Image

കോണ്‍ഗ്രസ് എം.പി സഞ്ജയ്‌സിംഗിന്റെ മകന്‍ ബി.ജെ.പിയില്‍

Published on 19 December, 2014
കോണ്‍ഗ്രസ് എം.പി സഞ്ജയ്‌സിംഗിന്റെ മകന്‍ ബി.ജെ.പിയില്‍


ലക്‌നൗ: രാജ്യസഭാ എം.പിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സഞ്ജയ്‌സിംഗിന്റെ മകന്‍ അനന്ത് ബി.ജെ.പിയിലേക്ക്. മുപ്പത്തിയേഴുകാരനായ അനന്ത് വിക്രം ഞായറാഴ്ച  ബി.ജെ.പി സംസ്ഥാനപ്രസിഡന്റ്  ലക്ഷ്മികാന്ത് വാജ്‌പേയി  പങ്കെടുക്കുന്ന ചടങ്ങില്‍ അംഗത്വം സീകരിക്കും. ലക്‌നൗ മേയര്‍ ദിനേശ് ശര്‍മ്മയും ചടങ്ങില്‍ പങ്കുകൊള്ളും.   

മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയും ബി.ജെ.പി സെക്രട്ടറി സുനില്‍ ബന്‍സാലുമായി ചടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് അനന്ത് തീരുമാനം  പ്രഖ്യാപിച്ചത്.  ബി.ജെ.പിയുടെ അടിസ്ഥാനതലം മുതല്‍ കാണാന്‍ കഴിയുന്ന കര്‍മ്മോത്സുകതയാണ്  തന്നെ  പാര്‍ട്ടിയിലേക്ക് അടുപ്പിച്ചതെന്ന്  അനന്ത് പറഞ്ഞു. അനന്തിന് പാര്‍ട്ടിയില്‍ ഏതെങ്കിലും സ്ഥാനം  നല്‍കുമോയെന്ന് വ്യക്തമല്ല. അതേസമയം, അനന്ത് പാര്‍ട്ടി വിട്ടത്   കോണ്‍ഗ്രസിന്  ഏതെങ്കിലും വിധത്തിലുള്ള നഷ്ടമായി കാണുന്നില്ലെന്ന് മുതിര്‍ന്ന നേതാക്കളിലൊരാള്‍ പറഞ്ഞു. 

അനന്തിന്റെ പിതാവ് സഞ്ജയ്‌സിംഗിനും  ബി.ജെ.പിയില്‍ അംഗമായ ചരിത്രമുണ്ട്.  1998ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന്  അമേത്തിയില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച  സിംഗ് കോണ്‍ഗ്രസ് നേതാവ്  സതീഷ് ശര്‍മ്മയെ തോല്‍പ്പിച്ചു. തൊട്ടടുത്തവര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ സോണിയാഗാന്ധിയോടാണ്  ഏറ്റുമുട്ടിയത്. മത്സരത്തില്‍ തോറ്റ സഞ്ജയ്‌സിംഗ് രാഷ്ട്രീയരംഗത്ത് നിന്ന് പിന്‍വലിഞ്ഞു. പിന്നീട് 2003ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ സഞ്ജയ്‌സിംഗിന്  2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍പൂരില്‍ സീറ്റു നല്‍കിയതോടെ പാര്‍ലമെന്റില്‍ എത്താന്‍ അവസരം ലഭിച്ചു. ഇപ്പോള്‍  അസാമില്‍ നിന്നാണ് രാജ്യസഭാ അംഗമായി എത്തിയിട്ടുള്ളത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക