Image

ശ്യാമിലി നായികയാകുന്നു

ആശാ പണിക്കര്‍ Published on 17 June, 2015
ശ്യാമിലി നായികയാകുന്നു
മാളൂട്ടി എന്ന എന്ന ഭരതന്‍ സിനിമയിലൂടെ ബാലതാരമായി എത്തിയ ബേബി ശ്യമിലി നായികയായി വെള്ളിത്തിരയിലേക്ക്‌ തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരു കാലത്ത്‌ മലയാളം, തമിഴ്‌ ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ ബാലതാരമായി അഭിനയിച്ച്‌ പ്രകേഷകരുടെ മനസില്‍ ഇടം നേടാന്‍ കഴിഞ്ഞ താരമാണ്‌ ശ്യാമിലി. സിദ്ധാര്‍ത്ഥ്‌ നായകനായി തമിഴില്‍ ഇറങ്ങിയ ഒയ്‌ എന്ന ചിത്രത്തില്‍ നായികയായി ശ്യാമിലി എത്തിയെങ്കിലും പഠനം കാരണം വീണ്ടും സിനിമക്ക്‌ തല്‍ക്കാലം കട്ട്‌ പറയുകയായിരുന്നു.

ഇപ്പോള്‍ പ്രശസ്‌ത സംവിധായകന്‍ കെ.എസ്‌ രവികുമാര്‍ ഒരുക്കുന്ന കന്നഡ ചിത്രത്തില്‍ സുദീപിന്റെ നായികയായി ശ്യാമിലി എത്തുന്നു എന്നതാണ്‌ ഏറ്റവും പുതിയ വാര്‍ത്ത. രജനീകാന്ത്‌ നായകനായ ലിങ്ക എന്ന ചിത്രത്തിനു ശേഷം രവി കുമാര്‍ സംവിധാനം ചെയ്യുമെന്ന ചിത്രമാണിത്‌. ഇതില്‍ ശ്യാമിലി നായികയായി എത്തുമെന്നു തന്നെയാണ്‌ ആരാധകര്‍ പ്രതീക്ഷിക്കുന്നത്‌.

മലയാള സിനിമയില്‍ സൂപ്പര്‍ബാലതാരവും ശ്യാമിലിയുടെ സഹോദരിയുമായിരുന്ന ബേബി ശാലിനി പിന്നീട്‌ അനിയത്തിപ്രാവ്‌ എന്ന ഫാസില്‍ ചിത്രത്തിലൂടെ തിരികെ നായികയായെത്തി നിരവധി ഹിറ്റ്‌ ചിത്രങ്ങള്‍ സമ്മാനിച്ചിരുന്നു. പിന്നീട്‌ തമിഴ്‌ സൂപ്പര്‍ സ്റ്റാര്‍ അജിത്തിനെ വിവാഹം ചെയ്‌ത്‌ കുടുംബിനിയായി കഴിയുകയാണ്‌ ശാലിനിയിപ്പോള്‍. ശ്യാമിലി ഇടയ്‌ക്ക്‌ മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ഫാസിലിന്റെ തന്നെ ഹരികൃഷ്‌ണന്‍സിന്‍ മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തമിഴ്‌ തെലുങ്ക്‌ മലയാളം എന്നിവയുള്‍പ്പെടെ നിരവധി ഭാഷാചിത്രങ്ങളില്‍ ശ്യാമിലി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്‌. എങ്കിലും മണിരത്‌നം സംവിധാനം ചെയ്‌ത `അഞ്‌ജലി' എന്ന സിനിമയിലെ ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ ഉജ്ജ്വലമായി അവതരിപ്പിച്ച ശ്യാമിലി അന്ന്‌ പ്രേക്ഷകരുടെ മനം കവര്‍ന്നിരുന്നു. വെറും മൂന്നര വയസുള്ളപ്പോഴാണ്‌ ശ്യാമിലി ആ കഥാപത്രത്തെ അവതരിപ്പിച്ചത്‌. ചേച്ചി ശാലിനിയെ പോലെ തന്നെ ഹിറ്റ്‌ ചിത്രങ്ങള്‍ സൃഷ്‌ടിക്കാന്‍ ശ്യാമിലിക്കും കഴിയട്ടെ എന്നാശംസിക്കുകയാണ്‌ ആരാധകര്‍.
ശ്യാമിലി നായികയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക