Image

ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-10: സാം നിലമ്പള്ളില്‍)

Published on 02 November, 2014
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-10: സാം നിലമ്പള്ളില്‍)
അദ്ധ്യായം പത്ത്‌.

നാലാം നമ്പര്‍ ബ്‌ളോക്കില്‍ സ്റ്റെഫാനും മറ്റുപുരുഷന്മാരും ഹൃദയംപൊട്ടി കരയുകയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ ഈ ദുഷ്‌ടന്മാര്‍ എങ്ങോട്ടാണ്‌ കൊണ്ടുപോയത്‌? അവര്‍ സുരക്ഷിതരായി ക്യാമ്പില്‍ എത്തിക്കാണുമോ? കുഞ്ഞുങ്ങളേംകൊണ്ട്‌ പോയ അമ്മമാര്‍ എങ്ങനെ അനേകമൈല്‍ദൂരം തരണംചെയ്‌തുകാണും? ആഹാരവും വെള്ളവും കിട്ടാതെ അവര്‍ വഴിയില്‍ തളര്‍ന്നുവീണുകാണത്തില്ലേ? സന്ധ്യക്കുമുന്‍പ്‌ അവിടെചെല്ലണമെന്നാണല്ലോ പറഞ്ഞത്‌. ഇപ്പോള്‍ സന്ധ്യയാകുകയാണ്‌. അവിടെചെന്നുചേരാന്‍ സമയമായി. ഇനിയെങ്കിലും അവര്‍ക്ക്‌ അല്‍പം ആശ്വസിക്കാമല്ലോ; അതോ റോള്‍ക്കോളെന്നുപറഞ്ഞ്‌ മണിക്കൂറുകളോളം നിറുത്തി കഷ്‌ടപ്പെടുത്തുമോ? ഇന്നുരാത്രി ആഹാരം വല്ലതും അവര്‍ക്ക്‌ കൊടുക്കുമോ? ആര്‍ക്കറിയാം?

തങ്ങളുടെ ജീവിതം എത്രസന്തോഷകരം ആയിരുന്നുവെന്ന്‌ സ്റ്റെഫാന്‍ ഓര്‍ത്തു. പതിനെട്ടാമത്തെ വയസിലാണ്‌ സാറയെ വിവാഹംചെയ്‌തത്‌. ആദ്യം തനിക്ക്‌ കല്‍ക്കരിഖനിയിലായിരുന്നു ജോലി. അവിടെ തന്റെകൂടെ ജോലിചെയ്‌തിരുന്ന ഹെന്‍റിച്ച്‌ എന്നൊരാളുടെ മകളായിരുന്നു സാറ. ഒരുദിവസം അയാളുടെ ചിലകൂട്ടുകാരോടൊപ്പം തന്നേയും വീട്ടിലേക്ക്‌ ക്ഷണിച്ചു; മകളുടെ പതിനാറാം പിറന്നാള്‍ ആഘോഷമായിരുന്നു. മുതിര്‍ന്നവരോടൊപ്പം തന്നെയും ക്ഷണിച്ചതെന്തിനാണെന്ന്‌ അന്നേരം പിടികിട്ടിയില്ല. മകളെ തനിക്ക്‌ പരിചയപ്പെടുത്തുക എന്നരു ഉദ്ദേശം അതിന്റെപിന്നില്‍ ഉണ്ടായിരുന്നു എന്ന്‌ പിന്നീടാണ്‌ മനസിലായത്‌.

ഹെന്‍റിച്ചിന്റെ മൂന്ന്‌ മക്കളില്‍ മൂത്തവളായിരുന്നു സാറ. അവള്‍ക്കുതാഴെ രണ്ട്‌ ആണ്‍പിള്ളാര്‍. ഹാംബര്‍ഗറും, കോണും ഗ്രില്ലുചെയ്യാന്‍ അപ്പനെ സഹായിച്ചുകൊണ്ട്‌ അവള്‍ ചറുചുക്കോടെ ഓടിനടക്കുന്നത്‌ അവന്‍ നോക്കിന്നു.

`എന്റെ മോളെനിനക്ക്‌ ഇഷ്‌ടപ്പെട്ടോടാ സ്റ്റെഫാനെ?' ഹെന്‍റിച്ച്‌ ചോദിച്ചതുകേട്ട്‌ അവന്‍ നാണിച്ചുപോയി. അവള്‍ തന്നെനോക്കിചിരിച്ചു.

`നിനക്ക്‌ ഇഷ്‌ടമാണെങ്കില്‍ ഇവളെ കെട്ടിച്ചുതരാമെടാ.' അയാള്‍ പിന്നെയും പറഞ്ഞു. അതുകേട്ട്‌ എല്ലാവരും ചിരിച്ചപ്പോള്‍ അവിടെനിന്ന്‌ എങ്ങനെയെങ്കിലും രക്ഷപെട്ടാല്‍ മതിയെന്നുതോന്നി.

അന്ന്‌ അവിടുന്ന്‌ പോന്നതിനുശേഷം സാറയായിരുന്നു മനസില്‍ നിറയെ. രാത്രിയില്‍ അവളെ സ്വപ്‌നം കണ്ടുകൊണ്ട്‌ ഉറങ്ങി. ദിവസങ്ങള്‍ കഴിയുന്തോറും അവളെ കാണാതിരിക്കാന്‍ പറ്റാത്ത അവസ്ഥയായി. എളുപ്പവഴിയില്‍ക്കൂടി ജോലിസ്ഥലത്ത്‌ ചെല്ലാമായിരുന്നിട്ടും അവളുടെ വീട്ടുപടിക്കല്‍ക്കൂടിയുള്ള വളഞ്ഞവഴിയില്‍ക്കുടിയാക്കി പോക്കും വരവും. അപ്പനില്ലാത്തസമയംനോക്കി അയാളെ അന്വേഷിച്ച്‌ അവളുടെ വീട്ടില്‍ചെന്നു.

`എടാ സ്റ്റെഫാനെ ഇവിടെവാ.' മറ്റൊരുദിവസം ലഞ്ചുബ്രേക്കിന്റെ സമയത്ത്‌ ഹെന്‍റിച്ച്‌ വിളിച്ചു. അയാളുടെ കൂട്ടുകാരെല്ലാം അന്നേരം സമീപത്തുണ്ടായിരുന്നു. അവരുടെ മുമ്പില്‍വെച്ച്‌ അയാള്‍ ചോദിച്ചു, `നീയെന്തിനാടാ ഞാനില്ലാത്ത സമയംനോക്കി എന്നെത്തിരക്കി എന്റെ വീട്ടില്‍പോകുന്നത്‌?'

അതുകേട്ട്‌ അവിടിരുന്നവരെല്ലാം ചിരിച്ചപ്പോള്‍ എന്താണ്‌ മറുപടിപറയേണ്ടതെന്നറിയാതെ ചമ്മിനിന്നു. `നിനക്ക്‌ എന്റെമോളെ ഇഷ്‌ടമാണെങ്കില്‍ തുറന്നുപറയെടാ. അല്ലാതെ നീ ഒളിച്ചുകളിക്കുന്നത്‌ എന്തിനാ?'

ഹെന്‍റിച്ചിന്റെ കൂട്ടുകാര്‍ പ്രോത്സാഹിപ്പിച്ചു, `പറയെടാ സ്റ്റെഫാനെ, അവളെ നിനക്ക്‌ തരുമെടാ.'

`എനിക്ക്‌ സാറയെ ഇഷ്‌ടമാ.' ഇനി ഒളിച്ചുവെച്ചിട്ട്‌ കാര്യമില്ലെന്നായപ്പോള്‍ തുറന്നുപറഞ്ഞു.

വളരെ താമസിയാതെ തങ്ങളുടെ വിവാഹം നടന്നു. അവളോടൊപ്പമുള്ള ജീവിതം സന്തോഷകരമായിരുന്നു. കല്‍ക്കരിഖനിയില്‍ കിടന്ന്‌ കഷ്‌ടപ്പെടാതെ വേറെ നല്ലജോലിവല്ലതും നോക്കാന്‍ അവള്‍ നിര്‍ബന്ധിച്ചരുകൊണ്ടാണ്‌ ആയുധനിര്‍മാണ ഫാക്‌ട്ടറിയില്‍ ജോലിക്ക്‌ അപേക്ഷിച്ചത്‌. ഹിറ്റ്‌ലര്‍ യുദ്ധത്തിന്‌ തയ്യാറെടുക്കുകയായിരുന്നതിനാല്‍ അപേക്ഷിച്ചയുടനെതന്നെ ജോലിയുംകിട്ടി. ശമ്പളം കുറവാണെങ്കിലും ഖനിയിലെ വൃത്തികെട്ട ജോലിയേക്കാള്‍ നല്ലതാണെന്ന്‌ അവള്‍ പറഞ്ഞു. മൂന്ന്‌ മക്കളും ജനിച്ചുകഴിഞ്ഞപ്പോള്‍ താനാണ്‌ ലോകത്തിലെ ഏറ്റവും ഭാഗ്യവാന്‍ എന്ന്‌ തോന്നി.. ഒറ്റദിവസംകൊണ്ടാണല്ലോ എല്ലാം തകിടം മറിഞ്ഞത്‌. സെല്ലിലെ വെറുംതറയില്‍ കിടന്ന്‌ പഴയകാര്യങ്ങളെല്ലാം ആലോചിച്ചപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞു.

അവന്റെ മാത്രമല്ല, അവിടെ കിടക്കുന്ന പല ഭര്‍ത്താക്കന്മാരുടേയും അച്ഛന്മാരുടേയും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത്‌ രാത്രിയുടെ ഇരുളില്‍ ആരും കണ്ടില്ല.


(തുടരും....)

ഒമ്പതാം ഭാഗം വായിക്കുക...
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-10: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക