Image

ചെങ്ങന്നൂരില്‍ യു.ഡി.എഫ് ഹര്‍ത്താല്‍

Published on 09 January, 2012
ചെങ്ങന്നൂരില്‍ യു.ഡി.എഫ് ഹര്‍ത്താല്‍
മാന്നാര്‍: റോഡ് ഉദ്ഘാടനത്തിനെത്തിയ പി.സി. വിഷ്ണുനാഥ് എം.എല്‍.എ.യെ സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ചെങ്ങന്നൂരില്‍ യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിക്കുന്നു.

വിഷ്ണുനാഥിന് മര്‍ദനമേറ്റ സംഭവത്തെത്തുടര്‍ന്ന് രാത്രിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കടയടപ്പിക്കാനുള്ള സി.പി.എം.പ്രവര്‍ത്തകരുടെ ശ്രമത്തിനിടെ കടയുടമ കുഴഞ്ഞുവീണ് മരിച്ചു. കോണ്‍ഗ്രസ് അനുഭാവി എണ്ണയ്ക്കാട് തെക്കേക്കാട്ടില്‍ രവീന്ദ്രനാഥക്കുറുപ്പാണ് (67) മരിച്ചത്.

പുറത്തും നെഞ്ചത്തും ഇടിയേറ്റ വിഷ്ണുനാഥിനെ മാവേലിക്കര ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനിടെ രണ്ടു സ്ത്രീകള്‍ക്കും പരിക്കേറ്റു. ആക്രമണത്തിനു നേതൃത്വം കൊടുത്ത ലോക്കല്‍ സെക്രട്ടറി ബി.കെ. പ്രസാദ് ഉള്‍പ്പെടെ ഇരുപതോളംപേരെ മാന്നാര്‍ പോലീസ് അറസ്റ്റുചെയ്തു.

ഞായറാഴ്ച വൈകീട്ട് നാലരയോടെ കുട്ടമ്പേരൂര്‍ അങ്കണവാടി-കണ്ണനാകുഴി പാടശേഖരറോഡ് ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് എം.എല്‍.എ.യെ ആക്രമിച്ചത്. എം.എല്‍.എ. എത്തുംമുമ്പുതന്നെ സി.പി.എമ്മുകാര്‍ ഉദ്ഘാടനവേദി അടിച്ചുതകര്‍ത്തു. പിന്നീട് ഉദ്ഘാടനത്തിനെത്തിയ എം.എല്‍.എ.യെ സ്വീകരിച്ചുകൊണ്ടുവരുമ്പോള്‍ മാന്നാര്‍ ഈസ്റ്റ് എല്‍.സി. സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരുസംഘം ആളുകള്‍ സ്വീകരണഘോഷയാത്ര തടസ്സപ്പെടുത്തി. തുടര്‍ന്ന് എം.എല്‍.എ. റോഡില്‍ കുത്തിയിരുന്നു. റോഡ് പൂര്‍ണമായും ടാറിങ് നടത്തിയിട്ട് ഉദ്ഘാടനം നടത്തിയാല്‍ മതിയെന്നുപറഞ്ഞാണ് ഇവര്‍ ഉദ്ഘാടനം തടഞ്ഞത്.തുടര്‍ന്ന് എം.എല്‍.എ. ഉദ്ഘാടനവേദിയിലേക്ക് പോകാന്‍ എഴുന്നേറ്റപ്പോഴാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബി.കെ. പ്രസാദ് അദ്ദേഹത്തെ മര്‍ദിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക