തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. ഭരണത്തിലിരിക്കുന്നവര്‍ പറയുന്നതിന്റെയും പ്രവര്‍ത്തിക്കുന്നതിന്റെയും ഉത്തരവാദിത്വം അവര്‍ക്കാണ്. മികച്ച ഭരണം കാഴ്ചവയ്ക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ ഗെയിംസിന്റെ ഒരുക്കങ്ങളില്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തിയ ഗവര്‍ണര്‍ ഗെയിംസിന് കേരളം വേദിയാവുന്നതില്‍ അഭിമാനമുണ്ടെന്നും പറഞ്ഞു. ഗെയിംസില്‍ കേരളത്തിന് മികച്ച വിജയം നേടാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തിലെ സുതാര്യത ഉറപ്പാക്കാനായാണ് ചാന്‍സലേഴ്സ് കൗണ്‍സില്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹ, പറഞ്ഞു. കേരളം ജൈവ വൈവിധ്യങ്ങളുടെ നാടാണ്. ഇവ സംരക്ഷിക്കാന്‍ സര്‍ക്കാരും ജനങ്ങളും മുന്‍കൈയെടുക്കണം. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം മാത്രമേ ഖനനാനുമതിയും മറ്റും നല്‍കാവൂ എന്നും ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു.