Image

ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍:31- കൊല്ലം തെല്‍മ, ടെക്‌സാസ്)

കൊല്ലം തെല്‍മ, ടെക്‌സാസ്) Published on 23 May, 2015
ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍:31- കൊല്ലം തെല്‍മ, ടെക്‌സാസ്)
അദ്ധ്യായം 31
അത്യാവശ്യമായി വീട്ടിലേയ്ക്ക് വരുവാന്‍ ആവശ്യപ്പെട്ട് കെല്‍സി വിളിച്ചപ്പോള്‍തന്നെ എസ്തപ്പാന്‍ യാത്ര പുറപ്പെട്ടു. ചിന്തകളാല്‍ കലുഷിതമായ മനസ്. എന്തായിരിക്കാം അത്യാവശ്യം. അജിയെ ഹോസ്പിറ്റലിലെങ്ങാനും കൊണ്ടു പോകേണ്ടതായിവന്നോ?
എന്താണുകാര്യം എന്നന്വേഷിച്ചപ്പോള്‍, വന്നിട്ടു പറയാം എന്നാണ് കെല്‍സി പറഞ്ഞത്. എന്തായാലും ചെല്ലുമ്പോഴറിയാം. എസ്തപ്പാന്‍ വളരെവേഗം തന്നെ ഡ്രൈവ് ചെയ്തു. എന്നത്തേയുംകാള്‍ കുറഞ്ഞ സമയംകൊണ്ടുതന്നെ കെല്‍സിയുടെ വീട്ടില്‍ എത്തി. കെല്‍സി പുറത്ത് സിറ്റൗട്ടില്‍ത്തന്നെ ഉണ്ടായിരുന്നു.
കെല്‍സി മുഖത്ത് ചിരിയുണ്ട്. ആയതിനാല്‍ കാര്യഗൗരവമായ വിഷയമായിരിക്കില്ല എന്ന് എസ്തപ്പാന്‍ ഉറപ്പിച്ചു. വാഹനം ഒതുക്കി പാര്‍ക്കുചെയ്ത് എസ്തപ്പാന്‍ തിടുക്കത്തില്‍തന്നെ ഇറങ്ങിച്ചെന്നു.
'എന്താ കെല്‍സി? എന്താ കാര്യം?' എസ്തപ്പാന്‍ ആകാംഷയോടെ ചോദിച്ചു.
'ഓ.... ഒന്നു കയറിവാ എസ്തപ്പാന്‍ ചേട്ടാ.... വന്നിരുന്നിട്ട് പറയാം...' കെല്‍സി പറഞ്ഞു.
'എന്തെങ്കിലും സീരിയസ് കാര്യം വല്ലതുമാണോ കെല്‍സി? നീ കാര്യംപറ.... പിള്ളേരും അജിയുമൊക്കെ എവിടാ?' എസ്തപ്പാന്‍ ചുറ്റിലും കണ്ണോടിച്ചുകൊണ്ട് അജി കിടക്കുന്ന റൂമിലേക്ക് നടന്നു. അവിടെ കടന്നുചെന്നപ്പോള്‍ കുട്ടികളും അജിയും മുറിയിലുണ്ട്. കുട്ടികള്‍ അജിയുടെ കൂടെ കളിക്കുകയാണ്. എസ്തപ്പാനെ കണ്ടതും കുട്ടികള്‍ ഓടിവന്ന് എസ്തപ്പാനെ വട്ടംപിടിച്ചു നിന്നു.
അജി എസ്തപ്പാനെ കൈ ഉയര്‍ത്തി വിഷ്‌ചെയ്തു. പതിയെ എഴുന്നേറ്റ് ചാരി ഇരിക്കാന്‍ ശ്രമിച്ചു.
'അജിയുടെ കൈ ഉയര്‍ത്താനും ചലിപ്പിക്കാനും തുടങ്ങിയല്ലോ..... തനിയെ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നുമുണ്ട്. അത്ഭുതമായിരിക്കുന്നു.....' എസ്തപ്പാന്‍ ഏറിയ സന്തോഷത്തിലും അത്ഭുതത്തിലും പറഞ്ഞു.
'ഉം.... കുറച്ചു ദിവസമായി നല്ല മാറ്റം വന്നിരിക്കുന്നു. ഇപ്പോള്‍ തനിയെ എഴുന്നേറ്റിരിക്കാനും കൈകൊണ്ട് ആയാസപ്പെട്ടിട്ടാണെങ്കിലും സ്പൂണ്‍ പിടിച്ച് കഞ്ഞികോരിക്കുടിക്കുവാനും കഴിയുന്നുണ്ട്..... എല്ലാം തനിയെ ചെയ്യാന്‍ ശീലിപ്പിക്കുകയാണ് ഞങ്ങള്‍.... അതുകൊണ്ട് വളരെ നല്ല പുരോഗതി കാണുന്നുണ്ട്....' കെല്‍സി പറഞ്ഞു.
'ഉം ശരിയാ..... നല്ല മാറ്റം ഉണ്ട്.... പെട്ടെന്നുള്ള മാറ്റം..... നന്നായിരിക്കുന്നു..... നിന്റെ അദ്ധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും എല്ലാം ഫലം! മുഖത്തെ കോട്ടം മാറിയിട്ടുണ്ട്..... അല്ലേ കെല്‍സി.....' എസ്തപ്പാന്‍ അജിയെ അടിമുടി വീക്ഷിച്ചു.
മുഖത്തെ ക്ഷീണം എല്ലാം പോയിരിക്കുന്നു. ഇപ്പോ നാം പറയുന്നതെല്ലാം ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ചോദിക്കുന്നവയ്ക്ക് മറുപടിയായി ശിരസു കുലുക്കുന്നുമുണ്ട്. ഏതായാലും വിവേചനവും ഓര്‍മ്മയും കിട്ടിത്തുടങ്ങി എന്നു തോന്നുന്നു. നന്നായി പ്രയത്‌നിച്ച് വര്‍ത്തമാനം പറയാന്‍ പ്രേരിപ്പിക്കണം. നാവുകൂടി ശക്തിപ്പെട്ട് സംസാരിച്ചു തുടങ്ങിയാല്‍ ചികിത്സ ഭംഗിയായി. പിന്നെ മരുന്നു കഴിച്ച് ശരീരം ഉഷാറാക്കിയാല്‍ മതി. ഡൗണായ നെര്‍വ്‌സ് എല്ലാം പ്രവര്‍ത്തനക്ഷമമായിത്തുടങ്ങി. എല്ലാം ഈശ്വരാനുഗ്രഹം' കെല്‍സി ആശ്വസിച്ചു.
എസ്തപ്പാന്‍ അജിയുടെ അരികത്തിരുന്ന് വലതുകരം തന്റെ കൈവെള്ളയില്‍ എടുത്തുവച്ച് തലോടി സാന്ത്വനിപ്പിച്ചു. കെല്‍സിയും കുട്ടികളും പുറത്തേക്കിറങ്ങി. സിറ്റൗട്ടില്‍ ചെന്നിരുന്നു. അജിയുടെ റൂമില്‍നിന്നും നോക്കിയാല്‍ അവരെ നന്നായി കാണാം.... ആവശ്യത്തിന് കാറ്റും വെളിച്ചവും എല്ലാം കടക്കുന്നതരത്തിലായിരുന്നു റൂമിന്റെ ക്രമീകരണം...... അതിനാല്‍തന്നെ ഒറ്റയ്‌ക്കൊരിടത്ത് കിടക്കുന്നു എന്ന തോന്നല്‍ അജിക്കും ഉണ്ടാവില്ല. ഹാളിലോ സിറ്റൗട്ടിലോ ഇരിക്കുന്നവര്‍ക്ക് അജിയെ ശ്രദ്ധിക്കാനും കഴിയും.
എല്ലാ അസ്വസ്ഥതകളും മാറി വേഗം സുഖമാവും..... കേട്ട അജി.... ഇപ്പോ നല്ല മാറ്റം വന്നിട്ടുണ്ടല്ലോ..... എന്നിട്ട് നമുക്ക് പഴയപോലെ അടിച്ചുപൊളിച്ചുതന്നെ ജീവിക്കാമെടോ....' എസ്തപ്പാന്‍ അജിയുടെ തോളില്‍തട്ടി ധൈര്യം പകര്‍ന്നു.
അജിയുടെ കണ്ണുകള്‍ നിറഞ്ഞുനിന്നെങ്കിലും അവയില്‍ പ്രത്യാശയുടെ തിളക്കം ദൃശ്യമായി. പെട്ടെന്നുള്ള വീഴ്ചയില്‍ മനസ്സിനേറ്റ ആഘാതം മായ്ക്കാന്‍ ഇത്തരം ആശ്വാസവാക്കുകള്‍ മരുന്നിനെക്കാള്‍ ഗുണകരമാണ്. സ്‌നേഹപരിചരണവും സാന്ത്വനവും മനസിലെ മുറിവുണക്കുന്ന ദിവ്യഔഷധമാണ്. പെട്ടെന്ന് ശൂന്യമായിപോയ മനസിന്റെ ഉള്ളറകളില്‍ സ്വപ്‌നങ്ങളും പ്രതീക്ഷകളും വെളിച്ചം വീശിത്തുടങ്ങി. 
എന്താ..... അജി..... ഞാന്‍ അങ്ങോട്ട് ചെല്ലട്ടെ..... ഞാന്‍ പറഞ്ഞതുപോലെ അജി വിഷമിക്കേണ്ടതില്ല..... എല്ലാം പഴയപടി മെയ്ക്കപ് ആവും....ബി. പോസിറ്റീവ്..... ഇപ്പോഴത്തെ ഈ പരിമിതികളെക്കുറിച്ച് ചിന്തിച്ച് ഇരിക്കാതെ ആകാശത്തിനുമപ്പുറം അപ്പുറം എത്തുന്ന സ്വപ്‌നങ്ങള്‍ കാണുക..... അവയെല്ലാം നേടി എടുക്കാനാവും എന്ന് മനസിനെ ശക്തിപ്പെടുത്തുക. വിജയം നമ്മുടെ ഭാഗത്താ അജി..... ശരി..... എന്നാ ഞാന്‍ വരട്ടെ....' എസ്തപ്പാന്‍ സിറ്റൗട്ടിലേയ്ക്കു നടന്നു.
'അല്ല കെല്‍സി..... നീ എന്നെ തിടുക്കത്തില്‍ വിളിച്ചുവരുത്തിയിട്ട് ഇതുവരെയും കാര്യങ്ങള്‍ പറഞ്ഞില്ല.' എസ്തപ്പാന്‍ സിറ്റൗട്ടിലേയ്ക്കു നടന്നു.
'അല്ല കെല്‍സി..... നീ എന്നെ തിടുക്കത്തില്‍ വിളിച്ചുവരുത്തിയിട്ട് ഇതുവരെയും കാര്യങ്ങള്‍ പറഞ്ഞില്ല.' എസ്തപ്പാന്‍ സിറ്റൗട്ടിലേയ്ക്ക് വന്നു.
'ആ....പറയാമല്ലോ....വാ.....വന്നിരിക്ക്....' എസ്തപ്പാനെ ക്ഷണിച്ചിരുത്തി കുട്ടികളെ ലോണിലേയ്ക്ക് പറഞ്ഞയച്ചു കെല്‍സി....
'ആ.... പിന്നെ എസ്തപ്പാന്‍..... എന്റെ മുന്നിലൊരു പ്രൊപ്പോസല്‍ വന്നിട്ടുണ്ട്....? അതിനെക്കുറിച്ച് ഒരഭിപ്രായം പറയണം. കെല്‍സി ഒരു കാരണം സൃഷ്ടിച്ചുകൊണ്ട് വിഷയാവതരണത്തിന് തുടക്കം കുറിച്ചു. വെറുതെ ഒരു ഇര ഇട്ടുകൊടുത്തുകൊണ്ട് കെല്‍സി ഉള്ളിലൊന്നു ചിരിച്ചു....
'ആര്‍ക്കാണ് പ്രൊപ്പോസല്‍?' എസ്തപ്പാന്‍ ജിജ്ഞാസയോടെ തിരക്കി....
'എസ്തപ്പാനുതന്നെ....' കെല്‍സി നിസംശയം മറയില്ലാതെ പറഞ്ഞു.
'എനിക്കോ....ഹ....ഹ....തമാശ....തമാശ' എസ്തപ്പാന്‍ കെല്‍സിയുടെ ഉത്തരത്തെ ചിരിച്ചുതള്ളി.
'എന്റെ കെല്‍സി നീ ഇതിനിടയ്ക്ക് തമാശയിട്ട് സീരിയസ്‌നസ് കളയാതെ കാര്യം പറ....' എസതപ്പാന്‍ തുടര്‍ന്നു.
'ഞാന്‍ പറഞ്ഞത്.... എസ്തപ്പാനെക്കുറിച്ചുതന്നെയാണ്' കെല്‍സി ഉറപ്പിച്ചു പറഞ്ഞു.
'എന്താ കെല്‍സി.... നീ പറയുന്നത്.... ഞാനിനി ഒരു വിവാഹത്തിന് തയ്യാറല്ലെന്ന് നിനക്കറിയാവുന്നതല്ലേ?' എസ്തപ്പാന്‍ തറപ്പിച്ചുപറഞ്ഞു.
'എസ്തപ്പാന്‍ ഇങ്ങനെയങ്ങനെ നിഷേധിച്ചു പറഞ്ഞാലെങ്ങനെയാ..... ഇപ്പോഴുള്ള ഈ ഏകാന്തജീവിതം..... ജീവിതാവസാനം വരെ തുടരാം എന്നാണോ വിചാരിക്കുന്നത്?'
'ഓ.... പിന്നെ ആരറിഞ്ഞു കെല്‍സി നാം എല്ലാം തൊണ്ണൂറുവരെ ജീവിക്കും എന്ന്. ഹൈലിഫാറ്റി ഫുഡും അടിപൊളി ജീവിതവും നയിക്കുന്ന ഞങ്ങളുടെ എല്ലാം ഹൃദയം കൊഴുപ്പുകൂടി പെട്ടെന്ന് ഒരു നാളില്‍ പണിമുടക്കും..... അതാണല്ലോ..... കണ്ടുവരുന്നത്..... അതിപ്പോ അന്‍പതിനു മുകളില്‍ പോവും എന്നു തോന്നുന്നില്ല കെല്‍സി....' എസ്തപ്പാന്‍ ലാഘവത്തോടെ മറുപടി പറഞ്ഞു.
'എസ്തപ്പാനെന്താ ഇങ്ങനെ സംസാരിക്കുന്നത്. ഇന്നവസാനിക്കും നാളെ അവസാനിക്കും എന്ന് എല്ലാവരും ചിന്തിക്കുകയും മടിപിടിച്ചിരിക്കുകയും ചെയ്തിരുന്നെങ്കില്‍ എന്തു ന•യും പുരോഗതിയുമാണ് ഉണ്ടാവുക. തലമുറകളുടെയും ഭാവിയുടെയും പ്രസക്തി എന്താണ്?'
'ങ്ങാ.... ഞാന്‍ എന്റെ അനുഭവംവച്ച് എന്റെ കാര്യം പറഞ്ഞു എന്നേയുള്ളൂ..... അല്ലാതെ എല്ലാവരും ഇത്തരത്തിലായിരിക്കണം എന്നോ ആണെന്നോ ഞാന്‍ പറഞ്ഞില്ല....'
'എന്തായാലും ഞാന്‍ പറഞ്ഞ കാര്യത്തിന് ഒരു മറുപടി പറഞ്ഞില്ല....' കെല്‍സി ഓര്‍മ്മിപ്പിച്ചു.
'ഞാന്‍ എന്തുപറയാന്‍..... എന്റെ തീരുമാനങ്ങള്‍ എന്തെന്ന് എല്ലാവരെയും പോലെ കെല്‍സിക്കും അറിവുള്ളതല്ലേ? സ്‌റ്റെല്ലാ എന്ന പെണ്ണിനെ ഞാന്‍ സ്‌നേഹിച്ചു.... അതുപോലെ ഞങ്ങള്‍ ജീവിച്ചു. കല്ല്യാണത്തിന് ഒരുങ്ങിയപ്പോള്‍ എന്നെയും തള്ളിപ്പറഞ്ഞ് മറ്റൊരുവന്റെ കൂടെപ്പോവുകയും ചെയ്തു. അവളെവിടെയെങ്കിലും മക്കളും ഭര്‍ത്താവുമായി ജീവിക്കുന്നുണ്ടാവും.... ഞാന്‍ എന്റെ തീരുമാനത്തില്‍തന്നെ ഉറച്ചു നില്‍ക്കും..... ഒരു ക്രോണിക് ബാച്ചിലറായി അവസാനത്തോളം..... അതിനുമാറ്റം ഉണ്ടാവില്ല.... തീര്‍ച്ച....'
'സിനിമയിലൊക്കെ കാണുന്നതുപോലെ, ഒരിക്കല്‍ അവള്‍ എസ്തപ്പാനെ തേടി വന്നാല്‍, ഒന്നു കാണാനെങ്കിലും ആശിച്ചാല്‍..... എസ്തപ്പാന്റെ പ്രതികരണം എന്തായിരിക്കും?'
'ആര് സ്റ്റെല്ലയോ....?'
'യെസ്, സ്‌റ്റെല്ലാ വീണ്ടുമൊരിക്കല്‍കൂടി എസ്തപ്പാന്റെ മുന്നില്‍വന്നുപെട്ടാല്‍?'
'അവള്‍ അവളുടെ ന്യായവാദങ്ങള്‍ പറയുമായിരിക്കും..... ഞാനതു കേള്‍ക്കുകയും ചെയ്യുമായിരിക്കും..... അത് സാധാരണശൈലി.... പരസ്പരം ചിലപ്പോള്‍ കുറ്റപ്പെടുത്തുകയും ചെയ്യും....'
'അതൊക്കെ ശരി.... ഞാന്‍ സ്‌ട്രെയിറ്റായി ചോദിക്കുവാ.... എസ്തപ്പാന്റെ ജീവിതത്തിലേയ്ക്ക് തിരികെ വരുവാന്‍ അവള്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍.... എസ്തപ്പാന്‍ എന്തുപറയും?'
'കെല്‍സി എന്താ പുതിയ സിനിമയ്ക്കുള്ള കഥ ഡവലപ്പ് ചെയ്യുകയാണോ....? ഇനിയെന്താ തിരക്കഥാ രചനയും സംവിധാനവുമായി മുന്നോട്ടുപോവാനുള്ള പ്ലാനിലാണോ?'
'എസ്തപ്പാന്‍.... ഞാന്‍ ചോദിച്ചതിന് ഒരു സ്‌ട്രെയിറ്റ് ആന്‍സര്‍ പറയൂ....' കെല്‍സി നിര്‍ബന്ധിച്ചു.
'അതിന് അവളിനിവരില്ല കെല്‍സി.... വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിരിക്കുന്നു. നാം എന്തിന് ഇനി നടക്കാത്ത കാര്യത്തിനെക്കുറിച്ച് ചിന്തിക്കണം. വെറും ടൈംപാസിനാണെങ്കില്‍ എന്തെല്ലാം കാര്യങ്ങളുണ്ട് സംസാരിക്കുവാന്‍.... ഇനി അതും പോകട്ടെ.... സീരിയസായി ചിന്തിച്ച് പ്രവര്‍ത്തിക്കാന്‍ തന്നെ എന്തെല്ലാം കാര്യങ്ങള്‍ ഉണ്ട്. അതിനൊന്നും സമയം വേണ്ടത്രയില്ലതാനും.... വിട്ടുകള കെല്‍സി, വെറുതെ വലിച്ചിഴച്ച് പിന്നെയും പിന്നെയും എന്തിന് നാം കഴിഞ്ഞ കാര്യം, ക്ലോസ് ചെയ്ത ഒരധ്യായം വീണ്ടും തുറക്കണം.... വിട്ടുകള.... കെല്‍സി....'
'അതങ്ങനെ വിട്ടുകളയാന്‍ പറ്റില്ല.... കഴിഞ്ഞ അദ്ധ്യായങ്ങള്‍ മറക്കാന്‍ തയ്യാറാവുക..... പിന്നെ പുതിയൊരധ്യായം തുറക്കാന്‍ പോകുന്നു..... കണ്ടിനുവേഷന്‍ ചാപ്റ്റര്‍! അതെ  എസ്തപ്പാന്റെയും സ്റ്റെല്ലയുടെയും കഥയുടെ അദ്ധ്യായങ്ങള്‍ സമാപ്തിയിലെത്തിയില്ല....'
'എന്നുവച്ചാല്‍....?'
'അതെ അതാണ് ഞാന്‍ ചോദിച്ചത്.... സ്‌റ്റെല്ലാ വീണ്ടും ജീവിതത്തിലേയ്ക്ക് വന്നാല്‍ എസ്തപ്പാന്റെ പ്രതികരണം എന്തായിരിക്കും?'
'ഞാന്‍ വിവാഹം ഇനി കഴിക്കുന്നില്ല എന്നു നിശ്ചയിച്ചതും വലിയൊരു ബംഗ്ലാവ് കെട്ടിയിട്ടതും അവളോടുള്ള സ്‌നേഹത്തെപ്രതി തന്നെയാ..... അവള്‍ എന്നെ വിട്ടുപോയതിനെ ഒരു കാരണം ഉണ്ടായിരുന്നിരിക്കാം.... ഇനി തിരിച്ചു വരുന്നെങ്കില്‍ അതിനും കാരണമുണ്ടാകും. വരട്ടെ....'
'വന്നെങ്കിലോ?'
'എവിടെ? വന്നാല്‍ ഞാനങ്ങ് സ്വീകരിക്കു.... അത്രതന്നെ എനിക്ക് മുന്‍പില്‍ നോക്കാനില്ല....'
'ഉറപ്പ്?'
'യെസ്. ഉറപ്പ്.... അതില്‍ സംശയിക്കേണ്ട....' എസ്തപ്പാന്‍ തറപ്പിച്ചു പറഞ്ഞു.
'എങ്കില്‍ ഞാനൊരാളെ പരിചയപ്പെടുത്താം.... എന്താ?'
'ഉം...ശരി...' എസ്തപ്പാന്‍ ആകാംഷയോടെ ഇരുന്നു.
'ശരി ഞാനിപ്പോള്‍ വരാം.... ഇവിടെ ഇരുന്നോളൂ.... ഞാന്‍ വേഗം വരാം.... ഓക്കെ....'
'ശരി...' എസ്തപ്പാന്‍ സമ്മതഭാവത്തില്‍ തലയാട്ടി.
കെല്‍സി എസ്തപ്പാനോട് അനുവാദം വാങ്ങി മുകളിലേക്ക് കയറിപ്പോയി. കെല്‍സിയുടെ രീതികളെ സംശയഭാവത്തോടെ എസ്തപ്പാന്‍ വീക്ഷിച്ചു. ഇതെന്താണിങ്ങനെയൊരു പെരുമാറ്റവും സംഭവവികാസങ്ങളും.... സ്റ്റെല്ലായുമായി ബന്ധപ്പെട്ട് ആരോ കെല്‍സിയുമായി പരിചയപ്പെട്ടിട്ടുണ്ടാവണം.... അല്ലാതെ ഇത്ര കാര്യമായും തീര്‍ച്ചപ്പെടുത്തിയും സംസാരിക്കുവാന്‍ കെല്‍സിക്കാവില്ല. ആരായിരിക്കാം ഇക്കാലത്തിനിടയ്ക്ക്.... സംശയങ്ങളാല്‍ ഇരിക്കപ്പൊറുതി ഉണ്ടായില്ല. എസ്തപ്പാന്‍ എഴുന്നേറ്റ് ഒന്നുരണ്ടു തവണ തലങ്ങുംവിലങ്ങും ഉലാത്തി....
കുറച്ചുസമയത്തിനുശേഷം കെല്‍സി സിറ്റൗട്ടിലേക്കിറങ്ങിവന്നു. എസ്തപ്പാന്റെ കണ്ണുകള്‍ ആരായിരിക്കാം കെല്‍സിയുടെ കൂടെ ഇറങ്ങിവരുന്നത് എന്നറിയുവാന്‍ വെമ്പല്‍കൊണ്ട് തിരയുകയാണ്..... ആരെയും കാണുന്നില്ല....
'ഇങ്ങോട്ടു വന്നോളൂ....' കെല്‍സി പിറകിലേയ്ക്ക് നോക്കി പറഞ്ഞു. അപ്പോള്‍ സെന്‍ട്രല്‍ഹാളില്‍നിന്നും ഒരു പയ്യന്‍ സിറ്റൗട്ടിലേയ്ക്കിറങ്ങിവന്നു.... എസ്തപ്പാന്‍ അവനെ അടിമുടി നോക്കി.... പിസ്ത, ബ്ലാക്ക് ആന്റ് വൈറ്റ് ചെക്ക് ഷര്‍ട്ടും നീല ജീന്‍സും അണിഞ്ഞ് ഒരുങ്ങി ഇറങ്ങിവന്ന അവനെ കണ്ട് എസ്തപ്പാന്‍ അന്ധാളിച്ചുപോയി.
'ഇത് ഈ ഇടയ്ക്ക് വീട്ടില്‍വന്ന ആ ചെറുക്കനല്ലെ.... ഇവനങ്ങനെ ഈ വേഷത്തില്‍ ഇവിടെ എത്തി.... കെല്‍സി നീ നീയെന്താ ഇവനെ ഇവിടെ വേലയ്‌ക്കെടുത്തതാണോ?' അതിശയപൂര്‍വ്വം എസ്തപ്പാന്‍ തിരക്കി....
'അതെന്തെങ്കിലും ആവട്ടെ.... എസ്തപ്പാന് സര്‍പ്രൈസായി വേറൊരാളുമുണ്ട്....' കെല്‍സി പിന്നിലേയ്ക്ക് നോക്കി സ്‌റ്റെല്ലയെ ക്ഷണിച്ചു... സ്‌റ്റെല്ലാ സിറ്റൗട്ടിലേയ്ക്ക് ഇറങ്ങിവന്നുനിന്നു..... എസ്തപ്പാനെ അഭിമുഖീകരിക്കാനാവാതെ കെല്‍സിയുടെ പിന്നിലായി തലകുമ്പിട്ടു നിന്നു.
എസ്തപ്പാന്റെ സിരകളില്‍ രക്തം പുളഞ്ഞുപാഞ്ഞു.... അടിമുടി ഒരു വിറയല്‍.... ഹൃദയം പടാപടാമിടിച്ചു.... എന്തുപറയണം.... എന്തുചെയ്യണം എന്നറിയാതെ അങ്ങനെയങ്ങു നിന്നുപോയി.... മെറൂണ്‍ കളറില്‍ പൂക്കളും കല്ലുകളും പതിപ്പിച്ച വിലയേറിയ സാരി ചുറ്റിയ കൊലുന്നനെയുള്ള ഒരു സ്ത്രീ. സൂക്ഷിച്ചു നോക്കെ സ്‌റ്റെല്ലയുടെ മുഖഭാവങ്ങള്‍ കണ്ണില്‍തെളിമയാര്‍ന്നുവന്നു. വര്‍ഷങ്ങള്‍ക്കുമുമ്പേ തന്റെ ഓര്‍മ്മയില്‍ നിറഞ്ഞുനിന്ന സ്‌റ്റെല്ലായില്‍നിന്നും വ്യത്യസ്തമായ രൂപം കാലാന്തരത്തില്‍ വന്ന വ്യതിയാനങ്ങള്‍.... ആകെ ശോഷിച്ചുപോയിരിക്കുന്നു.... നിറംമങ്ങി അധ്വാനത്തിന്റെ ഇരുള്‍ ശരീരത്തെ ബാധിച്ചിരിക്കുന്നു. കണ്ണുകള്‍ കുഴിഞ്ഞ് കവിളുകള്‍ ഒട്ടിയിരിക്കുന്നു. ഇവള്‍ തന്റെ സ്‌റ്റെല്ല തന്നെയാണെങ്കില്‍.... എത്രയധികം മാറിപ്പോയിരിക്കുന്നു....
'കെല്‍സി ഇവര്‍?'
'അതെ അന്ന് എസ്തപ്പാന്റെ വീട്ടില്‍വന്ന് മടങ്ങിപ്പോയ ആ സ്ത്രീയും കുട്ടിയും.... സംശയിക്കേണ്ടതില്ല. അവര്‍ തന്നെ...'
'അല്ല.....ഇവരിതെങ്ങെനെ ഇവിടെയെത്തി?'
'അതൊക്കെപ്പറയാം.... എസ്തപ്പാന്‍ എന്തുപറയുന്നു?'
എനിക്കിതൊന്നും വിശ്വസിക്കാന്‍ പറ്റുന്നില്ല..... ഇതുവരെ ഇവര്‍ എവിടെയായിരുന്നു.... സ്റ്റെല്ലയുടെ ഭര്‍ത്താവും മറ്റും..... എസ്തപ്പാന് സന്തോഷാധിക്യത്താല്‍ ഒന്നും പറയുവാന്‍ കഴിഞ്ഞില്ല....
'സ്റ്റെല്ലാ....' എസ്തപ്പാന്‍ സ്റ്റെല്ലയുടെ സമീപത്തു ചെന്നുനിന്നു.
'ഉം....' കുനിഞ്ഞ ശിരസുയര്‍ത്തി അവളൊന്ന് മൂളി....
'നിനക്കിത് എന്തുപറ്റി? നിന്റെ ഭര്‍ത്താവ് എവിടെ....ബന്ധുക്കള്‍.... എല്ലാവരും?' എസ്തപ്പാന്‍ ഏറിയ ജിജ്ഞാസയോടെ ചോദ്യങ്ങളുടെ ഭാണ്ഡം തുറന്നു.
'ഞാനും....മകനും തനിച്ചായി.... ഞങ്ങള്‍ക്കിപ്പോള്‍ ആരും ഇല്ല....'
'ആരും ഇല്ലെന്നോ? നിന്റെ ഭര്‍ത്താവ് എവിടെ?'
'അദ്ദേഹം ഇപ്പോള്‍ എവിടെയെന്നോ എങ്ങിനെയെന്നാ എനിക്കറിയില്ല.... വര്‍ഷങ്ങളായി....കൃത്യമായിപ്പറഞ്ഞാ ഇവന്റെ ജനനത്തിനുശേഷം ഞങ്ങള്‍ വേര്‍പിരിഞ്ഞതാണ്.'
'അപ്പോള്‍ കല്യാണശേഷം ഒരു വര്‍ഷമേ നിങ്ങള്‍ ഒന്നിച്ചു ജീവിച്ചതുള്ളൂ എന്നാണോ?'
'അതെ....'
'നിന്റെ ഈ മകനെയും സമ്മാനിച്ചിട്ട് അയാള്‍ നിങ്ങളെ വഴിയാധാരമാക്കി എന്നാണോ സ്‌റ്റെല്ലാ നീ പറയുന്നത്?'
'എന്റെ ഈ മകന്റെ അപ്പന്‍ അയാളല്ല....' അവള്‍ ഒരു ദൃഢനിശ്ചയത്തിലെന്നോണം പറഞ്ഞു. എസ്തപ്പാന്‍ ഒന്നു നടുങ്ങി.... വിവാഹിതയായി പോയതിനുശേഷം അവിഹിതബന്ധം നടത്തി ഒരു കുഞ്ഞിനു ജ•ം നല്‍കിയിട്ട് ഒരു ലജ്ജയും ഇല്ലാതെ സംസാരിക്കുന്നു..... എന്നിട്ടിപ്പോള്‍ അവസാനനിമിഷം ആ സന്തതിയെയുംകൊണ്ട് തന്റെ അരികില്‍ വന്നിരിക്കുന്നു. ഇവളാള് കൊള്ളാമല്ലോ....ഛെ.... ഇത്രയുംകാലം മനസിലേറ്റി നടന്ന സ്‌റ്റെല്ലയുടെ ഓര്‍മ്മകള്‍ വ്യര്‍ത്ഥമായിപ്പോയല്ലോ..... ഈ ഒരു ദുഷ്ചരിതയുടെ ബിംബം മനസില്‍ പ്രതിഷ്ഠിച്ച താനെന്തൊരു വിഡ്ഡി.
'നീ എന്താണ് ചെയ്തത് സ്റ്റെല്ലാ..... നമ്മുടെ ബന്ധം നിഷ്‌കരുണം തള്ളിപ്പറഞ്ഞുപോയ നീ എന്തിന് വീണ്ടും മറ്റൊരാളെ ചതിച്ചു.... നീ അയാളുടെ ഭാര്യയാണ് എന്ന് ചിന്തിക്കാതെ വിവാഹശേഷം എന്തിന് മറ്റൊരുവനുമായി അവിഹിതബന്ധത്തിന് മുതിര്‍ന്നു.... നീ ഇനി എന്റെ മുന്നില്‍ നില്‍ക്കേണ്ട.... നീ ഇനിയും എന്നെ വഞ്ചിക്കാനാണോ ഇങ്ങോട്ടുവന്നത്.....നിന്റെ അതിബുദ്ധി എന്റെ അടുത്ത് ഇനി വേണ്ട.... നിന്റെ അവിഹിതസന്തതിയെ എന്റെ തലയില്‍ കെട്ടിവയ്ക്കാം എന്നും കരുതേണ്ട' എസ്തപ്പാന്‍ കോപത്താല്‍ ജ്വലിച്ചു....
'കെല്‍സി നീയും ഇവരുടെകൂടെ നിന്ന് എന്നെ ചതിയില്‍പ്പെടുത്താന്‍ നോക്കുകയാണല്ലോ?' എസ്തപ്പാന്‍ കെല്‍സിയോട് ചോദിച്ചു....
'എസ്തപ്പാന്‍ എന്തറിഞ്ഞിട്ടാണ് ഇത്തരം വാക്കുകള്‍ പറഞ്ഞത്.... എസ്തപ്പാന് തെറ്റിപ്പോയി.... ഇപ്പറഞ്ഞവയെപ്പറ്റ ദുഃഖിക്കേണ്ടിവരും.... ഇവരുടെ ഈ അവസ്ഥയ്ക്കും ദുഃഖത്തിനും അലച്ചിലിനും കാരണം; ഇവളുടെ വിവാഹജീവിതത്തിന്റെ തകര്‍ച്ചയ്ക്കും കാരണം നിങ്ങളുടെ ബന്ധംതന്നെയാണ്. ഇവന്റെ അപ്പന്‍ വേറെ ആരും അല്ല.... എസ്തപ്പാന്‍ ആണ്? ഇവന്‍ എസ്തപ്പാന്റെ മകനാണ്.... ഇവള്‍ വിവാഹം കഴിച്ച് പോയ നാളില്‍ എസ്തപ്പാനില്‍നിന്നും പൂര്‍ണ്ണഗര്‍ഭിണിയായിരുന്നു. യാഥാര്‍ത്ഥ്യം അറിഞ്ഞപ്പോള്‍ അവള്‍ തന്റെ ഭര്‍ത്താവിനോട് കാര്യങ്ങള്‍ പറഞ്ഞു. അയാളെ വഞ്ചിക്കുവാന്‍ തയ്യാറായില്ല.... എന്നാല്‍ അയാള്‍ സ്റ്റെല്ലായെ നിഷ്‌കരുണം കൈയ്യൊഴിഞ്ഞു....' കെല്‍സിയുടെ വാക്കുകള്‍ എസ്തപ്പാന്റെ ഉള്ളില്‍ അഗ്നി മഴ ചൊരിഞ്ഞു.... എസ്തപ്പാന്റെ അന്തരംഗം പിടഞ്ഞു.


ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍:31- കൊല്ലം തെല്‍മ, ടെക്‌സാസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക