Image

മെട്രോ: അന്തിമ തീരുമാനം നാളെയെന്ന് ഇ ശ്രീധരന്‍

Published on 11 January, 2012
മെട്രോ: അന്തിമ തീരുമാനം നാളെയെന്ന് ഇ ശ്രീധരന്‍
കൊച്ചി: മെട്രോ റെയില്‍ പദ്ധതി നടത്തിപ്പ് സംബന്ധിച്ച അന്തിമ തീരുമാനം വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചയില്‍ ഉണ്ടാവുമെന്ന് ഇ. ശ്രീധരന്‍ പറഞ്ഞു. വിവാദ വിഷയങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച ചെയ്തു. അദ്ദേഹത്തിന് കാര്യങ്ങള്‍ ബോധ്യമായി. പദ്ധതി ഡി.എം.ആര്‍.സിയെ ഏല്‍പ്പിച്ചാല്‍ പൂര്‍ണ്ണ ചുമതല താന്‍ ഏറ്റെടുക്കുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കുന്ന ജപ്പാനിലെ സ്ഥാപനവുമായി താന്‍ ബന്ധപ്പെട്ടിരുന്നു. ഡി.എം.ആര്‍.സിയെ പദ്ധതി ഏല്‍പ്പിച്ചാല്‍ ഗ്ലോബല്‍ ടെന്‍ഡര്‍ വേണമെന്ന കാര്യത്തില്‍ നിര്‍ബന്ധം പിടിക്കില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡി.എം.ആര്‍.സിയെ അവര്‍ക്ക് വിശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു.

വിരമിച്ചതിനുശേഷവും ജോലി തുടരാന്‍ തനിക്ക് താത്പര്യമില്ല. എന്നാല്‍ കൊച്ചി മെട്രോ റെയില്‍ പദ്ധതിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ട്. പദ്ധതി നടപ്പാക്കുന്നതില്‍ തനിക്ക് സന്തോഷമാണുള്ളത്. പദ്ധതി ഏല്‍പ്പിച്ചാല്‍ നാലു വര്‍ഷത്തിനകം ഡി.എം.ആര്‍.സിക്ക് പൂര്‍ത്തിയാക്കാന്‍ കഴിയും. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത് അനുസരിച്ച് മൂന്നു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാമെന്ന് താന്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്.

വലിയ പദ്ധതി ആയതിനാല്‍ തനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല. ടീം വര്‍ക്ക് വേണ്ടതിനാല്‍ ഡി.എം.ആര്‍.സിയുടെ സഹായം തേടേണ്ടിവരും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് ഇക്കാര്യത്തില്‍ മുന്‍പരിചയമില്ല. അതിനാല്‍ അവര്‍ക്ക് തന്നെ സഹായിക്കാനാവില്ല. ഈ സാഹചര്യത്തില്‍ തന്നെ ഉപദേശകനായോ കണ്‍സള്‍ട്ടന്റായോ നിയമിച്ചിട്ട് കാര്യമില്ല.

ഡി.എം.ആര്‍.സിയ്ക്ക് ബിസിനസ് ഉണ്ടാക്കാന്‍ വേണ്ടിയല്ല താന്‍ ഇക്കാര്യം പറയുന്നത്. നാലു കോടിയിലേറെയാണ് ഡി.എം.ആര്‍.സിയുടെ പ്രതിദിന വരുമാനം. കൊച്ചി മെട്രോ റെയില്‍ നിര്‍മ്മിച്ചിട്ട് അവര്‍ക്ക് ലാഭമുണ്ടാക്കേണ്ട കാര്യമില്ല. രാജ്യം മുഴുവന്‍ മെട്രോ റെയില്‍ വ്യാപിപ്പിക്കണമെന്ന ആഗ്രഹത്തോടെയാണ് ഡി.എം.ആര്‍.സി മുന്നോട്ടു വരുന്നത്.

ഡി.എം.ആര്‍.സി ഏറ്റെടുത്താല്‍ പദ്ധതി വേഗത്തില്‍ നടപ്പാക്കാന്‍ കഴിയും. രണ്ടു മാസത്തിനകം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ഡി.എം.ആര്‍.സിയെ പദ്ധതി ഏല്‍പ്പിച്ചില്ലെങ്കില്‍ നാലു വര്‍ഷമെങ്കിലും പദ്ധതി വൈകും. കൊച്ചിയില്‍ ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെയോ വൈദ്യുതി ബോര്‍ഡിന്റെയോ സഹകരണം ലഭിക്കുന്നില്ല. തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിക്കും. കെ.എസ്.ഇ.ബി ചെയര്‍മാനുമായും താന്‍ ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക