Image

ഇല്ല, വരില്ലീ തിരുമുറ്റത്തേക്കിനിയും (കവിത: ജോസഫ്‌ നമ്പിമഠം)

Published on 27 April, 2015
ഇല്ല, വരില്ലീ തിരുമുറ്റത്തേക്കിനിയും (കവിത: ജോസഫ്‌ നമ്പിമഠം)
ഈ ....
മുടിഞ്ഞ തറവാടിന്‍ തിരുമുറ്റത്തേക്ക്‌
തിരിച്ചു വന്നത്‌ ഭാഗം ചോദിക്കാനല്ല
ഈ.. വീട്‌ മുടിച്ചൊരു
ഈ ..നാട്‌ മുടിച്ചൊരു
കാരണവരോടൊരു കാരുണ്യം കാട്ടാനല്ല
തളര്‍ന്നു കിടക്കും
കാരണവരുടെ സ്ഥാനം നേടാനല്ല.

നഞ്ചു കലക്കിക്കിട്ടിയ
പരല്‍ മീനുകളെയൊരു കോര്‍മ്പലിലാക്കി
ഈ അന്തിച്ചന്തയില്‍ ഞാനും നില്‌പൂ
കിട്ടിയ കാശിനു വിറ്റിട്ടാക്കാശും കൊണ്ടീ
മായം ചേര്‍ന്നോരന്തി കള്ളിനു
ക്യൂവില്‍ നില്‌പൂ ഞാനും
അന്തിക്കള്ളും മോന്തി,
ഈ നാട്‌ മുടിച്ചൊരു കാരണവരെ നോക്കി
പച്ച തെറി പറയാന്‍..
മയില്‍ക്കുറ്റി മറിച്ചീ തറവാടില്‍
തിരുമുറ്റത്തേക്കു തിരിച്ചു നടക്കെ
എന്‍ ഗതിയെന്തേ ഇങ്ങിനെ ആയി
എന്നറിവാനൊരു വഴിയും തേടി
പിച്ചും പേയും ചൊല്ലി നടപ്പൂ
ഒരു ഗതിയും പരഗതിയും കാണാതീ ഞാന്‍

ഈ മുടിഞ്ഞ തറവാടിന്‍ തിരുമുറ്റത്തേക്ക്‌
തിരിച്ചു വന്നതു ഭാഗം ചോദിക്കാനല്ല
നാടു മുടിച്ചൊരു കാരണവരോടൊരു
കാരുണ്യം കാട്ടനല്ല
തളര്‍ന്നു കിടക്കും കാരണവരുടെ സ്ഥാനം നേടാനല്ല.

ഈ ...അമ്പല മുറ്റത്താല്‍ത്തറയില്‍
കുത്തിയിരുന്നൊരു നാലും കൂട്ടി മുറുക്കാന്‍...
ഏകാന്തതയുടെ വല്‌മീകത്തില്‍
കുത്തിയിരുന്നെന്‍ കണ്ണീര്‍ വീഴ്‌ത്താന്‍...
ചാക്കുമുടുത്ത്‌ ഭസ്‌മം പൂശി
അരയാല്‍ത്തറയിലിരിക്കാന്‍,
ഇരുന്നൊരു ശിലയായുറയാന്‍
ഉറഞ്ഞൊരു പുത്തന്‍ മുനിയാകാന്‍...

വേടന്മാരുടെ അമ്പുകള്‍ കൊണ്ടുമരിക്കും
പെണ്‍കിളിയെ നോക്കിക്കരയാന്‍
അമ്പുകള്‍ പൂവമ്പാക്കി
ഇണയുടെ തുണയില്‍ ജീവന്‍ പകരാന്‍
പുതിയൊരു ചണനൂലാല്‍ ഈ
പുക്കിള്‍ക്കൊടി ബന്ധിക്കാന്‍
നവമൊരു ചാരുതയാലീ
ജീര്‍ണതയൊക്കെയകറ്റാന്‍...
മുറ്റം ചെത്തിമിനുക്കി
നിറകതിര്‍ കൊണ്ടൊരു നിറപറ തീര്‍ക്കാന്‍
മുന്തിയ എണ്ണയൊഴിച്ചീ
യന്തി വിളക്കുതെളിക്കാന്‍ ....

`തകരച്ചെണ്ട'*കള്‍ കൊട്ടി
ചില്ലു മുറിക്കും സ്വര സൂചികളാല്‍
വിള്ളല്‍ വീഴ്‌ത്തും ഞാനീ
ചില്ലിന്‍ കൊട്ടാരങ്ങള്‍ തട്ടിമറിക്കും
നാടുമുടിച്ചും പണി തീര്‍ത്തൊരു
ചില്ലിന്‍ മേടകള്‍, ഉഴുതുമറിച്ചൊരു
പുത്തന്‍ സൗധം പണിയും ഞാനീ മണ്ണില്‍
എങ്ങോ പോയി മറഞ്ഞൊരുസംസ്‌കൃതിതന്‍
മണ്ണില്‍ പൂണ്ടൊരു തിരുശേഷിപ്പുകള്‍
കുത്തിയിളക്കാന്‍
ക്ലാവുപിടിച്ചൊരു സംസ്‌ കൃതിയെ
തേച്ചു മിനുക്കി
നവജീവ ജലത്താലൊരു തര്‍പ്പണമേകാന്‍...
കെടുകാര്യസ്ഥതയുടെ
നെഞ്ചില്‍ കാലടിവെച്ചീ വേതാളത്തെ
പാതാളത്തിലയക്കാന്‍
എത്തീ ഞാനീ പടിവാതിലില്‍ വീണ്ടും
എത്തീ ഞാനീ പടിവാതിലില്‍ വീണ്ടും

എങ്ങോ പോയ്‌ മറയുന്നെന്‍ ബോധം
ഉണരുന്നൊരു സ്വപ്‌നത്തില്‍ നിന്നും ഞാന്‍
ഇല്ല, പടിപ്പുരയില്ലിവിടെ
ഇല്ല, ഉമ്മറ വാതിലുകള്‍
ഉള്ളത്‌ പുത്തന്‍ മാറാലകള്‍ മാത്രം
കണ്ണില്ലാത്ത നരിച്ചീറുകള്‍ മാത്രം
ഉള്ളതുറങ്ങും കാവല്‍ക്കാര്‍ മാത്രം
ചിതലുകള്‍ തിന്നും തറവാടിന്നുള്ളറ
കാണാതെയുറക്കം തൂങ്ങും കാവല്‍ക്കാര്‍ മാത്രം
ചിതലുകള്‍ തിന്നും തറവാടിന്‍
ഉള്ളറ കാണാതെയുറങ്ങും കാവല്‍ക്കാര്‍ മാത്രം
ഉള്ളത്‌ ചാരം മൂടിയ ചുടലകള്‍ മാത്രം
മുടി കൊഴിയാത്ത കപാലങ്ങള്‍ മാത്രം

അമ്പലമില്ലാല്‍ത്തറയില്ല
അന്യര്‍ വന്നു നിറഞ്ഞൊരു ഗ്രാമം
വെറ്റില തിന്നും, കോലം കെട്ടിയുമാടിയ
തലമുറ എങ്ങോ പോയി മറഞ്ഞു
`നാടിന്‍ നന്മ കുടിച്ചു മരിച്ചൊരു കുളവും'**
താണ്ടി, പായല്‌ മൂടിയ പടവുകള്‍ താണ്ടി
തേവരുറങ്ങും കോവിലു താണ്ടി
തിരികെപ്പോണൂ ഞാന്‍
മറുനാടതിലടിമപ്പണി ചെയ്യാന്‍
ഈ തിരുമുറ്റം പിന്നിട്ടെന്‍ വഴിതേടി
മുന്നോട്ടേക്ക്‌ നടക്കുന്‌പോള്‍
ഉള്ളില്‍ ഞാനൊരു ശപഥം ചെയ്‌തു
ഇല്ല, വരില്ലീ തിരുമുറ്റത്തേക്കിനിയും
ഈ ജീര്‍ണതയുടെ മുഖം കാണാന്‍
ഈ വീടു മുടിച്ചൊരു...
ഈ നാടു മുടിച്ചൊരു ...
കാരണവരുടെ തിരുമോന്തായം കാണാന്‍
ഇല്ല വരില്ലീ തിരുമുറ്റത്തേക്കിനിയും
ഇല്ല വരില്ലീ തിരുമുറ്റത്തേക്കിനിയും.


* 1 ഗുന്തര്‍ ഗ്രാസിന്റെ THE TIN DRUM
**2 കമ്മനിട്ടയോടു കടപ്പാട്‌.


(`ശ്രീ നമ്പിമഠത്തിന്റെ കാവ്യഭാഷ ഭാവത്തിനൊത്തു ജന്മം കൊള്ളുന്നു. ദേശാന്തര വാസിയെന്ന അപകര്‍ഷം ഭാഷക്കില്ല. `ഇല്ല വരില്ലീ തിരുമുറ്റത്തേക്കിനിയും' എന്ന കവിതയില്‍ രൂക്ഷമായ പ്രതിഷേധവും ശകാരവും ഒരു ശപഥവും ഉണ്ടെങ്കിലും, ഈ കവി ഇപ്പോഴും ഈ മുറ്റത്തു തന്നെ. ഈ കവി ആചമിക്കുന്നതു മലയാളത്തിന്റെ ആത്മ തീര്‍ത്ഥം തന്നെ`. 2004 ല്‍ പാപ്പിയോണ്‍ പ്രസിദ്ധീകരിച്ച 'തിരുമുറിവിലെ തീ' എന്ന കവിതാ സമാഹാരത്തിനു അവതാരിക എഴുതിയ പ്രൊഫ.വി.മധു സൂദനന്‍ നായര്‍).
ഇല്ല, വരില്ലീ തിരുമുറ്റത്തേക്കിനിയും (കവിത: ജോസഫ്‌ നമ്പിമഠം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക