Image

`കവിതഥ' യിലെ ഭാഷണം `മലയാളം, എന്റെ മാതൃഭാഷ: നിങ്ങളുടെയും!4: പ്രൊഫസ്സര്‍ ഡോ: ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D.)

Published on 08 May, 2015
`കവിതഥ' യിലെ ഭാഷണം `മലയാളം, എന്റെ മാതൃഭാഷ: നിങ്ങളുടെയും!4: പ്രൊഫസ്സര്‍ ഡോ: ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D.)
(മലയാളി അസ്സോസിയേഷന്‍ ഓഫ്‌ ഫിലഡല്‍ഫിയയുടെ (മാപ്‌) `കവിതഥ' എന്ന ഏകദിന സെമിനാറിലെ കീനോട്ട്‌ പ്രസംഗത്തില്‍ ഇതിലെ പ്രസക്തഭാഗങ്ങള്‍ അവതരിപ്പിച്ചിരുന്നു.)

ബുദ്ധിയെയും ബൗദ്ധികതയെയും പ്രകാശിപ്പിക്കുന്ന ഭാഷ

ഭാഷയെ വളര്‍ത്താനാണല്ലോ നാം പരിശ്രമിക്കുന്നത്‌. ആശയവിനിമയമാണ്‌ നമ്മുടെ മുഖ്യ ലക്ഷ്യം. വ്യക്തികളും സ്ഥാപനങ്ങളും, സഹകരിച്ചും ആരോഗ്യപരമായി മത്സരിച്ചും മുന്നേറുന്ന പ്രവര്‍ത്തനശൈലി നാം കുടിയേറിയിരിക്കുന്ന മണ്ണിന്റെ മണം ആവാഹിക്കുന്നു. വ്യക്തിതാല്‍പര്യവും വ്യക്തിവിദ്വേഷവും മദ്യലഹരിയും മൂലം കമ്മ്യൂണിക്കേഷനുള്ള ഭാഷയുടെ ശക്തി നാം കളഞ്ഞു കുളിക്കരുത്‌. സംഭാഷണത്തിലും പ്രസംഗത്തിലും അന്യായമായി ഉപയോഗിക്കുന്ന വാക്കേല്‍പ്പിക്കുന്ന മുറിവുണങ്ങാന്‍ താമസ്സമെടുക്കും.

മാതൃഭാഷയില്‍ ചീത്ത കേള്‍ക്കുമ്പോള്‍ മനസ്സ്‌ കൂടുതല്‍ മുറിപ്പെടുന്നു.പച്ചമലയാളത്തില്‍ പച്ചത്തെറി പറയുന്ന നീചനെ നോക്കി നമ്പൂരി, `തവ മാതൃയോനി'യെന്നു സംസ്‌കൃതത്തില്‍ പറയൂ എന്ന്‌ ഫലിതം പോലെ പ്രസ്‌താവിക്കുമ്പോള്‍,മാതൃഭാഷയുടെ സുശക്തമായ അര്‍ത്ഥദംശനം നമുക്ക്‌ അത്ഭുതത്തോടെ ബോദ്ധ്യപ്പെടുന്നു.

അനാവശ്യമായി ഉപയോഗിക്കുന്ന വാക്കുകള്‍ മൂലം മാനഹാനി സംഭവിക്കുമ്പോള്‍ മാനനഷ്ടത്തിനു കേസു കൊടുക്കല്‍, നിസ്സാര കാര്യത്തിനുപോലും `സ്യു' ചെയ്യുന്ന ഈ രാജ്യത്ത്‌ എളുപ്പമാണ്‌. പ്രത്യേകിച്ചും, ആലേഖനം ചെയ്യപ്പെട്ട ശബ്ദരേഖയും ചലച്ചിത്രവും റെക്കോര്‍ഡിങ്‌ ഡിവൈസുകളിലൂടെ സുലഭമായ ഇക്കാലത്ത്‌.

കുരുക്കുകളില്‍ വീണുപോയവര്‍ മാപ്പു പറഞ്ഞ്‌ മാന്യത വീണ്ടെടുത്തേക്കാമെങ്കിലും, ഭാരവാഹികളാണെങ്കില്‍ രാജി സമര്‍പ്പിച്ച്‌ ജനാധിപത്യ മര്യാദ കാത്തേക്കാമെങ്കിലും അക്ഷരത്തെറ്റിലെ ദ്രോഹം മങ്ങാതെയും മായാതെയും കിടക്കും.

`ആരാണ്‌ വിദ്യാധരനും സാമൂഹ്യ പാഠങ്ങളും' എന്ന പുസ്‌തകത്തില്‍ ഒരിടത്ത്‌ (പുറം: 87) മദ്യലഹരിയില്‍ നിന്നും യോഗസമയത്തെങ്കിലും വിട്ടു നില്‌ക്കേണ്ട ആവശ്യം ഉദാഹരണസഹിതം അടിവരയിട്ടിട്ടുണ്ട്‌. (ആനുഷംഗികമായി റെക്കാര്‍ഡിങ്‌ നിയമത്തെക്കുറിച്ച്‌ ഒരു വാക്ക്‌: ന്യുയോര്‍ക്ക്‌ സംസ്ഥാനത്ത്‌ രണ്ടു പേര്‍ തമ്മിലുള്ള സംഭാഷണം രഹസ്യ സ്വഭാവമുള്ളതായി കണക്കാക്കപ്പെടുന്നു. അത്‌ അനുവാദമില്ലാതെ റെക്കോര്‍ഡ്‌ ചെയ്യുന്നത്‌ നിയമ വിരുദ്ധമാണെന്ന്‌ കേള്‍ക്കുന്നു. പലപ്പോഴും ചില കമ്പനികളുമായി ഫോണില്‍ ബന്ധപ്പെടുമ്പോള്‍ സംഭാഷണം റെക്കോര്‍ഡ്‌്‌ ചെയ്യുന്നതാണെന്ന സന്ദേശം കേള്‍ക്കാവുന്നതാണ്‌. മൂന്നോ അതിലധികമോ പേരുള്‍പ്പെട്ടാല്‍ റെക്കോര്‍ഡ്‌ ചെയ്യാവുന്നതും കോടതിയില്‍ മൊഴിയാക്കി മാറ്റാവുന്നതുമാണ്‌. നിയമജ്ഞര്‍ കൂടുതല്‍ വെളിച്ചം വീശട്ടെ.)

അമേരിക്കയില്‍ മലയാളഭാഷ നിലനില്‍ക്കുമോ? സാദ്ധ്യതകളും അവസ്ഥാന്തരങ്ങളും

എല്ലാ വര്‍ഷവും യുവ മലയാളികള്‍ പലതരം വിസകളില്‍ ഇവിടെ എത്തുന്നുണ്ട്‌. കഴിഞ്ഞ വര്‍ഷം മാത്രം ഒമ്പത്‌ ലക്ഷം ഇന്ത്യക്കാര്‍ ഇവിടെ വന്നുചേര്‍ന്നു. അക്കൂട്ടത്തിലെ മലയാളികളാണല്ലോ ഇവിടെ സ്ഥിരതാമസം നടത്തുന്നെങ്കില്‍, ഒരു പക്ഷേ, ഭാഷയെ സേവിക്കാന്‍ സാദ്ധ്യതയുള്ളത്‌. നീണ്ട വാസത്തിനു നില്‍ക്കുന്ന അതിലെ എത്ര പേര്‍ക്ക്‌ മലയാളം ശരിക്കും അറിയാം?

നരച്ച തലകളുടെ ആധിക്യം ബഹുമാനാര്‍ഹം തന്നെ. പക്ഷേ, ചെറുപ്പക്കാരുടെ പിന്തുണയും പങ്കാളിത്തവും ഇല്ലാത്ത അവസ്ഥ ഒരു പ്രസ്ഥാനത്തിന്റെ! ഭാവിയിലേക്കുള്ള വ്യക്തമായ ചൂണ്ടുപലകയാണ്‌. ഒരു പ്രസ്ഥാനത്തില്‍ ഇരുപതിനും നാല്‍പ്പതിനും ഇടയിലുള്ള യുവജനങ്ങളുടെ പങ്കാളിത്തം ഇല്ലെങ്കില്‍ പത്തിരുപത്‌ വര്‍ഷങ്ങള്‍ക്കുള്ളില്‍ അതിന്റെ ശക്തി ഏറെ ക്ഷയിക്കുമെന്ന്‌ പറയേണ്ടതില്ലല്ലോ. കേരളത്തിലെ മലയാള സാഹിത്യ സമ്മേളനങ്ങളിലും ചെറുപ്പക്കാരുടെ പ്രാതിനിധ്യം കുറവാണത്രെ. അമേരിക്കയിലെ കാര്യം ഇതിലും പരിതാപകരമാണ്‌.

അമേരിക്കന്‍ മലയാളിക്ക്‌ ഭാഷയെ എങ്ങിനെ സേവിക്കാം?

അമേരിക്കന്‍ മലയാളിയുടെ ശരാശരി പ്രായം നാല്‌പ്പതിനു മുകളിലാകാം. കാനേഷുമാരിക്കാര്‍ കൃത്യമായ അക്കം തന്നേക്കാം. പ്രായംകൂടി വരുന്തോറും നമ്മുടെ താത്‌പ്പര്യങ്ങള്‍ ചെറുപ്രായത്തിലേതു പോലെയാകുന്നു. പലരും നീണ്ട ഇടവേളയ്‌ക്കു ശേഷം എഴുത്ത്‌ ആരംഭിക്കുന്നുണ്ട്‌. അവരെ നിരുത്സാഹപ്പെടുത്തേണ്ട യാതൊരാവശ്യവുമില്ല. ശരാശരി ആയുസ്സ്‌ വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത്‌ അവരുടെ മനസ്സിനു മേച്ചില്‍ സ്ഥലങ്ങള്‍ ഉണ്ടാകേണ്ടത്‌ സന്തോഷമായും സമാധാനമായും ജീവിതം തുടരാന്‍ അഭിലഷണീയമാണ്‌. പല വീടുകളിലും ഇദ്ദിശയിലുള്ള ഉര്‍ജ്ജച്ചോര്‍ച്ച കുടുംബസമാധാനം നിലനിര്‍ത്തുന്നതിനുള്ള കരുക്കളായും മാറാം. ഇക്കൂട്ടരില്‍ ചിലരെങ്കിലും നല്ല സംഭാവനകള്‍ ഭാഷയ്‌ക്ക്‌ കൊടുത്തേക്കാം.

ഇവിടെത്തന്നെ പ്രസിദ്ധീകരിക്കുന്നതില്‍ നാണിക്കേണ്ട ആവശ്യമില്ല. നല്ല രചനകളെ മാത്രം പ്രോത്സാഹിപ്പിക്കുന്ന പ്രസിദ്ധീകരണങ്ങളും പത്രാധിപന്മാരും ഉണ്ടാകണമെന്ന്‌ മാത്രം. നാട്ടിലെ പ്രസിദ്ധീകരങ്ങളിലും അച്ചടിച്ചു വരുന്നതില്‍ ഏറെയും ചപ്പുചവറാണെന്ന്‌ അവിടത്തുകാരില്‍ വിവരമുള്ളവര്‍ പറയുന്നു.

അമേരിക്കന്‍ മലയാള പ്രസിദ്ധീകരണങ്ങള്‍

അമേരിക്കന്‍ മലയാള പ്രസിദ്ധീകരണങ്ങളുടെ പ്രശ്‌നം ഇതാണ്‌: എല്ലാ നിലവാരത്തിലുമുള്ള കൃതികള്‍ ഒരേ സ്ഥലത്ത്‌ പ്രത്യക്ഷപ്പെടുന്നു. ഒന്നാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ്സു വരെയുള്ള വിദ്യാര്‌ത്ഥികളെ ഒരേ ക്ലാസിലിരുത്തുന്ന അവസ്ഥ.

വായനക്കാരുടെ തട്ടുകള്‍ അനുസരിച്ചുള്ള എഴുത്തുകള്‍ക്ക്‌ വിവിധയിനം പ്രസിദ്ധീകരണങ്ങള്‍ ഉണ്ടാകണം. അതിന്റൊ അഭാവമാണ്‌ പലരെയും മെച്ചപ്പെട്ട മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്താന്‍ പ്രേരിപ്പിക്കുന്നത്‌. പത്രാധിപര്‍ നല്ല കൃതികള്‍ തിരഞ്ഞെടുത്തില്ലെങ്കില്‍ വായനക്കാരന്‌ മേന്മ കുറഞ്ഞ കൃതികള്‍ വായിച്ചുവായിച്ച്‌ നിരാശയുണ്ടാകും. നല്ല കൃതികള്‍ കാണാതെയും പോകും. അതുകൊണ്ടാണ്‌, നല്ല നിലവാരമുള്ള പ്രസിദ്ധീകരണങ്ങള്‍ വായിക്കുമ്പോള്‍ ധാരാളം സമയലാഭം ഉണ്ടാകുന്നത്‌.

കേരളത്തിലെ എഴുത്തുകാര്‍ അമേരിക്കയിലെ മലയാളി എഴുത്തുകാരിലേക്ക്‌ നോക്കുന്ന രീതിയിലായിരിക്കണം സാഹിത്യ രചന. ലോകഭാഷകളുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ സാദ്ധ്യമായ അമേരിക്കയിലിരുന്ന്‌ ഭാഷയെ ഉന്നത നിലവാരത്തില്‍ സേവിക്കാന്‍ കഴിയേണ്ടതാണ്‌. ഇവിടെയുള്ള വിവരവും പാണ്ഡിത്യവും ഉപയോഗിച്ച്‌ മലയാളം വികസിപ്പിക്കാനുള്ള `നൊ ഹൗ' കേരളത്തിനു കൊടുക്കുകയാണ്‌ വേണ്ടത്‌.

നാട്ടിലെ നല്ല എഴുത്തുകാരെ തള്ളിക്കളയാനോ മാര്‍ഗ്ഗദര്‍ശനസ്ഥാനത്തു നിന്ന്‌ നിഷ്‌ക്കാസനം ചെയ്യാനോ അല്ല ആഹ്വാനം. മറിച്ച്‌, ഭാഷയുടെ ഒരു `ഐലന്‍ഡ്‌ ഓഫ്‌ എക്‌സെലന്‍സ്‌ി' ആകാനുള്ള, പുതിയ ദിശയില്‍ ചിന്തിക്കുന്ന `ട്രെന്‌ഡ്‌, സെറ്റര്‍' പദവി ചൂടാനുള്ള അവസരമാണ്‌ നഷ്ടപ്പെടുത്തുന്നത്‌ എന്ന്‌ സൂചിപ്പിക്കുന്നെന്നു മാത്രം.

(തുടരും)
`കവിതഥ' യിലെ ഭാഷണം `മലയാളം, എന്റെ മാതൃഭാഷ: നിങ്ങളുടെയും!4: പ്രൊഫസ്സര്‍ ഡോ: ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D.)
Join WhatsApp News
വിദ്യാധരൻ 2015-05-08 22:05:48
നുഷ്യ ജീവിതവും സാഹിത്യവും എങ്ങനെ കെട്ട് പിണഞ്ഞു കിടക്കുന്നു എന്നതിന് ഉദാഹരണമാണ് വയലാറിന്റെ മനുഷ്യനിലേക്ക് എന്ന കവിത.  നിരണം വൃത്തത്തിൽ എഴുതിയിരിക്കുന്ന ഈ കവിതയുടെ ആദ്യഭാഗം വളരെ ശ്രദ്ധേയമാണ് 

'തൊഴിൽശാലകളിൽ, പായ്ത്തറിയിൽ കയർ 
         പാവിടുവോരിൽ, വയലേലകളിൽ 
മഴയിൽ വെയിലിൽ മുണ്ടക ഞാറുകളിൽ 
         നട്ടുനനച്ചു വളർത്തുന്നവരിൽ 
മിഴികൾ തിരുമ്മിയുണർന്ന വിടർന്ന 
         കിനാവുകൾതോറും കാണ്‍മൂ ഞങ്ങലൊരഴകിൻ
മുഗ്ദ്ധവസന്തവിലാസവു-
         മുന്നതകലയുടെ മണിവീണകളും'

തൊഴിൽശാലകളിലും, പായ്ത്തറികളിലും പാവിടുവോരിലും, മുണ്ടക ഞാറു നടുന്നവരിൽ നിന്നും, അവർ കഷ്ടപ്പെടുമ്പോഴും, അവരുടെ ചുണ്ടുകളിൽ നിന്ന് ഉന്നതകലയുടെ മണിവീണാനാഥം കേൾക്കാമായിരുന്നു. പക്ഷെ യന്ത്രവത്ക്കരണത്തോടെ അതും നിലച്ചു.  സാഹിത്യം ജീവാതു ജീവിതത്തെ വളർത്തുവാൻ പരിയാപ്തമായിരിക്കണം.  അതിനു അത് മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ടതായിരിക്കണം.  ജീവിതവുമായി ബന്ധപ്പെട്ടു നില്ക്കുന്ന സാഹിത്യ രചനകളിൽ എല്ലായിപ്പോഴും അവന്റെ നവരസങ്ങളുടെ ബഹിർസ്ഫുരണങ്ങൾ കാണാൻ കഴിയും അതോടൊപ്പം അത് വയിക്കുന്നവനിലെക്ക് അത് കൈമാറപ്പെടുന്നു. ആ രചനയുടെ ശൈലിയും വാക്കുകളും വായനക്കാരുടെ ഹൃദയങ്ങളിൽ ഒട്ടി നില്ക്കുന്നു. അമേരിക്കയിൽ നിന്ന് എഴുതുന്ന കൃതികളിൽ എത്രയെണ്ണത്തിൽ ഈ വൈകാരികത ദർശിക്കാൻ കഴിക്കും. യാന്ത്രികമായ ഒരു ഉൽപ്പാധനംപോലെ അത് പുറത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്.  ആര് പറഞ്ഞാലും കേൾക്കാത്ത ഇവർ പോത്തുകൾ തന്നെ.  യെരുശലേമിൽ നിന്ന് ഒരു നന്മയും പ്രതീക്ഷിക്കണ്ട എന്നത് പറഞ്ഞതോപോലെ ഇവരിൽ നിന്നും ഒന്നും പ്രതീക്ഷിക്കണ്ട.  ഓർമ്മകുറവ് നികത്തുവാനുള്ള പ്രതിവിതിയായി സാഹിത്യരചന നടത്തി വിട്ടാൽ അത്, സമൂഹത്തെ ഭ്രാന്തു പിടിപ്പിക്കുകയെ ചെയ്യൂ. അതുകൊണ്ട് അത്തരക്കാരെ  പ്രോത്സാഹിപ്പിക്കുന്നതിനോട് യോചിക്കാൻ കഴിയില്ല. പച്ചത്തെറി വൈകാരികക്ഷോഭം ഉണ്ടാകുമ്പോൾ ഒരു പ്രതിവിധിയായി ഉപയോഗിക്കാം. പക്ഷേ മറ്റൊരാളോട് ആയിരിക്കരുത്.  ഒബാമയുടെ ചെവിയില, മൈക്ക് ഓണ്‍ ചെയ്ത്ട്ടിട്ടു , വൈസ് പ്രസിഡണ്ട്, ഫ്-ബോംബിട്ടത്‌പോലെ ഒരെണ്ണം ഇടുന്നതിൽ കുഴപ്പം ഇല്ല. കേൾക്കുന്നവർക്ക് ഊറി ചിരിക്കാൻ ഒരവസരവും കിട്ടും. തെറി മറന്നാലും ശ്രിംഗാരം പൂർണ്ണമായി എടുത്തു കളയരുത്. അത് സാഹിത്യത്തിന്റെ വളർച്ചയെ മുരടിപ്പിക്കും. അതുകൊണ്ട് അമേരിക്കൻ എഴുത്തുക്കാർ ചുമ്മാ മസിലു പിടിക്കാതെ എന്നും വൈകിട്ട് ഒരല്പം, മരനീര് അകത്താകി കൂട്ടത്തിൽ അല്പം ശ്രിംഗാരം രസവും പാനം ചെയുത് ഉറങ്ങാൻ പോകുക.

സ്ഥിരോ  ഗംഗാവർത്ത സ്തനമുകുളരോമാവലി ലത 
കുലാവാലം കുണ്ഡം കുസുമശരതേജോ ഹുതഭുജ 
രതേർല്ലീലാഗരം കിമപി തവ നാഭിർഗിരി സുതേ 
ബിലദ്വാരം സിദ്ധേർഗ്ഗിരിശനയനാനം വിജയതെ (സൗന്ദര്യലഹരി)

ഹേ ഗിരിസുതേ, നിന്റെ നാഭിദേശം, ഗംഗാജലത്തിലെ ഇളകാതെ നില്ക്കുന്ന ചുഴിയായും കുചദ്വയങ്ങളായ പൂമോട്ടുകളോട്കൂടിയ രോമാവലിയാകുന്ന ചെറു ലതക്ക് വളരാനുള്ള തടമായും, കാമദേവന്റെ പ്രതാപഗ്നിക്ക് ജ്വലിക്കുവാനുള്ള ഹോമകുണ്ഡംമായും രതീദേവിയുടെ കേളിഗൃഹമായും,  പരമശിവന്റെ ദൃഷ്ടികൾക്ക്  താപഫലാഗമനത്തിനുള്ള ഗുഹാമാർഗ്ഗമായും വർത്തിക്കുന്നു.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക