Image

രാജിവെയ്ക്കാന്‍ തയാറെന്ന് സര്‍ദാരി

Published on 11 January, 2012
രാജിവെയ്ക്കാന്‍ തയാറെന്ന് സര്‍ദാരി
ഇസ്‌ലാമാബാദ്: പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയും സഖ്യകക്ഷികളും നിര്‍ദ്ദേശിക്കുന്ന പക്ഷം പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാന്‍ തയാറാണെന്ന് ആസിഫലി സര്‍ദാരി വ്യക്തമാക്കി. പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയുടെ സാന്നിധ്യത്തില്‍ സഖ്യകക്ഷികളുമായി നടത്തിയ യോഗത്തിലാണ് സര്‍ദാരി രാജിസന്നദ്ധത പ്രകടിപ്പിച്ചതെന്ന് പാകിസ്താനിലെ പ്രമുഖപത്രം റിപ്പോര്‍ട്ടു ചെയ്തു. ജനവരി 12-ന് ദേശീയ അസംബ്ലിയുടെ പ്രത്യേകയോഗം വിളിച്ചു ചേര്‍ക്കാനും യോഗത്തില്‍ തീരുമാനമായി. അതിനുമുമ്പ് എം.പിമാരുടെ യോഗം നടക്കും.

സര്‍ക്കാറും നീതിപീഠവും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്നാണിത്. സര്‍ദാരിയടക്കം ഭരണകക്ഷിയായ പി.പി.പി. യുടെ പ്രമുഖ നേതാക്കള്‍ക്കെതിരായ അഴിമതിക്കേസുകള്‍ പുനരാരംഭിക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം വിവാദമായിട്ടുണ്ട്. രഹസ്യ കത്തു വിവാദത്തെപ്പറ്റി അന്വേഷിക്കാന്‍ സുപ്രീം കോടതി ജുഡീഷ്യല്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

ഉസാമ ബിന്‍ ലാദനെ അമേരിക്കന്‍ സൈന്യം വധിച്ചപ്പോള്‍ പട്ടാള അട്ടിമറിയില്‍ നിന്ന് സംരക്ഷണത്തിനായി സര്‍ദാരി അമേരിക്കന്‍ സഹായം തേടിയെന്ന വിവാദ വെളിപ്പെടുത്തലാണ് പാര്‍ലമെന്റിന്റെയും സുപ്രീം കോടതിയുടെയും സമിതികള്‍ അന്വേഷിക്കുന്നത്.

കത്ത് യു.എസ്. ഭരണകൂടത്തിനു കൈമാറിയതു താനാണെന്ന് പാക് വംശജനായ അമേരിക്കന്‍ വ്യവസായി മന്‍സൂര്‍ ഐജാസ് അവകാശപ്പെട്ടതോടെ പൊട്ടിപ്പുറപ്പെട്ട വിവാദം പാക് സൈന്യവും സര്‍ക്കാറും തമ്മിലുള്ള ബന്ധവും വഷളാക്കിയിരിക്കുകയാണ്. ഐജാസ് പറയുന്ന പോലൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക