Image

നമ്മള്‍ കണ്ടിട്ടുണ്ട്, ഈ ചന്ദ്രേട്ടനെ (ചന്ദ്രേട്ടന്‍ എവിടെയാ?)

ആശ പണിക്കര്‍ Published on 08 May, 2015
 നമ്മള്‍ കണ്ടിട്ടുണ്ട്, ഈ ചന്ദ്രേട്ടനെ (ചന്ദ്രേട്ടന്‍ എവിടെയാ?)
പ്രതിഭാധനനായ പിതാവിന്റെ സംവിധാനമികവ് അത്രത്താളം അവകാശപ്പെടാന്‍ ഇപ്പോള്‍ കഴിയില്ലെങ്കിലും നടന്‍ സിദ്ധാര്‍ത്ഥ് ഭരതനും അതേ വഴികളിലൂടെ തന്നെയാണ് സഞ്ചാരം. ചന്ദ്രേട്ടന്‍ എവിടെയാ എന്ന ലളിതമായ ചിത്രത്തിലൂടെ ഈ സമൂഹത്തില്‍ നാം പലപ്പോഴും കണ്ടിട്ടുള്ള ചന്ദ്രമോഹന്‍ എന്ന ചെറുപ്പക്കാരനാണ് നായകന്‍. 

ദിലീപ് അവതരിപ്പിക്കുന്ന മട്ടന്നൂര്‍ ചന്ദ്രമോഹന്‍ സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥനാണ്. സമൂഹത്തില്‍ വളരെ മാന്യമായി ജീവിക്കുന്ന ഒരു കുടുംബം. സുന്ദരിയും ബി.എസ്.എന്‍.എല്ലില്‍ ഉദ്യോഗസ്ഥയുമായ ഭാര്യ. ഒരു മകനും. സോഷ്യല്‍ സ്റ്റാറ്റസ് അങ്ങനെ അയാള്‍ തികച്ചും സന്തുഷ്ടമായ കുടുംബജീവിതം നയിച്ചു പോരുന്നതിനിടയിലാണ് ചില അപ്രതീക്ഷിത സംഭവങ്ങള്‍ അയാളുടെ ഉള്ളില്‍ മറഞ്ഞുകിടന്നിരുന്ന മറ്റൊരു ചന്ദ്രമോഹനെ ഉണര്‍ത്തുന്നത്.

സമൂഹത്തിന്റെ പതിവ് കല്‍പനകളനുസരിച്ച് ജീവിക്കുമ്പോഴും ബന്ധങ്ങളുടെ കെട്ടുപാടുകളില്ലാതെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന മറ്റൊരു ചന്ദ്രമോഹന്‍ അയാളുടെ ഉളളിലുണ്ട്. ആ വ്യക്തി കവിയാണ്, കലാ നിരൂപകനാണ്, നൃത്തമാസ്വദിക്കുന്നവനാണ്. പാട്ടുപാടി മദ്യപിച്ച് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളുമാ#ണ്. 

ഭാര്യ മറ്റൊരു സ്ഥലത്ത് ജോലി ചെയ്യുന്നതിനാല്‍ അയാള്‍ ലോഡ്ജ് മുറിയില്‍ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഇഷ്ടജീവിതം നയിക്കുന്നു. എല്ലായ്പ്പപോഴും ചന്ദ്രേട്ടന്‍ എവിടെയാ എന്നു ചോദിച്ചുകൊണ്ടുള്ള ഭാര്യ സുഷമ(അനുശ്രീ)യുടെ ഫോണ്‍വിളി അയാള്‍ക്ക് അസഹ്യമാണ്. അയാള്‍ കള്ളം പറഞ്ഞുകൊണ്ടേയിരിക്കുകയും അതോടൊപ്പം അയാളുടെ കള്ളത്തരങ്ങള്‍ ഭാര്യ പിടിക്കുകയും ചെയ്യുന്നു. 

എങ്കിലും നല്ല ഭര്‍ത്താവും നല്ല അച്ഛനുമാകാനുള്ള ആഗ്രഹം അയാളിലുണ്ട്. അതു കൊണ്ട് ഭാര്യയും മകനുമൊത്ത് അയാള്‍ തഞ്ചാവൂരിലേക്ക് വിനോദയാത്രയ്ക്ക് പോകുന്നു. ഇത് അയാളുടെ ജീവിതത്തില്‍ ഉദദ്യോഗജനകമായ മറ്റു ചില സംഭവങ്ങള്‍ക്ക് കാരണമാകുന്നു. വൈത്തീശ്വരം കോവിലിലെ നാഡീജ്യോതിഷി് ആയിരം കൊല്ലം പഴക്കമുള്ള ചന്ദ്രമോഹന്റെ പോയ ജന്‍മത്തിന്റെ കഥ അയാള്‍ക്ക് പറഞ്ഞുകൊടുക്കുന്നു. ആ ജന്‍മത്തില്‍ ആയാള്‍ രാജാവിന്റെ ആസ്ഥാനകവിയായ വേല്‍കൊഴു കൊട്ടുവനായിരുന്നെന്നും രാജനര്‍ത്തകിയായ വസന്തമല്ലികയെ പ്രേമിച്ചതിന് യുദ്ധത്തിനയച്ചു കൊന്നുവെന്നും ഒരു കഥ പറഞ്ഞു. ആയിരം കൊല്ലങ്ങള്‍ക്കു ശേഷം വസന്തമല്ലിക തന്റെ പ്രേമഭാജനത്തെ തേടി വരുമെന്നും അതിനാല്‍ ഭര്‍ത്താവില്‍ ഒരു കണ്ണു വേണമെന്നും നാഡീജ്യോതിഷി സുഷമയോട് പറയുന്നു. 

തഞ്ചാവൂരില്‍ നിന്നു തിരിച്ചെത്തി രാത്രിയില്‍ ഉറങ്ങികിടക്കവേ സ്വപനത്തില്‍ കണ്ണാടിയില്‍ ചന്ദ്രന്‍ തന്നെ വേല്‍ക്കൊഴു കൊട്ടുവനായി കാണുകയും അയാളുടെ കാമിനി വസന്തമല്ലികയായി (നമിത്) ഡോ. ഗീതാഞ്ജലി രംഗപ്രവേശം നടത്തുകയും ചെയ്യുന്നു. ചന്ദ്രനും സുഷമയ്ക്കും ഗീതാഞ്ജലിക്കുമിടയില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് കഥയെ മുന്നോട്ടേു നയിക്കുന്നത്. 

ഭാര്യയുടെ അതിരു കവിഞ്ഞ സ്‌നേഹപ്രകടനങ്ങളില്‍ പലപ്പോഴും അസഹ്യത പ്രകടിപ്പിക്കുന്ന ഭര്‍ത്താവാണ് ചന്ദ്രന്‍.  ദാമ്പത്യജീവിതത്തിന്റെ പതിവു വേലിക്കെട്ടുകളില്‍ നിന്നും പുറത്തു ചാടാന്‍ വെമ്പുന്ന സ്വഭാവക്കാരനാണ് അയാള്‍.  ചന്ദ്രന്റെ ഇത്തരം ആശകള്‍ക്ക് വളം വച്ചുകൊടുക്കുന്ന കുറേ സുഹൃത്തുക്കളും അയാള്‍ക്കുണ്ട്.  വേലി ചാടുന്ന ഭര്‍ത്താക്കന്‍മാരും ഭാര്യമാരും യഥാഷ്ടമുള്ള നമ്മുടെ നാട്ടില്‍ കുടുംബജീവിതത്തിന്റെ പവിത്രതയ്ക്കു തന്നെയാണ് സ്ഥാനം എന്ന സന്ദേശമാണ് സിനിമ നമുക്ക് നല്‍കുന്നത്.നര്‍ത്തകിയോടു തോന്നുന്ന എല്ലാ അടുപ്പവും ഉപേക്ഷിച്ച് അയാള്‍ ഭാര്യക്കും മകനുമൊപ്പം ചേരുന്നു.
 
ദിലീപിന്റെ പതിവു കോമഡി ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിട്ടാണ് ദിലീപ് ഈ ചിത്രത്തില്‍ ചന്ദ്രനായി എത്തുന്നത്. എങ്കിലും കണ്ടു പരിചയിച്ച ചില സീനുകളിലെങ്കിലും ദിലീപിന്റെ പതിവു മാനറിസങ്ങള്‍ കടന്നു വരുന്നുണ്ട്. ഡയമണ്ട് നെക്ലേസിലെ നാട്ടിന്‍പുറത്തുകാരിയായ ഭാര്യയെ പോലെ തന്നെയാണ് അനുശ്രീ  ഈ സിനിമയിലും എത്തുന്നതെങ്കിലും അവസാന സീനുകളില്‍ മികച്ച അഭിനയമാണ് അനുശ്രീ കാഴ്ചവച്ചതെന്ന് പറയാതെ വയ്യ. നര്‍ത്തകിയായ ഗീതാഞ്ജലിയായി എത്തുന്ന നമിതയ്ക്ക് പ്രത്യേകമായി ഒന്നും ചെയ്യാനില്ലെങ്കിലും പ്രേക്ഷകരുടെ മനസില്‍ തങ്ങി നല്‍ക്കുന്ന വിധം തന്റെ റോള്‍ ഭംഗിയാക്കിയിട്ടുണ്ട്. ദിലീപിന്റെ സുഹൃത്തുക്കളായി എത്തുന്ന മുകേഷ് അവതരിപ്പിക്കുന്ന ചന്ദ്രശേഖര മേനോന്‍, സുരാജിന്റെ ജ്യോതിഷി, സഹപ്രവര്‍ത്തകനായി എത്തുന്ന സൗബിന്‍ ഷാഹിദ് എന്നിവര്‍ ദിലീപിന്റെ കഥാപാത്രത്തിന് നല്ല പിന്തുണ നല്‍കുന്നുണ്ട്. ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്ന അളിയന്‍ കഥാപാത്രത്തിന് പ്രത്യേകിച്ച് പ്രാധാന്യമൊന്നും ഈ ചിത്രത്തിലില്ല. സുഷമയുടെ ഉപദേശകയായി എത്തുന്ന കെ.പി.എ.സി ലളിത പതിവു പോലെ കഥാപാത്രത്തോട് നീതി പുലര്‍ത്തിയിട്ടുണ്ട്. 

സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. സാന്ദര്‍ഭികമായ തമാശ രംഗങ്ങള്‍ ഒരുക്കാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പ്രശാന്ത് പിള്ളയുടെ സംഗീതം നല്ല നിലവാരം പുലര്‍ത്തുന്നു. പ്രത്യേകിച്ച് വസന്തമല്ലികേ എന്ന ഗാനം പ്രേക്ഷക മനസില്‍ ഇടം നേടിക്കഴിഞ്ഞു. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണം ചിത്രത്തിനു മുതല്‍ കൂട്ടാണ്. ബവന്‍ ശ്രീകുമാറിന്റെ എഡിറ്റിങ്ങും മികച്ചതാണ്. 

തുടക്കക്കാരന്റെ ചില്ലറ പിഴവുകള്‍ ചിത്രത്തിനുണ്ടെങ്കിലും സിദ്ധാര്‍ത്ഥ് ഭരതന് അഭിമാനിക്കാം. കാരണം കുടുംബ പ്രേക്ഷകര്‍ ഈ ചിത്രം ഇഷ്ടപ്പെട്ടുകഴിഞ്ഞു. 


 നമ്മള്‍ കണ്ടിട്ടുണ്ട്, ഈ ചന്ദ്രേട്ടനെ (ചന്ദ്രേട്ടന്‍ എവിടെയാ?)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക