Image

മോദിയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ ഫേസ്ബുക്കിലിട്ടു; മലയാളി അധ്യാപികക്ക് ജോലി നഷ്ടമായി

Published on 27 February, 2015
മോദിയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ ഫേസ്ബുക്കിലിട്ടു; മലയാളി അധ്യാപികക്ക് ജോലി നഷ്ടമായി


ദോഹ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത മലയാളി അധ്യാപികക്ക് ജോലി നഷ്ടമായി. ദോഹയിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികക്കാണ് ഫേസ്ബുക് വിമര്‍ശനത്തിന്റെ പേരില്‍ ജോലി രാജിവെക്കേണ്ടിവന്നത്. സ്‌കൂളില്‍ നിന്ന് ജോലി രാജിവെക്കുകയോ പുറത്താക്കുകയോ വേണമെന്ന നിലപാടാണ് സ്‌കൂള്‍ മാനേജ്‌മെന്റ് സ്വീകരിച്ചത്. തുടര്‍ന്ന് ഇവര്‍ രാജിവെക്കുകയായിരുന്നു.
ദോഹയിലെ സാംസ്‌കാരിക രംഗത്ത് സജീവമായി ഇടപെടുന്ന അധ്യാപിക ഒരാഴ്ച മുമ്പാണ് ഫേസ്ബുക് വാളില്‍ മോദിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്. ഫേസ്ബുക് പോസ്റ്റ് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ എംബസിയില്‍ പരാതി ലഭിക്കുകയും ചെയ്തു. ഇ മെയിലില്‍ വന്ന പരാതി നടപടികള്‍ക്കായി എംബസി, സ്‌കൂളിന് ഫോര്‍വേര്‍ഡ് ചെയ്യുകയായിരുന്നു. ഇതേതുടര്‍ന്ന് അധ്യാപികയെ സ്‌കൂള്‍ മാനേജ്‌മെന്റ് അന്വേഷണ വിധേയമായി മൂന്ന് ദിവസത്തേക്ക് സസ്‌പെന്റ് ചെയ്തു. പിന്നീട് വിഷയങ്ങള്‍ താല്‍ക്കാലികമായി പരിഹരിച്ചതായും അധ്യാപികയോട് സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് തിരിച്ചുകയറാന്‍ മാനേജ്‌മെന്റ് അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, സ്‌കൂളില്‍ നിന്ന് ഇവരെ ഒഴിവാക്കാന്‍ ചില ഭാഗത്ത് നിന്ന് നിരന്തരം സമ്മര്‍ദ്ധം ചെലുത്തിയതിനെ തുടര്‍ന്ന് നിര്‍ബന്ധിച്ച് രാജിവെപ്പിച്ചതായാണ് സൂചന. നടപടിക്കായി എംബസിയുടെ ഭാഗത്ത് നിന്ന് കടുത്ത സമ്മര്‍ദ്ധമുണ്ടായതായും ആരോപണമുണ്ട്. എന്നാല്‍, പ്രധാനമന്ത്രിക്കെതിരായ പോസ്റ്റായതിനാലും അധ്യാപികയുടെ ഫേസ്ബുക് അകൗണ്ടില്‍ അവര്‍ ജോലിചെയ്യുന്ന സ്ഥാപനമെന്ന നിലയില്‍ സ്‌കൂളിന്റെ പേരും ലോഗോയുമുള്ളതിനാലുമാണ് മാനേജ്‌മെന്റ് നടപടി സ്വീകരിച്ചതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
നടപടിക്കായി മറ്റ് സമ്മര്‍ദ്ധങ്ങളൊന്നും ഉണ്ടായിട്ടില്‌ളെന്നും അദ്ദേഹം പറഞ്ഞു.
ഏറെക്കാലമായി ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഫോട്ടോയാണ് താന്‍ ഷെയര്‍ ചെയ്തതെന്ന് അധ്യാപിക പറഞ്ഞു. രാഷ്ട്രീയ വിമര്‍ശനം എന്ന രീതിയില്‍ മാത്രമാണ് ഇത് ഷെയര്‍ ചെയ്തത്. ഇതത്തേുടര്‍ന്ന് ഫേസ്ബുകില്‍ ഭീഷണി കമന്റുകളുമായി നിരവധി പേര്‍ രംഗത്തത്തെി. ജോലി തെറിപ്പിക്കുമെന്നും ഖത്തറില്‍ നിന്ന് നാടുകടത്തുമെന്നുമടക്കമുള്ളതായിരുന്നു കമന്റുകള്‍. സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നും ഇവര്‍ തന്നെയാണ് എംബസിയില്‍ പരാതി നല്‍കിയതെന്നും അധ്യാപിക പറഞ്ഞു.

http://www.madhyamam.com/news/342576/150227

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക