Image

മഞ്ഞനിക്കര പെരുന്നാള്‍ ഫെബ്രുവരി അഞ്ചു മുതല്‍ 11 വരെ

Published on 06 January, 2012
മഞ്ഞനിക്കര പെരുന്നാള്‍ ഫെബ്രുവരി അഞ്ചു മുതല്‍ 11 വരെ
പത്തനംതിട്ട: മഞ്ഞനിക്കര പെരുന്നാള്‍ ഫെബ്രുവരി അഞ്ചു മുതല്‍ 11 വരെ ആഘോഷിക്കും. പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയുടെ അപ്പോസ്‌തോലിക പ്രതിനിധികളായി പേട്രിയാര്‍ക്കല്‍ അസിസ്റ്റന്റ്‌ മാര്‍ പീലക്‌സിനോസ്‌ മത്തിയാസ്‌, ബെയ്‌റൂട്ട്‌ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ക്ലീമിസ്‌ ദാനിയേല്‍ ഖൂറിയ മെത്രാപ്പോലീത്താമാര്‍ പെരുന്നാള്‍ ചടങ്ങുകളില്‍ മുഖ്യാതിഥികളായിരിക്കുമെന്നു ദയറാ തലവന്‍ ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസ്‌ മെത്രാപ്പോലീത്തയും പെരുന്നാള്‍ കമ്മിറ്റി വൈസ്‌ ചെയര്‍മാന്‍ ഗീവര്‍ഗീസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്തയും പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഫെബ്രുവരി അഞ്ചിനു വിശുദ്ധ കുര്‍ബാനയ്‌ക്കു ശേഷം മഞ്ഞനിക്കര ദയറായിലും സഭയിലെ എല്ലാ ദേവാലയങ്ങളിലും പാത്രിയര്‍ക്കാ പതാക ഉയര്‍ത്തും. പ്രധാന പെരുന്നാല്‍ 10, 11 തീയതികളിലായി നടക്കും. കാല്‍നട തീര്‍ഥയാത്രാ സംഘങ്ങള്‍ക്കു പത്തിന്‌ ഉച്ചകഴിഞ്ഞ്‌ ഓമല്ലൂര്‍ കുരിശിങ്കലും ദയറായിലും സ്വീകരണം. വൈകുന്നേരം ആറിനു തീര്‍ഥയാത്രാ സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്‌ടി ഉദ്‌ഘാടനം ചെയ്യും. ശ്രേഷ്‌ഠ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. മെത്രാപ്പോലീത്തമാരും ജനപ്രതിനിധികളും യോഗത്തില്‍ പ്രസംഗിക്കും. 11-നു പുലര്‍ച്ചെ 5.30-നു ശ്രേഷ്‌ഠ കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തിലും രാവിലെ എട്ടിനു പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയുടെ പ്രതിനിധികളായി എത്തുന്ന മെത്രാപ്പോലീത്തമാരുടെ കാര്‍മികത്വത്തിലും വിശുദ്ധ കുര്‍ബാന നടക്കും. തോമസ്‌ മാര്‍ അലക്‌സന്ത്രയോസ്‌ മെത്രാപ്പോലീത്ത, കണ്‍വീനര്‍ ജേക്കബ്‌ തോമസ്‌ മാടപ്പാട്ട്‌ കോര്‍ എപ്പിസ്‌കോപ്പ, പി.ഇ.മാത്യൂസ്‌ റമ്പാന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക