണെന്നും നൃത്ത കലയാണ്‌ പ്രധാനമെന്നും അറിയാം. പക്ഷെ ചില കലാകാരുണ്ട്‌ ചുവടു വയ്‌ക്കുന്ന എല്ലാ കലകളിലും ദേശീയ പുരസ്‌കാരങ്ങള്‍ വാങ്ങി കൂട്ടുന്നവര്‍. ഉര്‍വശി അവാര്‍ഡ്‌ ലഭിച്ചതിനാല്‍ നടിയല്ലെ എന്ന്‌ ചോദിച്ചു നാവെടുക്കുന്നതിനു മുന്‍പ്‌ അവരുടെ നൃത്ത കലയിലുള്ള അവാര്‍ഡുകളുടെ പട്ടിക ഏതൊരാളെയും എനിക്കുണ്ടായ അതേ അങ്കലാപ്പിലേക്ക്‌ തള്ളി വിടും. ശോഭന ഒരു നടിയാണോ അതോ നര്‍ത്തകിയാണൊ. എന്നാല്‍ ആ സംശയം കൃഷ്‌ണാ എന്ന ഈ നൃത്ത നാടകം പരിഹരിക്കും. അഭിനയവും നൃത്തവും ഒരുമിച്ചു ചേര്‍ന്ന ഒരു കലാരൂപം, അതും എന്റെ പ്രിയങ്കരിയായ നടിയുടെ, ഒഴിവാക്കാന്‍ പറ്റുമോ? അങ്ങിനെ ആ ഫുള്‍ ഹൌസ്‌ ഓടിറ്റൊറിയത്തില്‍ ഞാനും ഒരാളായി മാറി.

ഇന്ത്യന്‍ സിനിമാ നടീനടന്മാര്‍ ശബ്ദം നല്‍കി, ബോളീവുഡ്‌ ഗാനങ്ങളും ചേര്‍ത്ത്‌, ഇന്ത്യന്‍ സിനിമാ ലോകത്തെ പല പ്രഘല്‍ഭരും ഒത്ത്‌ ചേര്‍ന്നു നിര്‍മ്മിച്ച ഈ ദൃശ്യ വിസ്‌മയത്തില്‍ ചുവടു വച്ച്‌ ശോഭനയും സംഘവും ഒരുക്കുന്നതോ? കൃഷ്‌ണന്റെ ജനനം മുതല്‍ മരണം വരെയുള്ള കഥ. ഇത്രയും സംഭവ ബഹുലമായ അനേകായിരം കഥാപാത്രങ്ങളുള്ള, കഥകളും ഉപകഥകളുമടങ്ങുന്ന ഒരു വലിയ പുരാണ കഥ രണ്ടു മണിക്കൂറിലേക്ക്‌ ചുരുക്കി കാപ്‌സ്യൂള്‍ രൂപത്തില്‍ ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുക എളുപ്പമല്ല. അതുകൊണ്ടായിരിക്കണം എന്നും എളുപ്പത്തിനല്ലല്ലൊ അഭിനന്ദനങ്ങളും ഭംഗിവാക്കുകളും.

കൃഷ്‌ണന്റെ കഥയില്‍ അടങ്ങിയിരിക്കുന്ന മതപരവും ആത്മീയവുമായ വശം മാറ്റി വച്ചാല്‍ കൃഷ്‌ണന്‍ എന്ന കഥാപാത്രത്തിന്‌ പലയിടത്തും ഒരു സാംസ്‌കാരിക വശവുമുണ്ട്‌. കൃഷ്‌ണനെ സഹോദരനായും, കാമുകനായും, സുഹൃത്തായും, രക്ഷകനായും പിന്നെ അവനവന്റെ പ്രതിരൂപമായും കണ്ടു വരുന്ന ഒരു സംസ്‌കാരം.

മത വാണിജ്യത്തിന്റെ ഭാഗമായിട്ടുണ്ടെങ്കിലും മറ്റു പല ഹൈന്ദവ മൂര്‍ത്തികളേയും പോലെ മതത്തിന്റെ ചട്ടക്കൂടില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല കൃഷ്‌ണന്റെ കഥ.... മാനുഷികമായ സരളതകളും ഒപ്പം അമാനുഷികമായ മഹാകാവ്യങ്ങളുടെ ആഡംബരങ്ങളും ഉടനീളം നിറയുന്നതാണ്‌ കൃഷ്‌ണന്റെ കഥ. കുട്ടി കൃഷ്‌ണന്റെ വികൃതിക്കഥകളായാലും, ഒരു യോദ്ധാവിന്റെ വീര കഥകളായാലും , ഗോപികമാരുമൊത്തുള്ള കേളീ വിലാസങ്ങളായാലും, മഹാഭാരതത്തിലെ താത്ത്വിക വശമായാലും ഈ കഥകള്‍ നല്‍കുന്ന വര്‍ണ്ണഛായ അന്നും ഇന്നും സിനിമകളും പുസ്‌തകങ്ങളും മത്സരിച്ചു കടം കൊള്ളുന്നവയാണ്‌ എന്നതും ഒരു വസ്‌തുത. അതു കൊണ്ട്‌ തന്നെ അതിനെ രൂപ കല്‍പ്പന ചെയ്‌ത്‌ ഒരു നൃത്ത വിസ്‌മയം നിര്‍മ്മിക്കാന്‍ ശോഭന എന്ന കലാകാരിക്ക്‌ വളരെ നന്നായി കഴിഞ്ഞു.

അതിനുപരി ഈ വിസ്‌മയം കാമറയില്‍ പകര്‍ത്താന്‍ അനുവാദം തന്ന ഇതിന്റെ പ്രമോട്ടര്‍മാരായ
ഫ്രീഡിയ എന്റര്‍ടൈന്‍മെന്റിലെ ഡയസ്‌ ദാമോദരനും എഎഎ എന്റര്‍ടൈന്‍മെന്റിലെ പ്രവീണ്‍ കെ സുഗ്ഗളക്കും പ്രത്യേക നന്ദി. എന്റെ സഹയാത്രിക ഉഷ ഈ പരിപാടിയുടെ എം.സിയായി എന്നത്‌ ഒരു പേര്‍സണല്‍ ഐസിങ്ങ്‌ ഓണ്‌ ദി കേക്ക്‌ ആയി എന്നും പറയാം. രണ്ടു മണിക്കൂറില്‍ ശോഭനയും സംഘവും കൃഷ്‌ണന്റെ എല്ലാ തലങ്ങളും അവതരിപ്പിച്ചു. കുട്ടി കൃഷ്‌ണന്‍, വില്ലാളി വീരന്‍, കാമുകന്‍, താത്വികാചാര്യന്‍ എന്ന എല്ലാ കഥാവേഷങ്ങളും ശോഭന അഭിനയത്തിന്റെയും നൃത്തത്തിന്റെയും ഒരു അവിശ്വസനീയമായ കൂട്ടിചേര്‍ക്കലിലൂടെ ബേ ഏരിയക്ക്‌ മറക്കാന്‍ കഴിയാത്തൊരു വിരുന്നൊരുക്കി. വിശപ്പ്‌ മാറാതെ പോകുന്ന ഒരു വിരുന്ന്‌. ഇനിയും വേണം എന്ന്‌ പറഞ്ഞ്‌ കരഞ്ഞു കൊണ്ട്‌ ജനം തിരിച്ചു പോയി എന്ന്‌ പറഞ്ഞാല്‍ അതിശയോക്തിയാവില്ല.

ഇതുപോലൊരു കലാവിരുന്നൊരുക്കാന്‍ കലാശേഷിഒന്ന്‌ മാത്രം പോര; കല ജീവിതത്തിന്റെകാരണമായ ഒരാള്‍ക്കേ അത്‌ കഴിയു. കല ജീവിതത്തിന്റെ മിടിപ്പ്‌ നിര്‍ണ്ണയിക്കുന്ന ഒരാള്‍ക്ക്‌ മാത്രം. ശോഭന എന്ന കലാകാരി മാത്രമല്ല അവരുടെ കൂടെ അവരുടെ കലാര്‍പ്പണ എന്ന നൃത്ത അക്കാദമിയിലെ കലാകാരികളും അവരുടെ കൂടെ ഈ വര്‍ണ്ണ പകിട്ടിന്റെ നിര്‍ണ്ണായകമായ ഭാഗമായി. ശോഭനയുടെ മകള്‍ നാരായിണിയുടെ കുട്ടി കൃഷ്‌ണന്‍ പ്രേക്ഷകര്‍ക്ക്‌ വളരെ കൗതുകമുളവാക്കി. ഞങ്ങളുടെ എട്ടു വയസ്സുകാരന്‌ ഒരു നാരായിണി ഭ്രമം തുടങ്ങിയോ എന്നും ഒരു ചെറിയ സംശയം ഇല്ലാതില്ല.
ശോഭനയുടെ `കൃഷ്‌ണ' വര്‍ണ്ണ ബഹുലമായ ഒരു നൃത്ത വിസ്‌മയം
ശോഭനയുടെ `കൃഷ്‌ണ' വര്‍ണ്ണ ബഹുലമായ ഒരു നൃത്ത വിസ്‌മയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക