Image

ഡബിള്‍ ബാരല്‍: പ്രേക്ഷകനെ ഇങ്ങനെ കൊല്ലരുതേ..

ആശ എസ് പണിക്കര്‍ Published on 14 September, 2015
                                       ഡബിള്‍ ബാരല്‍:                     പ്രേക്ഷകനെ ഇങ്ങനെ കൊല്ലരുതേ..
' അടിയില്ല, വെടി മാത്രമെന്ന് കഥാപാത്രത്തിന്റെ ഡയലോഗുകള്‍ എടുത്താലും സത്യമാകും. കാരണം ഡബിള്‍ ബാരല്‍ കാണാന്‍ പോകുന്ന പ്രേക്ഷകന് കിട്ടുന്നത്  രണ്ടര മണിക്കൂര്‍ മുഴുവന്‍ അവന്റെ ക്ഷമയ്ക്കു നേര്‍ക്കുള്ള വെടിയുണ്ടകള്‍. 

സിനിമയുടെ  പോസ്റ്ററുകളും ടീസറുമെല്ലാം കണ്ടപ്പോള്‍ തന്നെ ഏതു ഗണത്തില്‍ പെടുന്ന സിനിമയായിരിക്കും എന്ന് ഒരു ഏകദേശ രൂപമുണ്ടായിരുന്നു. ഓണക്കാലത്ത് റിലീസ് ചെയ്ത ചിത്രമായതു കൊണ്ട് ഓണത്തിനു കിട്ടുന്ന കുറച്ച് കാണികള്‍ ഈ സിനിമയ്ക്കും കിട്ടി എന്നതു നിര്‍മാതാവിനെ സംബന്ധിച്ച് ഭാഗ്യമായി കരുതാം.

ലൈല, മജ്‌നു എന്നീ രത്‌നങ്ങള്‍ക്കു വേണ്ടി അധോലോകത്തെ വമ്പന്‍മാര്‍ നടത്തുന്ന വീരസാഹസിക പരാക്രമങ്ങളാണ് കഥയുടെ ഉള്ളടക്കം. സിനിമ തുടങ്ങി ആദ്യത്തെ അര മണിക്കൂറിനുള്ളില്‍ തന്നെ കഥയെന്താണെന്ന് സാധാരണക്കാരായ പ്രേക്ഷകര്‍ക്ക് മനസിലാകും. ടോം ആന്‍ഡ് ജെറിയുടെ സ്ഥിരം കാണികള്‍ക്കും ബാലരമയുടെ സ്ഥിരം വായനക്കാര്‍ക്കും കഥ പെട്ടെന്ന് മനസിലായെങ്കില്‍ അത്ഭുതപ്പെടാനില്ല. കാരണം സംഭവങ്ങള്‍ അതൊക്കെ തന്നെ. 

സ്‌കീനില്‍ തെളിയാന്‍ പോകുന്ന നിരവധി യുക്തിയില്ലാത്ത സംഭവങ്ങള്‍ക്ക് ഒരു മുന്‍കൂര്‍ ജാമ്യമെന്നോണം 'ലോജിക്കില്ലാത്ത കഥയാണ്, നൈജീരിയക്കാര്‍ വരെ മലയാളം പറയും എന്നൊക്കെ എഴുതിക്കാണിക്കുന്നുണ്ട്. അനിമേറ്റഡ് വിഷ്വലുകളുടെ അകമ്പടിയില്‍  തെളിഞ്ഞ ടൈറ്റില്‍ കാര്‍ഡുകള്‍ കണ്ട് പ്രേക്ഷകര്‍ വീണ്ടും അമ്പരക്കുന്നു. അത്തള പിത്തള തവളാച്ചി എന്ന ഗാനം കേട്ട് ആദ്യം തന്നെ അമ്പരക്കാനായിരുന്നു പ്രേക്ഷകരുടെ വിധി. 

ആദ്യ സീനില്‍ തന്നെ ഈ ചിത്രത്തിന്റെ കഥ എങ്ങനെ പറയാനാണ് സംവിധായകന്‍ ഉദ്ദേശിക്കുന്നതെന്ന് കാട്ടിത്തന്നിട്ടുണ്ട്. സണ്ണിവെയ്‌നും അനില്‍ രാധാകൃഷ്ണ മേനോനും ഒരുമിച്ചെത്തുന്ന സീനില്‍ തന്നെ കഥയുടെ ഏകദേശ രൂപം കാണാന്‍ പറ്റും. അവിടെ നിന്നും ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവരിലേക്ക് ക്യാമറ നീളുമ്പോള്‍ കാണികള്‍ വീണ്ടും അമ്പരക്കുന്നു. ലൈല, മജ്‌നു എന്നീ രത്‌നങ്ങള്‍ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. ഇവരുടെ കൂടെ ചെമ്പന്‍ വിനോദ്, ഇഷ ,ഷെര്‍വാണി, വിജയ് ബാബു, ആര്യ എന്നിവര്‍ കൂടിയെത്തുന്നതോടെ  ആകെ വെടിയും പുകയും കൊണ്ട് സ്‌ക്രീന്‍ നിറയുന്നു. 

സത്യന്‍ അന്തിക്കാടിന്റെ നാടോടിക്കാറ്റ് മുതല്‍ തനി മണ്ടന്‍മാരായ ഗുണ്ടകളെ  പ്രേക്ഷകന്‍ കാണുന്നതാണ്. എന്നാല്‍ ഈ സിനിമയില്‍ അധോലോക ഗുണ്ടകളെ വരെ മണ്ടന്‍മാരായി അവതരിപ്പിച്ചിരിക്കുന്നു. അവരുടെ മണ്ടത്തരങ്ങള്‍ മുഴുവന്‍ പ്രേക്ഷകന് രസിക്കും എന്ന വിശ്വാസത്തിലായിരിക്കണം സംവിധായകന്‍ ഇത്രയധികം കോപ്രായങ്ങള്‍ അവരെ കൊണ്ട് ചെയ്യിക്കുന്നത്. ഇതെല്ലാം കണ്ട് സ്ത്രീ പ്രേക്ഷകര്‍  തൊണ്ടയില്‍ പഴുത്തതു പോലെ സഹിച്ചിരിക്കുന്നതും കാണാമായിരുന്നു. പ്രത്യേകിച്ച് സ്ത്രീകള്‍. 

ഇടവേളയ്ക്കു ശേഷം രത്‌ന വേട്ടയ്ക്കുള്ള ഓട്ടമണ്. ആര്യക്കും ചെമ്പന്‍ വിനോദിനുമൊപ്പം സ്വാതി റെഡ്ഢിയുടെയും സ്ഫടികത്തിലെ തുരപ്പന്‍ സെബാസ്റ്റ്യനുമുണ്ട്. ഇവര്‍ ആത്മാക്കളാണത്രേ. ഇവരുടെ പ്രകടനം കണ്ട് പ്രേക്ഷകര്‍ക്ക് പലപ്പാഴും തിയേറ്റര്‍ വിട്ട് ഓടിപ്പോകാന്‍ തോന്നിയെങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.  ക്‌ളൈമാക്‌സിലെ സീനുകളാണ് പ്രേക്ഷകനെ നട്ടം തിരിക്കുന്നത്. ഒരേ ലക്ഷ്യത്തിനായി പല വഴികളില്‍ സഞ്ചരിച്ചിരുന്നവരെല്ലാം ഒടുവില്‍ ഒരു കുന്നിന്റെ മുകളിലെത്തുന്നു. നൂറു കോടി രൂപയുടെ രത്‌നങ്ങള്‍ക്കു വേണ്ടിയുള്ള പരക്കം പാച്ചിലാണ് കഥാപാത്രങ്ങള്‍ നടത്തുന്നതെങ്കില്‍ ഏതാണ്ട് അത്ര തന്നെ മുടക്കിയാണ് ക്‌ളൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് എന്നു തോന്നിപ്പോകും. കാരണം. കാരണം ബൈക്കും കാറും ഹെലികോപ്റ്ററുമെല്ലാം ചേര്‍ന്ന് ആകെ വെടിയും പുകയുമായി ഒരന്തരീക്ഷം. 

എല്ലാത്തിനുമൊടുവില്‍ ഡബിള്‍ ബാരല്‍ ശുഭപര്യവസാനം കൈവരുമ്പോള്‍ പ്രേക്ഷകര്‍ കൂവലോടെയാണ് എതിരേറ്റത്. കാരണം കേവലം രണ്ട് രത്‌നങ്ങല്‍ സ്വന്തമാക്കാന്‍ നായകന്‍മാരും മറ്റ് അധോലോക ഗുണ്ടകളും ചേര്‍ന്നു നടത്തുന്ന വീര സാഹസിക കൃത്യങ്ങള്‍ മുഴുവന്‍ കോമഡിയില്‍ മുക്കിയെടുത്ത സംവിധായകന്റെ ധീരത കാണാതെ പോകരുത്. അസംഭവ്യങ്ങളായ കാര്യങ്ങള്‍ മാത്രം അണി നിരക്കുന്നതും എത്ര കഷ്ടപ്പെട്ടാലും യുക്തിക്കു നിരക്കാത്തതുമായ കാര്യങ്ങള്‍ കുത്തി നിറച്ച സിനിമയാണെന്നറിഞ്ഞു തന്നെ അത് നിര്‍മിക്കാന്‍ നിരര്‍മാതാക്കള്‍ മുന്നോട്ടു വരുമ്പോള്‍ സംവിധായകന് ധൈര്യം കിട്ടിയതില്‍ അത്ഭുതപ്പെടാനില്ല.  വ്യത്യസ്തമായ ട്രീറ്റ്‌മെന്റില്‍ കഥ പറയാനാണ് സംവിധായകന്‍ ശ്രമിച്ചതെന്ന് വാദിച്ചാല്‍ തന്നെയും അതിരു കവിഞ്ഞ അസംഭവ്യ കാര്യങ്ങള്‍ കൊണ്ട് നിറഞ്ഞു നില്‍ക്കുന്ന സിനിമ സാധാരണ പ്രേക്ഷകനെ രസിപ്പിക്കില്ല എന്നതു സത്യമാണ്. 

സണ്ണി വെയ്ന്‍ എന്ന നടനെ ഒരു ഡയലോഗ് പോലുമില്ലാതെ സംവിധായകന്‍ അവതരിപ്പിച്ച രീതി കൊള്ളാം. ചിലപ്പോഴെങ്കിലും കഥാപാത്രപങ്ങളെ തന്റെ വഴിക്കു കൊണ്ടു വരാന്‍  സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അഭിനന്ദന്‍ രാമാനുജന്റെ ഛായാഗ്രഹണം മികച്ചതായി. എഡിറ്റിംഗില്‍ കുറച്ചു കൂടി മിതത്വം പാലിച്ചിരുന്നെങ്കിലില്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം കുറച്ച് അല്‍പം കൂടി രസകരമാക്കാമായിരുന്നു. എന്തായാലും  വ്യത്യസ്തത എന്ന പേരില്‍ എന്തു കാണിച്ചാലും പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് തോന്നല്‍ സംവിധായകര്‍ക്കും താരങ്ങള്‍ക്കും ഉണ്ടെങ്കില്‍ അത് മാറിക്കിട്ടാന്‍ ഈ ചിത്രത്തിന്റെ തിയേറ്ററുകളിലെ അവസ്ഥ ഉപകരിച്ചേക്കും.

                                       ഡബിള്‍ ബാരല്‍:                     പ്രേക്ഷകനെ ഇങ്ങനെ കൊല്ലരുതേ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക