Image

കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ജമ്‌നാ പ്യാരി

Published on 10 September, 2015
കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ജമ്‌നാ പ്യാരി
കഴിഞഞ ഓണക്കാലത്ത്‌ പുറത്തിറങ്ങിയതില്‍ അധികം ബഹളം വയ്‌ക്കാത വന്ന്‌ മികച്ച വിജയം നേടുന്ന ചിത്രങ്ങളില്‍ ഒന്നാണ്‌ ജമ്‌നാ പ്യാരി. എന്നു വച്ചാല്‍ എന്താണെന്ന്‌ മാത്രം ചോദിക്കരുത്‌. കഥയില്‍ ചോദ്യമില്ല എന്നല്ലേ പറയുക.

പ്രാദേശികമായ ഭാഷാ പ്രയോഗശൈലികള്‍ നിറയുന്ന സംഭാഷണം ഉരുവിട്ടുകൊണ്ടുള്ള മലയാള സിനിമകള്‍ ഇതിനു മുമ്പും മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്‌. തിരുവനന്തപുരവും കോഴിക്കോടും തൃശൂരുമെല്ലാം അതത്‌ ജില്ലകളിലെ ഭാഷാ ശൈലിയുടെ പ്രത്യേകത കൊണ്ട്‌ സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. ഈ ശ്രേണിയില്‍ ഏറ്റവം ഒടുവിലത്തെ ചിത്രമാണ്‌ തൃശൂര്‍ ഭാഷ ആദ്യന്തം നിറഞ്ഞു നില്‍ക്കുന്ന ജമ്‌നാപ്യാരി

കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന വാസൂട്ടി എന്ന ഓട്ടോ ഡ്രൈവറാണ്‌ ചിത്രത്തിലെ നായകന്‍. തൃശൂര്‍ ഭാഷ സംസാരിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവറായി ചാക്കോച്ചന്‍ ശരിക്കും തിളങ്ങി. ചോക്‌ളേറ്റ്‌ നായകനില്‍ നിന്നും മാറി വ്യത്യസ്‌തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ചാക്കോച്ചന്റെ തീരുമാനം തികച്ചും അര്‍ത്ഥവത്താണെന്ന്‌ ഈ സിനിമയിലെ കഥാപത്രവും തെളിയിക്കുന്നു. പുതുമുഖമാണെങ്കിലും നായിക ഗായത്രി സുരേഷ്‌ കഥാപാത്രത്തെ പൂര്‍ണമായി ഉള്‍ക്കൊണ്ടിട്ടുണ്ട്‌. തികച്ചും ഗ്രാമീണമായ സംസാരശൈലയും പ്രയോഗങ്ങളും കൊണ്ട്‌ പാര്‍വതി എന്ന കഥാപാത്രത്തെ ഗായത്രി ഗംഭീരമാക്കി.

കഥയുടെ പ്രയാണത്തെ ത്വരിതപ്പെടുത്തുന്നതിലും പ്രേക്ഷകര്‍ക്ക്‌ ആവശ്യമായ രസകരമായ മുഹൂര്‍ത്തങ്ങള്‍ സൃഷ്‌ടിക്കുന്നതിനലും നായകനോടൊപ്പം വേറെയും നിരവധി കഥാപാത്രങ്ങളുണ്ട്‌. സുരാജ്‌ വെഞ്ഞാറമൂട്‌ അവചരിപ്പിക്കുന്ന സാബു പ്രേക്ഷകനെ ഏറെ ചിരിപ്പിക്കുന്ന കഥാപാത്രം തന്നെയാണ്‌. ആദ്യം ഗുണ്ടാപ്പണി ചെയ്‌തിരുന്ന സാബു ഇപ്പോള്‍ മര്യാദക്കാരനായി ഏതൊരു സാധാരണ യുവാവിനെയും പോലെ ഭാര്യയോട്‌ അത്യാവശ്യം പേടിയൊക്കെയയി കഴിയുന്നു. ജോയ്‌ മാത്യു, സുധീര്‍ കരമന, അജു വര്‍ഗീസ്‌, മണിയന്‍പിള്ള രാജു എന്നിവര്‍ തങ്ങളുടെ ഭാഗം ഗംഭീരമാക്കിയിട്ടുണ്ട്‌. സൂഹൃത്തുക്കളുടെ തമിഴ്‌നാട്ടിലേക്കുള്ള യാത്രയും അതിനിടയിലെ സംഭവങ്ങളും പ്രേക്ഷകര്‍ക്ക്‌ ചിരിക്കാന്‍ വക നല്‍കുന്നതാണ്‌. കഥാ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ചുള്ള ചടുലമായ ഗാനങ്ങളും ഏറെ രസകരമാണ്‌. കോടികള്‍ മുതല്‍മുടക്കി നിര്‍മിക്കുന്ന ചിത്രങ്ങളിലെ ആക്ഷനും പ്രണയരംഗങ്ങളുമൊന്നും പ്രതീക്ഷിച്ച്‌ ജമ്‌നാപ്യാരി കാണാന്‍ പോകരുത്‌. ജീവിതവും നര്‍മവും ആകാംക്ഷയുമെല്ലാം നിറഞ്ഞ വളരെ ലളിതമായ ഒരു കൊച്ചു ചിത്രമാണ്‌ ജമ്‌നാപ്യാരി. മനസിന്‌ സന്തോഷം പകരുന്ന നിറമുള്ള സിനിമയായിരിക്കും ഇതെന്നതില്‍ സംശയമില്ല. സംവിധായകന്‍ തോമസ്‌ സെബാസ്റ്റ്യനും തിരക്കഥാകൃത്ത്‌ പി.പി. അരുണിനും ഒരു നല്ല ചിത്രം പ്രേക്ഷകര്‍ക്കായി ഒരുക്കിയതില്‍ സന്തോഷിക്കാം.
കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ജമ്‌നാ പ്യാരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക