Image

വിക്കിലീക്ക്‌സ് : കുഞ്ഞാലിക്കുട്ടിയും മുനീറും രാജിവെക്കണമെന്ന് പിണറായി

Published on 01 September, 2011
വിക്കിലീക്ക്‌സ് :  കുഞ്ഞാലിക്കുട്ടിയും മുനീറും രാജിവെക്കണമെന്ന് പിണറായി

തിരുവനന്തപുരം: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്‍ .ഡി.എഫിനെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് മന്ത്രി എം.കെ മുനീര്‍ പറഞ്ഞതായുള്ള വിക്കിലീക്ക്‌സ് രേഖകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ഇരുവരും രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം മറ്റൊരംഗത്തിനെതിരെയും പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന നേതാവിനെതിരെയുമാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. അല്‍ഖാഇദ പോലുള്ള തീവ്രവാദ സംഘടനകളുമായാണ് എന്‍.ഡി.എഫിനെ താരതമ്യപ്പെടുത്തുന്നത്. ഇത് അതീവ ഗൗരവമുള്ള വിഷയമാണ്.

വ്യക്തിതാത്പര്യങ്ങള്‍ക്ക് വേണ്ടി എന്‍.ഡി.എഫിനെ സംരക്ഷിച്ചുവെന്ന കാരണത്താല്‍ കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ല. കുഞ്ഞാലിക്കുട്ടിക്ക് എതിരെ പറഞ്ഞിട്ടില്ലെന്ന് വരുത്തിതീര്‍ക്കാന്‍ മന്ത്രി മുനീര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍ അത് ശരിയല്ലെന്നാണ് മനസ്സിലാവുന്നത്. ഞങ്ങളെ കുറിച്ചും ചില കാര്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഞങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശരിയാണ് - അദ്ദേഹം പറഞ്ഞു. വി.എസിനെ കുറിച്ച് ജോണ്‍ ബ്രിട്ടാസ് പറഞ്ഞ കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു പിണറായിയുടെ മറുപടി.

എന്‍ .ഡി.എഫുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥനോടായിരുന്നില്ല മുനീര്‍ പറയേണ്ടിയിരുന്നത്. അതിനാല്‍ മന്ത്രിസ്ഥാനത്തിരിക്കാന്‍ മുനീറിനും അര്‍ഹതയില്ലെന്ന് പിണറായി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക