Image

ഡോക്യുമെന്ററി മേള : അവസാനദിനവും അവസ്മരണീയം

ആശ എസ് പണിക്കര്‍ Published on 01 July, 2015
  ഡോക്യുമെന്ററി മേള :  അവസാനദിനവും അവസ്മരണീയം
8-ാമത് കേരള രാജ്യാന്തര ഹ്രസ്വചലച്ചിത്രമേളയുടെ അവസാന ദിനമായ ഇന്നലെ (ജൂണ്‍ 30) പ്രദര്‍ശിപ്പിച്ച മുപ്പതോളം ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് അവസ്മരണീയമായ ഓര്‍മ്മകള്‍ പകരുന്നതായിരുന്നു. ഷോട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ ആധുനികതയില്‍ യാഥാസ്ഥികതയും തമ്മിലുള്ള വൈരുദ്ധ്യങ്ങളെ ചിത്രീകരിച്ച 'ഗോയിങ് ഹോമ'ും റെയിവേക്രോസില്‍ ജോലി ചെയ്യുന്ന വൃദ്ധന്റെ കഥ പറഞ്ഞ 'ദി ഗേറ്റ് കീപ്പ'റും മനുഷ്യന്റെ നാഗരിക ജീവിതവും ഏകാന്തതയും തമ്മിലുള്ള ബന്ധത്തെ തുറന്നുകാട്ടി. ഷോട്ട് ഡ്യോക്യുമെന്ററി മല്‍സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആസിഡാക്രമണങ്ങളുടെ കഥ പറഞ്ഞ 'സാക്രഡ്' ഉം മെട്രോ നഗരമായ മുംബയിലെ ശൗചാലയങ്ങളുടെ അവസ്ഥയും അവ ഉപയോഗിക്കാന്‍ പേടിക്കുന്ന സ്ത്രീകളുടെയും കഥ പറഞ്ഞ 'ഇന്‍ഡിവന്‍സെബിള്‍ സ്‌പെയ്‌സ്' ഉം മികച്ച ചിത്രങ്ങളാണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. വര്‍ഷങ്ങളായി ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച സിസ്റ്റര്‍ വല്‍സാ ജോണിന്റെ കഥ ചിത്രീകരിച്ച 'ടേക്കിങ് സൈഡ'ും മികവ് പുലര്‍ത്തി. ഫിലിം മേക്കര്‍ ഇന്‍ ഫോക്കസില്‍ അമിത് ദത്തയുടെ 'സോണി ചിതി'യും ആത്മഹത്യ ചെയ്ത കലാകാരന്‍ ജംഗാര്‍ സിങ് ശ്യാമിന്റെ കഥ പറഞ്ഞ 'ജംഗാര്‍ ഫിലിം-1' ഉം 'വെനീസ് കോര്‍ട്ട'ും പ്രദര്‍ശിപ്പിച്ചു. 
ഷോട്ട് ഫിക്ഷന്‍ ഫോക്കസ് വിഭാഗത്തില്‍ 5 ചിത്രങ്ങളാണ് അവസാനദിവസം എത്തിയത്. ഇതില്‍ ആത്മാര്‍ത്ഥ പ്രണയത്തിന് ജീവിതത്തിലുണ്ടാക്കാന്‍ കഴിയുന്ന മാറ്റങ്ങളുടെ കഥ മനോഹരമായി ചിത്രീകരിച്ച 'സീ സീ' എന്ന മലയാളചിത്രം വൈകാരികതയുടെ തലങ്ങളിലേക്ക് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോയി. കാശ്മീര്‍ താഴ്‌വരയിലെ ദൈനംദിന ജീവിതങ്ങള്‍ പച്ചയായി ചിത്രീകരിച്ച 'ദി മോര്‍നെഴ്‌സ്' മധ്യവര്‍ഗ്ഗ കുടുംബത്തിലെ കൗമാരക്കാരന്റെ ജീവിതവും വികാരങ്ങളും ക്യാമറയില്‍ പകര്‍ത്തിയ പുതിയ ചിന്തകള്‍ പ്രേക്ഷകന് സമ്മാനിക്കുന്ന ചിത്രങ്ങളായിരുന്നു. തിയേറ്ററിനകത്തും പുറത്തും ഇന്നലെ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട ഷാബില്‍കൃഷ്ണ സംവിധാനം ചെയ്ത 'ലിവിംഗ് ദി ഗ്രീന്‍ ഡ്രീം' ആണ്. മരുഭൂമിക്കു സമാനമായ പ്രദേശത്ത് ജൈവകൃഷി സാധ്യമാണെന്ന് ജീവിതം കൊണ്ട് തെളിയിച്ച കര്‍ഷകന്റെ കഥയാണ് ഈ ചിത്രം തിരശ്ശീലയില്‍ അവതരിപ്പിച്ചത്. സാഹചര്യങ്ങളുണ്ടായിട്ടും കൃഷിയില്‍ നിന്നകലുന്ന സമൂഹത്തിന് മുന്നില്‍ ചോദ്യങ്ങളുയര്‍ത്താന്‍ ഈ ഹൃസ്വചിത്രത്തിന് സാധിച്ചു. ഷോട്ട് ഡോക്യുമെന്ററി ഫോക്കസ് വിഭാഗത്തിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടത്. 
ഭൂതകാലത്തെ ഭയന്ന് ജീവിക്കേണ്ടിവരുന്ന മനുഷ്യന്റെ കഥ പറഞ്ഞ 'എവരിതിങ്‌സ് ആള്‍റൈറ്റ്' ഉള്‍പ്പടെ മൂന്നു ചിത്രങ്ങള്‍ രാജ്യാന്തര വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിച്ചു. സാങ്കേതികവിദ്യയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിയ 'റോക്ക്‌സ് ഇന്‍ മൈ പോക്കറ്റ്‌സ്' എന്ന അനിമേഷന്‍ ചിത്രം കാണികള്‍ക്ക് അവസ്മരണീയമായി. കൊറിയന്‍ സിനിമയുടെ പുതുതലങ്ങള്‍ പങ്കുവച്ച ഓര്‍ഡിനറി ഫാമിലി ഉള്‍പ്പടെ മൂന്നു ചിത്രങ്ങള്‍ മേളയുടെ അവസാന മണിക്കൂറുകളെ സമ്പന്നമാക്കി. 


സെന്‍സര്‍ഷിപ്പ് ആവിഷ്‌കാരസ്വാതന്ത്ര്യത്തെ കുറയ്ക്കും

സിനിമാ-ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്ര മേഖലയില്‍ നിലനില്‍ക്കുന്ന സെന്‍സര്‍ഷിപ്പുകള്‍ ഒരു പരിധിവരെ അവയുടെ സംവിധായകരുടെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ കുറയ്ക്കുമെന്ന് സംവിധായകര്‍ അഭിപ്രായപ്പെട്ടു. രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്രമേളയോടനുബന്ധിച്ച് കൈരളിയില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യയെ അപേക്ഷിച്ച് കൊറിയയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം കൂടുതലാണെന്ന് 'ബ്യൂട്ടിഫുള്‍ ഗ്രേ' സംവിധാനം ജും ഹ്യും കിം പറഞ്ഞു. അക്കാദമിക് സിലബസിലില്ലാത്ത യാഥാര്‍ത്ഥ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ കാണിക്കാനാണ് താന്‍ ഡോക്യുമെന്ററി സംവിധാനം ചെയ്തതെന്ന് 'ലിവിംഗ് ദി ഗ്രീന്‍ ഡ്രീം' ന്റെ സംവിധായകന്‍ ഷബില്‍ കൃഷ്ണന്‍ പറഞ്ഞു. പ്രകൃതിസത്യങ്ങള്‍ പോലും വ്യക്തിനിക്ഷിപ്തമായി തിരിച്ചറിയുന്ന സമൂഹത്തിന് മുന്നില്‍ യാഥാര്‍ത്ഥ്യം വിളിച്ചു പറയുവാനുള്ള ശ്രമമായിരുന്നു തന്റെ ഡോക്യുമെന്ററി എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
സ്വന്തം ജീവിത സാഹചര്യങ്ങളെക്കുറിച്ച് ഗോത്രവര്‍ഗ്ഗത്തിന് അവബോധം സൃഷ്ടിക്കുന്നതോടൊപ്പം പുറം ലോകത്തിനു മുന്നില്‍ തുറന്നുകാണിക്കുവാനാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചതെന്ന് 'ഗോയിങ് ഹോം' ന്റെ സംവിധായകന്‍ നിരഞ്ജന്‍ കുമാര്‍ കുജുര്‍ പറഞ്ഞു. ഹിന്ദി ഭാഷയുടെ അധിനിവേശം ഗോത്രവര്‍ഗ്ഗ ഭാഷകളെ  ഉന്‍മൂലനം ചെയ്യുന്നു. കഥയുടെ അന്തസത്ത ചോര്‍ന്നു പോകാതിരിക്കാന്‍ വേണ്ടിയാണ് ഗോത്രവര്‍ഗ്ഗഭാഷയായ കുദുക് ല്‍ ചിത്രം സംവിധാനം ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചേരിപ്രദേശത്തെ ജനങ്ങളുടെ ശബ്ദമാണ് തന്റെ സിനിമയെന്ന് 'ഇന്‍ഡെവിസിബള്‍ സ്‌പെയ്‌സ്'ന്റെ സംവിധായകന്‍ മനീഷ് ശര്‍മ്മ പറഞ്ഞു.
പ്ലേബാക്കുകള്‍ പരീക്ഷണ സൗഹൃദമാണെന്ന് 'എന്റാങ്കിള്‍മെന്റി'ന്റെ സംവിധായിക സാക്ഷാ സിങ് അഭിപ്രായപ്പെട്ടു. 'മാന്‍ ആന്റ് ദി ഓഷ്യന്‍സ്' സംവിധാനം ചെയ്ത തനുമോയി ബോസ് 'എര്‍ത്ത് ഷിറ്റ്' ന്റെ സംവിധായകന്‍ രാമനാഥന്‍ വൈദ്യനാഥന്‍, 'നോട്ട്‌സ് ഓര്‍ ബോണ്ട്‌സ്' സംവിധാനം ചെയ്ത പ്രചിതി കാവ്‌തെ, 'ലഗെ'യുടെ സംവിധായകന്‍ അഭിലാഷ് വിജയന്‍, കെ.ആര്‍. നാരായണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംവിധാന വിഭാഗം മേധാവി കമല്‍ കെ.എം. എന്നിവര്‍ സന്നിഹതരായിരുന്നു.


മികച്ച സംഘാടനം കൊണ്ട് സാര്‍ത്ഥകമായ മേള

ഗൗരവപൂര്‍വം ചലച്ചിത്രങ്ങളെ വീക്ഷിക്കുന്ന പ്രേക്ഷകരുടെ സജീവ പങ്കാളിത്തം കൊണ്ടും മികച്ച സംഘാടനം കൊണ്ടും സാര്‍ത്ഥകമായ മേള എന്ന ഖ്യാതിയോടെയാണ് 8-ാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്രോല്‍സവത്തിന് കൊടിയിറങ്ങുന്നത്. ജൂണ്‍ 26ന് ആരംഭിച്ച മേള 5 ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ കാഴ്ചയുടെ വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ക്കും മൂര്‍ച്ചയേറിയ സംവാദങ്ങള്‍ക്കും മേള വേദിയായി. 
വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 162 അഥിതികളുള്‍പ്പെടെ ആയിരത്തോളം പ്രതിനിധികള്‍ മേളയുടെ ഭാഗമായി. കഴിഞ്ഞവര്‍ഷത്തെക്കാള്‍ ഡെലിഗേറ്റുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് ഹ്രസ്വചലച്ചിത്രമേള സിനിമാപ്രേമികള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചുവെന്നതിന് തെളിവായി. ആറു പേരടങ്ങുന്നതായിരുന്നു 8-ാമത് ഹ്രസ്വചലച്ചിത്രമേളയുടെ വിധി നിര്‍ണ്ണയ സമിതി. 35 രാജ്യങ്ങളില്‍ നിന്നായി എത്തിയ 210 ഓളം ചിത്രങ്ങള്‍ 15 വിഭാഗങ്ങളിലായാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ഇതില്‍ 72 ചിത്രങ്ങള്‍ സമാനതകളില്ലാത്ത മല്‍സരാവേശമാണ് കാഴ്ചവച്ചത്. വെറുമൊരു കാഴ്ചയ്ക്കപ്പുറം സിനിമയെ ഓരോ സാധാരണക്കാരനും പരിചയപ്പെടുത്തുകയായിരുന്നു ഓരോ ദിനങ്ങളും.
പ്രഗത്ഭരായ സംവിധായകരുമായുള്ള പത്രസമ്മേളനങ്ങളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സിനിമാ സംവിധായകര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ച മുഖാമുഖവും മേളയെ പ്രേക്ഷകരിലേക്ക് കൂടുതല്‍ ചേര്‍ത്തു നിറുത്തി. സിനിമയുടെ സുപരിചമല്ലാത്ത തലങ്ങളെ വരുംതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന ഒന്നായിരുന്നു ദിവസേന സംഘടിപ്പിച്ച മാസ്റ്റര്‍ ക്ലാസ്. വിവിധ വിഷയങ്ങളെ സംബന്ധിച്ച് പ്രഭഗത്ഭര്‍ ഈ വിഭാഗത്തില്‍ ക്ലാസുകള്‍ നയിച്ചു. കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതി മലയാളത്തിന്റെ പ്രിയഗാനരചയിതാവ് യൂസഫലികച്ചേരിയുടെ പേരില്‍ നാമകരണം ചെയ്ത കേരള പവലിയനില്‍ അരങ്ങേറിയ കലാപരിപാടികള്‍ മേളയ്ക്ക് കേരളീയ തനിമയേകി. 
മേളയെ ജനകീയമാക്കിയതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച അനേകം ഘടകങ്ങളെ ഏകീകരം നടന്നത് അക്കാദമിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ച ഫെസ്റ്റിവല്‍ ഓഫീസിലായിരുന്നു. മേളയുടെ ഭാഗമായി പ്രവര്‍ത്തിച്ച മീഡിയാസെന്ററും ഡെലിഗേറ്റുകളുടെ സഹായത്തിനായി പ്രവര്‍ത്തിച്ച ഡെലിഗേറ്റ് സെല്ലും മേളയ്ക്ക് ശക്തിയേകി. ഓരോ ദിനത്തിന്റെയും സവിശേഷതകള്‍ പറഞ്ഞും കഴിഞ്ഞുപോയ ദിവസങ്ങളുടെ വിശേഷങ്ങള്‍ പങ്കുവച്ചും അനുദിനം പ്രേക്ഷകരുടെ കൈകളിലെത്തിയ ഡെയിലി ബുള്ളറ്റിനും മീഡിയാ സെന്ററിന്റെ ഭാഗമായി. 
ചെറു ചിത്രങ്ങള്‍ക്ക് പ്രേക്ഷകനുമായി എത്രത്തോളം സംവദിക്കാന്‍ കഴിയുമെന്ന ചോദ്യത്തിനുള്ള ഉത്തരം തേടലായിരുന്നു കഴിഞ്ഞുപോയ നാളുകള്‍. മനസും ശരീരവും സിനിമയ്ക്കായി സമര്‍പ്പിച്ച ഒരു കൂട്ടം കാണികള്‍ താല്‍ക്കാലികമായി പടിയിറങ്ങുകയാണ്. അടുത്ത മേളയ്ക്കായി വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ..  

അനിമേഷനുകളെ ബാലചിത്രങ്ങളായി നിസ്സാരവല്‍ക്കരിക്കരുത് : പ്രസന്‍ജിത്ത് ഗാംഗുലി

ഇന്ത്യന്‍ പ്രേക്ഷകര്‍ അനിമേഷന്‍ ചിത്രങ്ങളെ കേവലം ബാലസിനിമാ വിഭാഗത്തില്‍ പെടുത്തുന്നൂവെന്ന് പ്രശസ്ത അനിമേഷന്‍ സിനമാ സംവിധായകന്‍ പ്രസന്‍ജിത്ത് ഗാംഗുലി പറഞ്ഞു. രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയോടനുബന്ധിച്ച് നിളയില്‍ നടന്ന മാസ്റ്റര്‍ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പ്രേക്ഷക സമൂഹത്തിന്റെ കലാബോധത്തിനും വൈകാരികതയ്ക്കുമനുസരിച്ച് സിനിമ നിര്‍മ്മിക്കാത്തതാണ് അനിമേഷന്‍ ചിത്രങ്ങള്‍ക്ക് സ്വീകാര്യത കുറയുന്നത്. സാങ്കേതികവിദ്യയുടെ അതിപ്രസരം കാരണം അനിമേഷന്‍ സിനിമകളുടെ കാവ്യാത്മകത നഷ്ടമാകുന്നു. സ്ഥിരരൂപങ്ങളില്‍ നിന്നും ആവര്‍ത്തന വിരസതയില്‍ നിന്നും വിമുക്തമാവാതെ അനിമേഷന്‍ സിനിമകള്‍ക്ക് പ്രേക്ഷകരെ ലഭിക്കില്ല. അയഥാര്‍ഥ്യ രൂപങ്ങള്‍ക്ക് യാഥാര്‍ഥ്യത ജനിപ്പിക്കുമ്പോഴാണ് അനിമേഷന്‍ ചിത്രങ്ങള്‍ വിജയകരമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക