Image

ലൈലാ ഓ ലൈലാ: ഹോളിവുഡ് സ്റ്റൈലില്‍ ഒരു ആക്ഷന്‍ റൊമാന്റിക് ത്രില്ലര്‍

ആശ പണിക്കര്‍ Published on 26 May, 2015
ലൈലാ ഓ ലൈലാ:  ഹോളിവുഡ് സ്റ്റൈലില്‍ ഒരു ആക്ഷന്‍ റൊമാന്റിക് ത്രില്ലര്‍
      സംവിധായകന്‍ ഹിറ്റ് മേക്കര്‍ ജോഷി. നായകന്‍ മോഹന്‍ലാല്‍, നായിക അമലാ പോള്‍. റണ്‍ ബേബി രണ്‍ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഈ കൂട്ടുകെടട്ട് വീണ്ടും തിയേറ്ററില്‍ വിജയക്കൊടി പാറിക്കുന്നു ലൈലാ ഓ ലൈലാ എന്ന ചിത്രത്തിലൂടെ. ആക്ഷന്‍, റൊമാന്‍സ്, സെന്റിമെന്റ്‌സ് അങ്ങനെ ഒരു പെര്‍ഫെക്ട് കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്ന്‍മെന്റിനു വേണ്ട എല്ലാ ഘടകങ്ങളും വളരെ കൃത്യമായ അനുപാതത്തില്‍ ചേര്‍ത്തൊരുക്കിയ ബിഗ്ബജറ്റ് ചിത്രം കൂടിയാണിത്. ബോളിവുഡ്-ഹോളിവുഡ് ശൈലിയില്‍ ദൃശ്യവല്‍ക്കരിച്ച ഈ സിനിമ ഈ വര്‍ഷത്തെ ബിഗ് ഹിറ്റുകളില്‍ ഒന്നായി മാറുമെന്നതിന്റെ സൂചനയാണ് തിയേറ്ററുകളില്‍ നിന്നു ലഭിക്കുന്നത്. 

പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന സസ്‌പെന്‍സാണ് ചിത്രത്തിന്റെ പ്‌ളസ് പോയിന്റ്. അത് തുടക്കം മുതല്‍ ഒടുക്കം വരെ നിലനിര്‍ത്താന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഡെക്കാണ്‍ എക്‌സ്‌പോര്‍ട്‌സ് എന്ന എക്‌സപോര്‍ട്ടിങ്ങ് കമ്പനിയിലെ ജീവനക്കാരനായ ജയ്‌മോഹനുമായി അഞ്ജലി വിവാഹിതയാകാന്‍ തീരുമാനിക്കുന്നു. എന്നാല്‍ വിവാഹ ദിവസം തന്നെ ജയ് അപ്രത്യക്ഷമാവുന്നു. പക്ഷേ അഞ്ജലിക്ക് അയാളെ വിശ്വാസമായിരുന്നു. അതുകൊണ്ടു തന്നെ എല്ലാവരും അയാളെ കുറ്റപ്പെടുത്തിയപ്പോഴും അഞ്ജലി അയാളെ വിശ്വസിച്ചു. അതുകൊണ്ടു തന്നെ വിവാഹമോചിതനായ അയാള്‍ക്കൊപ്പം അഞ്ജലി പുതിയ ജീവിതമാരംഭിക്കാന്‍ തയ്യാറായി. എന്നാല്‍ ഒരു കമ്പനി ജീവനക്കാരന്റെ സാധാരണ മുഖത്തിനപ്പുറം മറ്റൊരു മുഖം കൂടിയുള്ള ആളായിരുന്നു ജയ്‌മോഹന്‍. ഉദ്വേഗം നിറഞ്ഞ ആ കഥയുടെ ചുരുളഴിക്കുകയാണ് സംവിധായകന്‍ തികച്ചും ത്രില്ലടിപ്പിക്കുന്ന വിധം തന്നെ. 

മലയാളത്തില്‍ ഇന്നോളം ഇറങ്ങിയിട്ടുള്ളതില്‍ വച്ച് സാങ്കേതികമായ പെര്‍ഫെക്ഷന്‍ ഏറ്റവുമധികം അവകാശപ്പെടാവുന്ന സിനിമയാണിത്. ഐ എന്ന തമിഴ് ചിത്രത്തില്‍ അതുക്കും മേലെ എന്ന ടാഗ് പോലെ ലൈല എന്ന ടൈറ്റില്‍ തന്നെ സസ്‌പെന്‍സാണ്. അത് ചിത്രം കാണുമ്പോള്‍ മാത്രമാണ് പ്രേക്ഷകന് ബോധ്യപ്പെടുക. ചിത്രം യുവാക്കളെ മാത്രമല്ല കുടുംബപ്രേക്ഷകരെയും ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല. തിയേറ്ററിന്റെ കൗണ്ടറിനു മുന്നില്‍ ക്യൂ നില്‍ക്കുന്ന കുടുംബപ്രേക്ഷകര്‍ അതിനു തെളിവാണ്. യുവാക്കളെ ആകര്‍ഷിക്കാന്‍ ഹോളിവുഡ് സ്റ്റൈലിലുള്ള ആക്ഷന്‍ രംഗങ്ങളും കാര്‍ ചേസിങ്ങുമെല്ലാം ചേരുംപടി ചേര്‍ത്തിട്ടുണ്ട്. അതോടൊപ്പം എടുത്തു പറയേണ്ടതാണ് മോഹന്‍ലാലും അമലാ പോളും തമ്മിലുള്ള കെമിസ്ട്രി. ആക്ഷനൊപ്പം തന്നെ ഗ്‌ളാമറിനും പ്രാധാന്യമുള്ള ചിത്രമാണെങ്കിലും അമലാ പോള്‍ അവതരിപ്പിക്കുന്ന അഞ്ജലി വ്യക്തിത്വമുള്ള കഥാപാത്രമാണ്. നായകന്റെ നിഴലിനു പിന്നില്‍ ഒതുങ്ങാതെ തന്റെ റോള്‍ ഭംഗിയാക്കാനും അമലയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഈ പ്രായത്തിലും പ്രണയരംഗങ്ങളില്‍ അതീവഹൃദ്യമായി തന്നെ ലാല്‍ അഭിനയിച്ചിട്ടുണ്ട്. സത്യരാജ് അവതരിപ്പിക്കുന്ന കഥാപാത്രവും മികച്ചതായി. ചിത്രത്തില്‍ ഓരോ കഥാപാത്രത്തിനും അവരുടേതായ വ്യക്തിത്വം നല്‍കാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. കഥാഗതിയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന കഥാപാത്രമായി എത്തിയ കെയ്‌നത്ത് അറോറയും നല്ല പ്രകടനം തന്നെയാണ് നടത്തിയിട്ടുള്ളത്.  

ഗോപീ സുന്ദറിന്റെ സംഗീതസംവിധാനം ഭംഗിയായി. കഥയുടെ മൂഡിനനുസരിച്ചുള്ള സംഗീതമാണ് ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പശ്ചാത്തല സംഗീതത്തിലും ഈ മികവ് കാണാം. ജോയ് മാത്യു, രാഹുല്‍ ദേവ്, ജുനൈദ് ഷെയ്ഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. എസ് ലോകനാഥനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ബാങ് ബാങ്, നമസ്‌തേ ലണ്ടന്‍, കഹാനി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്കു തിരക്കഥയെഴുതി ശ്രദ്ധേയനായ സുരേഷ് നായര്‍ മലയാളത്തിലെ തന്റെ അരങ്ങേറ്റം ഉജ്ജ്വലമാക്കി. ശ്യാം ശശിധരനാണ് ചിത്രസംയോജനം. രണ്ടര മണിക്കൂര്‍ എല്ലാം മറന്ന് സന്തോഷിക്കാന്‍ കഴിയുന്ന ഒരു പക്കാ എന്റര്‍ടെയ്‌നറാണ് ഈ ചിത്രം. 


ലൈലാ ഓ ലൈലാ:  ഹോളിവുഡ് സ്റ്റൈലില്‍ ഒരു ആക്ഷന്‍ റൊമാന്റിക് ത്രില്ലര്‍
ലൈലാ ഓ ലൈലാ:  ഹോളിവുഡ് സ്റ്റൈലില്‍ ഒരു ആക്ഷന്‍ റൊമാന്റിക് ത്രില്ലര്‍
ലൈലാ ഓ ലൈലാ:  ഹോളിവുഡ് സ്റ്റൈലില്‍ ഒരു ആക്ഷന്‍ റൊമാന്റിക് ത്രില്ലര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക