Image

സല്‍മാന്‍ഖാന് അഞ്ചു വര്‍ഷം തടവ് ; ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

ആശ പണിക്കര്‍ Published on 07 May, 2015
സല്‍മാന്‍ഖാന് അഞ്ചു വര്‍ഷം തടവ് ; ഹൈക്കോടതി  ഇടക്കാല ജാമ്യം അനുവദിച്ചു
 മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ ബോളിവുഡ് താരം സല്‍മാന്‍ഖാന് അഞ്ചു വര്‍ഷത്തെ തടവ്. 2002ലാണ് സംഭവം.. പതിമൂന്നു വര്‍ഷം നീണ്ട കേസില്‍ മുംബൈ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ലൈസന്‍സ് ഇല്ലാതെയും മദ്യപിച്ചുമാണ് സല്‍മാന്‍ഖാന്‍ വണ്ടിയോടിച്ചിരുന്നതെന്ന് കോടതി കണ്ടെത്തി. 

പ്രൊസിക്യൂഷന്‍ വാദങ്ങള്‍ സല്‍മാന്‍ഖാന്‍ നിരസിച്ചെങ്കിലും കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തുകയായിരുന്നു. വിധിയെ തുടര്‍ന്ന് മുംബൈ പോലീസ് സല്‍മാന്‍ഖാനെ കസ്റ്റഡിയിലെടുത്തു. വിധി പ്രഖ്യാപനത്തിനു ശേഷം ഹൃദ്രോഗമുള്‍പ്പെടെ നിരവധി അസുഖങ്ങള്‍ സല്‍മാനുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുകയും ചെയ്തു ഇതിനിടെ സല്‍മാന് മുംബൈ ഹൈക്കോടതി രണ്ടു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. വെള്ളിയാഴ്ച വരെയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ ജയിലില്‍ പോകുന്നതില്‍ നിന്നും തല്‍ക്കാലം ഒഴിവായി. 

സബര്‍ബന്‍ ബാന്ദ്രയിലെ ഒരു ബേക്കറിക്കു മുന്നില്‍ കിടന്നുറങ്ങുകയായിരുന്നവരുടെ മേലെയാണ് സല്‍മാന്‍ ഓടിച്ച വെള്ള ലാന്‍ഡ് ക്രൂയിസര്‍ കാര്‍ ഓടിച്ചു കയറ്റിയത്. ഇതില്‍ ഒരാള്‍ മരിക്കുകയും ബാക്കി നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മനപൂര്‍വമല്ലാത്ത നരഹത്യക്ക് ല്‍മാന്‍ഖാനെതിരേ പോലീസ് കേസ് ചാര്‍ജ് ചെയ്തത്. 

വിധ്യ പ്രഖ്യാപന വേളയില്‍ കോടതിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. സെഷന്‍സ് ജഡ്ജ് ഡി.ഡബ്‌ളിയു. ദേശ്പാണ്‌ഡെ വിധ്യ പ്രഖ്യാപിക്കുമ്പോള്‍ കോടതിക്കുള്ളില്‍ അഭിഭാ,കര്‍, മാധ്യമ പ്രവര്‍ത്തകര്‍, കോടതി ജീവനക്കാര്‍ എന്നിവരെ മാത്രമേ പ്രവേശിപ്പിച്ചിരുന്നുള്ളൂ. വിധിക്കു മുമ്പ് സഹോദരി അര്‍പ്പിതയും സഹോദരങ്ങളായ അര്‍ബ്ബാസ്, സൊഹെയില്‍ഖാന്‍ എന്നിവരും ഖാനെ സന്ദര്‍ശിച്ചിരുന്നു. സല്‍മാന്റെ ഡ്രൈവര്‍ അശോക് സിങ് സംഭവ സമയത്ത് താനാണ് വണ്ടിയോടിച്ചിരുന്നതെന്ന് നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ സംഭവ സമയത്ത് ഡ്രൈവര്‍ കാറില്‍ നിന്നും ഇറങ്ങി വരുന്നതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയതോടെ ഈ വാദത്തിനു തിരിച്ചടിയായി. ഇതോടെ ഡ്രൈവറുടെ കുറ്റമേറ്റെടുക്കലും കോടതിക്കു സ്വീകാര്യമായില്ല. 


സല്‍മാന്‍ഖാന് അഞ്ചു വര്‍ഷം തടവ് ; ഹൈക്കോടതി  ഇടക്കാല ജാമ്യം അനുവദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക