Image

വേണമെങ്കില്‍ ബോറടിക്കാം-തിങ്കള്‍ മുതല്‍ വെള്ളിവരെ

ആശ പണിക്കര്‍ Published on 15 June, 2015
 വേണമെങ്കില്‍ ബോറടിക്കാം-തിങ്കള്‍ മുതല്‍ വെള്ളിവരെ
ജയറാം-കണ്ണന്‍ താമരക്കുളം കൂട്ടുകെട്ട്, ഗായികയും അവതാരകയുമായി പ്രേക്ഷകരുടെ മനം കവര്‍ന്ന റിമി ടോമി നായിക, സീരിയല്‍ രഗത്തെ മിക്ക അഭിനേതാക്കളുടെയും സാന്നിദ്ധ്യം. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന സിനിമ കാണാന്‍ പോയതിന്റെ കാരണങ്ങല്‍ പലതായിരുന്നു. പക്ഷേ സമീപകാലത്തെ റിലീസ് ചെയ്ത മലയാള ചിത്രങ്ങളില്‍ പ്രേകഷകനെ ഏറ്റവുമധികം നിരാശപ്പെടുത്തിയ ചിത്രമാണ് തിങ്കള്‍ മുതല്‍ വെള്ളി വരെ എന്നത് പറയാതെ വയ്യ. 

ജയറാം സിനിമകളില്‍ നിന്നും മലയാള പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്ന നര്‍മവും ജീവിതവുമൊന്നും ഈ ചിത്രത്തിലില്ല. കോമഡിയുടെ പേരില്‍ തട്ടിക്കൂട്ടിയതെല്ലാം പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്ന അവസരങ്ങളായി മാറിയതൊഴിച്ചാല്‍ അത്തരം രംഗങ്ങള്‍ കൊണ്ട് കാര്യമായ പ്രയോജനമൊന്നുമില്ല. വര്‍ഷങ്ങളായി കണ്ടു പരിചയിച്ച സ്ഥിരം ജയറാം ചിത്രങ്ങളുടെ തനിയാവര്‍ത്തനം മാത്രമാണ് ഈ സിനിമയും

ജയദേവന്‍ ചുങ്കത്തറ എന്ന സീരിയല്‍ കഥാകൃത്തായിട്ടാണ് ജയറാം ഈ സിനിമയില്‍ അഭിനയിക്കുന്നത്. സീരിയല്‍ രംഗത്ത് നിലനില്‍ക്കുന്ന ചില പാരപണിയലിന്റെയും തങ്ങളുമായി ഒത്തുപോകാത്ത നടീനടന്‍മരുടെ കഥാപാത്രങ്ങളെ തിരക്കഥയില്‍ വച്ചു തന്നെ കൊന്നില്ലാതാക്കുന്ന ഏര്‍പ്പാടുമെല്ലാം ചിത്രത്തില്‍ കാണിക്കുന്നത് അല്‍പമൊന്ന് ചിരിപ്പിക്കുന്നുണ്ട്. ചിത്രത്തിലാകെ നോക്കിയാല്‍ ഇത്തരം ഒന്നോ രണ്ടോ സീനുകള്‍ മാത്രമാണ് അല്‍പമെങ്കിലും ചിരിക്കാനുളളത്. 

പല ചാനലുകളിലായി നിരവധി സീരിയലുകള്‍ക്ക് കഥയും തിരക്കഥയും എഴുതുന്ന ആളാണ് ജയദേവന്‍. ഒരിക്കലും വിവാഹം കഴിക്കില്ല എന്നു തീരുമാനമെടുത്തിരിക്കുന്ന അയാളുടെ ജീവിതത്തിലേക്ക് സീരിയല്‍ ഭ്രാന്ത് തലയ്ക്ക് പിടിച്ച പുഷ്പവല്ലി കടന്നു വരുന്നതോടെ കഥാകൃത്തായ ജയദേവന്റെ ജീവിതം താളം തെറ്റുന്നു. അയാളെ ഭര്‍ത്താവായി കിട്ടാന്‍ ആത്മഹതക്കു വരെ ശ്രമിച്ചതിനു ശേഷമാണ് ജയദേവന്‍ അവരെ വിവാഹം കഴിക്കുന്നത്. എന്നാല്‍ സംശയാലുവായ പുഷ്പവല്ലിയുടെ പിന്നീടുളള ഓരോ പെരുമാറ്റവും അയാളുടെ സ്വസ്ഥത നശിപ്പിക്കുകയും ഒരു ഘട്ടത്തില്‍ അയാളുടെ എഴുത്ത് പോലും നിര്‍ത്തി വയ്‌ക്കേണ്ടി വരുന്നു. 

കുടുംബസദസുകള്‍ക്ക് പ്രിയങ്കരിയായ അവതാരകയില്‍ നിന്നും അഭിനേത്രിയെന്ന നിലയ്ക്കുള്ള റിമിയുടെ പ്രകടനം പലപ്പോഴും പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്നതായി.  തന്റെ ഭര്‍ത്താവിനോടുള്ള അതിരു കവിഞ്ഞ ,സ്‌നേഹവും മറ്റ് സ്ത്രീകള്‍ അയാളുമായി ഇടപഴകുമ്പോഴുശള്ള സംശയവുമെല്ലാം ചേര്‍ത്ത് പുഷ്പവല്ലിയെ ആകെ അസ്വസ്ഥയാക്കുന്നു. ഇതിന്റെ കെടുതികള്‍ അനുഭവിക്കേണ്ടി വരുന്നതാകട്ടെ ജയദേവനും. എന്നാല്‍ പുഷ്പവല്ലിയുടെ തീക്ഷണമായ സ്‌നേഹം വ്യക്തമാകുന്ന തരത്തിലുള്ള വികാര നിര്‍ഭരമായ രംഗങ്ങളൊന്നും തന്നെ തിരക്കഥയിലോ സ്‌ക്രീനിലോ കാണാനില്ല. അതു കൊണ്ടു തന്നെ അങ്ങേയറ്റം വിരസവുമാണ് പുഷ്പവല്ലിയും ജയദേവനുമായുള്ള കോമ്പിനേഷന്‍ സീനുകള്‍.  അതുപോലെ ആദ്യരാത്രിയില്‍ തന്നെ മണിയറയില്‍ നിന്നും  സീരിയല്‍ കാണാന്‍ വേണ്ടി ഇറങ്ങിയോടുന്ന നായികയെ മലയാള പ്രേക്ഷന് ഒരിക്കലും അംഗീകരിക്കാനേ കഴിയില്ല. നായികയുടെ സ്വഭാവ ചിത്രീകരണം ഒറിജിനലാക്കാനുളള ശ്രമത്തിനിടയില്‍ അതിഭാവുകത്വം കടന്നു കൂടിയത് സംവിധായകന്‍ ശ്രദ്ധിക്കാതെ പോയത് മറ്റൊരു കുറവായി മുഴച്ചു നില്‍ക്കുന്നു. 

 
ചിത്രത്തില്‍ സീരിയല്‍ നിര്‍മാതാവായി വരുന്ന അനൂപ് മേനോനും കാര്യമായി ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയാണ്. ജയറാമിന്റെ അമ്മയായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട കെ.പി.എസി ലളിതക്ക്  ഈ സിനിമയില്‍ മുത്തശ്ശിയുടെ വേഷം നല്‍കിയത് അല്‍പം കടന്നു പോയി എന്നു പറയാതെ തരമില്ല. പുഷ്പവല്ലിയുടെ സഹോദരന്‍മാരായ രമേഷും സുരേഷുമായി  വന്ന ഇടവേള ബാബുവും അനൂപ് ചന്ദ്രനും പ്രേക്ഷകനെ ചിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും പലപ്പോഴും അത് ഫലിക്കാതെ പോകുന്നുവെന്ന് കാണാം. 

ജയറാം ചിത്രങ്ങളുടെ  സ്ഥരിരം ചേരുവകള്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നും കുടുംബപ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു നടനുമാണ്. നര്‍മം നന്നായി ചെയ്യാന്‍ കഴിയുന്ന ഒരു നടനാണ് ജയറാം. പക്ഷേ തിരക്കഥ തീരെ ദുര്‍ബലമായാല്‍ ജയറാമിനെ പോലെയുള്ള ഒരു നടനും നിസഹായനായി പോകും എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് തിങ്ങള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രം.

 വേണമെങ്കില്‍ ബോറടിക്കാം-തിങ്കള്‍ മുതല്‍ വെള്ളിവരെ
Join WhatsApp News
Thomachen 2015-06-15 09:40:00
Don't forget to go for the Jayaram Super comedy show in USA.
കൈക്കാരൻ മാത്തച്ചൻ 2015-06-15 09:54:45
പോയികാണണം എന്ന് വിചാരിച്ചതാ പക്ഷെ രാജു മയലപ്രയുടെ ലേഖനം വായിച്ചതോടെ ഇനി മേലാൽ പോകില്ല എന്ന് തീരുമാനിച്ചു.  പള്ളീലെ അച്ഛനോടും പറഞ്ഞിട്ടുണ്ട് വരത്തില്ലെന്നു. അച്ഛൻ പറഞ്ഞു ഒത്തിരി ' ഹൃദയത്തിൽ ലഡു ' പൊട്ടുന്ന ടാൻസ് ഉണ്ടെന്ന്. ഞാൻ പറഞ്ഞു അത് മനസ്സിൽ വച്ചേക്കാൻ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക