Image

പിണറായി വിജയന്‍: വേട്ടയാടലുകളുടെ പതിനേഴു വര്‍ഷങ്ങള്‍ (ബി. ഉണ്ണികൃഷ്ണന്‍-സംവിധായകന്‍)

ബി. ഉണ്ണികൃഷ്ണന്‍ (സംവിധായകന്‍) Published on 23 February, 2015
പിണറായി വിജയന്‍: വേട്ടയാടലുകളുടെ പതിനേഴു വര്‍ഷങ്ങള്‍ (ബി. ഉണ്ണികൃഷ്ണന്‍-സംവിധായകന്‍)
സഖാവ് പിണരായി വിജയന്‍ സി പി എമ്മിന്റെ സംസ്ഥാന സെക്രറ്ററിപദം ഒഴിയുകയാണ്. കൃത്യമായി വിഭാവന ചെയ്ത്, ആസൂത്രിതമായ നടപ്പാക്കപ്പെട്ട വേട്ടയാടലുകളുടെ നീണ്ട പതിനേഴുവര്‍ഷങ്ങളേയാണ് സഖാവ് അതിജീവിച്ചത്.

കേരളത്തിന്റെ ചരിത്രത്തില്‍, മാധ്യമ സമൂഹം ഇത്രയേറെ അനീതി ഒരു ജന നേതാവിനോടും ചെയ്തുകാണില്ല. ലാവ് ലിന്‍ എന്ന ഇല്ലാകഥയുടെ പലവിധ ആഖ്യാനങ്ങളില്‍ പിണറായി വിജയന്റെ എത്ര പ്രതിച്ഛായകളാണ് നിര്‍മിക്കപെട്ടത്! സഖാവിനെ ഒരു മാഫിയാ ഡോണായി വരെ ചിത്രീകരിച്ച ആഖ്യാനങ്ങള്‍ നമ്മുക്ക് പരിചിതമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ ഏറെയായി, കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ആശയ പരിസരം ചുരുക്കപ്പെട്ടത് രണ്ടു നേതാക്കളുടെ പ്രതിഛായാ നിര്‍മ്മിതികള്‍ തമ്മിലുള്ള ഇടച്ചിലുകളിലാണ്. ഇതിലുമേറെ മാര്‍ക്‌സിസ്റ്റ് വിരുദ്ധമായ മറ്റൊരു സംഘര്‍ഷം സങ്കല്‍പിക്കാന്‍ പോലും കഴിയില്ല.

വ്യവഹാരങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട പ്രതിഛായകളുടെ അപനിര്‍മ്മാണം മാര്‍ക്‌സിസത്തിന്റെ വലിയൊരു പ്രയോഗ സാധ്യത ആണെന്നിരിക്കെ, പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമസ്ത പ്രശ്‌നങ്ങള്‍ക്കും ജനപക്ഷത്ത് നിന്ന് പരിഹാരം കാണുന്ന ഒരു മഹാപുരുഷനെ സൃഷ്ടിച്ചുകൊണ്ട്, എല്ലാ ബദല്‍ വിമോചന സാധ്യതകളേയും ആ മഹദ്‌രൂപത്തിലേക്ക് പ്രക്ഷേപിച്ചുകൊണ്ട്, സിദ്ധാന്തങ്ങള്‍ ചമയ്ക്കുന്ന 'നവഇടതുപക്ഷ (?)' മാധ്യമ സഖ്യങ്ങളാണ് കേരളത്തിന്റെ സമകാലീന ഇടതുപക്ഷ സൈദ്ധാന്തീകരണങ്ങളെ ഇത്രമേല്‍ ദുര്‍ബ്ബലപ്പെടുത്തിയത്.

അവര്‍ക്ക് ഇന്നത്തോടെ നഷ്ടമാവുന്നത്, സര്‍വ്വ തിന്മകളുടേയും മൂര്‍ത്തിമത്ഭാവമായ ഒരു 'പ്രതിനായക' രൂപത്തേയാണ്. പിണറായി വിജയനെപ്പോലെ മാധ്യമ പരിലാളന തെല്ലുമേല്‍ക്കാതെ നിലനിന്ന മറ്റൊരു രാഷ്ട്രീയ നേതാവ് കേരള ചരിത്രത്തിലില്ല. മാധ്യമങ്ങളെ തലോടി സുഖിപ്പിക്കാന്‍ സഖാവൊട്ടും മെനക്കെടാറുമില്ല. പ്രത്യേകിച്ചൊരു കുശലം ചോദിക്കലോ, കരുതി വെച്ചവൊരു ചിരിയോ, മറ്റാര്‍ക്കും കൊടുക്കാത്ത ഒരു വാര്‍ത്താ ശകലം ഇതാ നിങ്ങള്‍ക്കായി മാത്രമെന്ന മട്ടില്‍ വിളമ്പുന്നതോ സഖാവിന് പരിചയമുള്ള രീതിയല്ല. ചിരിക്കണ്ടപ്പോള്‍ ചിരിച്ചും, പരിഹസിക്കണ്ടപ്പോള്‍ പരിഹസിച്ചും, കയര്‍ക്കണ്ടപ്പോള്‍ കയര്‍ത്തും മറകളോ, നാട്യങ്ങളോ ഇല്ലാത്ത കൂസലിലായ്മയോടെ പിണറായി വിജയന്‍ മാധ്യമങ്ങളോടിടപെട്ടു.

സത്യത്തില്‍ പതിഛ്ഛായയെക്കുറിച്ച് ഒട്ടും വ്യാകുലപ്പെടാത്ത ഒരു നേതാവേ നമ്മുക്കുള്ളൂ. സഖാവിനെ സംബന്ധിച്ച്ടത്തോളം ഭാഷയും ശരീരഭാഷയും കൃതൃമമായി ചമയ്‌ക്കേണ്ട ഒന്നല്ല; അവ നൈസ്സര്‍ഗികമായി സ്വയം പ്രകാശിതമാവുന്ന പ്രതിഭാസങ്ങളാണ്, ഈ സഖാവിന്. അതുകൊണ്‍ടെന്തു സംഭവിച്ചു? കറപ്പിലും വെളുപ്പിലുമായി മാത്രം ഒരു ദ്വന്ദ്വം രൂപപ്പെട്ടു, കേരളസമൂഹത്തില്‍. ഒരാള്‍ വിമോചക രാഷ്ട്രീയത്തേയും നന്മയേയും പ്രതിനിധാനം ചെയ്തപ്പോള്‍, മറ്റൊരാള്‍ തിന്മയേയും ഹിംസാത്മകതയേയും പ്രതിനിധാനം ചെയ്യുന്നതായി പിന്നേയും പിന്നേയും സ്ഥാപിക്കപ്പെട്ടു. ഒരാള്‍ തികച്ചും വ്യക്തിനിഷ്ഠമായ ലക്ഷ്യങ്ങള്‍ സമര്‍ത്ഥമായി മറച്ചുപിടിച്ചുകൊണ്ട്, വര്‍ഗ്ഗ രാഷ്ട്രീയം കൈകാര്യം ചെയാന്‍ മടിക്കുന്ന ബദല്‍ രാഷ്ട്രീയ പ്രമേയങ്ങളെ സ്ത്രീവാദം, പരിസ്ഥിതി വാദം, ഭൂരഹിതരുടെ പ്രശ്‌നങ്ങള്‍, തുടങ്ങിയവ ഉയര്‍ത്തിപിടിച്ച്, അഴിമതിക്കെതിരെ പോരാടുന്ന ഏകാകിയായ പോരാളിയായി മാറി (അഞ്ചു വര്‍ഷം ഭരിച്ചപ്പോള്‍, എത്ര 'ബദല്‍ രാഷ്ട്രീയ ഇടപെടലുകള്‍' നടത്തിയെന്ന് ഒന്ന് കണക്കെടുക്കുന്നത് നന്നായിരിക്കും); തനിക്ക് ആവശ്യമുള്ളപ്പോള്‍ മാത്രം സംഘടനാ തത്ത്വങ്ങളെ ആശ്രയിച്ചും, അല്ലാത്തപ്പോള്‍ അനാദരവിന്റെ മാരകമായ ധാരാളിത്തത്തോടെ അവയെ ലംഘിച്ചും പുതിയൊരു പ്രത്യയ ശാസ്ത്ര സ്വാതന്ത്ര്യം നിര്‍മ്മിച്ചു.. പിടിക്കപ്പെടുമ്പോള്‍, തെറ്റേറ്റുപറഞ്ഞ്, പാര്‍ട്ടിക്ക് വശപ്പെട്ടു.

ഈ അവസരവാദം, ' രണ്ടടി മുന്നോട്ട്, ഒരടി പിന്നോട്ട്' എന്ന മട്ടിലുള്ള സഖാവിന്റെ അടവുനയമായി വാഴ്ത്തപ്പെട്ടു (സംസ്ഥാന സമ്മേളനം ബഹിഷ്‌ക്കരിച്ച്, ' അതുമൊരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന ഭാഷ്യം ചമച്ച്, എങ്ങും തൊടാത്ത ഒരു പത്രക്കുറിപ്പുമിറക്കി, തിരിച്ചുപോവാന്‍ കാത്തിരിക്കുന്നത് വേറൊരു അടവുനയം!)

എന്നാല്‍, സഖാവ് പിണറായി ആകട്ടെ, പാര്‍ട്ടിയോടുള്ള അചഞ്ചലമായ കൂറില്‍ സ്വാസ്ഥ്യം കണ്ടെത്തി. പാര്‍ട്ടി പരിപാടിയുടെ ചതുരങ്ങള്‍ക്കുള്ളില്‍ മാത്രം നിലകൊണ്ട്, പ്രതിഛ്ഛായാ വിപണിയില്‍ സ്വയമൊരു ഉല്‍പ്പന്നമാകാന്‍ വിസമ്മതിച്ചു. ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലും, പാര്‍ട്ടിക്ക് തന്നോടുള്ള കറയില്ലാത്ത വിശ്വാസത്തില്‍ മാത്രം സമാശ്വസിച്ചുകൊണ്ട്, എകെജി സെന്ററിലെ തന്റെ മോടികളേതുമില്ലാത്ത മുറിയില്‍, രഞ്ജിപ്പില്ലാത്ത കൃത്യനിഷ്ഠയോടെ, ദൈനംദിന ജോലികളില്‍ ഏര്‍പ്പെട്ടു.

സഖാവ് ആ മുറി വിടുകയാണ്, ഇന്ന്. ഇത്തര മേതൊരെഴുത്തും, ആത്മനിഷ്ഠമായ ഓര്‍മ്മകളിലേക്ക് വഴുതി പോവുക സ്വാഭാവികം. ആറേഴു വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു ദിവസം സഖാവ് പിണറായി എന്നെ ഫോണില്‍ വിളിച്ചു. ഫെഫ്ക്കയിലെ ഒരംഗം നേരിടുന്ന തൊഴില്‍ പരമായ പ്രശ്‌നത്തെക്കുറിച്ച് എന്നോട് പറയാനായിരുന്നു സഖാവ് വിളിച്ചത്. 'എനിക്കറിവുള്ള പ്രശ്‌നമാണ്, വേണ്ടത് ചെയ്‌തോളാം'എന്ന് ഞാന്‍ പറഞ്ഞു. ഒരു ചെറിയ മൗനത്തിന്‍് ശേഷം സഖാവ് പറഞ്ഞു, 'നമ്മുടെ ഒരു പഴയ സഖാവിന്റെ മകളാണവര്‍, ഒന്ന് ശ്രദ്ധിച്ചോണം.' ആ ശബ്ദത്തിലെ കരുതല്‍ എന്നെ അത്ഭുതപ്പെടുത്തി. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം, സഖാവെന്നെ വീണ്ടും വിളിച്ചു.

അവരുടെ പ്രശ്‌നം പരിഹരിച്ചതായി ഞാന്‍ പറഞ്ഞു. ' സഖാവിനെ ഞാന്‍ വിളിച്ച് പറയാന്‍ വിട്ടുപോയതാണ്,' ഞാന്‍ ക്ഷമാപണപൂര്‍വ്വം പറഞ്ഞു. അപ്പോള്‍ വീണ്ടും സഖാവിന്റെ മറുമൊഴി, ' ബുദ്ധിമുട്ടായില്ലല്ലോ...നമ്മുടെ പഴയൊരു സഖാവിന്റെ മകളാണവര്‍...' പിണറായി വിജയന്‍ എന്ന അതിശക്തനായ സ്‌റ്റേറ്റ് സെക്രറ്ററി, പഴയൊരു സഖാവിന്റെ മകളുടെ ഒട്ടുമേ ഗുരുതരമല്ലാത്ത ഒരു പ്രശ്‌നം പരിഹരിക്കാന്‍ നിസ്സാരനായ എന്നെ രണ്ടുതവണ വിളിച്ചതും, അവരെക്കുറിച്ച് പറഞ്ഞപ്പോള്‍ സഖാവിന്റെ ശബ്ദത്തില്‍ നിറഞ്ഞ ആദ്രതയും എന്നെ വല്ലാതെ സ്പര്‍ശ്ശിച്ചു. ഇനിയൊന്ന്, എന്റെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായ സംവിധായകന്‍ ജി എസ് വിജയന് ഉണ്ടായ ഒരനുഭവമാണ്.

വിജയന്റെ മകന്‍ തീരെ കുഞ്ഞായിരുന്നപ്പോള്‍, അര്‍ദ്ധരാത്രിയോടെ, അദ്ദേഹം താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ കറന്റ് പോയി. നല്ല സുഖമില്ലാതിരുന്ന കുട്ടി ചൂട് സഹിക്കാന്‍ വയ്യാതെ കരയാന്‍ തുടങ്ങി. വിജയന്‍, കെ എസ് ഇ ബി ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. കരച്ചില്‍ നിറുത്താത്ത കുട്ടിയ്ക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ആകെ വിഷമിച്ച് പകച്ചുപോയ വിജയന്‍ രാത്രി ഒന്നരയോടെ വിദ്യുത്ച്ഛക്തി മന്ത്രിയുടെ വീട്ടില്‍ വിളിക്കുന്നു. ഫൊണെടുത്ത പേര്‍സണല്‍ സ്റ്റാഫ് അംഗത്തിനോട്, മന്ത്രിയോട് സംസാരിക്കണമെന്ന് വിജയന്‍ ആവശ്യപ്പെടുന്നു. അലപ സമയത്തിനകം മറുവശത്ത് മലയാളിക്ക് അന്ന് അത്രക്കൊന്നും പരിചിതമല്ലാത്ത ആ ശബ്ദം, 'പറയൂ, വിജയനാണ്.' കരച്ചിലിന് വക്കോളമെത്തിയ, അതേ പേരുകാരനായ എന്റെ സുഹൃത്ത് പ്രശ്‌നമവതരിപ്പിച്ചു. ' നമ്മുക് നോക്കാം' നിസ്സംഗമായ മറുപടി.

എല്ലാ പ്രതീക്ഷയുമറ്റ്, ജി എസ് വിജയന്‍ നിസ്സഹായനായി. പക്ഷെ, ഇരുപത് മിനിറ്റിനുള്ളില്‍ ഫ്‌ലാറ്റില്‍ കറന്റ് വന്നു. തൊട്ടു പുറകെ വിജയന്റെ ഫ്‌ലാറ്റില്‍, ഉണ്ടായ അസൗകര്യത്തിന് ക്ഷമചോദിക്കാന്‍ ഒരെഞ്ചിനിയറുമെത്തി. അത്ഭുതങ്ങളുടെ ആ രാത്രി തീര്‍ന്നില്ല. പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ വിജയന്റെ ഫോണ്‍ അടിച്ചു. എടുത്തപ്പോള്‍, മറുഭാഗത്ത് മിനുക്കു പണികളോ, ധ്വനിചാരുതകളോ ഇല്ലാത്ത ആ ശബ്ദം,' ആ...ഇത് വിജയനാ...നിങ്ങള്‍ക്ക് കറന്റ് കിട്ടിയോ?' ' കിട്ടി.. നന്ദി'യെന്ന് പറഞ്ഞ് മുഴുവനാക്കും മുമ്പ് അപ്പുറത്ത് ഫോണ്‍ കട്ടായി.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ്, എന്‍ഡോസള്‍ഫാനെതിരെ ജെനീവ കോണ്‍ഫറെന്‍സിന്റെ പശ്ചാത്തലത്തില്‍, ഇടത് മുന്നണി ഒരു ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു, തിരുവനതപുരത്ത് സെക്രറ്ററിയേറ്റിന്റെ മുമ്പില്‍. വലിയ മാധ്യമ ജനശ്രദ്ധ നേടിയ ഒരു പ്രതിരോധ പരിപാടിയായിരുന്നു അത്. അതിന്റെ മുന്‍ നിരയില്‍ പ്രതിപക്ഷനേതാവുണ്ടായിരുന്നു. കഷ്ടിച്ച് ഒരു കിലോമീറ്ററിനപ്പുറം, എ കെ ജി സെന്ററിലുള്ള പിണറായി വിജയന്‍ അവിടേക്ക് എത്താത്തതില്‍, എനിക്ക് അത്ഭുതം തോന്നി. ഇത്തരമൊരു വിഷയത്തില്‍ പങ്കാളിയായാല്‍, ഒരു വലിയ ജനകീയ പ്രശ്‌നം മുന്നില്‍ നിന്ന് ഏറ്റെടുക്കുന്നതിന്റെ ' പൊളിറ്റിക്കല്‍ മൈയിലേജ്' ഊഹിക്കാവുന്നതല്ലേ ഉള്ളൂ. ഞാന്‍, രണ്ടു ദിവസങ്ങള്‍ക്ക്‌ശേഷം, ' അവിടേക്ക് വരേണ്ടതായിരുന്നു...' എന്ന് സഖാവിനോട് പറഞ്ഞു. ' എന്തിന്? പാര്‍ട്ടിയെ പ്രതിനിധീകരിച്ച് അവിടെ വി എസ് ഉണ്ടായിരുന്നല്ലോ? ആരു പങ്കെടുത്താലും, ആ പരിപാടി സംഘടിപ്പിച്ചത് പാര്‍ട്ടിയാണ്. അതിനെ അങ്ങനെ കണ്ടാല്‍ മതി.'

ഈ സഖാവിനെയാണ് , നമ്മുടെ മുഖ്യധാരമാധ്യമങള്‍ ആഭിചാരത്തോടടുക്കുന്ന ഒരു പ്രതിനിധാന ക്രിയയില്‍, ധാര്‍ഷ്ട്യവും കൈക്കരുത്തും നിര്‍വചിക്കുന്ന ഒരു പ്രരൂപത്തിലേക്ക് ആവാഹിച്ച് നമ്മളില്‍ നിന്ന് അന്യവത്ക്കരിക്കാന്‍ നോക്കിയത്. ഈ രാത്രി, പിണറായി വിജയന് മറ്റേതൊരു രാത്രിപോലേയും ആയിരിക്കും. ഒന്നരപതിറ്റാണ്ടായി പാര്‍ട്ടി എല്‍പ്പിച്ച ഒരുചുമതല നിര്‍വഹിച്ച് തീര്‍ത്ത്, പാര്‍ട്ടി നല്‍കുന്ന അടുത്ത ജോലി ഏറ്റെടുക്കുവാന്‍ സന്നദ്ധനായി, ഈ രാത്രിയും, നിര്‍മ്മമനായി സഖവ് ഉറങ്ങും. അലസ സംതൃപ്തികളോ, നഷ്ട ബോധമോ, പ്രതീക്ഷകളോ, വൈകാരിക സമ്മര്‍ദ്ദങ്ങളോ, ആ ഉറക്കത്തെ അലട്ടാന്‍ ഇടയില്ല.

ഉറങ്ങുമ്പോള്‍, സിംഹങ്ങളെ മാത്രം സ്വപ്നം കാണുന്ന വൃദ്ധനെക്കുറിച്ച് എഴുതിയത് ഹെമിങ് വേ ആണ്. സഖാവിന്റെ ഇന്നത്തെ ഉറക്കത്തിന്, സാന്ധ്യശോഭയില്‍ ചുവക്കുന്ന ആകാശവും അവിടെ കത്തിജ്വലിച്ച് നില്‍ക്കുന്ന ഒരൊറ്റ നക്ഷത്രത്തേയും ഞാന്‍ സ്വപ്നമായി നേരുന്നു. ലാല്‍ സലാം, സഖാവെ...
പിണറായി വിജയന്‍: വേട്ടയാടലുകളുടെ പതിനേഴു വര്‍ഷങ്ങള്‍ (ബി. ഉണ്ണികൃഷ്ണന്‍-സംവിധായകന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക