Image

ഓസ് വാള്‍ഡിന്റെ ശവമഞ്ചത്തിനു വേണ്ടി നിയമപോരാട്ടം - ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 12 December, 2014
ഓസ് വാള്‍ഡിന്റെ ശവമഞ്ചത്തിനു വേണ്ടി നിയമപോരാട്ടം - ഏബ്രഹാം തോമസ്
ഫോര്‍ട്ട് വര്‍ത്ത് : അമേരിക്കയുടെ പ്രസിഡന്റായിരുന്ന ജോണ്‍ എഫ്. കെന്നഡിയെ 1963 നവംബര്‍ 22ന് ലീ ഹാര്‍വീ ഓസ് വാള്‍ഡ് ഡാലസ് ഡൗണ്‍ടൗണിലെ ടെക്‌സസ് സ്‌ക്കൂള്‍ ബുക്ക് ഡിപ്പോസിറ്ററിയുടെ ആറാം നിലയില്‍ നിന്ന് നിറയൊഴിച്ച് കൊലപ്പെടുത്തി. രണ്ടു ദിവസത്തിനുശേഷം ഡാലസ് പോലീസ് സ്റ്റേഷന്റെ ബെയ്‌സ്‌മെന്റില്‍ ഓസ് വാള്‍ഡ് ജാക്ക് റൂബിയുടെ വെടിയേറ്റ് മരിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ ഓസ് വാള്‍ഡിന്റെ സഹോദരന്‍ റോബര്‍ട്ട് ഓസ് വാള്‍ഡ് 710 ഡോളറിന്റെ കാഷ്യയേഴ്‌സ് ചെക്ക് നല്‍കി ഒരു നമ്പര്‍ 31പൈന്‍ ബ്‌ളഫ് ശവമഞ്ചവും സൂട്ടും പൂവുകളും വാങ്ങി ലീ ഹാര്‍വിയുടെ സംസ്‌ക്കാരത്തിന് ഒരുക്കങ്ങള്‍ നടത്തി.
ഫോര്‍ട്ട് വര്‍ത്തില്‍ നടന്ന സംസ്‌കാരചടങ്ങില്‍ സംബന്ധിക്കുവാന്‍ അധികമാരും ഉണ്ടായിരുന്നില്ല. ശവമഞ്ചം ചുമക്കാന്‍ പോലും പത്രപ്രവര്‍ത്തകര്‍ വേണ്ടിവന്നു. കെന്നഡി വധം ഒരു ഗൂഢാലോചനയായിരുന്നുവെന്നും ലീഹാര്‍വിറഷ്യന്‍ ചാരനായിരുന്നു എന്നും ഉള്ള ആരോപണങ്ങള്‍ തള്ളാന്‍ 1981 ല്‍ ലീഹാര്‍വിയുടെ  ശവമഞ്ചം പുറത്തെടുത്തു. മൃതശരീരം മറ്റൊരു പെട്ടിയിലാക്കി സംസ്‌കരിച്ചു. ഫോര്‍ട്ട്വര്‍ത്തിലെ ബോംഗാര്‍ഡനര്‍ ഫ്യൂണറല്‍ഹോമില്‍ ഒറിജനല്‍ ശവപ്പെട്ടി സൂക്ഷിച്ചു. 80 ഇഞ്ച് നീളവും 24 ഇഞ്ച് ആഴവുമുള്ള പെട്ടികാലപ്പഴക്കത്തില്‍ ദ്രവീകരണാവസ്ഥയിലാണ്. 2010ല്‍ ഈ പെട്ടി ഫ്യൂണറല്‍ ഹോം ലേലത്തില്‍ വിറ്റു. 87, 468 ഡോളര്‍ നല്‍കി അജ്ഞാതനായ ഒരു വ്യക്തിയാണ് ഇത് വാങ്ങിയത്.

ലീഹാര്‍വിയുടെ ശവമഞ്ചത്തിനുമേല്‍ ഫ്യൂണറല്‍ ഹോമിന് അവകാശമില്ല, താനാണ് യഥാര്‍ത്ഥ അവകാശി എന്നവകാശപ്പെട്ട് ഇപ്പോള്‍ 80 വയസുപ്രായമുള്ള റോബര്‍ട്ട്  ഓസ് വാള്‍ഡ് ഫോര്‍ട്ട് വര്‍ത്തിലെ സ്റ്റേറ്റ് ഡിസ്ട്രിക്ട് ജഡ്ജ് ഡോണ്‍ കോസ്ബിക്കു മുമ്പാകെ കേസ് നല്‍കിയിരിക്കുകയാണ്. 'ശവമഞ്ചം വിറ്റത് തികച്ചും പൈശാചിക സ്വഭാവമാണ് വ്യക്തമാക്കുന്നത്. അത് നശിപ്പിച്ചു കളയുകയാണ് വേണ്ടത്' റോബര്‍ട്ട് പറയുന്നു.

തന്റെ സഹോദരനുവേണ്ടി ശവപ്പെട്ടി വാങ്ങിയപ്പോള്‍ അതൊരു ദാനമായിരുന്നുവെന്നും അതിന്മേല്‍ റോബര്‍ട്ടിന് യാതൊരു അവകാശവുമില്ലെന്നും ഫ്യൂണറല്‍ കമ്പനി വാദിക്കുന്നു. 'ലീഹാര്‍വിയുടെ വിധവയോ രണ്ട് പെണ്‍മക്കളോ ഒരു അവകാശവാദവും ഉന്നയിച്ചിട്ടില്ല. ചരിത്രപ്രധാനമായ വസ്തു എന്ന നിലയില്‍ വില്പന അംഗീകരിക്കണം', ഫ്യൂണറല്‍ ഹോം കോടതിയെ ബോധിപ്പിച്ചു.
ശവമഞ്ചം ഇപ്പോള്‍ ലോസ് ആഞ്ചലസില്‍ ഒരിടത്താണെന്ന് ലേലം നടത്തിയ നേറ്റ് ഡി.സാന്‍ഡേഴ്‌സിന്റെ മാനേജര്‍ ലോറാ യെന്റമ പറയുന്നു. സുരക്ഷിതമായ സ്ഥലത്താണ് സൂക്ഷിച്ചിരിക്കുന്നതെങ്കിലും പെട്ടി പഴകി ദ്രവിച്ച് അടര്‍ന്നു വീഴാറായിട്ടുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

കേസിലെ ഇരുകക്ഷികളും വിധി തങ്ങള്‍ക്ക് അനുകൂലമായിരിക്കും എന്ന് പ്രതീക്ഷിച്ച് കഴിയുന്നു.


ഓസ് വാള്‍ഡിന്റെ ശവമഞ്ചത്തിനു വേണ്ടി നിയമപോരാട്ടം - ഏബ്രഹാം തോമസ്
Oswald'scoffin
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക