Image

സസ്‌പെന്‍സും ത്രില്ലുമില്ലാത്ത 'ഇവിടെ' (ആശാ പണിക്കര്‍)

ആശാ പണിക്കര്‍ Published on 09 June, 2015
സസ്‌പെന്‍സും ത്രില്ലുമില്ലാത്ത 'ഇവിടെ' (ആശാ പണിക്കര്‍)
പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച സിനിമ. ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന ടെക്കികള്‍ കൊല്ലപ്പെടുന്ന കഥ. എല്ലാ കൊലപാതകങ്ങളിലും സ്വീകരിച്ചിരിക്കുന്നത് ഒരേ രീതി. ഈ സീരിയല്‍ കില്ലറിനെ പിടികൂടാന്‍ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനായി പൃഥ്വിരാജ്. കൂടെ ശ്രദ്ധേയമായ വേഷത്തില്‍ നിവിന്‍ പോളി. നായിക ഭാവന. സംവിധായകന്‍ ശ്യാമപ്രസാദ്.

ഇവിടെ വരെ എല്ലാം ഓകെയാണ്. പക്ഷേ സീരിയല്‍ കില്ലിംഗും അതു സംബന്ധിച്ച അറ്റ്‌ലാന്റാ പോലിസ് ഉദ്യോഗസ്ഥനായ വരുണിന്റെ (പൃഥ്വിരാജ്) കിടലന്‍ ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റൈലുമൊക്കെ പ്രതീക്ഷിച്ചു പോകുന്നവരെ ചിത്രം പാടേ നിരാശപ്പെടുത്തിക്കളയും. സീരിയല്‍ കില്ലിംഗ്, ഇന്‍വെസ്റ്റിഗേഷന്‍ എന്നിവയൊക്കെ പ്രമേയമാക്കി ഗൗതം മേനോന്റെ വേട്ടയാട് വിളയാട് എന്ന ചിത്രം നമ്മള്‍ കണ്ടിട്ടുണ്ട്. അതില്‍ തന്നെ പ്രണയവും നായികയുടെ വിവാഹമോചനവും തകര്‍ന്ന കുടുംബജീവിതവുമെല്ലാം വിഷയങ്ങളാണ്. പക്ഷേ ആചിത്രം കണ്ട പ്രേകഷകര്‍ക്ക് 'ഇവിടെ' ഒരിക്കലും ദഹിക്കില്ല എന്നു മാത്രമല്ല, തികച്ചും അരോചകമായി തോന്നുകയും ചെയ്യും. കാരണം മറ്റൊന്നുമല്ല. യാതൊരു പുതുമയുമില്ലാത്ത അവതരണം. ഇഴഞ്ഞുവലിയുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും. കഥയുടെ വിരസമായ ട്രീറ്റ്‌മെന്റ്.

ഒരു സസ്‌പെന്‍സ് ത്രില്ലര്‍ പ്രതീക്ഷിച്ചു പോകുന്ന പ്രേക്ഷകര്‍ക്കു മുന്നില്‍ സംവിധായകന്‍ ദൃശ്യവല്‍ക്കരിക്കുന്നത് നായകന്റെ ഐഡന്റിന്റി ക്രൈസിസ് തന്നെയാണ്. കേരളത്തിലെ ഒരാനാഥാലയത്തില നിന്നും ഏഴു വയസില്‍ തന്നെ ദത്തെടുത്ത വിദേശ ദമ്പതിമാര്‍ക്കൊപ്പം അമേരിക്കയില്‍ എത്തിയ വ്യക്തിയാണ് വരുണ്‍. റോഷ്‌നി മാത്യു (ഭാവന) എന്ന മലയാളി പെണ്‍കുട്ടിയെ വിവാഹം കഴിച്ചെങ്കിലും അവര്‍ നിയമപരമായി വിവാഹ മോചിതരാണ്. ഏക മകള്‍ ട്രിഷയെ ആഴ്ചയില്‍ ഊഴം വച്ച് വരുണും റോഷ്‌നിയും നോക്കുന്നു. ഇതിനിടെ ഒരു ചാനലില്‍ റിപ്പോര്‍ട്ടറായ വിദേശ വനിതയുമായി വരുണ്‍ ഒരുമിച്ചു ജീവിക്കുന്നുണ്ടെങ്കിലും അത് കേവലം സെക്‌സിനും തൊഴില്‍പരമായ നേട്ടങ്ങള്‍ക്കും വേണ്ടി മാത്രമാണെന്ന് ഒരു ഘട്ടത്തില്‍ അവര്‍ ഇരുവരെയും പോലെ തന്നെ പ്രേക്ഷകനും തിരിച്ചറിയുന്നു.

സീരിയല്‍ കില്ലറെ സംബന്ധിച്ച വരുണിന്റെ അന്വേഷണം ക്രിഷ് ഹെബ്ബാര്‍ എന്ന ഐ.ടി മേധാവിയായി എത്തുന്ന നിവിന്‍ പോളിയുടെ കഥാപാത്രത്തിലേക്ക് എത്തുന്നുണ്ടെങ്കിലും യാതൊരു വിധ സസ്‌പെന്‍സും നിലനിര്‍ത്താന്‍ കഴിയാതെ കഥ ഇഴഞ്ഞു നീങ്ങുകയാണ്. ഇത്തരം പ്രമേയം അവതരിപ്പിക്കുമ്പോള്‍ നിലനിര്‍ത്തേണ്ട സസ്‌പെന്‍സിന്റെ ആവശ്യകതക്ക് എത്രയധികം പ്രാധാന്യമുണ്ടെന്ന് ശ്യാമപ്രസാദിനെ പോലെ ഒരു സംവിധായകന് ആരും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. പ്രധാന പ്രമേയത്തിന് കൂടുതല്‍ കരുത്തും ദൃശ്യഭംഗിയും നല്‍കുന്നതിനു പകരം അതിനെ സൈഡില്‍ ഒതുക്കി വരുണ്‍, റോഷ്‌നി, ക്രിഷ് എന്നിവരുടെ സ്വകാര്യ ജീവിതത്തിലെ സംഭവങ്ങള്‍ക്കാണ് കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. അതാകട്ടെ പ്രേക്ഷകര്‍ ഏറെ കണ്ടു മടുത്തവയും.

ഊര്‍ജസ്വലതയുള്ള ഉദ്യോഗസ്ഥരാണ് അറ്റ്‌ലാന്റയിലെ പൊലീസ് വിഭാഗത്തിലുളളത്. എന്നാല്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന വരുണ്‍ എന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ ശരീരഭാഷ അതിന് വിപരീതമാണെന്നു കാണാം. ബോറടി മാറ്റാന്‍ റഗ്ബി കളിക്കാനോ രണ്ട് സ്‌മോള്‍ അടിക്കാനോ പോകുമ്പോഴുള്ള അലസമായ ശരീര ഭാഷയാണ് അയാളുടേത്. ദാമ്പത്യ ജീവിതത്തിലെ പരാജയം, വിവാഹ മോചനം, മകനായി വളര്‍ത്തുമ്പോഴും ഇന്ത്യക്കാരന്റെ ബ്രൗണ്‍ നിറമുളള തൊലിയുടെ പേരില്‍ വളര്‍ത്തമ്മയുടെ രണ്ടാം ഭര്‍ത്താവില്‍ നിന്നും അയാള്‍ക്ക് കേള്‍ക്കേണ്ടി വരുന്ന ഒളിഞ്ഞും തെളിഞ്ഞുമുളള പരിഹാസം. ഇതൊക്കെയും അയാളിലെ കര്‍മ നിരതനായ പൊലീസ് ഉദ്യോഗസ്ഥന്റെ കഴിവുകള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ടാകാം. എന്നാലും മലയാളത്തില്‍ തന്നെ ഇതിനു മുമ്പും പൃഥ്വിരാജ് അവതരിപ്പിച്ച പൊലീസ് കഥാപാത്രങ്ങളുടെ തനിയാവര്‍ത്തനം മാത്രമായി ഇവിടെയിലെ വരുണും എന്ന് തീര്‍ത്തു പറയാനാകും.

കഥ നടക്കുന്നത് അമേരിക്കയിലായതുകൊണ്ട് സംഭാഷണങ്ങള്‍ ഇംഗ്‌ളീഷിലാണെന്ന് സംവിധായകന്‍ ആദ്യമേ തന്നെ പറയുന്നുണ്ട്. സബ്‌ടൈറ്റില്‍ ഉളളത് സാധാരണക്കാരായ പ്രേക്ഷകര്‍ക്ക് കുറച്ചെങ്കിലും ആശ്വാസമാണ്. നായികയായെത്തിയ ഭാവനക്ക് ഈ ചിത്രത്തില്‍ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. നിവിന്‍ പോളി തന്റെ കഥാപാത്രത്തെ മികച്ചതാക്കി. എങ്കിലും പ്രേക്ഷകനെ രസിപ്പിക്കുന്ന വിധത്തിലുള്ള ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങളോ വഴിത്തിരുവകളോ ഒന്നും ഈ ചിത്രത്തില്‍ ഇല്ലാത്തതിനാല്‍ ഇവരുടെ കഥാപാത്രങ്ങള്‍ക്കും കരുത്തു കുറവാണ്. അജയന്‍ വേണുഗോപാലിന്റെ തിരക്കഥയ്ക്ക് ചിത്രത്തിന്റെ പ്രമേയത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു പോരായ്മയായി വേറിട്ടു കാണാം. ഗോപീസുന്ദര്‍ സംഗീതം നല്‍കിയ പാട്ടുകളും പ്രേക്ഷകന് ഹൃദ്യമായി അനുഭവപ്പെടുന്നില്ല. റഫീക്ക് അഹമ്മദ് രചിച്ച് പൃഥ്വിരാജും സംഗീത സംവിധായകന്‍ ഗോപീസുന്ദറുമാണ് ഈ ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ചുരുക്കത്തില്‍ പാളിപ്പോയ ഒരു പരീക്ഷണം എന്നു മാത്രമേ 'ഇവിടെ'യെ കുറിച്ചു പറയാനുള്ളൂ.
സസ്‌പെന്‍സും ത്രില്ലുമില്ലാത്ത 'ഇവിടെ' (ആശാ പണിക്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക