Image

ഉട്ടോപ്യയിലെ രാജാവ്: രസകരമായ കഥാവിഷ്‌കാരം

ആശ എസ് പണിക്കര്‍ Published on 16 September, 2015
ഉട്ടോപ്യയിലെ രാജാവ്:                                   രസകരമായ കഥാവിഷ്‌കാരം
സമകാലീന രാഷ്ട്രീയ സംഭവങ്ങളും അത് സമൂഹ മനോഭാവത്തില്‍ ഉളവാക്കിയ മാറ്റങ്ങളും വളരെ രസകരമായി തന്നെ ചിത്രീകരിച്ച സിനിമയാണ് ഉട്ടോപ്യയിലെ രാജാവ്. മരണശേഷം ഓര്‍മകളിലേക്ക് മാറ്റി വയ്ക്കപ്പെടുകയും എവിടെയും സ്ഥാപിക്കപ്പെടാതെയും പോകുന്ന പരമേശ്വരന്‍ പിള്ള എന്ന ഗാന്ധിയന്റെ പ്രതിമ താന്‍ ജീവിച്ചിരുന്നപ്പോഴുളള കഥ പറയുന്നതാണ് സിനിമയുടെ തുടക്കം. കഥ പറയുന്നതാകട്ടെ യേശു ക്രിസ്തുവിനോടും. 

കോക്രാങ്കര എന്ന സാങ്കല്‍പിക ഗ്രാമത്തിലെ സി.പി സ്വതന്ത്രന്‍ എന്ന സാധാരണകാരനും ശുദ്ധനുമായ കഥാനായകന്‍. തനി നാട്ടിന്‍പുറത്തുകാരായ ഒരു പറ്റം സുഹൃത്തുക്കള്‍. നല്ല സാമ്പത്തികശേഷിയുളള തറവാട്ടിലെ അംഗമാണ് സ്വതന്ത്രന്‍. അച്ഛനും അമ്മയുമില്ല. ധാരാളം സ്വത്തുണ്ടെങ്കിലും സ്വന്തം ഇഷ്ടത്തിന് അനുഭവിക്കാന്‍ യോഗമില്ലാത്ത ആളാണ് സ്വതന്ത്രന്‍. അതുകൊണ്ടു തന്നെ നാട്ടില്‍ തനിക്ക് ഒരു വിലയില്ലെന്ന കുറച്ചില്‍ സ്വതന്ത്രനുണ്ട്. ഈ കുറച്ചില്‍ മാറ്റാനും സമൂഹത്തില്‍ മാന്യതയും പേരുമൊക്കെ നേടാന്‍ സ്വതന്ത്രനെ അയാളുടെ സുഹൃത്തുക്കള്‍ സഹായിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് കഥയില്‍. 

ചിത്രത്തിന്റെ ആദ്യ പകുതി തികച്ചും രസകരമാണ്. സ്വതന്ത്രന്റെ ഏറ്റവും അടുത്ത ചങ്ങാതിയാണ് പണ്ടാണി. സഖാവ് തീക്കോയി അങ്ങനെ കുറച്ചു പേര്‍. കഥയിലെ വില്ലന്‍ സോമന്‍ തമ്പിയാണ്. സ്വതന്ത്രന്റെ അച്ഛന്റെ സ്വത്തുവകകള്‍ അയാള്‍ കൈയ്യടക്കി വച്ചിരിക്കുകയാണ്. അയാളുടെ കൈയ്യില്‍ നിന്നും സ്വത്തും പ്രമാണവും വീണ്ടെടുത്ത് കോക്രാങ്കരയില്‍ തന്റെ അച്ഛന്‍ പരമേശ്വരന്‍ പിള്ളയുടെ പ്രതിമ സ്ഥാപിക്കുക എന്നതാണ് സ്വതന്ത്രന്റെ ലക്ഷ്യം. ഈ പ്രതിമ സ്ഥാപിക്കാന്‍ സ്വതന്ത്രന്‍ നടത്തുന്ന ശ്രമങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയില്‍. 
കഥയുടെ രണ്ടാം പകുതിയില്‍ അത്ര കണ്ട് ചിരിക്കാനില്ലാത്ത കാര്യങ്ങളാണ് അരങ്ങേറുന്നത്. കഥയിലെ നായികയായി എത്തിയ ജുവല്‍മേരി തന്റെ കഥാപാത്രത്തെ മികച്ചതാക്കിയിട്ടുണ്ട്. സെക്രട്ടേറിയറ്റിനു മുമ്പില്‍ നിരവധി സമരങ്ങള്‍ക്കൊപ്പം കഴിയുമ്പോള്‍ തന്റെ ഒറ്റയാള്‍ സമരം ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നത് സ്വതന്ത്രന്‍ തിരിച്ചറിയുന്നു. ഒപ്പം തന്റെ അച്ഛന്റെ പ്രതിമ സ്ഥാപിച്ചതു കൊണ്ട് പ്രത്യേകിച്ചു നേട്ടമൊന്നും ഇല്ലെന്നും മറിച്ച് നീതി ലഭിക്കേണ്ട നിരവധി കാര്യങ്ങള്‍ തനിക്കു ചുറ്റുമുണ്ടെന്നുമുള്ള തിരിച്ചറിവ് സ്വതന്ത്രനുണ്ടാകുന്നു. എന്നും മറ്റുള്ളവര്‍ പറയുന്നതു കേട്ട് അബദ്ധങ്ങളില്‍ ചാടുന്ന അയാള്‍ പിന്നീട് തികച്ചും അപ്രതീക്ഷിതമായി തനിക്കു ചുറ്റുമുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ പ്രതികരിക്കുകയാണ്. ഇതോടെ അയാളും അയാള്‍ നടത്തുന്ന സമരവും  സമൂഹത്തിന്റെ മുന്നില്‍ ശ്രദ്ധിക്കപ്പെടുന്നു. ഒപ്പം സമരം നടത്തിയ പലരുടേയും കാര്യങ്ങള്‍ അധികാരികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനും സാധിക്കുന്നു. 

തനിക്ക് അര്‍ഹതപ്പെട്ട പെന്‍ഷനു വേണ്ടി 21 വര്‍ഷമായി സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരം നടത്തുന്ന വൃദ്ധനെയും കൊണ്ട് സ്വതന്ത്രന്‍ മന്ത്രിയുടെ മുന്നില്‍ എത്തുന്നുണ്ട്. താന്‍ ആരാണെന്ന ചോദ്യത്തിന് ' ഞാന്‍ ഒരു മണ്ടന്‍. എപ്പോഴും നിങ്ങള്‍ക്ക് വോട്ടു ചെയ്ത് വിജയിപ്പിക്കുന്ന ഒരു മന്ദബുദ്ധി' എന്നു പറയുമ്പോള്‍ പ്രേക്ഷകര്‍ അത് കൈയ്യടിയോടെ സ്വീകരിക്കുന്നു. 

സ്വതന്ത്രനായി എത്തിയ മമ്മൂട്ടി മികച്ച അഭിനയം തന്നെ പുറത്തെടുത്തു. സുഹൃത്ത് പിണ്ടാണിയായി ലോലിതന്‍ നല്ല അഭിനയം തന്നെ കാഴ്ചവച്ചിട്ടുണ്ട്. ക്രിസ്തുവായി വരുന്ന ടിനി ടോം, സുനില്‍ സുഗത, ജോയ് മാത്യു, കെ.പി.എ.സി ലളിത, സുധീര്‍ കരമന, സേതുലക്ഷ്മി, നോബി, ജയരാജ് വാര്യര്‍, ശശി കലിങ്ക എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങള്‍ മികച്ചതാക്കി. അത്യുഗ്രന്‍ എന്നു വിശേഷിപ്പിക്കാന്‍ കഴിയില്ലെങ്കിലും ഇതിലെ കഥാപാത്രങ്ങള്‍ നമുക്കിന്നും സുപരിചിതമായിരിക്കും. ഇതിലെ സംഭവങ്ങളും. അതുകൊണ്ടു തന്നെ രസകരമായി കാണാന്‍ കഴിയുന്ന ഒരു ചിത്രമായിരിക്കും ഉട്ടോപ്യയിലെ രാജാവ് എന്നതില്‍ സംശയമില്ല. 

                                       
ഉട്ടോപ്യയിലെ രാജാവ്:                                   രസകരമായ കഥാവിഷ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക