Image

ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-11: സാം നിലമ്പള്ളില്‍)

Published on 08 November, 2014
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-11: സാം നിലമ്പള്ളില്‍)
അദ്ധ്യായം പതിനൊന്ന്‌.

വിചാരിച്ചതുപോലെ ദൂരത്തിലായിരുന്നില്ല സ്‌ത്രീകളുടെ ക്യാമ്പ്‌. കാട്ടുപാതയില്‍കൂടി ഏകദേശം അഞ്ചുമൈല്‍ദൂരം നടന്നപ്പോഴേക്കും തുറസ്സായ ഒരു സ്ഥലത്തെത്തി. അവിടെ നിരയായി പണിതിരിക്കുന്ന കുറെ തകരഷെഡ്ഡുകള്‍ ഉണ്ടായിരുന്നു. ചുറ്റും മുള്ളുകമ്പികൊണ്ടുള്ള വേലിയും നാലുമൂലക്കും ഉയരമുള്ള ടവറുകളും. ടവറുകളുടെ മുകളില്‍ തോക്കുധാരികളായ പട്ടാളക്കാര്‍.

ഒരുവിധത്തില്‍ എത്തിച്ചേര്‍ന്നല്ലോയെന്ന്‌ എല്ലാവരും സമാധാനിച്ചു. വഴിയില്‍ എത്രപേര്‍ വീണുപോയെന്ന്‌ ആര്‍ക്കും ഒരു തിട്ടവുമില്ല. വീണവരെ തിരിഞ്ഞുനോക്കാതെയാണ്‌ എസ്സെസ്സുകാര്‍ സ്‌ത്രീകളേയും കുട്ടികളേയും തെളിച്ചുകൊണ്ടുപോയത്‌. വഴിയില്‍ വീണവര്‍ ഇന്നുരാത്രി കരടികളുടേയും ചെന്നായ്‌ക്കളുടേയും ഭക്ഷണമായിത്തീരും. ഐഡലിനെ എടുത്തുകൊണ്ടുവന്ന അലീനയോട്‌ സാറ പലപ്രാവശ്യം നന്ദിപറഞ്ഞു. അവള്‍ സഹായത്തിന്‌ എത്തിയില്ലായിരുന്നെങ്കില്‍ വഴിയില്‍ വീണവരുടെ കൂട്ടത്തില്‍ താനും മക്കളും ഉണ്ടായിരുന്നേനെ.

ക്യാമ്പില്‍ എത്തിയപ്പോള്‍ സന്ധ്യയായി. വിശപ്പും ഉറക്കിളപ്പും കാരണം ഷീണിച്ചുപോയ സ്‌ത്രീകളും കുട്ടികളും കിട്ടിയ സ്ഥലങ്ങളില്‍ തളര്‍ന്നുവീണു. കുതിരപ്പുറത്തും മോട്ടോര്‍സൈക്കിളിലും യാത്രചെയ്‌തതിന്റെ ഷീണംകാരണമാകും എസ്സെസ്സുകാരും ശല്ല്യംചെയ്യാന്‍ വന്നില്ല. കുറെ സമയംകഴിഞ്ഞപ്പോള്‍ രണ്ട്‌ എസ്സെസ്സുകാര്‍വന്ന്‌ എല്ലാവര്‍ക്കും തകരംകൊണ്ടുള്ള ഓരോ മക്ഷും സ്‌പൂണും കൊടുത്തു. അടുത്ത വിസില്‍ കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ഡിന്നര്‍ റെഡിയായിരിക്കും എന്നുപറഞ്ഞിട്ട്‌ അവര്‍പോയി. ഡിന്നര്‍കഴിക്കാന്‍ എന്തിനാണ്‌ ഈ തകരപ്പാട്ട എന്നുചിന്തിച്ച്‌ ഒരുമണിക്കൂറോളം ഇരുന്നപ്പോള്‍ വിസില്‍കേട്ടു. വിഭവസമൃദ്ധമായ ഡിന്നര്‍ പ്രതീക്ഷിച്ചിരുന്നവര്‍ക്ക്‌ തകരപ്പാട്ടയില്‍ ടര്‍ണിപ്പ്‌ സൂപ്പും ഓരോകഷണം റൊട്ടിയും കിട്ടി. കുട്ടികള്‍ ഉള്ളവര്‍ക്ക്‌ ഓരോകഷണം വേറെയും. അറക്കപ്പൊടികൊണ്ട്‌ ഉണ്ടാക്കിയ റൊട്ടിയാണോയെന്ന്‌ ഒരുകഷണംതിന്നപ്പോള്‍ അലീനക്ക്‌തോന്നി.

സാറ തനിക്കുകിട്ടിയ റൊട്ടിയുംകൂടി മക്കള്‍ക്ക്‌ കൊടുത്തു. `ആന്റി ആഹാരമൊന്നും കഴിക്കാതിരുന്നാല്‍ കുഞ്ഞിനെങ്ങനെ മുലപ്പാല്‍ കൊടുക്കും?' അലീനചോദിച്ചു. അവള്‍ തനിക്കുകിട്ടിയ റൊട്ടി സാറയുടെനേരെ നീട്ടി.

`എനിക്കു വിശപ്പില്ല, കുട്ടി.' സാറ അത്‌ തിരിച്ചുകൊടുത്തുകൊണ്ട്‌ പറഞ്ഞു `കുട്ടി നടന്ന്‌ ക്ഷീണിച്ചതല്ലേ? ഞാനീ സൂപ്പ്‌ കുടിച്ചോളാം.'

അലീനക്കും നല്ലവിശപ്പുണ്ടായിരുന്നു. ഇരുപത്തിനാല്‌ മണിക്കൂറിന്‌ മുന്‍പ്‌ ഒരുകഷണം റൊട്ടിയും അല്‍പം സൂപ്പും കഴിച്ചതാണ്‌. അതിന്റെ ബലത്തിലാണ്‌ ഐഡലിനേം എടുത്തുകൊണ്ട്‌ അഞ്ചുമൈല്‍ നടന്നത്‌. തന്റെ മുന്‍പില്‍ ഒരുസ്‌ത്രീ രണ്ടുപിള്ളാരെ എടുത്തുകൊണ്ട്‌ പോകുന്നത്‌ കണ്ടപ്പോള്‍ സങ്കടംതോന്നി. നന്നേ ക്ഷീണമുണ്ടായിരുന്നിട്ടും ഒരുകൊച്ചിനെ താന്‍ എടുത്തോളാമെന്ന്‌ പറഞ്ഞത്‌ അതുകൊണ്ടാണ്‌.

`എന്നാല്‍ ഈ റൊട്ടി നമുക്ക്‌ പപ്പാതി കഴിക്കാം.' അവള്‍ അതു രണ്ടായി മുറിച്ചു. അലീനയുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി സാറ പകുതി റൊട്ടിവാങ്ങി കഴിച്ചു.

ഇനി അടുത്ത ഭക്ഷണം നാളെരാത്രിയിലായിരിക്കും അതുവരെ കുഞ്ഞുങ്ങള്‍ക്ക്‌ എന്തുകൊടുക്കുമെന്നാലോചിച്ച്‌ സാറ വിഷമിച്ചു. രാത്രിയില്‍ കുഞ്ഞ്‌ വിശന്നുകരഞ്ഞത്‌ അവള്‍കേട്ടില്ല. ആരുംകേട്ടില്ല, എല്ലാവരും ചത്തതുപോലെ വീണുമയങ്ങുയായിരുന്നു. നേരംവെളുത്ത്‌ വിസിലടിയും ബഹളവും കേട്ടാണ്‌ ഉണര്‍ന്നത്‌. വിശപ്പും ക്ഷീണവും കാരണം വെറുംതറയില്‍ കിടന്നാണെങ്കിലും മാല്‍ക്കയും ഐഡലും നല്ല ഉറക്കത്തിലാണ്‌. ഇളയകൂഞ്ഞിനുകൊടുക്കാന്‍ അവളുടെ മുലയില്‍ പാലില്ല. ആഹാരം വല്ലതും കഴിച്ചെങ്കിലല്ലേ തള്ളക്ക്‌ മുലപ്പാല്‍ ഉണ്ടാകൂ.

`കാപ്പിവേണ്ടവര്‍ വന്നോളു,' ഒരു എസ്സെസ്സ്‌ വന്നിട്ട്‌ പറഞ്ഞു. എത്ര ഔദാര്യം? രാവിലെ ഉണര്‍ന്നാലുടനെ കാപ്പി. കാപ്പിയെന്നുപറയുന്നത്‌ നിറമുള്ള ഒരുതരം ചൂടുവെള്ളം. എന്തായാലും അല്‍പം ചൂടുവെള്ളംകുടിക്കാമല്ലോ എന്നുകരുതി സാറ മക്ഷുമായി കാപ്പിവാങ്ങാന്‍പോയി. കുഞ്ഞിനുകൊടുക്കാന്‍ അല്‍പംപാല്‍ കിട്ടുമോ എന്നുകൂടി ചോദിക്കാം. അവളുടെ ചോദ്യംകേട്ട്‌ കാപ്പികൊടുക്കുന്ന മനഷ്യന്‍ ചിരിച്ചു, `പാലോ?' അയാള്‍ ചോദിച്ചു. `പാലെന്ന സാധനം ഞങ്ങള്‍കണ്ടിട്ട്‌ വര്‍ഷങ്ങളായി.'

നിരാശയോടെ തിരിച്ചുപോരാന്‍ തുടങ്ങുമ്പോള്‍ അയാള്‍ ചോദിച്ചു, `നിന്റെ കുഞ്ഞിന്‌ എത്ര വയസായി?'

`ആറുമാസം.'

അയാള്‍ എന്തോ ആലോചിച്ച്‌ കുറെനേരം നിന്നു. ഒരുപക്ഷേ ദൂരെയെവിടെയോ ഉള്ള അയാളുടെ കുഞ്ഞിനെ ഓര്‍ത്തുപോയതാകാം. അയാള്‍ വെറുമൊരു ജോലിക്കാരന്‍ മാത്രമാണ്‌. ചിലപ്പോള്‍ അടുക്കളയില്‍ കാപ്പിയും സൂപ്പും മറ്റും ഉണ്ടാക്കുന്ന പണിക്കാരനായിരിക്കും. തിരിഞ്ഞുനടക്കുമ്പോള്‍ അയാള്‍ പിന്നില്‍നിന്നും വിളിച്ചു., `നില്‍ക്ക്‌.'

അയാള്‍ ചെറിയൊരു പൊതി അവള്‍ക്ക്‌ കൊടുത്തു, `ഇത്‌ അല്‍പം പാല്‍പ്പൊടിയാണ്‌. കാപ്പിയില്‍ കലക്കി നിന്റെ കുഞ്ഞിനുകൊടുക്ക്‌.'

നന്ദിപറഞ്ഞുകൊണ്ട്‌ അവളത്‌ വാങ്ങി. ആ സ്‌ത്രീ പോകുന്നതുനോക്കി അയാള്‍ നിര്‍വികാര്യതയോടെ നിന്നു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അവള്‍ക്ക്‌ സംഭവിക്കാന്‍പോകുന്ന ദുരന്തം എന്താണെന്ന്‌ അയാള്‍ക്ക്‌ നല്ല നിശ്ചയമുണ്ട്‌. അതെങ്ങനെ അവളോട്‌ പറയും? തന്റെ കുടുംബത്തിന്‌ സംഭവിച്ചതുതന്നെയാണ്‌ അവള്‍ക്കും ഉണ്ടാകാന്‍പോകുന്നത്‌.

അവന്റെ പേര്‌ ലിയോണ്‍ എന്നാണ്‌, പോളണ്ടുകാരനായ ഒരു യഹൂദന്‍. ലോഡ്‌സ്‌ എന്ന കൊച്ചുപട്ടണത്തില്‍ അവനും ഭാര്യയുംകൂടി ചെറിയൊരു റസ്റ്റോറന്റ്‌ നടത്തിക്കൊണ്ടിരിക്കുകയായിരന്നു. വൃത്തിയും വെടിപ്പും രുചിയുള്ള ആഹാരവും ആളുകളെ അങ്ങോട്ട്‌ ആകര്‍ഷിച്ചു. വലിയ ധനവാനൊന്നും ആയില്ലെങ്കിലും നല്ലൊരുജീവിതം നയിച്ചു
വരുമ്പോളാണ്‌ ഒരുദിവസം രാവിലെ ഗെസ്റ്റപ്പോ അവന്റ വാതിലില്‍ മുട്ടുന്നത്‌.

ഭാര്യയേം മക്കളേം അവനില്‍നിന്ന്‌ നാസികള്‍ അടര്‍ത്തിമാറ്റി. അവരിപ്പോള്‍ എവിടെയാണെന്നോ ജീവനോടെയുണ്ടോ എന്നുംപോലും
അറിയില്ല.. സ്‌ത്രീകളേം കുട്ടികളേം ജോലിചെയ്യാന്‍ ആരോഗ്യമില്ലത്തവരേയും ഗ്യാസ്‌ചേമ്പറിലിട്ട്‌ കൊല്ലുകയാണെന്ന്‌ കേള്‍ക്കുന്നുണ്ട്‌. മുന്നില്‍ക്കൂടി കടന്നുപോകുന്ന സ്‌ത്രീകളേയും കുഞ്ഞുങ്ങളേയും കാണുമ്പോള്‍ ലിയോണ്‍ തന്റെ കുഡുംബത്തേയും ഓര്‍ക്കാറുണ്ട്‌

കാപ്പിയുംകൊണ്ട്‌ തിരിച്ചുവരുമ്പോള്‍ അലീന കുഞ്ഞിനെ മടിയില്‍വെച്ചുകൊണ്ട്‌ ഇരിക്കുന്നു. അവനിപ്പോള്‍ കരയുന്നില്ല. അവളുടെ മടിയിലിരുന്ന്‌ കളിക്കുകയാണ്‌. വിശപ്പുമായി അവന്‍ പൊരുത്തപ്പെട്ടുകാണും.

പതിനൊന്നുമണിക്ക്‌ വീണ്ടും റോള്‍കോളിന്‌ വിളിച്ചു. ഇതുതന്നെ അവരുടെ ജോലി, ദിവസം മൂന്നും നാലും പ്രവശ്യം റോള്‍കോളെടുക്കുക. അനേകം മണിക്കൂര്‍ ഒറ്റനില്‍പില്‍നിറുത്തി കഷ്‌ടപ്പെടുത്തും. മനുഷനെ ദ്രോഹിക്കുന്നത്‌ അവര്‍ക്കൊരു വിനോദമാണ്‌.

`പ്രത്യേകിച്ച്‌ ജോലികളെന്തെങ്കിലും അറിയാവുന്നവര്‍ ഒരുവശത്തേക്ക്‌ മാറിനില്‍ക്ക്‌,' എസ്സെസ്സ്‌ കല്‍പിച്ചു. `അതായത്‌ തയ്യല്‍, ലെതര്‍വര്‍ക്ക്‌സ്‌, കാര്‍പെന്ററി അങ്ങനെയെന്തെങ്കിലും.'

സാറ കുഞ്ഞിനേംകൊണ്ട്‌ സൈഡിലേക്ക്‌ മാറിനിന്നു. അവള്‍ക്ക്‌ തയ്യലറിയാം. വീട്ടില്‍ അവള്‍ക്ക്‌ ഒരു തയ്യല്‍ മെഷീനുണ്ടായിരുന്നു. കുഞ്ഞുങ്ങളുടെ ഉടുപ്പുകളൊക്കെ അവളാണ്‌ തയ്‌ച്ചിരുന്നത്‌. ഇവിടെ എന്തെങ്കിലും ജോലിചെയ്‌താല്‍ ഒരുപക്ഷേ, കുഞ്ഞുങ്ങള്‍ക്ക്‌ ആഹാരത്തിനുള്ള വകയെങ്കിലും ഉണ്ടാക്കാമല്ലോയെന്ന്‌ അവള്‍ വിചാരിച്ചു..

നോക്കുമ്പോള്‍ അലീന പഴയസ്ഥലത്തുതന്നെ നില്‍ക്കുക്കുന്നു.

ഭനീയുംകൂടി ഇങ്ങോട്ട്‌നില്‍ക്ക്‌ അലീന,' സാറ അവളെ പിടിച്ചുവലിച്ചു.

`എനിക്ക്‌ ഈ പറഞ്ഞപണിയൊന്നും അറിയില്ല ആന്റി.' അവള്‍ ഒരു കുറ്റസമ്മതംപോലെ പറഞ്ഞു.

`അതുസാരമില്ല, ഞാന്‍ പഠിപ്പിക്കാം.' അങ്ങനെ അലീനയും തൊഴിലറിയാവുന്നവരുടെ കൂട്ടത്തില്‍ നിന്നു. അവര്‍ ഏകദേശം അന്‍പത്‌ പേരുണ്ടായിരുന്നു. പ്രായംചെന്ന സ്‌ത്രീകളെയും കുട്ടികളേയും എസ്സെസ്സുകാര്‍ മാറ്റിനിറുത്തി.

`നിങ്ങള്‍ ഇവിടെത്തന്നെ കഴിഞ്ഞാല്‍മതി,' അവര്‍ പറഞ്ഞു.

`ഞങ്ങളുടെ കുഞ്ഞങ്ങളെ കൂടെക്കൊണ്ടുപോകാന്‍ പറ്റത്തില്ലേ?' അമ്മമാര്‍ കൂട്ടത്തോടെ ചോദിച്ചു.

`ജോലിസ്ഥലത്ത്‌ കുഞ്ഞുങ്ങളെ കൊണ്ടുപോയാല്‍ എങ്ങനെ ജോലിനടക്കും? വൈകിട്ട്‌ ഇങ്ങോട്ടാണല്ലോ നിങ്ങള്‍ വരുന്നത്‌. കുഞ്ഞുങ്ങളെ ഞങ്ങള്‍ നോക്കിക്കൊള്ളാം.'

സാറയും മറ്റുചിലരും പഴയ സ്ഥലത്തേക്ക്‌ മാറിനിന്നു. കുഞ്ഞുങ്ങളെ ഇട്ടിട്ടുപോകാന്‍ അവള്‍ എന്തായാലും തയ്യാറില്ല, പ്രത്യകിച്ചും കൈക്കുഞ്ഞിനെ. പോലീസുകാരന്‍ അവളെപിടിച്ച്‌ തള്ളി.

`പന്നി ജൂദച്ചി, രക്ഷപെടാന്‍ നോക്കുന്നോ?' അയാള്‍ സാറയുടെ കുഞ്ഞിനെ ബലമായി അവളുടെ കയ്യില്‍നിന്ന്‌ പിടിച്ചുവാങ്ങി. കുഞ്ഞിനെ അയാള്‍ ഒരുകയ്യില്‍പിടിച്ച്‌ വലിച്ചപ്പോള്‍ അത്‌ വേദനകൊണ്ട്‌ നിലവിളിച്ചു. സാറ പെട്ടന്ന്‌ പിടിവിട്ടു. ഇല്ലെങ്കില്‍ അയാള്‍ കുഞ്ഞിന്റെ കൈ പിഴുതെടുക്കുമെന്ന്‌ അവള്‍ ഭയപ്പെട്ടു. നിലവിളിക്കുന്ന കുഞ്ഞിനെ അയാള്‍ ഒരു വയസുചെന്ന സ്‌ത്രീയുടെ കയ്യില്‍ ഏല്‍പിച്ചു. കണ്ടുനിന്നവര്‍ക്ക്‌ കരയാനല്ലാതെ മറ്റൊന്നും ചെയ്യാന്‍ സാധിച്ചില്ല. സാറയുടെ അനുഭവംകണ്ട സ്‌ത്രീകള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ പോലീസുകാരെ ഏല്‍പിച്ചു.

സാറക്ക്‌ കരയാന്‍ അറിയില്ലായിരുന്നു. തന്റെ ഹൃദയം ആ പോലീസുകാരന്‍ പിഴുതെടുക്കുന്നതായിട്ടാണ്‌ അവള്‍ക്ക്‌ തോന്നിയത്‌. എത്ര മൃഗീയമായിട്ടാണ്‌ അയാള്‍ തന്റെ കൈക്കുഞ്ഞിനെ പിടിച്ചുവലിച്ചത്‌? മേയിക്കപ്പെടുന്ന ആടുകളെപ്പോലെ അവരെ തെളിച്ചുകൊണ്ട്‌ പോകുമ്പോള്‍ കുഞ്ഞിന്റെ കരച്ചില്‍ അവളുടെ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു.

`സാരമില്ല ആന്റി. നമ്മള്‍ വൈകിട്ട്‌ ഇങ്ങോട്ടുതന്നെയാണല്ലോ വരുന്നത്‌. കുഞ്ഞിനെ ഇവിടുള്ള സ്‌ത്രീകള്‍ നോക്കിക്കൊള്ളും.' അലീന അവളെ സമാധാനിപ്പിക്കാന്‍ നോക്കി.

എത്ര ശ്രമിച്ചിട്ടും സമാധാനിക്കാന്‍ സാറക്കായില്ല. കുഞ്ഞിനെ അയാള്‍ പിടിച്ചുവലിച്ചത്‌ എത്ര കരുണയില്ലതെയാണ്‌. അവന്‌ പരുക്കേല്‍ക്കുമെന്ന്‌ കരുതിയാണ്‌ അവള്‍ പിടിവിട്ടത്‌. മോന്‍ ജനിച്ചിട്ട്‌ ആറുമാസമേ ആകുന്നുള്ളു. അവനെ ഒരു ഉറുമ്പുപോലും കടിക്കാന്‍ അവള്‍ സമ്മതിച്ചിട്ടില്ല. തന്റെ മക്കളെയെല്ലാം അതുപോലെയാണ്‌ അവള്‍ വളര്‍ത്തിക്കൊണ്ടുവന്നത്‌. തന്റെ ഭര്‍ത്താവിനെപ്പറ്റി അവള്‍ ഓര്‍ത്തു. സ്റ്റഫാന്‍ ഇപ്പോള്‍ എവിടെയാണ്‌? അവനിപ്പോള്‍ തന്റെ അടുത്തുണ്ടായിരുന്നെങ്കില്‍ എന്ന്‌ ആഗ്രഹിച്ചു. പക്ഷേ, മനുഷ്യത്വം നശിച്ച നാസികളോട്‌ ഒന്നുംചെയ്യാന്‍ അവനും സാധ്യമല്ലല്ലോ. എല്ലാം കണ്ടുനില്‍ക്കുകയേ മാര്‍ഗമുള്ളു. ആകെയുള്ള ആശ്വാസം അലീന കൂടെയുള്ളതാണ്‌. അവള്‍ തനിക്ക്‌ ഒരു അനുജത്തിയെപ്പോലെയാണ്‌.

തലേരാത്രി അവള്‍ തന്റെ കഥ പറയുകയായിരുന്നു. ചെക്കോസ്‌ളാവേക്ക്യയിലെ നല്ലൊരു യഹൂദകുടുംബത്തില്‍ പിറന്നവള്‍. പഠിത്തത്തില്‍ മിടുക്കയായിരുന്ന അവള്‍ ഉന്നതപഠനത്തിനാണ്‌ ജര്‍മനിയില്‍ വന്നത്‌. അവളെ പറഞ്ഞയക്കാന്‍ രക്ഷിതാക്കള്‍ക്ക്‌ താല്‍പര്യമില്ലായിരുന്നു. ജര്‍മനിയില്‍ എന്തൊക്കെയോ കുഴപ്പങ്ങള്‍ നടക്കുന്നെന്ന്‌ അവര്‍ കേട്ടിരുന്നു.

`ഞാനവിടെ പഠിക്കാനല്ലേ പോകുന്നത്‌, അവരുടെ രാഷ്‌ട്രീയത്തിലൊന്നും ഇടപെടാനല്ലല്ലോ.'

അവസാനം മകളുടെ ആഗ്രഹത്തിന്‌ അവര്‍ വഴങ്ങി. യൂണിവേഴ്‌സിറ്റിയില്‍ മകള്‍ സുരക്ഷിതയായിരിക്കും എന്ന്‌ ഇപ്പോള്‍ അവര്‍ ആശ്വസിക്കുന്നുണ്ടാകും.


(തുടരും....)

പത്താം ഭാഗം വായിക്കുക...
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-11: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക