Image

ചാക്കോച്ചന് എന്തൊരു മാറ്റം

ആശ പണിക്കര്‍ Published on 29 April, 2015
ചാക്കോച്ചന് എന്തൊരു മാറ്റം
 'ചിറകൊടിഞ്ഞ കിനാവുകള്‍' എന്ന ചിത്രത്തില്‍ വില്ലനും നായകനുമായെത്തുന്ന കുഞ്ചാക്കോ ബോബന്റെ അമ്പരപ്പിക്കുന്ന മേക്കോവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. അതിലൊന്ന് നല്ല ഒന്നാന്തരം ഹോളിവുഡ് സ്റ്റൈല്‍ മേക്കപ്പിലും. മെയ് ഒന്നാം തീയതി പ്രദര്‍ശനത്തിനെത്തുന്ന ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിലാണ് ഒരു ഹോളിവുഡ് സ്റ്റാറിന്റെ രൂപഭാവാദികളോടെ കുഞ്ചാക്കോ എത്തുക. ഇതില്‍ ഹോളിവുഡ് സ്റ്റൈല്‍ മേക്കപ്പില്‍ തന്നെ കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

അഴകിയ രാവണനിലെ    അംബുജാക്ഷന്‍ എന്ന തിരക്കഥാകൃത്തിനെ ഓര്‍മ്മയില്ലേ? ശ്രീനിവാസന്‍ ഉജ്ജ്വലമാക്കിയ കഥാപാത്രം. അന്ന് ചിത്രത്തില്‍ ശങ്കര്‍ ദാസിനും സുഹൃത്തുക്കള്‍ക്കും മുന്നില്‍ താനെഴുതിയ തിരക്കഥയിലെ തീക്ഷ്ണമായ അഭിനയ മുഹൂര്‍ത്തങ്ങളും ഭാവങ്ങളും രസകരമായും ഭാവതീവ്രമായും  വിവരിച്ച തിരകഥയാണ് ഇപ്പോള്‍ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചലച്ചിത്രമായി രൂപപ്പെട്ടത്. അന്ന് അംബുജാക്ഷന്‍ തന്റെ തിരക്കഥയ്ക്കു നല്‍കിയ അതേ പേരില്‍ തന്നെയാണ് വര്‍ഷങ്ങള്‍ക്കു ശേഷം നവാഗത സംവിധായകനായ സന്തോഷ് വിശ്വനാഥ് അഭ്രപാളിയിലെത്തിക്കുന്നത്.  

അവകിയ രാവണന്‍ എന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടില്ല എന്ന പേരില്‍ ശങ്കര്‍ദാസും കൂട്ടരും അംബുജാക്ഷന്റെ തിരക്കഥ ഉപേക്ഷിച്ചെങ്കിലും അയാളുടെ മനസില്‍ അത് മായാതെ കിടന്നിരുന്നു. അതുകൊണ്ടു തന്നെ ന്യൂജെനറേഷന്‍  സിനിമകളും പുതുമുഖ സംവിധായകരും ഏറെ സൃഷ്ടിക്കപ്പെടുന്ന ഇക്കാലത്ത് അംബുജാക്ഷന്‍ തന്റെ പഴയ തിരക്കഥ അലമാരയില്‍ നിന്നു പൊടിതട്ടിയെടുക്കുകയാണ്. തന്റെ പഴയ കഥയ്ക്കു മേല്‍ ആധുനികമായ മാറ്റങ്ങള്‍ കൂടി ചേര്‍ത്തുകൊണ്ട് പുതുമുഖ സംവിധായകരെ സമീപിക്കുന്നു. തുടര്‍ന്ന് നര്‍മമധുരമായ രംഗങ്ങളിലൂടെയും നാടകീയതകളിലൂടെയും സിനിമ സഞ്ചരിക്കുന്നു.  

വിറകുവെട്ടുകാരന്റെ മകള്‍ സുമതിയെ പ്രണയിക്കുന്ന തയ്യല്‍ക്കാരനും വിവാഹം കഴിക്കാനെത്തുന്ന വില്ലനായ ഗള്‍ഫുകാരനും കുഞ്ചാക്കോ ബോബന്‍ തന്നെ. മേക്കപ്പില്‍ ഇതു വരെ പുതുമകളൊന്നും പരീക്ഷിച്ചിട്ടില്ലാത്ത ചാക്കോച്ചന്റെയും ഒപ്പം മേക്കപ്പ്മാന്‍ ശ്രീജിത് ഗുരുവായുരിന്റേയും ചലച്ചിത്രജീവിതത്തിലെ ഏറ്റവും മികച്ച വെല്ലുവിളിയായിരിക്കും ഈ വേഷങ്ങള്‍. നടന്‍ എന്നതിലുപരി കഥാപാത്രത്തിന്റെ കരുത്തുറ്റ പ്രകടനം ചാക്കോച്ചന്‍ ഈ സിനിമയില്‍ കാഴ്ച വയ്ക്കുന്നുണ്ട്.  റിമാ കല്ലിങ്കലാണ് സുമതിയെ അവതരിപ്പിക്കുന്നത്.  മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്.ട്രാഫിക്കും ഹൗ ഓള്‍ഡ് ആര്‍ യുവുമടക്കം പല പരീക്ഷണ ഹിറ്റുകളും നിര്‍മിച്ച ലിസ്റ്റിന്‍ സ്റ്റീഫന്‍, നവാഗതനായ  സന്തോഷ് വിശ്വനാഥാണ് ചിറകൊടിഞ്ഞ കിനാവുകളുടെ  സംവിധായകന്‍. അഴകിയ രാവണനിലെ അംബുജാക്ഷനായെത്തിയ  ശ്രീനിവാസന്‍ 20 വര്‍ഷങ്ങള്‍ക്കു ശേഷം അതേ കഥാപാത്രത്തെ വീണ്ടും ഏറെ പുതുമയോടെ അവതരിപ്പിക്കുന്നു.  ഇന്നസെന്റ്, മനോജ് കെ. ജയന്‍, ലാലു അലക്‌സ്, മാമുക്കോയ,ജോയ് മാത്യു, സൈജു കുറുപ്പ്, ഗ്രിഗറി, സുനില്‍ സുഗത,  സാന്ദ്ര തുടങ്ങിയ മികച്ച താരനിരയും ചിറകൊടിഞ്ഞ കിനാവുകളില്‍ അണിനിരക്കുന്നുണ്ട്. 



ചാക്കോച്ചന് എന്തൊരു മാറ്റം
ചാക്കോച്ചന് എന്തൊരു മാറ്റം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക